നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

 

ആമിയുടെ ആ ചോദ്യം കേട്ടതും എന്റെ നെഞ്ചിടിപ്പൊന്ന് നിന്നു. അവൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്!

 

“സാധാരണ ഈ പ്രഭാത സമയത്ത് ഇവിടെ മരക്കൊമ്പുകളിൽ പക്ഷികളുടെ വലിയ ബഹളമായിരിക്കില്ലേ? കാറ്റടിക്കുമ്പോൾ കരിയിലകൾ അനങ്ങുന്ന ശബ്ദമെങ്കിലും കേൾക്കേണ്ടതല്ലേ?”

 

ആമിയുടെ ശബ്ദം ഇപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു….

 

“ഇതിപ്പോൾ… വല്ലാത്തൊരു ഭയാനകമായ നിശ്ശബ്ദതയാണ് ദേവാ! ചിത്രകാരൻ വരച്ചുവെച്ച ഒരു കാൻവാസ് പോലെ വെറുമൊരു മരവിപ്പ്! മരങ്ങളുണ്ട്, പൂക്കളുണ്ട്… പക്ഷേ അതിലൊന്നും യാതൊരു ജീവന്റെയും തുടിപ്പില്ല! നമ്മൾ കാൽകുത്തിയ നിമിഷം മുതൽ എനിക്കിത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഈ നാടിന്റെ ശബ്ദങ്ങളെല്ലാം ആരോ എങ്ങോട്ടോ വലിച്ചെടുത്തുകൊണ്ടുപോയതുപോലെ… ഇവിടെ എന്തോ വലിയ കുഴപ്പമുണ്ട് ദേവാ!”

 

ആമിയുടെ ആ ഓരോ അക്ഷരവും കേട്ട് എന്റെ ശരീരത്തിലൂടെ വലിയൊരു തണുപ്പ് അരിച്ചുകയറാൻ തുടങ്ങി. ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചുറ്റും നോക്കി… അതെ, കിളിയൊച്ചകളില്ലാത്ത, കാറ്റിന്റെ നേരിയ ഇലയനക്കം പോലുമില്ലാത്ത, പ്രകൃതിയുടെ ശ്വാസം നിലച്ചതുപോലെയുള്ള ഒരു ഭയാനകമായ ശൂന്യതയാണ് ഞങ്ങൾക്ക് ചുറ്റുമുള്ളത്! കാണുന്ന ആ സൗന്ദര്യത്തിന് പിന്നിൽ വലിയൊരു മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഈ മാന്ത്രിക ലോകം ഞങ്ങൾക്ക് മുന്നിൽ അതിന്റെ പുതിയൊരു കെണി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്കപ്പോൾ ഉറപ്പായി…..

 

ഞാൻ വേഗം എന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. ശേഷം അവിടെ നിന്ന എല്ലാവരെയും നോക്കി വല്ലാത്തൊരു പരിഭ്രമത്തോടെ ചോദിച്ചു:

 

“നിങ്ങളൊന്ന് ഫോൺ എടുത്തു നോക്കിയേ… ഈ ഇന്ദ്രനീലത്തിൽ നിന്നും, നിങ്ങളുടെ വീട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അവസാനമായി നിങ്ങൾക്ക് എപ്പോഴാ ഒരു കോൾ വന്നത്?”

 

എന്റെ ആ ചോദ്യം കേട്ടതും എല്ലാവരും ധൃതിയിൽ അവരവരുടെ ഫോണിലെ കോൾ ലോഗുകൾ പരിശോധിക്കാൻ തുടങ്ങി. സ്ക്രീനുകളിലേക്ക് നോക്കിയ ആ ഓരോരുത്തരുടെയും മുഖത്ത് വല്ലാത്തൊരു വിളർച്ച പടരുന്നത് ഞാൻ കണ്ടു.

 

“ദേവാ… വീട്ടിൽ നിന്നും അവസാനമായി വിളിച്ചത് അഞ്ചു ദിവസം മുൻപാണ്…”

 

വിറയ്ക്കുന്ന ശബ്ദത്തിൽ നിധി പറഞ്ഞു.

