മൂടൽ മഞ്ഞ് – 3 15

“താൻ പോടോ ബംഗാളി.. പെണ്ണ് കിട്ടാത്തതിന്റെ കുശുമ്പ്.” ശാരിക അവനെ പുച്ഛിച്ചു മുഖം കോട്ടി.

 

“എടീ ഇവിടെ ചർച്ച ഒന്നും ഇല്ല. ഇവർ രണ്ടാളും എന്നോട് പെണ്ണ് കെട്ടുന്ന കാര്യം പറയുവായിരുന്നു. പെണ്ണ് ആരാ ന്നാ ഉസ്മാനെ നീ പറഞ്ഞത്.. നിന്റെ ഇത്തയുടെ മോളോ, അതോ പെങ്ങളോ. ഞാൻ മറന്നു.” അവൻ ഓർമ്മ കിട്ടാത്തത് പോലെ മുഖം കൈയിൽ താങ്ങി ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച കൈകൾ പിൻവാങ്ങി.

 

” ഇത്തയുടെ മോളാ ഇക്കാ . ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു. ഇക്കയെ ന്തായാലും ഇഷ്ട്ടാവും. ഇക്കയ്ക്കും. മാഡത്തിന് ഓർമ്മയില്ലേ, കഴിഞ്ഞ വർഷം ഈ വീടും തോട്ടവും ഒക്കെ കാണാൻ വന്നത്. ഷബ്‌നയേ. ” ഉസ്മാൻ ഗൗരവത്തിൽ പറഞ്ഞു.

 

ശാരിക തറഞ്ഞത് പോലെ നിൽക്കുകയാണ്. നിന്ന നിൽപ്പിൽ അവൾ മരിച്ചു പോയോ എന്ന് തോന്നിപ്പോകും ആ തുറിച്ച കണ്ണുകളുമായി മരവിച്ചു നിൽക്കുന്നത് കണ്ടാൽ. കണ്ണുകൾ നിറയുന്നുണ്ടോ. ഉണ്ടോ..? അവർ മൂന്ന് പേരും സൂക്ഷിച്ചു നോക്കി. ആ ഉണ്ട് ഉണ്ട്, ദാണ്ടേ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. ചുണ്ടുകൾ കൊച്ചു കുഞ്ഞ് വിതുമ്പുന്നത് പോലെ വിതുമ്പി വിതുമ്പി വർക്കുന്നു. ശെടാ ഇതെന്തൊരു ഭംഗിയാണ് പടച്ചോനെ. ഈ രണ്ട് കഴുതകൾക്കും എങ്ങോട്ടേലും മാറി നിന്നാൽ ന്താ, വിഡ്ഢികൾ.!

അവളുടെ ആ ഭാവമാറ്റം കണ്ട് മൂന്നുപേരും പൊട്ടിച്ചിരിച്ചു. അവൾ ദേഷ്യത്തോടെ അവരെ നോക്കി.

“എടീ പോത്തേ ഞങ്ങളൊരു നമ്പർ ഇറക്കിയതല്ലേ. പൊട്ടത്തി എന്ത് കേട്ടാലും വിശ്വസിച്ചോളും.” വാഹിദ് അവളെ ചേർത്തു പിടിക്കാൻ ആഞ്ഞു. അവൾ കുതറിക്കൊണ്ട് അവന്റെ കൈയിൽ കടിച്ചു.

“എന്നെ തൊട്ടാൽ കൊല്ലും ഞാൻ. മൂന്നെണ്ണത്തിനേം..” അവൾ ചീറി. വാഹിദ് അവളെ വീണ്ടും കെട്ടിപ്പിടിക്കാൻ തുനിഞ്ഞപ്പോൾ അവന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. ഒരു കൈകൊണ്ട് മൊബൈൽ എടുത്ത് നമ്പർ നോക്കിയിട്ട് call അറ്റന്റ് ചെയ്യുകയും മറു കൈകൊണ്ട് ശാരികയെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തുകയും ചെയ്തു. അവൻ ഫോണിലൂടെ ഗൗരവത്തിൽ മൂളുകയും ശരി ശരി എന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു. അവൾ നോവിക്കാതെ അപ്പോഴും അവനെ കടിക്കുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്.

