മീനാക്ഷിയെ കൊഞ്ചിക്കുന്നത് കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് ചൂട് സാമ്പാറിന്റെ ഗന്ധം വീണ്ടും എന്റെ വിശപ്പിനെ ഉണർത്തിയത്. ഞാൻ മാത്രമല്ല, ആ തീന്മേശയിലുണ്ടായിരുന്ന എല്ലാവരും വളരെ ശാന്തമായി ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഇഡ്ഡലി പിച്ചി സാമ്പാറിൽ മുക്കി വായിലേക്ക് വെക്കുമ്പോഴും എന്റെ കണ്ണുകൾ ആ കസേരയിലിരിക്കുന്ന മാനസയിലായിരുന്നു.
എന്റെ ഉള്ളിലെ ചോദ്യങ്ങൾ തിളച്ചുമറിയുകയായിരുന്നു.
ഈ നിഗൂഢതകളുടെ ചുരുളഴിക്കാനും, കഴുത്തിൽ നിന്നും മാഞ്ഞ ടാറ്റൂവിന്റെ കാര്യം തിരക്കാനും, ശരിക്കും ഞങളുടെ ശത്രുക്കൾ ആരാണെന്ന് കണ്ടെത്താൻ മാനസയോട് എന്തെങ്കിലും സംസാരിക്കണമെന്ന് മനസ്സ് വല്ലാതെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പക്ഷേ, തലച്ചോറ് എന്നോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു…
‘മിണ്ടാതിരുന്ന് തിന്നിട്ട് എണീറ്റ് പോ മൈരേ… ‘
ഒരു വശത്ത് പേടിയും ബുദ്ധിയും, മറുവശത്ത് ആകാംക്ഷയും. കുറച്ചുനേരം ആ ഇഡ്ഡലി പ്ലേറ്റിലേക്ക് നോക്കി ഞാൻ ഈ യുദ്ധം തുടർന്നു. പക്ഷേ അവസാനം തലച്ചോറിനെ തോൽപ്പിച്ച് മനസ്സ് തന്നെ ജയിച്ചു. ഇനിയും ഇതൊന്നും അറിയാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ തലയുയർത്തി. മാനസയെ നോക്കി എന്തോ ചോദിക്കാനായി ഞാൻ വായ തുറന്നതും… എന്റെ ചുണ്ടുകൾ അനങ്ങുന്നതിന് മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി.
ഭക്ഷണം കഴിക്കുന്നത് നിർത്തി, ആ കാന്തക്കണ്ണുകൾ കൊണ്ട് എന്നെയും എന്റെ കൂടെയുള്ളവരെയും ഒന്നുകൂടി നോക്കിയിട്ട്, തികച്ചും ശാന്തവും എന്നാൽ ഗാംഭീര്യവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു:
“ദേവാ… നിന്റെയും നിന്റെ കൂടെയുള്ളവരുടെയും മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നാൽ ആവും വിധം ഞാൻ നൽകാം…”
അവൾ എന്റെ മനസ്സ് വായിച്ചതുപോലെ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും അമ്പരപ്പോടെ ഭക്ഷണം കഴിക്കുന്നത് നിർത്തി അവളെ നോക്കി.
അവൾ തുടർന്നു:
“പക്ഷെ അത് ഇന്നല്ല… ഇന്നേക്ക് ഏഴാം ദിവസം രാത്രി. അന്ന് ഞാൻ എല്ലാം നിങ്ങൾക്ക് വിശദീകരിച്ചു തരാം.”
അവളുടെ വാക്കുകൾ ആ വലിയ ഹാളിൽ മുഴങ്ങി. ഞങ്ങൾ പരസ്പരം നോക്കി. സച്ചിനും രാഹുലും ആമിയും നിധിയുമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്.
“അതുവരെ… നിങ്ങൾ എല്ലാവരും എന്നോടൊപ്പം ഈ വീട്ടിൽ തന്നെ താമസിക്കണം. ഇവിടുന്ന് പുറത്തുപോകാൻ ശ്രമിക്കരുത്…”
അവൾ അല്പം കണിശതയോടെ പറഞ്ഞു നിർത്തി.
ഉള്ളിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു. ഞാൻ എന്തോ ചോദിക്കാൻ ഭാവിച്ചതും, അവളുടെ അടുത്ത വാക്കുകൾ എന്നെ തറപ്പിച്ചു കളഞ്ഞു.
“കാരണം… അവളെ തടയാൻ നിങ്ങൾക്കിപ്പോഴുള്ള ശക്തി പോരാ…”
അത്രയും പറഞ്ഞശേഷം , അവൾ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. ആ നോട്ടത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു. വരാനിരിക്കുന്ന വലിയൊരു അപകടത്തിന്റെ സൂചന.
“അവളെ തടയാൻ നിങ്ങൾക്കിപ്പോഴുള്ള ശക്തി പോരാ…”ആ ഒറ്റ വാക്ക് എന്റെ തലച്ചോറിലേക്ക് ഒരു കൊള്ളിമീൻ പോലെയാണ് പാഞ്ഞുകയറിയത്. അപ്പോൾ തന്നെ, ഓർമ്മകളുടെ ആഴങ്ങളിൽ നിന്നും ആ ശബ്ദം എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി. അന്ന്… ആ വെള്ളത്തിനടിയിലെ ആറാമത്തെ കവാടത്തിൽ വെച്ച് ഞാൻ കേട്ട ആ അശരീരിയായ സ്ത്രീശബ്ദം!.
മാനസ ഈ പറയുന്ന ‘അവൾ’… അത് വെള്ളത്തിനടിയിൽ കാത്തിരിക്കുന്ന ആ അജ്ഞാത രൂപമാണോ?
എന്റെ നെഞ്ചിടിപ്പ് കൂടി. ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. തലച്ചോറ് നേരത്തെ പറഞ്ഞ ആ സുവർണ്ണോപദേശം തന്നെ അനുസരിക്കാൻ ഞാൻ തീരുമാനിച്ചു. ഒന്നും മിണ്ടാതെ, തലകുനിച്ച് പ്ലേറ്റിലെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.
വയറുനിറഞ്ഞു.
കഴിച്ചു കഴിഞ്ഞ് ഞാൻ പതുക്കെ എഴുന്നേൽക്കാൻ ഭാവിച്ചതും, അവിടെ വിളമ്പിക്കൊണ്ടിരുന്ന ആ തമിഴത്തി സ്ത്രീ ചൂടുള്ള രണ്ട് ഇഡ്ഡലി കൂടി എന്റെ പ്ലേറ്റിലേക്ക് എടുത്തുവെച്ചു.
