നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

കൂടുതലൊന്നും അവിടെ കേട്ടുനിൽക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

 

പതുക്കെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ശേഷം ഒന്നും മിണ്ടാതെ വാതിലിന് നേരെ നടക്കുമ്പോഴും, ആ മുറിയിലുള്ള സകലരുടെയും കാന്തക്കണ്ണുകൾ എന്റെ മുതുകിൽ തറച്ചുകയറുന്നത് എനിക്ക് വ്യക്തമായി അനുഭവപ്പെടുന്നുണ്ടായിരുന്നു.

 

ഞാൻ നേരെ ചെന്നുകയറിയത് എന്റെ മുറിയിലേക്കാണ്.

 

ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന ദേഷ്യവും നിസ്സഹായതയും തീർക്കാൻ എന്റെ മുന്നിൽ വേറെ വഴിയുണ്ടായിരുന്നില്ല. കട്ടിലിനടിയിൽ കിടന്ന ബാഗ് വലിച്ച് പുറത്തേക്കിട്ടു. അലമാരയിലുണ്ടായിരുന്ന എന്റെ തുണികളെല്ലാം വലിച്ചുവാരി ദേഷ്യത്തോടെ ഞാൻ അതിലേക്ക് കുത്തിനിറച്ചു. എങ്ങനെയെങ്കിലും ഇതെല്ലാം അവസാനിപ്പിച്ച്, എനിക്കെന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം!

 

പാക്കിങ് കഴിഞ്ഞതും അറിയാതെ എന്റെ കൈകൾ ഫോണിലേക്ക് നീണ്ടു. വിരലുകൾ പതിവ് പോലെ എന്റെ ലോകമായ ആ നമ്പരിലേക്ക് പോയി… ‘അമ്മ’.

 

റിങ് ചെയ്യുന്ന ആ ഓരോ സെക്കൻഡിലും എന്റെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു. കോൾ അറ്റൻഡ് ചെയ്തതും മറുതലയ്ക്കൽ നിന്നും വാത്സല്യം വഴിഞ്ഞൊഴുകുന്ന ആ ശബ്ദം കേട്ടു…

 

“എന്താടാ മോനെ… ഇതുവരെ ഉറങ്ങിയില്ലേ നീ?”

 

ആ ഒരൊറ്റ വിളിയിൽ എന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. തൊണ്ടയിൽ വലിയൊരു ഭാരം വന്ന് കുരുങ്ങിയതുപോലെ. കണ്ണുകളിൽ നിന്നും ചുടുചോര പോലെ കണ്ണുനീർ അടർന്നുവീണു. അവർ എന്നെ പെറ്റതല്ലെന്ന സത്യം ആ സ്നേഹത്തിന് മുന്നിൽ തോറ്റുമടങ്ങുകയായിരുന്നു. എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ ശ്വാസത്തിന്റെ ശബ്ദം മാത്രം ആ ഫോണിലൂടെ ഒഴുകി. മറുപടി വരാത്തതുകൊണ്ട് വല്ലാത്തൊരു ആധിയോടെ അമ്മ വീണ്ടും ചോദിച്ചു:

 

“എന്താ ദേവാ… എന്തുപറ്റി എന്റെ കുട്ടിക്ക്? നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ മോനെ?”

 

“ഇല്ലമ്മേ…”

 

തൊണ്ടയിൽ ഉരുണ്ടുകൂടിയ കരച്ചിൽ കടിച്ചമർത്തിക്കൊണ്ട് ഞാനൊരു വലിയ കള്ളം പറഞ്ഞു.

 

“എനിക്കിവിടെ വല്ലാതെ മടുത്തു… കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരും… എന്നെന്നേക്കുമായിട്ട്.”

 

കൂടുതൽ സംസാരിച്ചാൽ ഞാൻ പൊട്ടിക്കരഞ്ഞുപോകുമെന്ന് എനിക്കുറപ്പായിരുന്നു.

 

“അച്ഛനോടും അമ്മുവിനോടും എന്റെ അന്വേഷണം പറയണം…”

 

അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു. സ്ക്രീൻ ഇരുളുന്നത് വരെ ആ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച്, എന്റെ അമ്മ നൽകിയ ആ അവസാനത്തെ സ്നേഹത്തിന്റെ ചൂടിൽ ഞാൻ തളർന്നിരുന്നു.

 

പക്ഷേ, ആ നിശ്ശബ്ദതയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഫോൺ കട്ട് ചെയ്ത ആ തൊട്ടടുത്ത നിമിഷം… ഭൂമി കുലുങ്ങുന്നതുപോലെ ഭയാനകമായ ഒന്നായിരുന്നു അവിടെ സംഭവിച്ചത്!

 

ആകാശത്തിന്റെ നെഞ്ചകം നെടുകെ പിളർക്കുന്നതുപോലെയുള്ള, എന്റെ ജീവിതത്തിൽ ഞാൻ ഇന്നേവരെ കേട്ടിട്ടില്ലാത്ത അത്രയും ഭയാനകമായ ഒരു കൊടും ഇടിനാദം പ്രപഞ്ചത്തെ ഒന്നാകെ നടുക്കിക്കൊണ്ട് മുഴങ്ങി!

 

മേഘങ്ങൾക്കിടയിൽ ദേവന്മാരും അസുരന്മാരും തമ്മിൽ അതിക്രൂരമായ വലിയൊരു മഹായുദ്ധം തുടങ്ങിയതുപോലെയായിരുന്നു ആ ശബ്ദം. ആ ഇടിയുടെ പ്രകമ്പനത്തിൽ എന്റെ മുറിയിലെ കരിങ്കൽ ചുവരുകളും ജനൽപ്പാളികളും വിറച്ചു.

 

തുടർന്ന് പുറത്ത് പെയ്തിറങ്ങിയത് വെറുമൊരു മഴയായിരുന്നില്ല… പ്രകൃതി അവളുടെ പൂർണ്ണമായ അസുരഭാവം പൂണ്ടതുപോലെയുള്ള ഒരു സംഹാരമായിരുന്നു! കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് സർപ്പങ്ങളെപ്പോലെ തുരുതുരാ മിന്നലുകൾ ഭൂമിയിലേക്ക് ഇഴഞ്ഞിറങ്ങിവന്നു. കോപത്താൽ ജ്വലിച്ചുനിൽക്കുന്ന ആകാശത്തുനിന്നും, ഭൂമിയെ മുഴുവൻ ഒറ്റയടിക്ക് വെള്ളത്തിൽ മുക്കിക്കൊല്ലാൻ ലക്ഷ്യമിട്ട് അലറിവിളിച്ചു പെയ്യുന്ന ഒരു കൊടുംപേമാരി! കാറ്റ് ഒരു രാക്ഷസനെപ്പോലെ ഹൂങ്കാരശബ്ദത്തോടെ ആ വലിയ തറവാടിന് ചുറ്റും വട്ടമിട്ടു പറന്നു.

 

ജനാലയ്ക്കൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ, ആർത്തലച്ചു പെയ്യുന്ന ആ മഴയുടെ വന്യതയിൽ, മിന്നൽ വെളിച്ചത്തിൽ… എന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന എന്തോ ഒന്ന് പതുക്കെ കണ്ണുതുറക്കുന്നതുപോലെ എനിക്ക് തോന്നി!

Leave a Reply

Your email address will not be published. Required fields are marked *