 

“എനിക്കും അങ്ങനെ തന്നെയാ ദേവാ… നാല് ദിവസം മുൻപാണ് മമ്മ ലാസ്റ്റ് വിളിച്ചത്…”

 

റോസിന്റെ വാക്കുകളിലും ആ വലിയ ഭയം നിഴലിച്ചിരുന്നു. സച്ചിനും രാഹുലും ആമിയുമെല്ലാം അതേ ഉത്തരം തന്നെയാണ് നൽകിയത്. നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് അവർക്കെല്ലാം ഇവിടെ നിന്നും അവസാനമായി ഒരു വിളി വന്നത്!

 

അതൊരു ഭയാനകമായ സത്യമായിരുന്നു.

 

ഇത്രയും ദിവസം ഞങ്ങൾ മാന്ത്രികതയുടെയും അമാനുഷിക ശക്തികളുടെയും അസുരന്മാരുടെയുമെല്ലാം പിന്നാലെയുള്ള വലിയൊരു പരക്കംപാച്ചിലിലായിരുന്നു.

 

കളരിയിലേ പരിശ്രമങ്ങൾക്കും ക്ഷീണങ്ങൾക്കും ഒടുവിൽ ആരെയും വിളിക്കാനോ വിവരങ്ങൾ അന്വേഷിക്കാനോ ഞങ്ങൾ എല്ലാവരും പൂർണ്ണമായും മറന്നുപോയിരുന്നു.ആ ദിവസങ്ങളത്രയും ഞങൾ ഫോണുപോലും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ..

 

ഞങ്ങൾക്കീ നാടുമായുള്ള ബന്ധവും പുറംലോകംവുമായുള്ള ബന്ധവുംദിവസങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടുവെന്ന സത്യം ഞങളെല്ലാവരും മനസ്സിലാക്കി….

 

ഇവിടുത്തെ മനുഷ്യർക്കെല്ലാം എന്ത് പറ്റി? എന്തോ വലിയൊരു ദുരന്തം ഈ നാടിനെ ഒന്നാകെ വിഴുങ്ങിയിട്ടുണ്ടെന്ന് എന്റെയുള്ളിലിരുന്ന് എന്റെ ഉൾപ്രേരണ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പിന്നെ കൂടുതലൊന്നും ആലോചിച്ചു നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

 

തോളിലുണ്ടായിരുന്ന ഭാരമുള്ള ബാഗ് ഒരു തവണ മുറുക്കിക്കൊണ്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ മുന്നോട്ട് കുതിച്ചു! എന്റെ പരിഭ്രാന്തി കണ്ടതും യാതൊരു ചോദ്യവുമില്ലാതെ മറ്റുള്ളവരും എന്റെ പിന്നാലെ പാഞ്ഞു.

 

ഞങ്ങൾ ഓടുന്ന വഴിയിലുടനീളം മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നിരനിരയായി നിൽക്കുന്ന ആ നാട്ടിൻപുറത്തെ വീടുകളെല്ലാം പൂർണ്ണമായും അടഞ്ഞുകിടക്കുന്നു! ജനൽപ്പാളികളോ മുൻവാതിലുകളോ ഒന്നും തന്നെ തുറന്നിട്ടില്ല. സാധാരണ ഈ സമയത്ത് കാണാറുള്ളതുപോലെ, മുറ്റത്ത് ഉണങ്ങാനിട്ട തുണികളില്ല, മുറ്റത്ത് കളിക്കുന്ന കുട്ടികളില്ല, കുരച്ചുചാടുന്ന നായ്ക്കളില്ല… അക്ഷരാർത്ഥത്തിൽ വലിയൊരു ശ്മശാനത്തിലൂടെ ഓടുന്നതുപോലെയുള്ള ഒട്ടും പരിചിതമല്ലാത്തൊരു ശൂന്യത.

Leave a Reply

Your email address will not be published. Required fields are marked *