നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

 

കാർ പതുക്കെ മുന്നോട്ട് നീങ്ങി. മഴവെള്ളം വീണ് കാഴ്ചകൾ മങ്ങുന്ന ആ ചില്ലിലൂടെ, ഇരുട്ടിലേക്ക് മാഞ്ഞുപോകുന്ന മാനസയെയും പ്രകൃതി ഒരുക്കിയ ആ മുന്നറിയിപ്പുകളെയും ഞാൻ നോക്കിയിരുന്നു… ഒരു തിരിച്ചുവരവുണ്ടാകുമോ എന്നറിയാത്ത വലിയൊരു യുദ്ധഭൂമിയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു…..

 

 

 

ആർത്തലച്ചു പെയ്യുന്ന കൊടുംമഴയെ കീറിമുറിച്ചുകൊണ്ട് ഞങ്ങളുടെ കാറുകൾ മുന്നോട്ട് പാഞ്ഞു.

 

ആ രാത്രിയുടെ അന്ധകാരത്തിൽ, ഓരോ മിന്നൽപ്പിണറിലും ചുറ്റുമുള്ള മരങ്ങൾ ഭയാനകമായ രൂപങ്ങളായി മാറിമറിയുന്നുണ്ടായിരുന്നു. ഒടുവിൽ, ഒരുപാട് നേരത്തെ നിശ്ശബ്ദമായ യാത്രയ്ക്ക് ശേഷം ഞങ്ങൾ വന്നിറങ്ങിയത് ഒരു റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു. ഇനിയുള്ള യാത്ര ഇവിടെ നിന്നാണ്.

 

മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.

 

കൊടുംതണുപ്പുള്ള കാറ്റ് വീശിയടിക്കുന്നതുകൊണ്ട് സ്റ്റേഷനിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. മങ്ങിയ മഞ്ഞ വെളിച്ചം വീണുകിടക്കുന്ന ആ നീളൻ പ്ലാറ്റ്ഫോമിൽ വല്ലാത്തൊരു ശൂന്യത തളംകെട്ടി നിന്നിരുന്നു. ദൂരെയെവിടെയോ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ വീണ് തെറിക്കുന്ന മഴവെള്ളത്തിന്റെ ശബ്ദവും, ഇരുമ്പുതൂണുകൾക്കിടയിലൂടെ ഊളിയിട്ടു പോകുന്ന തണുത്ത കാറ്റിന്റെ ഇരമ്പലും മാത്രം ആ രാത്രിയെ കൂടുതൽ ഭയാനകമാക്കി.

 

ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ടായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുള്ള ഒഴിഞ്ഞ ഇരുമ്പുബെഞ്ചിൽ ഞങ്ങൾ പതുക്കെ പോയിരുന്നു. എന്റെ ഇരുവശത്തുമായി ആമിയും നിധിയുമുണ്ട്. സച്ചിനും രാഹുലും തൊട്ടപ്പുറത്ത് ചുമരിലേക്ക് ചാരിനിൽക്കുന്നു. അവർക്ക് കുറച്ചടുത്തായി റോസും കൃതികയും.

 

കുറച്ചുമാറി ഞങ്ങളുടെ കാവലാളുകളായി നാഗികയും തക്ഷകനും നിൽപ്പുണ്ട്. ആരും ഒരക്ഷരം മിണ്ടുന്നില്ല. എല്ലാവരുടെയും ഉള്ളിൽ വരാൻ പോകുന്ന ആ വലിയ യുദ്ധത്തിന്റെയും ഏകാന്തതയുടെയും ഭാരമായിരുന്നു. ആ തണുത്ത കാറ്റ് ശരീരത്തെ കോച്ചിവലിക്കുമ്പോഴും എന്റെ ഉള്ളം വലിയൊരു ചിന്താഭാരത്താൽ ചുട്ടുപൊള്ളുകയായിരുന്നു.

 

അങ്ങനെ ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോഴാണ്, എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് റോസ് എന്റെ അടുത്തേക്ക് നടന്നുവന്നത്. അവളുടെ മുഖത്ത് ഒരു സാധാരണ കൂട്ടുകാരിയുടേതിനേക്കാൾ ഉപരി, വല്ലാത്തൊരു കരുതൽ നിറഞ്ഞുനിന്നിരുന്നു. എന്റെ മുന്നിൽ വന്ന് നിന്ന അവൾ യാതൊരു ശബ്ദവുമില്ലാതെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു കമ്പിളി ‘മങ്കി ക്യാപ്’ എനിക്ക് നേരെ നീട്ടി.

 

ഞാൻ അല്പം സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ അവൾ കണ്ണുകൾ കൊണ്ട് പതുക്കെ എന്റെ നെറ്റിയിലേക്ക് ചൂണ്ടി. അപ്പോഴാണ് എനിക്കത് ഓർമ്മ വന്നത്… എന്റെ നെറ്റിയിൽ മാംസത്തോട് ചേർന്ന് ഇപ്പോഴും തിളങ്ങിനിൽക്കുന്ന ആ രുധിരമണിയുടെ അംശം!

 

ഈ സാധാരണ മനുഷ്യരുടെ ലോകത്ത് അതൊരു സംശയത്തിന് ഇടയാക്കാതിരിക്കാൻ, അല്ലെങ്കിൽ ആർക്കെങ്കിലും പെട്ടെന്ന് എന്നെ തിരിച്ചറിയാൻ കഴിയാതിരിക്കാൻ വേണ്ടിയാണ് അവൾ ആ ക്യാപ് തന്നത്.

 

“അതേതായാലും നന്നായി…” ഞാൻ മനസ്സിൽ പറഞ്ഞു.

 

അവളുടെ കയ്യിൽ നിന്നും ആ ക്യാപ് വാങ്ങി പതുക്കെ തലയിലൂടെ ഇടുമ്പോൾ ഞാൻ വെറുതെ ചിന്തിച്ചു… സത്യത്തിൽ ഈ ക്യാപ് വെച്ച് ഇത് മറച്ചില്ലെങ്കിലും, ആൾക്കാർക്കിടയിൽ വലിയ സംശയമൊന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ഈ തിളങ്ങുന്ന രത്നം നെറ്റിയിൽ കണ്ടാൽ, ചുവന്ന നിറത്തിൽ വട്ടത്തിലൊരു വലിയ കുറി തൊട്ടതുപോലെയോ, അല്ലെങ്കിൽ ആഴത്തിലുള്ള എന്തോ ഒരു മുറിവ് ഉണങ്ങിയിരിക്കുന്നതുപോലെയോ മാത്രമേ സാധാരണക്കാർക്ക് തോന്നുകയുള്ളൂ.

 

വെറുമൊരു കല്ല് നെറ്റിയിൽ ഇരിക്കുന്നതുകണ്ട് അതൊരു മാന്ത്രിക രത്നമാണെന്നും, ലോകം നശിപ്പിക്കാൻ പോകുന്ന അസുരന്മാരെ നേരിടാൻ പോകുന്നവനാണ് ഞാനെന്നും ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പോകുന്നില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *