നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

 

പുറത്ത് പ്രകൃതി സംഹാരതാണ്ഡവമാടുകയാണ്. ആകാശം പിളരുന്നതുപോലെയുള്ള ആ വലിയ ഇടിമുഴക്കത്തിന്റെ ഭയത്തിലായിരിക്കണം, ആമിയും നിധിയും കിതച്ചുകൊണ്ട് എന്റെ മുറിയിലേക്ക് ഓടിയെത്തിയത്.

 

അവരുടെ മുഖത്ത് വലിയൊരു പേടിയുണ്ടായിരുന്നു. മുറിയിൽ കയറിയ പാടെ അവരുടെ കണ്ണുകൾ പോയത്, കട്ടിലിനു മുകളിൽ എന്റെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് പാക്ക് ചെയ്യുന്ന എന്നിലേക്കാണ്. എന്റെ മുഖത്തെ ദേഷ്യവും നിരാശയും കണ്ടതും അവർക്ക് കാര്യങ്ങൾ മനസ്സിലായി. ആ നിമിഷം അവരൊന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞതുമില്ല.

 

പരസ്പരം മനസ്സിലാക്കാൻ ആ നിശ്ശബ്ദത തന്നെ ധാരാളമായിരുന്നു. യാതൊരു മറുചോദ്യവുമില്ലാതെ അവരും തങ്ങളുടെ ബാഗുകൾ എടുത്ത് നിശ്ശബ്ദമായി പാക്ക് ചെയ്യാൻ തുടങ്ങി. ഞാൻ എങ്ങോട്ട് പോയാലും എന്റെ നിഴലായി കൂടെയുണ്ടാകുമെന്ന് ഉറപ്പിക്കുന്നതുപോലെയുള്ള ഒരു മൗനസമ്മതം ആ പാക്കിങ്ങിൽ ഉണ്ടായിരുന്നു.

 

കുറച്ചുനേരത്തിനൊടുവിൽ, ആ വലിയ മാന്ത്രിക തറവാടിന്റെ വിശാലമായ ഹാളിൽ ഞങ്ങൾ എല്ലാവരും യാത്രതിരിക്കാൻ തയ്യാറായി നിന്നു.

 

പുറത്ത് മഴ അതിന്റെ അസുരഭാവം പൂണ്ട് അലറുകയാണ്. കാറ്റ് വലിയ മരങ്ങളെപ്പോലും പിഴുതെറിയാൻ പാകത്തിൽ ഹൂങ്കാരത്തോടെ വീശിയടിക്കുന്നു.

 

‘ഈ കൊടുംമഴയത്ത് എങ്ങോട്ടും പോകരുത്… വലിയ അപകടമാണ്!’ എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാതുകൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

 

എന്റെ കണ്ണുകൾ അവിടെ നിശ്ചലമായി നിന്നിരുന്ന മാനസയിലേക്ക് തന്നെ നീണ്ടുപോയി.

 

അവളുടെ കണ്ണുകളിലെ അർത്ഥം എനിക്കാ നിമിഷം വായിച്ചെടുക്കാൻ സാധിച്ചില്ല.. അല്ല അവളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതൊന്നും എനിക്കിതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ജീവിതമത്രയും ഞാൻ ആരുടെയൊക്കെയോ കളിപ്പാവമാത്രമായിരുന്നു…..

 

അവളെ അവസാനമായി ഒരുതവണ കൂടി ഉറ്റുനോക്കിയ ശേഷം, ബാഗുമെടുത്ത് ഞാൻ ആ വലിയ പടിവാതിലിന് നേരെ നടന്നു. എന്റെ പിന്നാലെ മറ്റുള്ളവരും.

ഞാൻ പടിവാതിൽ കടക്കാൻ ഒരുങ്ങവെ, പിന്നിൽ നിന്നും ആ ഗാംഭീര്യമുള്ള ശബ്ദം ഉയർന്നു.

 

“ദേവാ…”

 

ഞാൻ കാലുകൾ നിശ്ചലമാക്കി. ശേഷം പതുക്കെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.

 

മാനസയുടെ മുഖത്ത് വലിയൊരു സങ്കടവും അതിലേറെ ലോകത്തിന്റെ മുഴുവൻ ഭാരവുമുണ്ടായിരുന്നു.

