പക്ഷേ… അവിടെ നടന്നത് മറ്റൊന്നായിരുന്നു.
പെട്ടെന്ന് മാനസയുടെ മുഖത്തെ ആ ഗാംഭീര്യവും ഭയപ്പെടുത്തുന്ന ഭാവവുമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയി. പകരം… ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ചുണ്ടുകോട്ടി, മുഖം ചുളിച്ച് ചിണുങ്ങാൻ തുടങ്ങി!
“ഇതെന്ത് മൈര്…?”ഞാൻ അറിയാതെ മനസ്സിൽ ചോദിച്ചുപോയി.
കഴിച്ചുകൊണ്ടിരുന്ന കൈ അവിടെത്തന്നെ നിർത്തി, കണ്ണും തള്ളി ഞാൻ അവരെത്തന്നെ നോക്കി.
ഇന്നലെ ഒറ്റത്തൊടലിന് എന്നെ വായുവിൽ തെറിപ്പിച്ചവൾ, നാഗങ്ങളുടെ രാഞ്ജി, ആയിരം വർഷത്തെ ചരിത്രം ഘോരഘോരം പ്രസംഗിച്ചവൾ… ദേ കിടന്ന് ഒരു എൽ.കെ.ജി കുട്ടിയെപ്പോലെ ചിണുങ്ങുന്നു!
സച്ചിനും രാഹുലും ആമിയും നിധിയുമൊക്കെ ഒരുനിമിഷം പരസ്പരം നോക്കി. ആയിരം വർഷത്തെ ബിൽഡപ്പ് ഒറ്റ സെക്കൻഡിൽ പൊട്ടിപ്പാളീസായതിന്റെ ഒരു വല്ലാത്ത ചമ്മലും നാണക്കേടും എല്ലാവരുടെയും മുഖത്ത് പടർന്നു. മാനസയുടെ മടിയിലിരുന്ന മീനാക്ഷിക്കുട്ടി ഇതുകണ്ട് കൈകൊട്ടി കിലുകിലാ ചിരിക്കാൻ തുടങ്ങി.
“നിനക്കെന്താടി എന്നെ ഒന്നു പേടിച്ചാൽ? ഞാൻ ഇത്രയൊക്കെ കഷ്ടപ്പെട്ട് ഗൗരവത്തിൽ ഡയലോഗ് അടിച്ചിട്ടും, ഇത്രയൊക്കെ വലിയ മാസ്സ് ഇട്ടിട്ടും… ഇനിയും എന്താ ഈ ആളുകൾ എന്നെ സീരിയസ് ആയി എടുക്കാത്തത്?”
മാനസ മൊത്തത്തിൽ കിളിപോയി ഇരിക്കുന്ന കൃതികയെ നോക്കി കൊച്ചുകുട്ടികളെപ്പോലെ നീരസത്തോടെ പറഞ്ഞു
അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ശരിക്കും തല കറങ്ങുന്നതുപോലെ തോന്നി. ഇവളിനി നാഗദേവതയാണോ അതോ വല്ല കോമഡി പീസാണോ? ഈ തറവാട്ടിൽ മൊത്തം എന്തോ തകരാറുണ്ട്.
പെട്ടെന്ന് താൻ എന്താ ഈ കാണിച്ചുകൂട്ടിയത് എന്ന് ബോധം വന്നതുപോലെ അവൾ ഒന്ന് ഞെട്ടി. അയ്യോ, എന്റെ ഇമേജ് പോയല്ലോ എന്ന മട്ടിൽ അവൾ വേഗം തൊണ്ടയൊന്ന് ശരിയാക്കി. നിവർന്നിരുന്ന്, പഴയ ആ രാജകീയമായ ഗൗരവം മുഖത്ത് വരുത്താനും കണ്ണുകളിൽ കാന്തശക്തി കൊണ്ടുവരാനും അവൾ നന്നായി കിണഞ്ഞു പരിശ്രമിച്ചു.
