“നീ വിഷമിക്കേണ്ട… ഇതൊരു സാധാരണ മോതിരമല്ല. സാക്ഷാൽ നാഗമാണിക്യത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ചെറുതരി പ്രകാശത്തിൽ നിന്നുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പേര് ‘ആത്മദർപ്പണം’ എന്നാണ്. വെറുതെ മുന്നിൽ നിൽക്കുന്നവന്റെ മനസ്സിലുള്ളത് വായിക്കാനുള്ള ഒരു ഉപകരണം മാത്രമല്ല ഇത്…”
നിധിയുടെ കണ്ണുകൾ വികസിച്ചു, അവൾ തന്റെ ഉമിനീരിറക്കി മാനസയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു….
“മുന്നിൽ നിൽക്കുന്ന മനുഷ്യനോ മൃഗമോ ആരായാലും, അവന്റെ ഏറ്റവും ഇരുണ്ട രഹസ്യങ്ങൾ, അവന് പോലും ഓർക്കാൻ പേടിയുള്ള ഭയാനകമായ ഓർമ്മകൾ, ഉള്ളിലൊളിപ്പിച്ച കൊടുംക്രൂരതകൾ… എല്ലാം വലിച്ചെടുത്ത് നിന്റെ കൺമുന്നിൽ ഒരു ദൃശ്യം പോലെ കാണിച്ചു തരാൻ ഇതിന് കഴിയും. ഒരുവന്റെ തലച്ചോറിലേക്ക് ഇരച്ചുകയറി അവന്റെ ചിന്തകളെ പൂർണ്ണമായി നിന്റെ വരുതിയിലാക്കാനും, അവനെക്കൊണ്ട് നിനക്ക് വേണ്ടത് എന്തും ചെയ്യിക്കാനും ഈ ആത്മദർപ്പണത്തിന് കഴിയും. വിചാരിച്ചാൽ, മുന്നിൽ നിൽക്കുന്നവന്റെ ഏറ്റവും വലിയ പേടിയെ അവന്റെ മുന്നിൽ ജീവനോടെ നിർത്തി അവനെ ഭ്രാന്തുപിടിപ്പിക്കാൻ വരെ നിനക്കാവും…”
ഞങ്ങൾ എല്ലാവരും നിധിയുടെ കയ്യിലെ ആ മോതിരത്തിലേക്ക് നോക്കി. ഒരാളുടെ ആത്മാവിനെ വരെ കീറിമുറിക്കാൻ കഴിവുള്ള ആത്മദർപ്പണം!
മാനസ തുടർന്നു:
“പക്ഷേ, ഇതിന്റെ ഈ കൊടുംശക്തി താങ്ങാനുള്ള ശക്തി നിന്റെ മനസ്സിന് ഇപ്പോഴില്ല. അതുകൊണ്ടാണ് നീയിത്രയും ഭയക്കുന്നത്. ഈ മോതിരത്തിന്റെ യഥാർത്ഥ ശക്തി ഒരു സാധാരണ മനുഷ്യന് താങ്ങാവുന്നതിനും അപ്പുറമാണ് അതുകൊണ്ട് തന്നെ ഈ മോതിരത്തിന്റെയും ബാക്കിയുള്ള മോതിരംങ്ങളുടെയും യഥാർത്ഥ ശക്തി ഇപ്പോഴും പൂർണ്ണരൂപത്തിൽ എത്തിയിട്ടില്ല. അതിന് നിന്നെ ഞാൻ സഹായിക്കാം . ഇനിയുള്ള ദിവസങ്ങളിൽ മറ്റുള്ളവരുടെ മനസ്സിലേക്ക് ഒരു കൊടുങ്കാറ്റുപോലെ എങ്ങനെ കടന്നുചെല്ലണമെന്നും, അവരുടെ ചിന്തകളെ എങ്ങനെ നിയന്ത്രിക്കണമെന്നും ഞാൻ നിനക്ക് പഠിപ്പിച്ചു തരാം…”
ഇത്രയും പറഞ്ഞിശേഷം , മാനസ വാത്സല്യത്തോടെ നിധിയുടെ നെറ്റിയിൽ സ്നേഹം നിറഞ്ഞൊരു ഉമ്മ വെച്ചു. മാനസയുടെ ആ വാക്കുകളും തലോടലും നിധിയുടെ മുഖത്തെ ദയനീയത മാറ്റി അവിടെയൊരു ചെറിയ ആശ്വാസവും ധൈര്യവും കൊണ്ടുവരുന്നത് ഞങ്ങൾ കണ്ടു.
