എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തുവന്നത് ഞാനറിയാതെയാണ്. പേടിച്ചിട്ട് എന്റെ സൗണ്ട് വരെ മാറിപ്പോയിരുന്നു.
എന്റെ ആ അലർച്ച കേട്ടതും, അതുവരെ റോസിനോട് ചിരിച്ചു സംസാരിച്ചുകൊണ്ടിരുന്ന കൃതിക പെട്ടെന്ന് നിന്നു. അവളും… അവളുടെ കഴുത്തിൽ ചുറ്റിക്കിടന്നിരുന്ന ആ വെളുത്ത നാഗവും ഒരേസമയം എന്റെ നേർക്ക് തിരിഞ്ഞു നോക്കി! രണ്ടിനും ഒരേ എക്സ്പ്രഷൻ!
ആ പാമ്പ് അതിന്റെ രക്ത കണ്ണുകൾക്കൊണ്ട് എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ എന്റെ സകല കിളിയും പറന്നുപോയി. പേടി ഉണ്ടായിട്ടല്ലെങ്കിലും ഞാൻ രണ്ടടി പിന്നോട്ട് മാറി.
എന്നാൽ എന്റെ പിന്നിൽ നിന്നും ആമി തികച്ചും കൂളായി മുന്നോട്ട് വന്നു.
“പൊന്നൂസേ… നീയിങ്ങനെ പേടിക്കാതെ, അവൾ ഭയങ്കര പാവമാടാ…”
ആമി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….
ശേഷം ഒട്ടും പേടിയില്ലാതെ അവൾ കൃതികയുടെ അടുത്തേക്ക് നടന്നു ചെന്ന്, ആ ഉഗ്രവിഷമുള്ള നാഗത്തെ ഇരുകൈകളും നീട്ടി വാങ്ങി! കൃതികയുടെ കഴുത്തിൽ നിന്നും മെല്ലെ ഊർന്നിറങ്ങിയ ആ വെളുത്ത രൂപം, ഒരു വളർത്തുപൂച്ചയെപ്പോലെ ആമിയുടെ കയ്യിലേക്ക് ചുറ്റിക്കയറുന്നത് കണ്ട് ഞാൻ ശ്വാസം വിടാൻ പോലും മറന്നുപോയി. എന്റെ കണ്ണുകൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായി. ആ നാഗം ആമിയുടെ കയ്യിൽ കിടന്നു കൊഞ്ചുന്നു!
എന്റെ തലയ്ക്ക് വല്ല തകരാറും സംഭവിച്ചോ? അതോ ഞാൻ ഇപ്പോഴും വല്ല സ്വപ്നവും കാണുകയാണോ?
ഇനി ഇത് പാമ്പ് തന്നെയല്ലേ….? വല്ല ചൈനീസ് മാർക്കറ്റിൽ നിന്നും വാങ്ങിയ, ബാറ്ററി ഇട്ടാൽ അനങ്ങുന്ന അത്യാധുനിക കളിപ്പാട്ടം വലതുമാണോ ?
ഞാൻ രണ്ടു കൈകൊണ്ടും എന്റെ കണ്ണ് നന്നായി ഒന്ന് തിരുമ്മി വീണ്ടും നോക്കി….
അതെ… ഇത് പാമ്പ് തന്നെയാണ്…. ഒറിജിനൽ പക്കാ ജീവനുള്ള പാമ്പ്! അതിന്റെ പിളർന്ന നാവുകൾ പുറത്തേക്ക് വരുന്നുണ്ട്, ആമിയുടെ കയ്യിലെ ചൂടേറ്റ് അത് കൂടുതൽ സുഖത്തോടെ അവളുടെ തോളിലേക്ക് ചുരുണ്ടുകൂടുന്നുമുണ്ട്.
ഇതൊക്കെ കണ്ട്, തികച്ചും നോർമൽ ആയി ചിരിച്ചുകൊണ്ട് നിൽക്കുന്ന നിധിയും റോസും കൃതികയും… ഞാൻ ചെന്നുപെട്ടിരിക്കുന്നത് ഏത് ഗ്രഹത്തിലാണെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ലാതായി…
“ദൈവമേ… ഒറ്റ ദിവസം കൊണ്ട് എന്റെ പെണ്ണുങ്ങളൊക്കെ പാമ്പാട്ടികളായോ…?”
എന്ന് ഓർത്ത് ഞാൻ തലയ്ക്ക് കൈവെച്ച് അവിടുത്തെ സോഫയിലേക്ക് തന്നെ ഇരുന്നുപോയി…..
ഇതിലും വലിയതെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, പുറത്തെ വരാന്തയിൽ നിന്നും പാട്ടും ബഹളവുമായി രണ്ട് അവരാതങ്ങൾ അങ്ങോട്ടേക്ക് വരുന്നത്.
രാഹുലും സച്ചിനും!
പുതിയ മുണ്ടും ഷർട്ടുമൊക്കെ ഉടുത്ത് നല്ല കുട്ടപ്പന്മാരായാണ് രണ്ടുപേരുടെയും വരവ്…
അതിൽ തന്നെ സച്ചിന്റെ നടത്തമായിരുന്നു ഹൈലൈറ്റ് . അവൻ എന്റെ അടുത്തേക്ക് വരുമ്പോൾ, ഒരു പ്രത്യേക താളത്തിൽ വലതുകൈ ഉയർത്തി എന്തോ കാണിക്കുന്നുണ്ട്.
കൈപ്പത്തി മലർത്തിപ്പിടിച്ച്, വിരലുകൾ വിറപ്പിച്ചു കൊണ്ടുള്ള ആ ആക്ഷൻ കണ്ടപ്പോൾ ‘ഇതെന്ത് മൈര്’ എന്ന അർത്ഥത്തിൽ ഞാനും എന്റെ കൈ അറിയാതെ ഉയർത്തിപ്പോയി.
ഞാൻ കൈ ഉയർത്തിയത് അവൻ എന്തോ വലിയ സിഗ്നൽ ആയിട്ടാണ് എടുത്തതെന്ന് തോന്നുന്നു…. പെട്ടെന്നവൻ എന്റെ അടുത്തേക്ക് ഓടിവന്ന്, ഞാൻ ഉയർത്തിപ്പിടിച്ച കൈയിലേക്ക് അവന്റെ കൈ വെച്ച് ഒരൊറ്റ അടി! ഹൈ-ഫൈവ് അടിക്കുന്നതുപോലെ!
ശേഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവൻ ചെയ്തത്. ആ വലിയ ഹാളിൽ, എല്ലാവരും നോക്കിനിൽക്കെ, അവൻ ഉറക്കെ പാടാൻ തുടങ്ങി:
”മച്ചീ… മാ മധുരൈക്ക് പോകലാമാ… അങ്കെ മല്ലികൈ പൂ വാങ്കലാമാ…”
വെറുതെ പാടുക മാത്രമല്ല, അതിന്റെ താളത്തിൽ അവൻ അവിടെ കിടന്ന് പൊളപ്പൻ ഡാൻസും കളിക്കുന്നുണ്ട്….! രാഹുലാകട്ടെ അവന് കട്ട സപ്പോർട്ടുമായി ബാക്ക്ഗ്രൗണ്ടിൽ കൈകൊട്ടി താളം പിടിക്കുന്നു!
ഇതൊക്കെ കണ്ട്, പാമ്പിനെ കഴുത്തിലിട്ടു നിൽക്കുന്ന ആമിയും കൃതികയും വരെ ചിരി തുടങ്ങി. അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരും അവന്മാരുടെ കോപ്രായങ്ങൾ കണ്ട് കയ്യടിക്കുന്നുണ്ട്….