“ആരാ വിളിച്ചേ. നമ്പർ കാണിക്ക്.,” ശാരിക മൊബൈൽ നോക്കികൊണ്ട് പറഞ്ഞു.

“ശെടാ.. ഇത് കൊള്ളാല്ലോ. എന്നെ സംശയം അല്ലേ. കണ്ടോ നിങ്ങൾ.” അവൻ അതിശയത്തോടെ സെക്യൂരിറ്റിമാരോട് പറഞ്ഞു.

” ആ അങ്ങനൊക്കെ ണ്ടാവും. ഏതെങ്കിലും ഷബ്‌നമോ ശവമോ ആണെന്ന് നോക്കട്ടെ. വേഗം നമ്പർ കാണിക്കാൻ. ” അവൾ ഉടക്കിക്കൊണ്ട് വാശി പിടിച്ചു.

“ശെടാ, ഒരു സുന്ദരന് രാത്രിനേരം കുറച്ച് കൊച്ചുവർത്തമാനം പറയാൻ എത്ര പേര് കാണും. ഇതൊക്കെ സംശയിക്കാൻ പാടുണ്ടോ.” വാഹിദ് ഫോൺ അവളുടെ കൈയിൽ പെടാതെ മാറ്റി മാറ്റി പിടിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അന്നമ്മയും അങ്ങോട്ട് വന്നു.

“മര്യാദക്ക് തന്നോ. അല്ലേൽ കൊല്ലും ന്ന് പറഞ്ഞാ കൊല്ലും ഞാൻ. ഞാറിയാതെ പെണ്ണ് കെട്ടാൻ നോക്കുന്നുണ്ടല്ലേ. ചതിയൻ.. ” അവൾ അവൻ പറഞ്ഞത് കേട്ട് അരിശം മൂത്ത് കിതച്ചു തുടങ്ങിയിരുന്നു. വാഹിദിന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ശരികയെ കണ്ട് എന്താ കാര്യം എന്ന് അന്നമ്മ തോന്നസിനോട് അംഗ്യത്തിൽ ചോദിച്ചു. അയാൾ ചിരിച്ചു കൊണ്ട് രണ്ട് കൈകളും വിരലുകൾ ചേർത്തു കുരുക്കി മൂത്ത പ്രേമം എന്ന് അവർക്ക് അംഗ്യം കാണിച്ചു. അന്നമ്മ മൂക്കത്തു വിരൽ വച്ച് ചിരിച്ചു കൊണ്ട് നിന്നു.

“മര്യാദക്ക് തന്നോ. ഇല്ലാതെ ഞാനിന്ന് പോയി ഉറങ്ങും ന്ന് കരുതണ്ട..” അവൾ വീറോടെ വാശിപിടിച്ചു.

” ഒരു സുന്ദരൻ. ഏത് പെണ്ണും വളഞ്ഞു നിക്കുവല്ലേ, ഇയാളിലേക്ക് വീഴാൻ. പെണ്ണ് കെട്ടാൻ പോകുവാത്രേ. എടോ ചതിയാ. വേഗം നമ്പർ കാണിക്കാനാ പറഞ്ഞേ. ” താൻ തളർന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് സങ്കടം വന്നു തുടങ്ങി.കണ്ണുകൾ നനഞ്ഞു. ശബ്ദം പുറത്തു വരാൻ പറ്റാതെ എന്തിനന്നറിയാത്ത ഒരു വേദന അവളുടെ ചങ്കിൽ കുടുങ്ങിയത് പോലെ അവൾ മുഖം പൊത്തി.

Leave a Reply

Your email address will not be published. Required fields are marked *