ശേഷം കനത്ത ശബ്ദത്തിൽ എന്തോ പറയാൻ ഞങ്ങളെ നോക്കിയതും, ഞങ്ങളുടെയൊക്കെ മുഖത്തെ ആ അമ്പരപ്പും ചമ്മലും കലർന്ന എക്സ്പ്രഷൻ ഇനിയും മാറിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. ഇനി എന്തൊക്കെ ഗൗരവം ഇട്ടാലും ഇവർ വിശ്വസിക്കില്ലെന്ന് തോന്നിയതുകൊണ്ടാവാം, അവൾ ആകെ ചമ്മി.
എല്ലാവരോടും പിണങ്ങി എന്നപോലെ, അവൾ വേഗം മുഖം വെട്ടിത്തിരിച്ച് ഒന്നും മിണ്ടാതെ വേറെ എങ്ങോട്ടോ നോക്കി ഇരിപ്പായി. ആ നിൽക്കുന്ന നിൽപ്പ് കണ്ടാൽ ആർക്കും ചിരിവരും. വലിയൊരു കൊടുങ്കാറ്റ് വന്ന് ഒരു പീപ്പി ഊതിപ്പോയ അവസ്ഥയിലായിരുന്നു ഞങ്ങളെല്ലാവരും…..
അങ്ങനെ എല്ലാവരും എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ ചമ്മി നിൽക്കുമ്പോഴാണ്, രാവിലെ എന്റെയടുത്തിരുന്ന ഞങ്ങളുടെ തന്നെ പ്രായം തോന്നിക്കുന്ന ആ പെൺകുട്ടി മാനസയുടെ അടുത്തേക്ക് വന്നത്.
അവൾ വളരെ സ്നേഹത്തോടെ മാനസയുടെ തോളിൽ കൈവെച്ചുകൊണ്ട് തമിഴിൽ പറഞ്ഞു തുടങ്ങി:
“അക്കാ… നീങ്ക ഫീൽ പണ്ണാതിങ്കെ… ഇവർകൾക്ക് ഉങ്ക പവർ എപ്പടി തെരിയും? അതാ ഇപ്പടി വായ്ക്കുവന്തതൊക്കെ കേക്കുറാങ്കെ… വിടുങ്കെ…” (ചേച്ചി ഫീൽ ചെയ്യണ്ട… ഇവർക്ക് ചേച്ചിയുടെ ശക്തി എന്താണെന്ന് അറിയില്ലല്ലോ, അതാ വായിൽ വന്നതൊക്കെ ചോദിക്കുന്നത്… വിട്ടുകള…)
ഇത്രയും പറഞ്ഞിട്ട്, മാനസ കാണാതെ അവൾ ഞങ്ങളെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണിറുക്കി കാണിച്ചു!
അവളുടെ ആ കണ്ണിറുക്കൽ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി. ഈ ആയിരം വർഷത്തെ നാഗദേവതയുടെ പിണക്കം മാറ്റാൻ അവൾ മനപ്പൂർവ്വം അഭിനയിക്കുകയാണെന്ന്….
അവളുടെ ആശ്വാസവാക്കുകൾ കേട്ടപ്പോൾ മാനസയുടെ മുഖത്തെ പിണക്കം കുറച്ചു കുറഞ്ഞു. അവൾ വീണ്ടും ഞങ്ങളെ എല്ലാവരെയും പതുക്കെ ഒന്ന് പാളി നോക്കി.
അത് കണ്ടതും ആ പെൺകുട്ടി തന്റെ അഭിനയം ഒന്നുകൂടി ഉഷാറാക്കി. അവൾ മാനസയെ പൊക്കിപ്പറയാൻ തുടങ്ങി:
“എങ്ക അക്കാ എവളോ പെരിയ ആള്… ഉലകത്തിലെയെ റൊമ്പ അഴകാനവങ്ക… അക്കാ നെനച്ചാ എതുവും നടക്കും… ഇവർകൾക്ക് അതൊന്നും പുരിയാത്…” (എന്റെ ചേച്ചി എത്ര വലിയ ആളാ… ലോകത്തിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ളവൾ… ചേച്ചി വിചാരിച്ചാൽ എന്തും നടക്കും… ഇവർക്കതൊന്നും മനസ്സിലാകില്ല…)
