നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

അവർ അവൾക്ക് നേരെ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും, അവിടുത്തെ ഇടനാഴിയിൽ നിന്നും ഒരു സുന്ദരിക്കുട്ടി ഓടിവന്നു. ഒരു അഞ്ചാറ് വയസ്സ് തോന്നിപ്പിക്കുന്ന, പട്ടുപാവാടയിട്ട ഒരു കുറുമ്പി. അവൾ നേരെ ഓടിവന്ന് എന്റെ മടിയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു.

അവളുടെ ആ വരവും, മുഖത്തെ ആ നിഷ്കളങ്കമായ ചിരിയും കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. കുട്ടിക്കാലത്തെ എന്റെ അമ്മുവിനെയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്.അമ്മുവിന്റെ ശബ്ദം കേട്ടിട്ട് തന്നെ കുറേയായിരിക്കുന്നു….

 

കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ വാത്സല്യത്തോടെ എന്റെ കൈകൾ അവളുടെ കുഞ്ഞിക്കവിളിലും മുടിയിലും തലോടി.

അവൾ എന്റെ മുഖത്തേക്ക് നോക്കി കൊഞ്ചിക്കൊണ്ട്, ചെറിയ കുട്ടികൾ തമിഴ് പറയുന്ന ആ പ്രത്യേക ഈണത്തിൽ സ്വയം പരിചയപ്പെടുത്തി:

“എൻ പേര് മീനാക്ഷി… ഉങ്ക പേര് ദേവാ അണ്ണാന്ന് എനിക്ക് തെരിയും… നീങ്കളത്താൻ ഇങ്ങേ വന്ത പുതു ഹീറോ…”

 

അവളുടെ ആ നിഷ്കളങ്കമായ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചുപോയി. പറഞ്ഞു തീർന്നതും, ഒരു കിലുക്കാംപ്പെട്ടിയെപ്പോലെ അവൾ എന്റെ മടിയിൽ നിന്നും താഴേക്ക് ഒറ്റച്ചാട്ടം. പിന്നെ നേരെ ഓടിപ്പോയത് എന്നെ നോക്കി കലിപ്പിച്ചു നിന്നിരുന്ന ആമിയുടെയും നിധിയുടെയും അടുത്തേക്കാണ്.

 

അവൾ അവരുടെ രണ്ടുപേരുടെയും കയ്യിൽ തൂങ്ങി കിടന്ന് ചിണുങ്ങി.

കുട്ടികളെ കണ്ടാൽ എല്ലാം മറക്കുന്ന ആമിയിലെ വാത്സല്യം അണപൊട്ടി. ദാവണിക്കാരിയോടുള്ള ദേഷ്യം മുഴുവൻ മറന്ന്, “വാടി എന്റെ മീനാക്ഷിക്കുട്ടീ…” എന്ന് വിളിച്ച് ആമി അവളെ സ്നേഹത്തോടെ കോരിയെടുത്തു. നിധിയാകട്ടെ അവളുടെ കുഞ്ഞിവയറ്റിൽ ഇക്കിളിയിട്ടു. ആ ഹാളിലാകെ ആ കുരുന്നിന്റെ പൊട്ടിച്ചിരി മുഴങ്ങി.

ഇതൊക്കെ കണ്ട് ഞാൻ ശരിക്കും അന്തംവിട്ടിരിക്കുകയായിരുന്നു.

 

വെറും ഒരൊറ്റ ദിവസം… ബോധമില്ലാതെ കിടന്ന ആ ഒരു ദിവസത്തിനുള്ളിൽ ഇവിടെ എന്തൊക്കെയാണ് സംഭവിച്ചത്?

 

തല പുകഞ്ഞ്, ഈ ചിന്തകളുമായി നിൽക്കുമ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിൽ ഉടക്കിയത്. ആ വലിയ ഗോവണിപ്പടികൾ ഇറങ്ങി ആ മാരക ഐറ്റം ഞങ്ങളുടെ അടുത്തേക്ക് നടന്നുവരികയായിരുന്നു… സാക്ഷാൽ കൃതിക!

കൂടെ റോസും ഉണ്ടായിരുന്നു.

 

രണ്ടുപേരും സംസാരിച്ച് ചിരിച്ചുകൊണ്ടാണ് വരുന്നത്.

 

പക്ഷെ, അവളെ കണ്ടപ്പോൾ ഞാൻ വായതുറന്ന് സോഫയിൽ നിന്നും പകുതി എഴുന്നേറ്റുപോയി. എന്റെ കണ്ണുകൾ കൃതികയുടെ മുഖത്തായിരുന്നില്ല, അവളുടെ കഴുത്തിലായിരുന്നു.

 

അവളുടെ വെളുത്ത കഴുത്തിനു ചുറ്റും ഒരു ഭയാനകമായ സൗന്ദര്യത്തോടെ പിണഞ്ഞുകിടപ്പുണ്ടായിരുന്നു… ഒരു പൂർണ്ണ വളർച്ചയെത്തിയ, ശ്വേതവർണ്ണമുള്ള നാഗം!

ഞങൾ ഇന്നലെ പൂജാമുറിയിൽ കണ്ട പാൽ പോലെ വെളുത്ത നിറമുള്ള ഒരു ഉഗ്രൻ വിഷപ്പാമ്പ്. അതിന്റെ ശരീരം കൃതികയുടെ കഴുത്തിലൂടെ വളഞ്ഞു പുളഞ്ഞ്, അവളുടെ വലതു കയ്യിലെ ചൂണ്ടുവിരലിലൂടെ ചുറ്റി, തല ഉയർത്തി അവളുടെ മുഖത്തിന് നേരെ നിൽക്കുകയാണ്.

ഏതൊരു മനുഷ്യന്റെയും നെഞ്ചിൽ ഭയം നിറയ്ക്കുന്ന ആ കാഴ്ച കണ്ട് എന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. ഞാൻ അറിയാതെ രണ്ടടി പിന്നോട്ട് വെച്ചു….

 

പക്ഷെ, കൃതികയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ഭയത്തിന്റെ ഒരംശം പോലും ആ മുഖത്തില്ല. പകരം, അവൾ അങ്ങേയറ്റം വാത്സല്യത്തോടെ തന്റെ ഇടതുകൈ കൊണ്ട് ആ പാമ്പിന്റെ മിനുസമുള്ള തലയിൽ തലോടുകയായിരുന്നു.

“മ്മ്… എന്റെ മുത്ത്… ഉമ്മ….” അവൾ ചിരിച്ചുകൊണ്ട് അതിനോട് കൊഞ്ചിക്കൊണ്ട് സംസാരിക്കുകയാണ്.

അവളുടെ ഓരോ തലോടലിലും ആ നാഗം കൂടുതൽ ഇണങ്ങുന്നതുപോലെ തോന്നി. അത് തന്റെ നാക്ക് പുറത്തേക്കിട്ട് അവളുടെ കവിളിൽ ഉരസുന്നുണ്ടായിരുന്നു. കൂടെ നടക്കുന്ന റോസും ഇതൊക്കെ കണ്ട് ഭയപ്പെടുന്നതിന് പകരം, അതിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു….

 

“എടി കൃതികേ… നിനക്കെന്താഡി വയ്യേ ?കഴുത്തിൽ കിടക്കുന്നത് കവറിങ് മാലയല്ല ചെറ്റേ… പാമ്പാടി… നല്ല ഉഗ്രൻ പാമ്പ്…!”

Leave a Reply

Your email address will not be published. Required fields are marked *