നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

 

ഞങ്ങൾക്കെല്ലാവര്ക്കും പുതുതായി കിട്ടിയ ആ അമാനുഷിക ശക്തി വെച്ച് നോക്കുമ്പോൾ, ഞങ്ങൾക്ക് ഇങ്ങനെ കഷ്ടപ്പെട്ട് നടക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. യാതൊരു ആയാസവുമില്ലാതെ കാറ്റിന്റെ വേഗതയിൽ ഞങ്ങൾക്ക് നിധിയുടെ വീട്ടിലെത്താമായിരുന്നു. പക്ഷേ… സമയം ഇപ്പോൾ പട്ടാപ്പകലാണ്! ഈ പ്രഭാത വെളിച്ചത്തിൽ, നാട്ടുകാരുടെ മുന്നിലൂടെ എന്തെങ്കിലും മാന്ത്രികവിദ്യയോ അതിമാനുഷിക ശക്തിയോ പ്രയോഗിക്കുന്നത് ഒട്ടും ഉചിതമല്ലല്ലോ.

 

സാധാരണ രാത്രി സമയമായിരുന്നെങ്കിൽ വലിയ പ്രശ്നമില്ലായിരുന്നു. ഇരുട്ട് വീണാൽ ‘നരിമാടൻ’ ഇറങ്ങുമെന്ന പേടികൊണ്ട് ഇന്ദ്രനീലത്തിലെ ജനങ്ങളാരും രാത്രി പുറത്തേക്കിറങ്ങാറില്ല. ആ വിജനതയുടെ മറവിൽ ഞങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, എന്റെ ഉള്ളിൽ അപ്പോൾ മറ്റൊരു വലിയ ചോദ്യമാണ് നീറിപ്പുകഞ്ഞിരുന്നത്… പകൽ സമയത്ത് അത്യാവശ്യം ആളനക്കമുണ്ടാകേണ്ട ഈ നിരത്തുകളിൽ എന്തുകൊണ്ടാണ് ഒരു വണ്ടിപോലും ഇല്ലാത്തത്? ഒരു ഓട്ടോറിക്ഷയോ, ബസ്സോ, എന്തിന് ഒരൊറ്റ മനുഷ്യൻ പോലുമോ ഞങ്ങളെ കടന്നുപോയില്ല! വല്ലാത്തൊരു ശൂന്യത ആ നാടിനെ ഒന്നാകെ വിഴുങ്ങിയതുപോലെ.

 

ഞാൻ നിധിയോട് അവളൂടെ അച്ഛനെ ഒന്ന് വിളിച്ചുനോക്കാൻ പറഞ്ഞു. ഏതെങ്കിലും വണ്ടി അങ്ങോട്ട് അയക്കാൻ പറയാമല്ലോ. നിധി വേഗം ഫോണെടുത്ത് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചുനേരം ഫോണും ചെവിയിൽ വെച്ച് നിന്ന ശേഷം വലിയൊരു നിരാശയോടെ അവൾ പറഞ്ഞു:

 

“റിങ് ചെയ്യുന്നുണ്ട് ദേവാ… പക്ഷേ ആരും ഫോൺ എടുക്കുന്നില്ല!”

 

അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക നിഴലിച്ചിരുന്നു.

വേറെ വഴിയില്ലാത്തതുകൊണ്ട് ഞങ്ങൾ എല്ലാവരും ആ വലിയ ബാഗുകളും തോളിലിട്ട് വീണ്ടും നടക്കാൻ തുടങ്ങി. ചുറ്റും കാടും പച്ചപ്പും നിറഞ്ഞ ആ വിജനമായ റോഡിലൂടെയുള്ള നടത്തം വലിയൊരു ഭാരമായി മാറുകയായിരുന്നു.

പെട്ടെന്ന്, എന്റെ പിന്നിലൂടെ നടന്നിരുന്ന ആമി യാതൊരു കാരണവുമില്ലാതെ നടത്തം നിർത്തി അവിടെത്തന്നെ നിന്നു!

