“ആരാടാ ഇത് ചെയ്തത്. എന്താണ് ഇവർക്ക് പറ്റിയത്.” ജോർജ് മുതലാളിയുടെ ശബ്ദമാണല്ലോ അത്. ലീലയുടെ ശരീരത്തിൽ ഒരു വിറയൽ ബാധിച്ചു. ചെറിയൊരു ഭയം അവളെ തളർത്തി. വെട്ടുകത്തി മുറുകെ പിടിച്ചു കൊണ്ട് അവൾ കുറച്ച് കൂടി മുന്നോട്ട് ചെന്നു. ഇപ്പോൾ വ്യക്തമായി അവൾക്ക് കാണാം, ജോർജ് മുതലാളിയും തുഷാറും വേറെ രണ്ട് പേരും. അവർ എന്തോ നോക്കിനിന്നു കൊണ്ട് സംസാരിക്കുന്നു. അത് എന്താണെന്ന് അറിയാൻ അൽപ്പം മാറി ഒരു കാട്ടു ചെടിയുടെ മറവിലേക്ക് ഒതുങ്ങി നിന്ന് ലീല പാളി നോക്കി. കാട്ടു നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്ന ബഹളമാണ്.
“ഇവർക്ക് എന്താ പറ്റിയതെന്നാ ചോദിച്ചത്. ഇവർ എപ്പോഴാണ് താഴെ ഇറങ്ങിയത്.”? അയാൾ കലിതുള്ളിക്കൊണ്ട് ചോദിക്കുന്നു.
“അവൻ താഴെ തന്നെയായിരുന്നു. സെയ്താലി നമ്മുടെ കൂടെ മുകളിൽ തന്നെയായിരുന്നു. ഒന്ന് പുറത്തിറങ്ങി താഴേക്ക് മൂത്രം കളയട്ടെ എന്ന് പറഞ്ഞു പുറത്തിറങ്ങിയതാണ്. കുറച്ച് കഴിഞ്ഞ് എന്തോ ജീവിയാണെന്ന് തോന്നുന്നു, ഒരു മിന്നായം പോലെ അങ്ങേരുടെ മേൽ ചാടുന്നതും അങ്ങേര് താഴേക്ക് വീഴുന്നതും മാത്രേ ഞാൻ കണ്ടുള്ളൂ. വല്ല കുരങ്ങോ മറ്റോ ആവും.” തുഷാർ വ്യക്തമാക്കി.
“കുരങ്ങു കടിച്ചാൽ നുരയും പതയും തുപ്പി ചാവുമോടോ. കണ്ടില്ലേ താൻ.” ജോർജ് രോഷത്തോടെ മുരണ്ടു.
ലീല ഒരു ഞെട്ടലോടെ അങ്ങോട്ട് നോക്കി. ഒരു വലിയ മരത്തിനടുത്തു, ആരോ മരിച്ചു മണ്ണടിഞ്ഞ അസ്ഥികൂടത്തിനടുത്തു വീണു കിടക്കുന്ന സെയ്‌താലിയും ജോർജ് മുതലാളിയുടെ ഒരു തടിമാടൻ കിങ്കരനും. രണ്ടുപേരും കണ്ണ് തുറിച്ചു വായിൽ നിന്ന് വെളുത്ത നുരയൊലിപ്പിച്ചു മരിച്ചു കിടക്കുന്നു. മൂന്നുനാല് നായ്ക്കൾ അവരെ കടിച്ചു വലിക്കാൻ ബഹളം കൂട്ടുന്നു. അത് കണ്ട് ലീല ആ ചെടിയുടെ മറവിൽ വെറുങ്ങലിച്ചു നിന്നു. അവൾക്ക് റോബിൻ കിടന്നിരുന്നത് ഓർമ്മ വന്നു. അവന്റെ കിടപ്പും ഏതാണ്ട് ഇതേ പോലെ തന്നെയായിരുന്നു എന്നവൾ ഓർത്തു. അനങ്ങാൻ കഴിയാതെ ശരീരം തളർന്നു ലീല നിലത്തേക്ക് കുഴഞ്ഞിരുന്നപ്പോൾ അടുത്തുള്ള മരത്തിനു മുകളിലിരുന്നു രണ്ട് കണ്ണുകൾ അവളെ സാകൂതം വീക്ഷിക്കുന്നത് അവൾ അറിഞ്ഞില്ല.
ഭാഗം 32
രാവിലെയായിരുന്നത് കൊണ്ടും ചുറ്റും അണിയൊത്ത് വളർന്നു നിൽക്കുന്ന മരങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്ന മലമുകളിൽ ആയിരുന്നത് കൊണ്ടും, അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്. പുറത്ത് കോട മഞ്ഞ് പതുക്കെ പിൻവാങ്ങി തുടങ്ങിക്കാണും.സൂര്യൻ മഞ്ഞിലൂടെ പാളിവീഴാൻ തുടങ്ങിയിട്ടുണ്ടെന്നു ജാലകചില്ലിൽ നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. വാഹിദ് തന്റെ മുന്നിൽ കൈയെത്തും ദൂരത്ത് അർദ്ധനഗ്നയായി ചുണ്ടിൽ വശ്യമായ ഒരു ഗൂഢമന്ദഹാസവുമായി തന്നെത്തന്നെ നോക്കികൊണ്ട് ഇരിക്കുന്ന എലിസബത്തിനെ നോക്കി. ഇവൾ സുന്ദരിയല്ല മദാലസയാണ് എന്ന് അവനു തോന്നി.
“വാഹിദ്.. എന്നോട് ഒന്നും പറയാൻ തോന്നുന്നില്ലേ നിനക്ക്.”? അവൾ ചിരിയോടെ തന്നെ ചോദിച്ചു.
“എന്ത് പറയാൻ. എലിയെന്തിനാ എന്നോട് വരാൻ പറഞ്ഞത്.?” അവൻ തിരിച്ചു ചോദിച്ചു.
“അപ്പൊ സ്വന്തം കാര്യത്തിന് വേണ്ടി മാത്രമുള്ള ത്യാഗമാണ് ഈ വരവ് അല്ലേ.” അവളുടെ ചിരി മങ്ങി മുഖത്തു വിഷാദം കലർന്നു. അവൾ താഴോട്ട് നോക്കികൊണ്ട് തുടർന്നു.
“എനിക്ക് കണ്ണുനിറയെ കണ്ടോണ്ടിരുന്നു സംസാരിക്കാൻ കൊതിച്ചിട്ടാണ് ഞാനീ സാഹസത്തിനു മുതിർന്നത്. എത്രയോ പേരെ പരിചയപ്പെട്ടിട്ടുണ്ട്. പലരും എന്നെ തൊട്ടിട്ടുണ്ട്. ഒക്കെ പൊറുത്തു തരൂ.. ഞാൻ കാല് പിടിച്ചു മാപ്പ് ചോദിക്കാം.. But എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. ഇന്നോളം ഒരുത്തനോടും പ്രണയം തോന്നിയിട്ടില്ല, നിന്നോട് അല്ലാതെ. വാഹിദ്.. എനിക്ക് എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് പറിച്ചെറിയാൻ പറ്റുന്നില്ല. ചെയ്തു പിയതിനൊക്കെയും മാപ്പ്. എന്നെ ഇഷ്ടമാണ് എന്നൊരു വാക്ക് മാത്രം കേട്ടാൽ മതി. ” അവളുടെ തൊണ്ടയിടറി. അവൾ ഇരുന്നിടത്തു നിന്ന് ഊർന്നിറങ്ങി അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു വാഹിദിന്റ കാൽമുട്ടിൽ പിടിച്ചു.
