“അയ്യോ… വേണ്ട വേണ്ട… എനിക്ക് മതിയായി…” ഞാൻ പെട്ടെന്ന് കൈവെച്ച് തടഞ്ഞു.
എന്റെ ശബ്ദം കേട്ടതും, അത്രയും നേരം മീനാക്ഷിയോട് കൊഞ്ചിയിരുന്ന മാനസ വീണ്ടും സംസാരിച്ചു തുടങ്ങി. ആ വലിയ ഹാളിലെ നിശ്ശബ്ദതയിലേക്ക് അവളുടെ ശബ്ദം വളരെ ശാന്തമായി ഒഴുകിയിറങ്ങി.
“കഴിക്ക് ദേവാ… ശരീരത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ നിനക്കിപ്പോൾ ഈ ആഹാരം ആവശ്യമാണ്…”
എന്നിട്ടവൾ മുഖമുയർത്തി ഞങ്ങളെ എല്ലാവരെയും ഒന്നുകൂടി നോക്കി. ആ കാന്തക്കണ്ണുകളിൽ ഇപ്പോൾ അതിയായ ഗാംഭീര്യവും, കാലങ്ങളുടെ പഴക്കവുമുണ്ടായിരുന്നു. ഒരുപാട് യുഗങ്ങൾ താണ്ടിയ ഒരാളുടെ പക്വതയോടെ, കവിത തുളുമ്പുന്ന വാക്കുകളിൽ അവൾ പറഞ്ഞു തുടങ്ങി:
“കാലം ഒരുപാട് കൊഴിഞ്ഞുപോയിരിക്കുന്നു… ഏകദേശം ആയിരം വർഷങ്ങളായി ഞാൻ ഈ ഭൂമിയിൽ ജനിച്ചിട്ട്. ഈ സുദീർഘമായ കാലചക്രത്തിനിടയിൽ, മണ്ണടിഞ്ഞുപോയ എത്രയെത്ര തലമുറകളെ ഞാൻ കണ്ടുതീർത്തു. മനുഷ്യരുടെ ജനനവും മരണവും, അവരുടെ സ്നേഹവും അതിരില്ലാത്ത പകയും, വലിയ സാമ്രാജ്യങ്ങളുടെ ഉയർച്ചയും തകർച്ചയുമെല്ലാം ഈ കണ്ണുകൾക്ക് മുന്നിലൂടെ ഒരു നദീപ്രവാഹം പോലെ കടന്നുപോകുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. അഹങ്കാരം കൊണ്ട് ആകാശം മുട്ടെ വളർന്ന പലരും, കാലത്തിന്റെ ഒഴുക്കിൽ വെറും ഒരുപിടി ചാരമായി മാറുന്നത് ഞാൻ കണ്ടു. ഒരുപാട് പേരുടെ ജീവിതങ്ങളും രഹസ്യങ്ങളും ഈ മനസ്സിൽ ഉറങ്ങിക്കിടപ്പുണ്ട്…”
അവൾ ഒന്നു നിർത്തി. ഡൈനിംഗ് ഹാളിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ വാക്കുകൾ കേൾക്കുകയാണ്. ഒരു കാറ്റ് പോലും ആ നിമിഷം അവിടെ അനങ്ങിയില്ല.
അവൾ വീണ്ടും തുടർന്നു, ഇത്തവണ അവളുടെ സ്വരത്തിന് ഇരുളടഞ്ഞ പാതാളത്തിന്റെ തണുപ്പുണ്ടായിരുന്നു.
“ഈ വിശാലമായ ലോകത്ത്, ഞാൻ ആരാണെന്നും എന്താണെന്നും അറിയുന്നവർ വളരെ ചുരുക്കമാണ്. കാരണം… ഞാൻ തീരുമാനിക്കുന്നവർക്ക് മാത്രമേ എന്നെക്കുറിച്ച് അറിയാൻ കഴിയൂ. എന്റെ അനുവാദമില്ലാതെ ഈ തറവാടിന്റെ പടി കടക്കാൻ പോലും ആർക്കുമാവില്ല. അങ്ങനെ എന്നെ അടുത്തറിഞ്ഞവർ ഇന്നുവരെ ആ രഹസ്യം മറ്റൊരാളോട് പറഞ്ഞിട്ടുമില്ല…”
അവളുടെ ചുവന്ന അധരങ്ങളിൽ നേർത്ത, എന്നാൽ ഭയപ്പെടുത്തുന്ന ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു.
“ഇനി അഥവാ… ആ രഹസ്യം പുറത്തു പറഞ്ഞവർ ആരെങ്കിലുമുണ്ടെങ്കിൽ, അവർ ഇന്ന് ഈ ലോകത്ത് ജീവനോടെയുമില്ല.”
ആ വാക്കുകൾ കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു വലിയ ഐസ് കട്ട ഉരസിപ്പോകുന്നതുപോലെ തോന്നി. സച്ചിനും രാഹുലും ആമിയും നിധിയുമൊക്കെ ഭയത്തോടെ പരസ്പരം നോക്കി. ആ മുന്നറിയിപ്പിലെ ഗൗരവം ഉൾക്കൊണ്ട്, പ്ലേറ്റിൽ വെച്ച ആ രണ്ട് ഇഡ്ഡലി കൂടി ഞാൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി….
അല്ലെങ്കിലും ഒരു ഇഡലി വേണ്ടാ എന്ന് പറഞ്ഞതിന് ഇങ്ങനെയൊക്കെ പറഞ്ഞ് പേടിപ്പിക്കണോ…..😔
ആ വലിയ ഡൈനിംഗ് ഹാളിൽ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.
അങ്ങനെ ആകെ മൊത്തം പേടിച്ച് വിറച്ച് ഇരിക്കുമ്പോഴാണ്, യാതൊരു കൂസലും പേടിയുമില്ലാതെ കൃതിക പെട്ടെന്ന് വായ തുറന്നത്.
“അതേയ് അമ്മച്ചി… അപ്പൊ ഇത്ര വർഷവും ഇങ്ങനെ ജീവിച്ചിട്ട് ആരും തിരിച്ചറിയാതെ എങ്ങനെ ഇത്രകാലം പിടിച്ചു നിൽക്കുന്നു? പിന്നെ നിങ്ങൾ മാത്രമാണോ, അതോ നിങ്ങളെപ്പോലെ മരണമില്ലാത്തവർ ഇനിയും ഈ ലോകത്തുണ്ടോ?”
കൃതികയുടെ നിസാര മട്ടിലുള്ള ആ ചോദ്യം കേട്ടതും രാഹുൽ കഴിച്ചുകൊണ്ടിരുന്ന ഇഡ്ഡലി അവന്റെ തൊണ്ടയിൽ കുടുങ്ങി. ഞാൻ എന്റെ കണ്ണുകൾ ഇറുകെയടച്ചു. ദൈവമേ… കഴിഞ്ഞു, എല്ലാം കഴിഞ്ഞു! ആയിരങ്ങളായ വർഷമായി ജീവിക്കുന്ന, ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുള്ള ആ നാഗദേവതയോടാണ് ഇവൾ ഈ ഇൻ്റർവ്യൂ ചോദ്യം ചോദിച്ചിരിക്കുന്നത് അതും അമ്മച്ചി എന്നൊക്കെ വിളിച്ചുകൊണ്ട്….
ഇത് കേട്ട മാനസ പെട്ടെന്ന് കഴിക്കുന്നത് നിർത്തി.
ഹാളിലെ അന്തരീക്ഷം ഒന്നുകൂടി തണുത്തുറഞ്ഞു. എല്ലാവരും മാനസയെത്തന്നെ നോക്കിയിരിക്കുകയാണ് പക്ഷെ അവരുടെ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് സാധിച്ചില്ല…. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഡൈനിംഗ് ടേബിളിലിരുന്ന ബാക്കിയുള്ള ഞങ്ങളും ശ്വാസമടക്കിപ്പിടിച്ചു.
