അന്ന് ആ കാലത്തിന്റെ വിസ്ഫോടനത്തിൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടാലും, ഞാൻ അവർക്കൊപ്പമുണ്ടാകും എന്നൊരുറപ്പാണ് ആ നിമിഷം അവർക്ക് വേണ്ടിയിരുന്നത്.
ഞാൻ ഒന്നും മിണ്ടാതെ, കണ്ണുകൾ ഇറുക്കിയടച്ച് എന്റെ തോളിൽ കിടക്കുന്ന ആ രണ്ട് തലകളിലും എന്റെ മുഖമമർത്തി. എന്റെ ചുണ്ടുകൾ അവരുടെ നെറ്റിയിൽ ഒരു കാവൽപോലെ പതിഞ്ഞു. എന്റെ കണ്ണുനീരും അവരുടെ കണ്ണുനീരും ആ നിലാവെളിച്ചത്തിൽ ഒന്നായി കലരുകയായിരുന്നു. എന്ത് സംഭവിച്ചാലും ഇവരെ ഞാൻ കൈവിടില്ല എന്ന് എന്റെ ഹൃദയം അപ്പോൾ നിശ്ശബ്ദമായി പ്രതിജ്ഞയെടുക്കുന്നുണ്ടായിരുന്നു…..
ആമിയുടെയും നിധിയുടെയും കണ്ണുനീർ എന്റെ വിരലുകളെ നനച്ചുകൊണ്ടിരിക്കുമ്പോഴാണ്, പുറകിൽ നിന്നും ആ ശബ്ദം കേട്ടത്. വളരെ ശാന്തമായ, എന്നാൽ തികച്ചും അപ്രതീക്ഷിതമായ ഒരു ചോദ്യം.
“എക്സ്ക്യൂസ് മി… ഒന്ന് വഴി മാറിത്തരുമോ?”
കരച്ചിലും സങ്കടവുമെല്ലാം നിമിഷനേരം കൊണ്ട് എവിടെയോ പോയ്മറഞ്ഞു. ഞാനൊന്ന് ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. അവിടെ നിൽക്കുന്നു സച്ചിൻ! വളരെ കൂളായി, പോക്കറ്റിൽ കൈയ്യും ഇട്ടുകൊണ്ട് ഒരുമാതിരി പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കുകയാണ്.
‘ഇതെന്ത് മൈര്!’ എന്ന ഭാവത്തിൽ ഞാൻ അവനെത്തന്നെ തുറിച്ചുനോക്കി. ഈ വലിയ ഇമോഷണൽ സീനിന്റെ നടുവിലാണോ ഇവനിപ്പോൾ വഴി ചോദിച്ചു വരുന്നത്!
വാതിൽപ്പടിയിലാണെങ്കിൽ ഞാനും ആമിയും നിധിയും കൂടി തിങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്. ഇതിനിടയിൽ ഇവനിപ്പോൾ എവിടെ ഇരിക്കാനാണ് എന്ന് ചിന്തിച്ചുകൊണ്ട് തന്നെ, ഞാൻ അറിയാതെ കുറച്ചൊന്ന് അരികിലേക്ക് നീങ്ങി അവനൊരു ചെറിയ സ്പേസ് ഉണ്ടാക്കിക്കൊടുത്തു.
പക്ഷേ… അവൻ ഇരിക്കാനല്ല വന്നത്!
ഞാൻ ഉണ്ടാക്കിക്കൊടുത്ത ആ ചെറിയ വിടവിലൂടെ മുന്നോട്ട് കടന്ന സച്ചിൻ, യാതൊരു കൂസലുമില്ലാതെ… ആ കുതിച്ചുപായുന്ന ട്രെയിനിന്റെ തുറന്നിട്ട വാതിലിലൂടെ നേരെ പുറത്തെ കൂരിരുട്ടിലേക്ക് ഒറ്റച്ചാട്ടം!
“ഡാ…!”
എന്റെ തൊണ്ടയിൽ നിന്നും ജീവൻ പോകുന്നതുപോലെയുള്ള ഒരു അലർച്ച പുറത്തുവന്നു.
എന്റെ നെഞ്ചൊന്ന് കാളി. നൂറ് കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനിൽ നിന്നാണ് അവൻ ഇരുട്ടിലേക്ക് എടുത്തുചാടിയത്! എന്റെ അലർച്ച കേട്ട് തോളിൽ കിടന്നിരുന്ന ആമിയും നിധിയും കൂടുതൽ ഞെട്ടി….
ഭയത്തോടെ ഞാൻ പുറത്തേക്ക് മുഖമിട്ടു നോക്കി. ഇരുമ്പുപാളങ്ങൾക്കിടയിൽ അരഞ്ഞുതീർന്ന അവന്റെ ശരീരമാണല്ലോ ഞാൻ കാണാൻ പോകുന്നതെന്നോർത്ത് എന്റെ കണ്ണുകൾ ഇറുകിയടഞ്ഞുപോയി.
പക്ഷേ… അവിടെ കണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിച്ചു കളഞ്ഞു!
ട്രെയിനിന്റെ ട്രാക്കിന് സമാന്തരമായി, കരിങ്കൽ ചീളുകൾ നിറഞ്ഞ ആ വഴിയിലൂടെ അവൻ ഓടുകയാണ്! അതെ, കുതിച്ചുപായുന്ന ആ ട്രെയിനിന്റെ കൃത്യം അതേ വേഗതയിൽ… ഒരിഞ്ചുപോലും പിന്നിലാകാതെ അവൻ ഓടുന്നു! കാൽപ്പാദങ്ങൾ നിലത്ത് മുട്ടുന്നുണ്ടോ എന്ന് പോലും സംശയം തോന്നുന്ന അത്രയും അമാനുഷികമായ വേഗത. ഒരു കാട്ടുപോത്തിന്റെ കരുത്തും ചുഴലിക്കാറ്റിന്റെ വേഗവും അവനിൽ ആവാഹിച്ചതുപോലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവൻ പാഞ്ഞടുക്കുകയായിരുന്നു.
എന്റെ കണ്ണുകളെ എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന്, വഴിയിലുണ്ടായിരുന്ന വലിയൊരു ഇലക്ട്രിക് പോസ്റ്റിന് നേരെ അവൻ പാഞ്ഞടുത്തു. പോസ്റ്റിലിടിച്ച് അവൻ തെറിച്ചുപോകുമെന്ന് കരുതി ഞാൻ ശ്വാസമടക്കിപ്പിടിച്ചു. എന്നാൽ ആ പോസ്റ്റിൽ കാലുകൾ അമർത്തി, പുഷ്പം പോലെ അവൻ വായുവിലേക്ക് കുതിച്ചുയർന്നു!
ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിക്കുന്ന വലിയൊരു കുതിപ്പ്. ഇരുപതടിയോളം വായുവിൽ വെച്ച് അനായാസം മലക്കം മറിഞ്ഞ അവൻ, പാളത്തിനരികിലെ വലിയ മരച്ചില്ലകളിൽ ചവിട്ടി വീണ്ടും മുന്നോട്ട് തന്നെ പാഞ്ഞു.
ഇരുട്ടിന്റെ മറവിൽ, യാതൊരു ആയാസവുമില്ലാതെ അവൻ ആകാശത്തൂടെയും മരങ്ങളിലൂടെയും ഒരു അദൃശ്യശക്തിയെപ്പോലെ പറന്നുനടക്കുകയാണ്.
