മാനസയുടെ ഈ ഭീകരരൂപം കണ്ട് ആമി ശരിക്കും ഞെട്ടിവിറച്ചുപോയിരുന്നു. പേടികൊണ്ട് അവൾക്ക് ശ്വാസം പോലും എടുക്കാൻ കഴിയുന്നില്ലായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും നിർത്താതെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. എന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല, എനിക്ക് എഴുന്നേൽക്കാൻ പോലും കഴിയാത്തവിധം കാലുകൾ തളർന്നുപോയിരുന്നു.
ആമിയുടെ പേടിച്ചരണ്ട മുഖവും കണ്ണുനീരും കണ്ടതും, മാനസ പെട്ടെന്ന് ശാന്തയായി.
അവളുടെ മുഖത്തെ ഭീകരത പതിയെ മാഞ്ഞു, കണ്ണുകൾ പഴയതുപോലെയായി. കാറ്റടങ്ങി, മുറി വീണ്ടും ശാന്തമായി.
താൻ എന്താണ് ചെയ്തതെന്നോർത്ത് മാനസയുടെ മുഖത്ത് വലിയൊരു കുറ്റബോധം നിറഞ്ഞു. അവൾ പതിയെ ആമിയുടെ അടുത്തേക്ക് ചെന്ന് അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു… ശേഷം വളരെ വാത്സല്യത്തോടെ ആമിയുടെ കണ്ണുനീർ തുടച്ചുമാറ്റി, അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ഉമ്മവെച്ചു.
“ക്ഷമിക്കണം… ഞാൻ… ഞാൻ എന്റെ നിയന്ത്രണം വിട്ടുപോയി…” മാനസ വളരെ ദയനീയമായി, ശാന്തമായ സ്വരത്തിൽ പറഞ്ഞു. “നീ പേടിക്കാതെ… എനിക്ക് ആ പത്താമത്തെ മോതിരമൊന്ന് കാണണം… അത് വേഗം ഇങ്ങോട്ട് എടുത്തുകൊണ്ട് വരാമോ?”
അവളുടെ ആ സ്നേഹം നിറഞ്ഞ പറച്ചിൽ കേട്ട് നിറകണ്ണുകളുമായി ആമി പതുക്കെ തലയാട്ടി.
“നിധീ… നാഗികാ… നിങ്ങൾ ഇവളുടെ കൂടെ പോയി ആ മോതിരം വേഗം ഇങ്ങോട്ട് കൊണ്ടുവരിക.” മാനസ എഴുന്നേറ്റുകൊണ്ട് അവരോടായി പറഞ്ഞു.
ആമിയും നിധിയും നാഗികയ്ക്കൊപ്പം മുറിയിൽ നിന്നും പുറത്തുപോകുമ്പോൾ, മാനസ കട്ടിലിൽ തിരികെ ഇരുന്ന് എന്തോ വലിയ ചിന്തയിലാണ്ടുപോയിരുന്നു. എന്താണ് ആ പത്താമത്തെ മോതിരത്തിന്റെ രഹസ്യമെന്നറിയാൻ ഞങ്ങളും ശ്വാസമടക്കി കാത്തിരുന്നു.
അധികം വൈകാതെ തന്നെ ആമിയും നിധിയും നാഗികയ്ക്കൊപ്പം തിരികെ വന്നു. ആമിയുടെ കയ്യിൽ മരപ്പണികൾ ചെയ്ത ഒരു കൊച്ചു പെട്ടിയുണ്ടായിരുന്നു. അവൾ വളരെ സൂക്ഷ്മതയോടെ ആ പെട്ടി മാനസയുടെ നേർക്ക് നീട്ടി.
ഞങ്ങൾ എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ അവർക്ക് ചുറ്റുമായി വട്ടം കൂടി നിന്നു.
മാനസ വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി പതുക്കെ തുറക്കാൻ തുടങ്ങി.
ഭയാനകമായി എന്തെങ്കിലും ഇപ്പോൾ സംഭവിക്കും, വലിയൊരു പൊട്ടിത്തെറിയോ മറ്റോ ഉണ്ടാകും എന്ന് കരുതി ഞങ്ങൾ മനുഷ്യരെല്ലാവരും കണ്ണുകൾ ഇറുകെയടച്ചു.
എന്റെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാമായിരുന്നു. സച്ചിനാകട്ടെ ചെവി രണ്ടും പൊത്തിപ്പിടിച്ചാണ് നിൽപ്പ്.
പക്ഷെ സെക്കന്റുകൾ കുറച്ചു കഴിഞ്ഞിട്ടും ഒരു പൊട്ടിത്തെറിയും കേൾക്കാതെ വന്നപ്പോൾ ഞാൻ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി. കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ ബാക്കിയുള്ളവരും കണ്ണുകൾ തുറന്നു. ആ പെട്ടിക്കുള്ളിൽ യാതൊരു അനക്കവുമില്ലാതെ വളരെ ശാന്തമായി ആ മോതിരം ഇരിപ്പുണ്ടായിരുന്നു. മാനസ അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയാണ്.
അല്ലെങ്കിലും എന്ത് പൊട്ടിത്തെറിക്കാൻ!
സാക്ഷാൽ നാഗദേവതയായ ഇവൾക്ക് മുന്നിൽ വെറുമൊരു മോതിരത്തിന് എന്ത് ചെയ്യാൻ സാധിക്കാനാണ്? ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് പേടിച്ചു… എന്റെ ഉള്ളിലെ ആശ്വാസം പുറത്തുവന്നു. കുഴപ്പമൊന്നുമില്ലല്ലോ എന്നോർത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.
പക്ഷേ, ആശ്വാസത്തിന്റെ ആ പുഞ്ചിരി എന്റെ മുഖത്തുനിന്നും മായുന്നതിന് മുൻപായിരുന്നു എല്ലാം തലകീഴായി മറിഞ്ഞത്!
ആ പെട്ടിയിൽ നിന്നും മോതിരമെടുക്കാനായി മാനസ അതിലൊന്ന് തൊട്ടതും…
ഒരു വലിയ ശബ്ദത്തോടെ ആ മോതിരത്തിൽ നിന്നും കറുത്ത പുകയും അന്ധമാക്കുന്ന ഒരുതരം പ്രകാശവും ഒന്നിച്ചു പുറത്തേക്ക് ചീറ്റി! മുറിക്കുള്ളിൽ എവിടെനിന്നോ ഭയാനകമായ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആ മോതിരത്തിൽ നിന്നും പുറത്തുവന്ന അദൃശ്യമായ ഏതോ ഒരു കൊടുംശക്തിയുടെ ആഘാതത്തിൽ, മാനസ പിന്നിലേക്ക് അതിശക്തമായി തെറിച്ചുവീണു! ആ വീഴ്ചയിൽ അവളുടെ വായിൽ നിന്നും ചുടുരക്തം പുറത്തേക്ക് തെറിച്ചു.