 

അവളുടെ കാൽപ്പെരുമാറ്റം നിൽക്കുന്നത് കേട്ട് ഞങ്ങൾ എല്ലാവരും തിരിഞ്ഞുനോക്കി. ബാഗ് താഴെ വെച്ച്, ചുറ്റുമുള്ള പ്രകൃതിയിലേക്ക് വളരെ സൂക്ഷ്മതയോടെ, സംശയത്തോടെ കണ്ണുകൾ പായിക്കുകയായിരുന്നു അവൾ. അവളുടെ മുഖത്ത് അപ്പോൾ വല്ലാത്തൊരു ഭയവും ആശയക്കുഴപ്പവും നിറഞ്ഞുനിന്നിരുന്നു.

 

“എന്തുപറ്റി ആമീ?”

 

ഞാൻ ചോദിച്ചു.

 

അവൾ എന്നെ നോക്കാതെ തന്നെ, ആ മരങ്ങളിലേക്കും പാതയോരത്തേക്കും വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു:

 

“ദേവാ… നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ? ഈ സ്ഥലത്തിന് എന്തോ വലിയൊരു മാറ്റം വന്നതുപോലെ തോന്നുന്നില്ലേ?”

 

അവൾ അത് ചോദിച്ചതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. പ്രത്യേകിച്ചൊരു മാറ്റമൊന്നും എനിക്ക് തോന്നിയില്ല. ഇന്നലെ രാത്രി പെയ്ത കൊടുംമഴയിൽ ഇലകളിലെ പൊടിയൊക്കെ ഒലിച്ചുപോയതുകൊണ്ടാകണം, പ്രകൃതിക്ക് വല്ലാത്തൊരു തിളക്കം വന്നിട്ടുണ്ട്. മരങ്ങളിലെ ഇലകൾക്കൊക്കെ കടുംപച്ച നിറം. റോഡരികിലെ കാട്ടുപൂക്കൾ കൂടുതൽ സുന്ദരികളായി ചിരിച്ചുനിൽക്കുന്നു.

 

“വലിയ മാറ്റമൊന്നും എനിക്ക് തോന്നുന്നില്ല ആമീ… മഴ പെയ്തതുകൊണ്ട് പ്രകൃതിക്കൊന്ന് ഭംഗി കൂടിയതുപോലെ എനിക്കും തോന്നുന്നുണ്ട്… അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ലല്ലോ.” ഞാൻ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

 

പക്ഷേ ആമിയുടെ മുഖത്തെ ആ ഗൗരവം ഒട്ടും കുറഞ്ഞിരുന്നില്ല. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വളരെ പതുക്കെ, എന്നാൽ ഉള്ളിൽ തറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:

 

“ഇതൊരു സാധാരണ ഭംഗിയായി തോന്നുന്നില്ല… ജീവനില്ലാത്ത വെറുമൊരു ഭംഗി! നീ ഒന്ന് കണ്ണ് അടച്ച് നിന്റെ കാതുകൾ തുറന്നുപിടിച്ച് ഈ പ്രകൃതിയെ ഒന്ന് കേട്ട് നോക്ക്… ഇത്രയും മരങ്ങളും പച്ചപ്പും ഉണ്ടായിട്ടും ഇതിനിടയിൽ എവിടെയെങ്കിലും ഒരു കിളിയുടെ ചിലപ്പാനോ, പക്ഷികളുടെ ശബ്ദമോ നീ കേൾക്കുന്നുണ്ടോ? ഇത്രയും വലിയൊരു കാടിനോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിൽ എവിടെനിന്നെങ്കിലും ഒരു പശുവിന്റെയോ, എന്തിന്… ഒരു തെരുവുനായയുടെ കുരയോ നിന്റെ കാതിൽ മുഴങ്ങുന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *