“ശരി… ഇനി എല്ലാവരും ഭക്ഷണം കഴിച്ചോളൂ…”
മാനസ ഒരു ചിരിയോടെ പറഞ്ഞു.
ഡൈനിംഗ് ഹാളിലെ അന്തരീക്ഷം വീണ്ടും സാധാരണ നിലയിലായി. എല്ലാവരും വീണ്ടും ഭക്ഷണം കഴിക്കുന്നതിലേക്ക് തിരിഞ്ഞു.
പക്ഷേ, എന്റെ മനസ്സ് വീണ്ടും എങ്ങോട്ടോ പാറിപ്പോകാൻ തുടങ്ങിയിരുന്നു. ഒരാഴ്ച… ഒരാഴ്ച കൂടെ ഞാൻ ഈ നാഗദേവതകളുടെയും അത്ഭുതങ്ങളുടെയും നടുവിൽ കഴിയണം. അതിനുശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ ഒരു വൻമതിൽ എനിക്ക് മുന്നിൽ ഉയർന്നുനിൽക്കുന്നുണ്ടായിരുന്നു. പ്ലേറ്റിലെ ബാക്കിയുള്ള ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സ് ആ ഒരാഴ്ചയ്ക്ക് ശേഷമുള്ള രാത്രിയിലേക്ക്, ഉത്തരങ്ങൾ കാത്തിരിക്കുന്ന ആ നിമിഷത്തിലേക്ക് പായുകയായിരുന്നു….
**************************
പുറത്തുനിന്നും നോക്കുമ്പോൾ യാതൊരു അസ്വാഭാവികതയുമില്ലാത്ത, തിരക്കുപിടിച്ച ഒരു സാധാരണ വീട്. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ ചിന്തകൾക്കും ആകാംക്ഷകൾക്കും ഒരു നിമിഷം പോലും വിശ്രമമുണ്ടായിരുന്നില്ല.
അന്ന് പകൽ ഞങ്ങൾ കാര്യമായി ചെയ്തത് അവിടെയുണ്ടായിരുന്ന പ്രൊഫസറുമായി സംസാരിക്കുക എന്നതായിരുന്നു.
സത്യത്തിൽ ഞങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ ഇയാളെ കണ്ടുപിടിക്കാനായിരുന്നു. ഞങ്ങൾക്ക് നേരിട്ട് യാതൊരു പരിചയവുമില്ലാത്ത, കേട്ടറിവ് മാത്രമുള്ള ആ മനുഷ്യനെ തേടിയാണ് ഞങ്ങൾ ഇത്രയും വലിയ നിഗൂഢതയിലേക്ക് എടുത്തുചാടിയത്.
പക്ഷെ ഇപ്പോൾ യാതൊരു കുഴപ്പവുമില്ലാതെ, വളരെ ശാന്തനായി ഞങ്ങളുടെ മുന്നിലിരിക്കുന്ന അയാളെ കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസവും ഒപ്പം വലിയൊരു കൗതുകവും തോന്നി….
അയാളുമായുള്ള ആ ദീർഘനേരത്തെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് പ്രധാനമായും രണ്ട് കാര്യങ്ങൾ വ്യക്തമായി.
ഒന്നാമത്തെ കാര്യം തീർത്തും പ്രതീക്ഷിക്കാത്തതായിരുന്നു…അനാഥനായിരുന്ന അദ്ദേഹത്തെ ചെറുപ്പത്തിൽ എടുത്തു വളർത്തിയത് സാക്ഷാൽ മാനസയായിരുന്നു!
ഞങ്ങൾ അന്വേഷിച്ചു നടന്ന ആ മനുഷ്യന്റെ യഥാർത്ഥ ആശ്രയവും നിയന്ത്രണവും ആ നാഗദേവതയുടെ കൈകളിലായിരുന്നു എന്ന് കേട്ടപ്പോൾ അയാളുടെ നിയന്ത്രങ്ങളെക്കുറിച്ച് എനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി….
രണ്ടാമത്തെ കാര്യം, വെറുതെയല്ല അദ്ദേഹം ഇന്ദ്രനീലത്തിൽ എത്തിയത്. മാനസ തന്നെയാണ് അയാളെ അങ്ങോട്ട് പറഞ്ഞയച്ചത്.
അവിടെയുള്ള ആ ദുരൂഹമായ മലയെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടിയുള്ള മാനസയുടെ വിശ്വസ്തനായ ദൂതനായിരുന്നു അദ്ദേഹം.
പ്രൊഫസറുടെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം ഇതായിരുന്നു: ഇന്ദ്രനീലത്തിന് ചുറ്റും എത്ര ‘അഗ്നി വലയങ്ങൾ’ ഉണ്ട് എന്ന് കൃത്യമായി കണ്ടെത്തുക.
എന്തായിരുന്നു അതിന്റെ കാരണം എന്നുചോദിച്ചപ്പോൾ ആ ചോദ്യത്തിന് മുന്നിൽ പ്രൊഫസർ നിസ്സഹായനായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കൈമലർത്തി.
“അതെനിക്കറിയില്ല…” എന്നായിരുന്നു അയാളുടെ മറുപടി…
ഇന്ദ്രനീലത്തിന് ചുറ്റുമുള്ള അഗ്നി വലയങ്ങളുടെ എണ്ണം കൃത്യമായി കണ്ടുപിടിക്കാൻ മാനസ അയാളോട് ആവശ്യപ്പെട്ടു, അയാൾ അത് അന്വേഷിക്കാൻ പോയി. അതിനപ്പുറം, ആ അഗ്നി വലയങ്ങൾ എന്തിനാണെന്നോ, അതിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്നോ അയാൾക്കറിയില്ല . അവൾ പറയുന്നതിനപ്പുറം ഒരു ചോദ്യം ചോദിക്കാനുള്ള അധികാരമോ ധൈര്യമോ അയാൾക്കില്ല……
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ ഭാരം വീണ്ടും എന്റെ തലച്ചോറിനെ വരിഞ്ഞുമുറുക്കിത്തുടങ്ങി. എല്ലാറ്റിനുമുള്ള ഉത്തരം ലഭിക്കാൻ ഇനിയും ഏഴു ദിവസങ്ങൾ… ഏഴാം ദിവസത്തെ ആ രാത്രിയിലേക്ക് ഇനിയും എത്ര ദൂരമുണ്ടെന്ന് ഓർത്ത് ഞാൻ വലിയൊരു നെടുവീർപ്പിട്ടു. അവൾ എല്ലാം തുറന്നു പറയുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു…..
**********
അന്നേ ദിവസം രാത്രി
