നിധിയുടെ കാവൽക്കാരൻ – 25 18അടിപൊളി 

 

എങ്കിലും, വരാൻ പോകുന്ന ആ വലിയ യുദ്ധത്തിന് മുൻപ് ചെറിയൊരു പഴുതുപോലും ശത്രുക്കൾക്ക് നൽകരുതല്ലോ. ഞാൻ ആ മങ്കി ക്യാപ് പതുക്കെ താഴേക്ക് വലിച്ച്, എന്റെ നെറ്റിയിലെ ആ കൊടുംശക്തിയുടെ രഹസ്യത്തെ പൂർണ്ണമായും ഇരുട്ടിലേക്ക് മറച്ചു.

 

ക്യാപ്പിന്റെ ചൂട് തലയിലേക്ക് അരിച്ചുകയറിയപ്പോൾ, വരാൻ പോകുന്ന വലിയൊരു പോരാട്ടത്തിനായി ഞാൻ എന്നെത്തന്നെ സജ്ജമാക്കുകയായിരുന്നു.

 

അപ്പോഴേക്കും ദൂരെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ട്രെയിനിന്റെ ഹോൺ മുഴങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു……

 

ദൂരെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഇഴഞ്ഞെത്തിയ ആ വലിയ ട്രെയിനിലേക്ക് ഞങ്ങൾ കയറി. ഒരുപാട് ചോദ്യങ്ങളും ഭയവും നെഞ്ചിലേറ്റി, ഇന്ത്രനീലത്തേക്ക് ഞങ്ങളുടെ മടക്കയാത്ര…..

 

റിസർവ് ചെയ്ത സീറ്റുകളിൽ എല്ലാവരും അവരവരുടെ ഇടം കണ്ടെത്തിയെങ്കിലും, ആരുടേയും മുഖത്ത് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. എല്ലാവരും അവരവരുടേതായ ചിന്തകളിൽ മുഴുകി പുറത്തേക്ക് നോക്കിയിരുന്നു.

സീറ്റിലിരുന്നിട്ടും എന്റെ ഉള്ളിലെ പിരിമുറുക്കം വല്ലാതെ കൂടുകയായിരുന്നു. ശ്വാസം മുട്ടുന്നതുപോലെയുള്ള വല്ലാത്തൊരു അസ്വസ്ഥത. ഒടുവിൽ ആ ഇരിപ്പ് മതിയാക്കി, ഞാൻ പതുക്കെ അവിടെ നിന്നുമെഴുന്നേറ്റ് കമ്പാർട്ട്മെന്റിന്റെ വാതിലിനടുത്തേക്ക് നടന്നു.

 

ഇരുമ്പുവാതിൽ തുറന്ന് പുറത്തെ തണുത്ത കാറ്റിലേക്ക് മുഖം കൊടുത്ത് ഞാൻ പടിയിൽ ഇരുന്നു.

 

ആർത്തലച്ചു പെയ്തിരുന്ന ആ കൊടുംപേമാരി ഇപ്പോൾ പൂർണ്ണമായും തോർന്നിരുന്നു. പ്രകൃതി അവളുടെ സംഹാരരൂപം മാറ്റി വല്ലാത്തൊരു ശാന്തതയിലേക്ക് മടങ്ങിയിരിക്കുന്നു. ഇരുമ്പിൻ പാളികളിലൂടെ വലിയ ശബ്ദത്തോടെ ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ, പുറത്തെ കാഴ്ചകൾ ഒരു ചലച്ചിത്രം പോലെ എന്റെ കണ്ണുകൾക്ക് മുന്നിലൂടെ മിന്നിമറഞ്ഞു.

 

മഴവെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളിൽ തട്ടിത്തെറിക്കുന്ന നിലാവിന്റെ വെളിച്ചം, കാറ്റിലുലയുന്ന വലിയ മരക്കൂട്ടങ്ങൾ, ദൂരെ എവിടെയോ മിന്നാമിനുങ്ങുകളെപ്പോലെ മിന്നിത്തിളങ്ങുന്ന വീടുകളിലെ ചെറിയ വിളക്കുകൾ… രാത്രിയുടെ ആ കാറ്റിനും നിശ്ശബ്ദതയ്ക്കും വല്ലാത്തൊരു സൗന്ദര്യമുണ്ടായിരുന്നു….

