നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

ഞങ്ങളുടെ മുറിയിൽ ഒത്തുകൂടി ശേഖരിച്ച അറിവുകൾ വച്ച് സ്വന്തമായി കഥകളും തിയറികളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ….

 

സച്ചിനും രാഹുലും കട്ടിലിൽ ചടഞ്ഞിരിപ്പുണ്ട്. ആമിയും നിധിയും റോസും കൃതികയുമൊക്കെ തറയിൽ വിരിച്ച പായയിൽ വട്ടത്തിലിരുന്ന് പരസ്പരം എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.

 

അങ്ങനെ ആകെ മൊത്തം ഒരു ഒഴുക്കാൻ മട്ടിൽ ഇരിക്കുമ്പോഴാണ്, അടച്ചിട്ടിരുന്ന ഞങ്ങളുടെ മുറിയുടെ വാതിൽ യാതൊരു ശബ്ദവുമില്ലാതെ പതുക്കെ തുറന്നത്.

 

പുറത്തുനിന്നും വല്ലാത്തൊരു തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചുകയറി. ഞങ്ങൾ എല്ലാവരും ഞെട്ടി വാതിൽക്കലേക്ക് നോക്കി.

 

അവിടെ വാതിൽക്കൽ, തികച്ചും അപരിചിതരായ രണ്ടുപേർ നിൽക്കുന്നു! ഒരു ആണും ഒരു പെണ്ണും.ഇതിനും മാത്രം ആളുകൾ എങ്ങനെ ഞങ്ങളുടെ ജീവത്തിലേക്ക് മാത്രം കടന്നു വരുന്നു….

 

അവരെ കണ്ട മാത്രയിൽ തന്നെ അവർ സാധാരണ മനുഷ്യരല്ല എന്ന് ആർക്കും മനസ്സിലാകുമായിരുന്നു. ആ യുവാവിന് നല്ല ഉയരവും, സൗന്ദര്യവും വല്ലാത്തൊരു ഗാംഭീര്യവുമുണ്ടായിരുന്നു. അവന്റെ കണ്ണുകൾക്ക് ഇരുട്ടിലും ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. കൂടെയുള്ള പെൺകുട്ടിയാകട്ടെ, വർണ്ണിക്കാൻ കഴിയാത്തത്ര സൗന്ദര്യമുള്ളവളായിരുന്നു. അവളുടെ നടപ്പിൽ പോലുമുണ്ടായിരുന്നു ഒരു പ്രത്യേക താളം… നിലത്ത് കാലുറപ്പിക്കാതെ, ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നതുപോലെയുള്ള വല്ലാത്തൊരു മെയ്‌വഴക്കം.

 

ഞങ്ങൾ എല്ലാവരും ഒരുനിമിഷം അവരെത്തന്നെ നോക്കി. ആരും ഒരക്ഷരം മിണ്ടുന്നില്ല…

 

അവർ രണ്ടുപേരും യാതൊരു ഭാവവ്യത്യാസവുമില്ലാതെ മുറിയിലേക്ക് കടന്നുവന്നു. ആ യുവാവ് ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കിയിട്ട്, വളരെ ഗാംഭീര്യമുള്ള, എന്നാൽ അല്പം മുഴങ്ങുന്ന സ്വരത്തിൽ സംസാരിച്ചു തുടങ്ങി:

 

“ഭയപ്പെടേണ്ട… മാനസദേവിയുടെ നിർദ്ദേശപ്രകാരം വന്നതാണ് ഞങ്ങൾ.”

 

അവൻ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് റിലാക്സ് ആയെങ്കിലും, അവരെക്കുറിച്ചുള്ള സംശയം മാറിയിരുന്നില്ല.

 

“നിങ്ങളൊക്കെ ആ….. ”

 

പറഞ്ഞ് തീർക്കാൻ സമയം കിട്ടിയില്ല അതിനുമുന്പേ കൃതികൾ അവളുടെ വായ തുറന്നിരുന്നു…:

 

“അയിന് നീയൊക്കെ ഏതാ…”

 

ഒന്നും ഓർക്കാതെയുള്ള അവളുടെ സംസാരം കേട്ടതും അപ്പോൾ തന്നെ റോസ് അവളുടെ വായ പൊത്തിപ്പിടിച്ചു….

 

അതേതായാലും നന്നായി ഇനിയവൾ വായ തുറന്നിരുന്നെങ്കിൽ ഞാൻ തന്നെ കൊന്നേനെ ആ ശവത്തെ..😐

 

 

 

ആ യുവാവിന്റെ ചുണ്ടിൽ നേരിയൊരു പുഞ്ചിരി വിരിഞ്ഞു. അവന്റെ തിളങ്ങുന്ന കണ്ണുകൾ എന്നിൽ ഉടക്കി.

 

“എന്റെ പേര് തക്ഷകൻ… ഇവൾ നാഗിക. ഞങ്ങൾ നാഗകന്യകനും കന്യകയുമാണ്. ദേവിക്ക് ഏറ്റവും വിശ്വാസമുള്ളവരിൽ രണ്ടുപേർ.”

 

നാഗകന്യകനും കന്യകയും! പുരാണങ്ങളിലും മുത്തശ്ശിക്കഥകളിലും മാത്രം കേട്ടിട്ടുള്ള പേരുകൾ. സാക്ഷാൽ തക്ഷകനും നാഗികയും!

അവർ തങ്ങളുടെ പേരുകൾ പറഞ്ഞപ്പോൾ ആ പെൺകുട്ടി, നാഗിക, ഞങ്ങളെ നോക്കി ചെറുതായി ഒന്ന് തലകുലുക്കി. അവളുടെ കഴുത്തിൽ കിടന്നിരുന്ന കറുത്ത മുത്തുകൾ കോർത്ത മാലയിൽ അപ്പോൾ ഒരു ചെറിയ പാമ്പിന്റെ രൂപം കൊത്തിവെച്ചത് ഞാൻ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിലെ ആ അമാനുഷികമായ തിളക്കം കണ്ടപ്പോൾ, രാവിലെ ഡൈനിംഗ് ഹാളിൽ വെച്ച് കണ്ണുകൾ പാമ്പിന്റേതുപോലെ മാറ്റിയ ആ പെൺകുട്ടിയെയാണ് എനിക്ക് ഓർമ്മ വന്നത്.

 

“മാനസദേവി നിങ്ങളോട് പറയാൻ പറഞ്ഞ ഒരു കാര്യമുണ്ട്…” തക്ഷകൻ മുന്നോട്ടേക്ക് ഒരു ചുവട് വെച്ചുകൊണ്ട് പറഞ്ഞു. അവന്റെ ശബ്ദം മുറിയിലെ തണുപ്പിനെ ഒന്നുകൂടി കൂട്ടി.

 

ഞങ്ങൾ എല്ലാവരും ഇനി അവൻ എന്താണ് പറയാൻ പോകുന്നതെന്നറിയാതെ, ആ നാഗകുമാരനെയും നാഗകന്യകയെയും തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്

തക്ഷകൻ ഒന്ന് നിർത്തിയിട്ട്, വളരെ വ്യക്തമായി പറഞ്ഞു:

“ദേവി നിങ്ങളെ എല്ലാവരെയും ഇപ്പോൾ തന്നെ അവരുടെ മുറിയിലേക്ക് വിളിക്കുന്നുണ്ട്. നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ ദേവി നേരിട്ട് ഞങ്ങളെ പറഞ്ഞയച്ചതാണ്.”

Leave a Reply

Your email address will not be published. Required fields are marked *