നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

ഇത് കേട്ടതും ഞങ്ങൾ പരസ്പരം നോക്കി.

 

രാവിലെ ഡൈനിംഗ് ടേബിളിൽ വെച്ച്, ഏഴാം ദിവസമേ എല്ലാത്തിനും ഉത്തരം തരൂ എന്ന് തീർത്തുപറഞ്ഞവൾ… ഇപ്പോൾ പാതിരാത്രിക്ക് ഞങ്ങളെ എന്തിനാവും അവളുടെ മുറിയിലേക്ക് വിളിക്കുന്നത്?

 

സച്ചിന്റെ മുഖമൊക്കെ അപ്പോഴേക്കും വിളറിവെളുത്തിരുന്നു. അവൻ പതിയെ എന്റെ പിന്നിലേക്ക് ഒന്നുകൂടി നീങ്ങിനിന്നിട്ട് ചെവിയിൽ മന്ത്രിച്ചു:

“എടാ ദേവാ… പാതിരാത്രിക്ക് എന്തിനാടാ ആ അവര് നമ്മളെ അങ്ങോട്ട് വിളിക്കുന്നത്? ഇനി വല്ല പൂജയ്ക്കും നമ്മളെ ബലികൊടുക്കാൻ പരിപാടിയുണ്ടോ?”

 

ഞങ്ങളുടെ മുഖത്തെ ഈ പരിഭ്രമം കണ്ടിട്ടാവണം, നാഗിക അവളുടെ വശ്യമായ സംസാരിച്ചു തുടങ്ങി….

“നിങ്ങൾ ഭയക്കേണ്ടതില്ല… വേഗം പുറപ്പെടുക, ദേവി നിങ്ങൾക്കായി കാത്തിരിക്കുകയാണ്.”

 

അവർക്കൊപ്പം പോകുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു. ഈ വീട്ടിൽ മാനസയുടെ വാക്ക് ധിക്കരിക്കാൻ ആർക്കും കഴിയില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഞങ്ങൾ ഓരോരുത്തരായി പതുക്കെ എഴുന്നേറ്റു. കൃതികയും ആമിയും നിധിയും റോസുമൊക്കെ പരസ്പരം കൈകൾ കോർത്തുപിടിച്ചിരുന്നു.

 

എന്തിനോ എന്തോ…?

 

രാഹുലിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷൻ കാണാമായിരുന്നു.

അപ്പോഴും ഉള്ളിലെ ആകാംക്ഷയും ഭയവും ഞങ്ങളെ വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും മാനസയ്ക്ക് പറയാനുണ്ടാവുക?

 

തക്ഷകനും നാഗികയും മുന്നിലും, ഞങ്ങൾ അവർക്ക് പിന്നിലുമായി ആ മുറിയിൽ നിന്നും പുറത്തിറങ്ങി. മങ്ങിയ വെളിച്ചം മാത്രം നിൽക്കുന്ന ആ വീടിന്റെ വിശാലമായ നീളൻ ഇടനാഴിയിലൂടെ, ഒരു ചോദ്യം ചെയ്യലിന് കൊണ്ടുപോകുന്ന പ്രതികളെപ്പോലെ ഞങ്ങൾ മാനസയുടെ മുറി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

 

അവരുടെ ഓരോ കാൽവെയ്പിലും കേൾക്കുന്ന നേർത്ത ചിലങ്കയുടെ ശബ്ദം ആ രാത്രിയുടെ നിശ്ശബ്ദതയെ കൂടുതൽ ഭയാനകമാക്കുന്നുണ്ടായിരുന്നു.

 

തക്ഷകനും നാഗികയ്ക്കും പിന്നാലെ നടന്ന് ഞങ്ങൾ ആ മുറിയുടെ മുന്നിലെത്തി. വാതിൽ പതുക്കെ തുറന്ന് അവർക്കൊപ്പം ഞങ്ങൾ അകത്തേക്ക് കയറി.

 

മുറിക്കുള്ളിലെ കാഴ്ച കണ്ട് ഞാൻ ശരിക്കും അന്തംവിട്ടുപോയി. എന്തൊക്കെയോ വലിയ പ്രതീക്ഷകളോടെ വന്ന എനിക്ക് മുന്നിൽ, വളരെ വലിയൊരു കട്ടിലിൽ ചെവിയിലൊരു ഹെഡ്‌ഫോണും വെച്ച്, കയ്യിലൊരു പുസ്തകവും പിടിച്ച് വളരെ റിലാക്സ്ഡ് ആയി കിടക്കുകയാണ് മാനസ!

 

പാട്ട് കേട്ട് ബുക്ക് വായിച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ, ഇത് എന്ത് ഐറ്റം ആണെന്നാണ് എനിക്ക് തോന്നിയത്…. പക്ഷേ, എന്റെ കണ്ണുകൾ പെട്ടെന്ന് ഉടക്കിയത് പുസ്തകത്തിലായിരുന്നില്ല. അവൾ കിടക്കുന്ന കിടപ്പിൽ ആ ദാവണി അല്പം അലങ്കോലമായി മാറിയിരുന്നു. ആ നേർത്ത തുണിയിലൂടെ അവളുടെ ശരീരത്തിന്റെ വശ്യമായ ഭംഗി ഞാൻ അറിയാതെ നോക്കിനിന്നുപോയി. ചുറ്റുപാടും മറന്ന് ഞാൻ ആ കാഴ്ച മനസ്സിലേക്ക് ഒപ്പിയെടുക്കുമ്പോഴാണ്…

 

“ആഹ്…!”

 

എന്റെ വായിൽ നിന്നും പെട്ടെന്നൊരു ശബ്ദം പുറത്തുവന്നത്. എന്റെ തൊട്ടടുത്തുനിന്ന നിധി എന്റെ ഇടുപ്പിൽ പിടിച്ച് അമർത്തി ഒരു നുള്ള് തന്നതാണ്! വേദന കടിച്ചമർത്തി ഞാൻ അവളെ നോക്കിയപ്പോൾ, കലിപ്പിൽ എന്നെ തുറിച്ചുനോക്കുകയാണ് കക്ഷി….

 

എന്റെ ശബ്ദം കേട്ടത് മാനസ ശ്രദ്ധിച്ചു. അവൾ വേഗം ഹെഡ്‌ഫോൺ ഊരിമാറ്റി, കയ്യിലുണ്ടായിരുന്ന പുസ്തകം മടക്കി സൈഡിലെ ചെറിയ ടേബിളിലേക്ക് വെച്ചു. ശേഷം അലങ്കോലമായി കിടന്ന ദാവണി ഒന്ന് നേരെയാക്കി കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.

 

“ഇരിക്ക്…”

 

അവൾ ഞങ്ങളെ നോക്കി പറഞ്ഞു.

 

കസേരകളൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ യാതൊരു മടിയുമില്ലാതെ അവിടെ നിലത്ത് തന്നെ വട്ടത്തിൽ ഇരിപ്പുറപ്പിച്ചു….

 

“വാതിലടയ്ക്ക്…”

 

അവൾ തക്ഷകനോടും നാഗികയോടുമായി പറഞ്ഞു. അവർ വാതിലടച്ച് ഞങ്ങൾക്ക് പിന്നിലായി വന്ന് നിന്നു.

 

മുറിയിൽ പെട്ടെന്ന് ഒരു നിശ്ശബ്ദത പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *