ആ പേര് കേട്ടപ്പോൾ തന്നെ അതിലെന്തോ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നനിക്ക് തോന്നി.
“വളരെ സൂക്ഷ്മമായാണ് ആ മന്ത്രം ഇവന്റെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു ദേവന്മാർക്കും അസുരന്മാർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, ഇവന്റെ ഓരോ ശ്വാസത്തിലും രക്തയോട്ടത്തിലും ആ ബന്ധനം ഇഴചേർന്നിരിക്കുകയാണ്. ആ മന്ത്രം തന്നെയാണ് ദേവയുടെ യഥാർത്ഥ ശക്തികളെ പുറത്തുവരാതെ ഒരു ഇരുമ്പുമറ പോലെ മറച്ചുപിടിച്ചിരിക്കുന്നത്.”
ഇതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന നിധി പെട്ടെന്ന് ചോദിച്ചു:
“എങ്കിൽ പിന്നെ ആ മന്ത്രം നമുക്ക് എങ്ങനെയെങ്കിലും മാറ്റിക്കൂടേ? അത് അഴിച്ചുമാറ്റിയാൽ ദേവക്ക് ആ ശക്തിയെല്ലാം തിരിച്ചു കിട്ടില്ലേ? പിന്നെ ഈ നീലാംബരിയെയും അസുരന്മാരെയും നമുക്ക് പേടിക്കേണ്ടല്ലോ…”
വളരെ നിഷ്കളങ്കമായ നിധിയുടെ ആ ചോദ്യം കേട്ടപ്പോൾ മാനസയുടെ മുഖത്ത് വലിയൊരു ഭയമാണ് വന്നുനിറഞ്ഞത്. അവർ ആട്ടുപലകയിൽ നിന്നും പതുക്കെ എഴുന്നേറ്റ് നിധിയുടെ അടുത്തേക്ക് നടന്നുവന്നു.
“അതത്ര എളുപ്പമല്ല നിധീ…”
മാനസയുടെ ശബ്ദം ഇപ്പോൾ വളരെ ഗൗരവമുള്ളതായി മാറിയിരുന്നു.
“കാലരുദ്ര സുഷുപ്തി… ആ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ അതൊരു സാധാരണ മന്ത്രമല്ല. പ്രപഞ്ചം വലിയൊരു സർവ്വനാശത്തിലേക്ക് പോകുമ്പോൾ, നിയന്ത്രിക്കാൻ കഴിയാത്ത കൊടുംശക്തികളെ യുഗങ്ങളോളം നീളുന്ന വലിയൊരു മരവിപ്പിലേക്ക് തള്ളിയിടാൻ സാക്ഷാൽ ത്രിമൂർത്തികൾ മാത്രം ഉപയോഗിക്കുന്ന അത്യപൂർവ്വമായ മാന്ത്രിക ബന്ധനമാണത്. പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലെ ശൂന്യതയിൽ നിന്നാണ് ഈ മന്ത്രത്തിന് വേണ്ട ഊർജ്ജം പോലും കണ്ടെത്തുന്നത്.”
മാനസ എന്റെ മുഖത്തേക്ക് നോക്കി, അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അമ്പരപ്പുണ്ടായിരുന്നു.
“ഒന്ന് ചിന്തിച്ചുനോക്കൂ… ഇത്രയും ഭയാനകവും സങ്കീർണ്ണവുമായ ഒരു മഹാമന്ത്രം ദേവയുടെ ശരീരത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിൽ, അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ ശക്തി നമ്മൾക്കാർക്കും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ളതായിരിക്കണം! ഒരുപക്ഷേ ആയിരം സൂര്യന്മാർ ഒന്നിച്ചുദിക്കുന്നതിനേക്കാൾ വലിയൊരു ഊർജ്ജം ഇപ്പോൾ ആ മന്ത്രത്തിന്റെ കാവലിൽ ഇവന്റെ ഉള്ളറകളിൽ ഉറങ്ങിക്കിടപ്പുണ്ട്.”
മുറിയിലുള്ളവർ ശ്വാസമെടുക്കാൻ പോലും മറന്ന് ആ വാക്കുകൾ കേട്ടിരിക്കുകയാണ്. എന്റെ സ്വന്തം ശരീരത്തെ എനിക്ക് തന്നെ പേടിയാകാൻ തുടങ്ങി.
“ആ ശക്തിയെ അങ്ങനെ എളുപ്പത്തിൽ സ്വതന്ത്രമാക്കാൻ കഴിയില്ല,”
മാനസ വലിയൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
“കാരണം, കാലങ്ങളായി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ആ കൊടുംശക്തിയെ പെട്ടെന്നൊരു ദിവസം ആ ബന്ധനം പൊട്ടിച്ച് നമ്മളായിട്ട് ഉണർത്തിയാൽ… അത് വലിയൊരു വിസ്ഫോടനമായിരിക്കും! എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ആ സർവ്വനാശത്തെ, ആ സംഹാരതാണ്ഡവത്തെ ഉൾക്കൊള്ളാൻ ഒരുപക്ഷേ ഈ ലോകത്തിന് തന്നെ കഴിഞ്ഞെന്ന് വരില്ല!”
മാനസയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത് വെറുമൊരു ശക്തിയല്ല, പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള വലിയൊരു സംഹാരമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, എന്റെ സിരകളിലെ ചോരയൊന്ന് മരവിക്കുന്നതുപോലെ എനിക്ക് തോന്നി…..
മാനസയുടെ ആ വെളിപ്പെടുത്തലുകൾക്ക് ശേഷം മുറിയിൽ പലതരം അടക്കംപറച്ചിലുകൾ ഉയർന്നു. സച്ചിനും രാഹുലും റോസും കൃതികയുമെല്ലാം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മാനസ അതിന് മറുപടി പറയുന്നുണ്ട്.
പക്ഷേ എന്റെ കാതുകളിൽ അതൊന്നും വ്യക്തമായി പതിഞ്ഞില്ല. അവരുടെ ഓരോരുത്തരുടെയും നോട്ടം എന്നിലേക്കായിരുന്നു.
ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവർ പെട്ടെന്ന് സംസാരം നിർത്തി.
ആ നോട്ടങ്ങളിൽ ഇപ്പോഴുള്ളത് പഴയ സ്നേഹമോ എന്നോടുള്ള സഹതാപമോ ആയിരുന്നില്ല… മറിച്ച്, യുദ്ധത്തിന് കൊണ്ടുപോകാൻ മൂർച്ച കൂട്ടി വെച്ചിരിക്കുന്ന വലിയൊരു ആയുധത്തെ നോക്കുന്നതുപോലെയുള്ള വല്ലാത്തൊരു ഭാവമായിരുന്നു! ഞാനൊരു മനുഷ്യനാണെന്നുള്ള സത്യം അവർ മറന്നിരിക്കുന്നു. അവരുടെ കണ്ണുകളിൽ ഞാൻ വെറുമൊരു ദിവ്യശക്തിയുടെ അംശം മാത്രമാണ്. എനിക്കിത് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