എന്നാൽ മാനസയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി. അവൾക്ക് കിട്ടാൻ പോകുന്ന പരിശീലനം അത്ര നിസ്സാരമായിരിക്കില്ല എന്ന് വ്യക്തമായിരുന്നു….
ശേഷം മാനസ നാഗികയേ നോക്കി….
“ബാക്കിയുള്ള പെൺകുട്ടികളുടെ കാര്യങ്ങൾ നീ നോക്കിക്കോണം. അവർക്കും ആവശ്യമായ ശക്തിയും മെയ്‌വഴക്കവും ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ ഉണ്ടാക്കിയെടുക്കണം.”
നാഗിക അനുസരണയോടെ, തികഞ്ഞ ബഹുമാനത്തോടെ തലയാട്ടി സമ്മതം മൂളി.
അപ്പോഴാണ് മാനസയുടെ അടുത്തായി ഇരുന്നിരുന്ന നിധി പതുക്കെ ചോദിച്ചത്:
“അപ്പൊ… ആമിയെ നിങ്ങൾ എന്റെ കൂടെ കൂട്ടുന്നില്ലേ?”
മാനസയ്ക്ക് ആ ചോദ്യം അത്ര പെട്ടെന്ന് മനസ്സിലായില്ല. അവൾ ഒന്ന് പുരികം ചുളിച്ചുകൊണ്ട് ആമിയെ നോക്കി, പിന്നെ നിധിയോടായി പറഞ്ഞു:
“അവളെയും നാഗിക തന്നെ നോക്കിക്കോളും. നിനക്ക് മാത്രമേ ഈ മോതിരത്തിന്റെ ശക്തി നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനത്തിന്റെ ആവശ്യമുള്ളൂ.”
“അത്… അത് മാത്രമല്ലല്ലോ…”
നിധി അല്പം സംശയത്തോടെ പറഞ്ഞു.
“അവളുടെ കയ്യിലും ഇതുപോലൊരു മോതിരമുണ്ടല്ലോ… അപ്പൊ അവൾക്കും നിങ്ങളല്ലേ പറഞ്ഞ് കൊടുക്കേണ്ടത്?”
ഇത് കേട്ടതും മാനസയുടെ മുഖത്തെ ഭാവം ഒന്നാകെ മാറി. അവൾക്ക് ഒന്നും മനസ്സിലാവാത്തതുപോലെ, തികഞ്ഞ ആശയക്കുഴപ്പത്തോടെ അവൾ ആമിയെ സൂക്ഷിച്ചുനോക്കി. ശേഷം പെട്ടെന്ന് നിധിയുടെ നേരെ തിരിഞ്ഞു.
“നീ എന്താ ഈ പറയുന്നത്? അതിന് യാതൊരു സാധ്യതയുമില്ല!”
മാനസയുടെ ശബ്ദം അല്പം കടുത്തു.
“ഇന്ദ്രനീലത്തിലെ ആ പെട്ടിയിലുണ്ടായിരുന്ന ആ ഒൻപത് മോതിരങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരാളുടെ വിരലിൽ ഇട്ടാൽ… പിന്നെ അത് ഒരു മനുഷ്യനും ഊരിയെടുക്കാൻ സാധിക്കില്ല. അത് ആ ശരീരത്തിന്റെ ഭാഗമായി മാറും. പിന്നീട് ആ മോതിരം ഊരണമെങ്കിൽ… ആ വ്യക്തി മരിക്കുക തന്നെ വേണം”