 

ഞാൻ പതിയെ എന്റെ മുഖം ആകാശത്തേക്ക് ഉയർത്തി. കാർമേഘങ്ങളെല്ലാം പൂർണ്ണമായും ഒഴിഞ്ഞുമാറിയ, തെളിഞ്ഞ ആകാശമായിരുന്നു അവിടെ.

 

ആ വലിയ ശൂന്യതയ്ക്ക് നടുവിൽ അതിമനോഹരമായ ഒരു ചന്ദ്രൻ ഉദിച്ചുനിൽക്കുന്നുണ്ട്! മഴ പെയ്ത് കഴുകി വൃത്തിയാക്കിയ ആകാശത്ത്, സ്വന്തം നിലാവിൽ കുളിച്ചുനിൽക്കുന്ന ആ അമ്പിളിയെ കാണാൻ എന്തൊരു ഭംഗിയാണ്! ഭൂമിയിൽ വരാൻ പോകുന്ന സർവ്വനാശത്തെക്കുറിച്ചൊന്നും അറിയാതെ, വളരെ ശാന്തമായി പുഞ്ചിരിച്ചു നിൽക്കുന്ന ആ പൂർണ്ണചന്ദ്രനെ ഞാൻ കുറച്ചുനേരം നോക്കിയിരുന്നു.

 

പക്ഷേ, ആ നിലാവിന്റെ സൗന്ദര്യത്തിന് എന്റെ നെഞ്ചിലെ തീ കെടുത്താൻ കഴിഞ്ഞില്ല. എന്റെ മനസ്സിൽ അപ്പോൾ വലിയൊരു ചോദ്യം തീപ്പൊരിപോലെ നീറിപ്പുകയുകയായിരുന്നു… ‘ഞങ്ങൾക്കിനി എത്ര ദിവസം കൂടെ ബാക്കിയുണ്ട്?’

 

കാരണം, നാളെ പൂർണ്ണചന്ദ്രൻ ഉദിക്കുന്ന ദിവസമാണ്… പൗർണ്ണമി! മാന്ത്രികശക്തികൾക്ക് ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്ന ആ പൗർണ്ണമി രാത്രിയിൽ, ഒരുപക്ഷേ നീലാംബരി അവളുടെ ആ അവസാനത്തെ അഗ്നിവലയവും തകർത്ത് പുറത്തുവരുമോ? നാളെയോടെ എല്ലാം അവസാനിക്കുമോ? എന്റെ നെഞ്ചിടിപ്പ് വേഗത്തിലായി.

 

പെട്ടെന്നാണ് എന്റെ ചിന്തകൾ ഭൂതകാലത്തിന്റെ ആ വലിയ സമസ്യകളിലേക്ക് പോയത്. ‘ഇല്ല…’ ഞാൻ സ്വയം പറഞ്ഞു. ‘ഇനിയും സമയമുണ്ട്!’

കാരണം, ഇതിന് മുൻപ് സംഭവിച്ച ആ കാലചക്രത്തിന്റെ ലൂപ്പുകൾ വെച്ച് നോക്കുമ്പോൾ, ആ വലിയ വിസ്ഫോടനത്തിനുള്ള സമയം ഇതുവരെ എത്തിച്ചേർന്നിട്ടില്ല…..

 

ഓരോ ലൂപ്പിലും സംഭവിച്ച കാര്യങ്ങൾ വെച്ച് കണക്കുകൂട്ടുമ്പോൾ, നാളത്തെ ആ പൂർണ്ണചന്ദ്രന് മുൻപേ ആ അഗ്നിവലയങ്ങൾ പൂർണ്ണമായി തകരില്ല എന്ന് എനിക്കുറപ്പായിരുന്നു.അല്ലെങ്കിൽ ഞാൻ എന്നെ തന്നെ അങ്ങനെ പറഞ്ഞ് വ്ശ്വസിപ്പിച്ചു എന്നും വേണമെങ്കിൽ പറയാം….

Leave a Reply

Your email address will not be published. Required fields are marked *