 

അവർ പറഞ്ഞുതുടങ്ങി:

 

“പോകുന്നതിന് മുൻപ് ഒരുതവണ കൂടെ ഞാൻ ഓർമ്മിപ്പിക്കാം… നീ എവിടെപ്പോയി ഒളിച്ചാലും ഇതൊന്നും ഇവിടെ അവസാനിക്കുന്നില്ല ദേവാ. നീലാംബരിയെയും അവളുടെ കയ്യിലുള്ള ആ ഇന്ദ്രനീലത്തെയും എന്നെന്നേക്കുമായി നശിപ്പിച്ചാൽ മാത്രമേ ഈ വിപത്തിന് ഒരു അവസാനമുണ്ടാകൂ… ഈ പ്രപഞ്ചത്തിൽ അതിന് നിനക്ക് മാത്രമേ കഴിയൂ!”

 

ഞാനൊന്നും മിണ്ടാതെ അവളെത്തന്നെ നോക്കിനിന്നു. പെട്ടെന്ന് ആ ജനാലയ്ക്കപ്പുറത്ത് വലിയൊരു മിന്നൽപ്പിണർ ആ ഹാളിനെ ഒന്നാകെ വെളിച്ചത്തിൽ കുളിപ്പിച്ചു. ആ വെളിച്ചത്തിൽ മാനസയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. വല്ലാത്തൊരു വിറയലോടെ അവർ തുടർന്നു:

 

“ഇന്ദ്രനീലം എന്ന ആ മഹാശക്തി നശിക്കുന്നതോട് കൂടി, അതിനെ ചുറ്റിപറ്റിയുള്ള എല്ലാ ജീവംശങ്ങളുടെയും താളം തെറ്റും. കാലങ്ങളായി ഞങ്ങൾ ബന്ധിച്ചുവെച്ച സമയത്തിന്റെ ആ അഗ്നിവലയങ്ങൾ എന്നെന്നേക്കുമായി തകർക്കപ്പെടും. അന്ന്… ആ അവസാനത്തെ പൊട്ടിത്തെറിയിൽ ഒരൊറ്റ തവണ കൂടെ ഈ പ്രപഞ്ചത്തിന്റെ കാലചക്രം തിരിയും ദേവാ! സമയത്തിന്റെ പുറകോട്ടുള്ള ആ മഹാപ്രയാണത്തിൽ നിങ്ങൾക്കീ ഭൂതകാലം മുഴുവൻ നഷ്ടപ്പെട്ടേക്കാം…”

 

 

അവരുടെ വാക്കുകൾ എന്നിൽ മാത്രമല്ല, അവിടെ നിന്ന എല്ലാവരിലും വലിയൊരു ഇടിത്തീയായിട്ടാണ് വീണത്. ആമിയും നിധിയും ഭയത്തോടെ പരസ്പരം കൈകൾ കോർത്തുപിടിച്ചു.

 

“അതെ…”

 

മാനസയുടെ ശബ്ദം ഇടറുകയായിരുന്നു,

 

“കാലചക്രം തിരിഞ്ഞ്, പുതിയൊരു തുടക്കത്തിലേക്ക് നിങ്ങൾ എത്തുമ്പോൾ… ഒരുപക്ഷേ നിങ്ങളുടെ ഓർമ്മകൾ പൂർണ്ണമായും മായ്ക്കപ്പെട്ടേക്കാം! നിന്റെ ജീവന്റെ പാതിയായ ഈ ആമിയും നിധിയും, നീ പുതിയതായി പരിചയപ്പെട്ട എല്ലാവരും നിനക്ക് വെറും അപരിചിതരായി മാറിയേക്കാം! ഒരുപക്ഷേ വഴിയിൽ വെച്ച് കണ്ടാൽപ്പോലും പരസ്പരം തിരിച്ചറിയാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത വെറും അപരിചിതർ! കൂടെയുണ്ടായിരുന്ന ഈ വലിയ സ്നേഹവും ഓർമ്മകളും ഇല്ലാതാകുക എന്നതാണ്… ആ ഇന്ദ്രനീലത്തെ നശിപ്പിക്കുന്നതിന് പ്രപഞ്ചം നിങ്ങളിൽ നിന്നും ചോദിക്കുന്ന ഏറ്റവും വലിയ വില!”

Leave a Reply

Your email address will not be published. Required fields are marked *