നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

അവളുടെ കയ്യിലിരുന്ന ആ പെട്ടിയും മോതിരവും തറയിലേക്ക് വീണു. തറയിൽ വീണ ആ മോതിരം പൂർവ്വാധികം ശക്തിയോടെ ആ മുറിയെയും ഞങ്ങളെയും മുഴുവനായി വിഴുങ്ങാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി.

 

കാറ്റിന്റെയും ആ കറുത്ത പുകയുടെയും ശക്തിയിൽ ശ്വാസം കിട്ടാതെ ഞങ്ങൾ പിടഞ്ഞു. മുറിയിലെ സാധനങ്ങളെല്ലാം കാറ്റിൽ പറന്നുനടക്കുകയാണ്.

പെട്ടെന്നാണ്, ഈ കൊടുംകാറ്റിനിടയിലൂടെ ആമി ആ മോതിരം എടുക്കാനായി മുന്നോട്ടേക്ക് ആഞ്ഞത്.

 

“ആമി… വേണ്ടാ …!” ഞാൻ അലറിക്കൊണ്ട് അവളെ തടയാൻ ശ്രമിച്ചു.

 

പക്ഷെ, ആ മോതിരം പുറത്തുവിടുന്ന ഭയാനകമായ ഊർജ്ജം കാരണം എനിക്ക് ഒരടി പോലും മുന്നോട്ട് വെക്കാനോ കൈ അനക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ ആരോ അദൃശ്യമായ ചങ്ങലയിട്ട് ബന്ധിച്ചതുപോലെ തോന്നി.

 

എന്റെ നിലവിളികൾക്കിടയിലൂടെ, ആമി വളരെ നിഷ്പ്രയാസം തറയിൽ കിടന്ന ആ മോതിരം കൈകൊണ്ട് എടുത്തു.

 

അവൾ അതിൽ തൊട്ട അതേ നിമിഷം… ആ കൊടുങ്കാറ്റും കറുത്ത പുകയും പ്രകാശവും എങ്ങോട്ടോ മാഞ്ഞുപോയി! എല്ലാം പെട്ടെന്ന് പഴയതുപോലെ ശാന്തമായി. മരണം മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് പോലെ ഞങ്ങൾ എല്ലാവരും തറയിലേക്ക് വീണ് ശ്വാസം ആഞ്ഞു വലിച്ചു.

 

കിതപ്പോടെ ഞാൻ തലയുയർത്തി ആമിയെ നോക്കി.

 

അത്രയും നേരം സംഹാരതാണ്ഡവമാടിയ ആ മോതിരം ഇപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവളുടെ ഉള്ളംകയ്യിൽ വളരെ ശാന്തമായി ഇരിക്കുകയാണ്… ആ മോതിരത്തെ തൊടാൻ അവൾക്ക് മാത്രമേ അത് അവകാശം കൊടുത്തിട്ടുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നതുപോലെ!

 

ആമിയുടെ ഉള്ളംകയ്യിൽ ശാന്തമായി ഇരിക്കുന്ന ആ മോതിരത്തെ കണ്ട് എനിക്ക് ശ്വാസം നേരെ വീണു.

 

മാനസ തറയിൽ നിന്നും പതിയെ എഴുന്നേറ്റു. ചുണ്ടിലെ ചോരത്തുള്ളികൾ കൈപ്പുറം കൊണ്ട് തുടച്ചുമാറ്റിയിട്ട്, അവൾ ആമിയെ നോക്കി അവശയായി ഒരു തംബ്സ് അപ്പ് (thumb’s up) കാണിച്ചു!

 

അവളുടെ ആ ആക്ഷൻ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആമി ആ മോതിരം തിരികെ ആ ചെറിയ മരപ്പെട്ടിയിലേക്ക് തന്നെ വെച്ച് അടച്ചു.

 

ഇതൊക്കെ കഴിഞ്ഞതും, യാതൊരു മുന്നറിയിപ്പുമില്ലാതെ മാനസ ആ വലിയ കട്ടിലിലേക്ക് ഒറ്റയടിക്ക് മലർന്നു വീണു.

 

“എന്റെ പൂർണ്ണ ശക്തി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനെയൊക്കെ കാണിച്ചുകൊടുത്തേനെ…” അവൾ വീണ്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭവം പറയാൻ തുടങ്ങി.

 

അത് പറഞ്ഞതും പെട്ടെന്ന് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് വായുവിൽ മുഷ്ടി ചുരുട്ടി

 

“എടീ ദേവൂ…! നീ… നീകാരണമാ..നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ… അന്ന് നിന്റെ അന്ത്യമാണ് പറഞ്ഞേക്കാം…!”

 

കൊടുംപകയോടെയുള്ള ഭീഷണിയാണെങ്കിലും, അവൾ അത് പറഞ്ഞ രീതിയും ആ മുഖത്തെ ചിണുങ്ങലും കണ്ടാൽ ഏതോ എൽ.കെ.ജി കുട്ടി കൂട്ടുകാരിയോട് പിണങ്ങി പറയുന്നതുപോലെയേ ഞങ്ങൾക്ക് തോന്നിയുള്ളൂ. ഇത്രയും വലിയൊരു സംഭവത്തിന് ശേഷം ഇവളിതെന്താണ് ഈ കാണിക്കുന്നത് എന്ന മട്ടിൽ ഞാൻ സച്ചിനെ നോക്കി. അവനും കിളിപോയ അവസ്ഥയിലായിരുന്നു.

 

പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ മാനസ വീണ്ടും ഗൗരവത്തിലേക്ക് വന്നു. അവൾ ആമിയെ നോക്കി നാഗികയോടായി പറഞ്ഞു:

“തീരുമാനിച്ചു… ഇവളുടെ കാര്യം ഇനി ഞാൻ തന്നെ നോക്കിക്കോളാം. ഇവൾക്കുള്ള പരിശീലനം ഞാൻ നേരിട്ട് നൽകാം.”

 

ശേഷം ഞങ്ങളെ നോക്കി കൈ വീശി, “ഇനി നിങ്ങൾ റൂമിലേക്ക് പൊയ്ക്കോളൂ…” എന്ന് പറഞ്ഞു.

 

ആ ഒരൊറ്റ വാക്കിന് വേണ്ടി കാത്തുനിന്നതുപോലെ ഞങ്ങൾ എല്ലാവരും ഒറ്റയടിക്ക് തിരിഞ്ഞ് വാതിലിനടുത്തേക്ക് പാഞ്ഞു. അടച്ചിട്ടിരുന്ന ആ വാതിൽ വലിച്ചു തുറന്ന ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.

ആ തറവാട്ടിലെ സകലയെണ്ണവും ആ വാതിലിനു പുറത്തെ ഇടനാഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു! അകത്തെ ആ ഭീകരമായ ശബ്ദവും കാറ്റും കണ്ട് പേടിച്ച് ഓടിക്കൂടിയതാവണം. വാതിൽ തുറന്നതും, ഞങ്ങൾക്കൊന്നും പറ്റിയില്ല എന്ന് കണ്ടതിന്റെ ആശ്വാസത്തിൽ അവർ ഇരുവശത്തേക്കും മാറി ഞങ്ങൾക്ക് പോകാനായി ഒരു വഴി ഒരുക്കിത്തന്നു.

Leave a Reply

Your email address will not be published. Required fields are marked *