മാനസയുടെ ശബ്ദം ഒന്നുകൂടി ഗൗരവമുള്ളതായി.
“ഞാൻ നേരത്തെ പറഞ്ഞല്ലോ, അപ്സരയുടെ സൗന്ദര്യത്തെയും അവളുടെ ശക്തിയെയും ഭയന്നവരും മോഹിച്ചവരുമായി ദേവലോകത്തും പാതാളത്തിലുമായി ഒട്ടേറെ ശത്രുക്കൾ അവൾക്കുണ്ടായിരുന്നു. അവൾക്കൊരു കുഞ്ഞ് ജനിച്ചുവെന്ന സത്യം ആ ശത്രുക്കൾ അറിഞ്ഞാൽ എന്താകും അവസ്ഥ? അവളെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള സകല ഇരുണ്ട ശക്തികളും, അവരുടെ പക മുഴുവൻ തീർക്കാൻ ലക്ഷ്യം വെക്കുന്നത് ആ പിഞ്ചുകുഞ്ഞിനെയാകും. നിന്നെ സ്വന്തമാക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ വേണ്ടി അവർ ഏതറ്റം വരെയും ഒരുപക്ഷെ പോകുമായിരിക്കും ഇത് അപ്സരക്കും അറിവുണ്ടായിരിക്കണം…”
ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ജനിച്ചുവീണ നിമിഷം മുതൽ ഞാൻ മരണത്തിന്റെ നിഴലിലായിരുന്നോ!
“അതുകൊണ്ട്, തന്റെ കുഞ്ഞിനെ ആർക്കും വേട്ടയാടാൻ വിട്ടുകൊടുക്കാതിരിക്കാൻ… ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും അവനെ പൂർണ്ണമായി മറച്ചുപിടിക്കാൻ ഒരു അമ്മ ചെയ്ത ഏറ്റവും വലിയ ത്യാഗമായിരിക്കണം അവളും നിനക്ക് വേണ്ടി ചെയ്തത്….!”
മാനസയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് ഞാൻ കണ്ടു.
“തന്റെ മാറിലെ ചൂടേറ്റ് വളരേണ്ട നിന്നെ, സ്വന്തം ഹൃദയം പറിച്ച് മാറ്റുന്ന വേദനയോടെ അവൾ ഈ ഭൂമിയിലേക്ക് അയച്ചു. ദേവന്മാരോ അസുരന്മാരോ ഒരിക്കലും സംശയിക്കാത്ത, ആരുടേയും കണ്ണിൽപ്പെടാത്ത ഈ മനുഷ്യലോകത്ത്… നിന്നെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന പാവം ഒരു മനുഷ്യസ്ത്രീയുടെ കൈകളിലേക്ക് അപ്സര നിന്നെ സുരക്ഷിതമായി ഏൽപ്പിക്കുകയായിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ, ഒരു സാധാരണ മനുഷ്യനായി ആരുടെയും സംശയത്തിന്റെ നിഴലിൽപ്പെടാതെ നീ ജീവിച്ചതും ആ അമ്മയുടെ ത്യാഗം കൊണ്ടാണ്.”
ഇത്രയും കേട്ടപ്പോൾ എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. എന്നെ പെറ്റ അമ്മ ജീവനോടെയുണ്ട്, അതും എനിക്കുവേണ്ടി സ്വന്തം മാതൃത്വം തന്നെ ബലികഴിച്ച് എവിടെയോ കാത്തിരിക്കുന്നു! മറുവശത്ത് എന്നെ സ്വന്തം ചോരയെപ്പോലെ നോക്കി വളർത്തിയ എന്റെ വളർത്തമ്മ… ഈ രണ്ട് അമ്മമാരുടെ സ്നേഹത്തിന് നടുവിൽ, എന്റെ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതിന്റെ വല്ലാത്തൊരു മരവിപ്പിലായിരുന്നു ഞാൻ.
മുറിയിൽ വീണ്ടും വലിയൊരു നിശ്ശബ്ദത തളംകെട്ടി നിന്നു.
ആ സ്തംഭനാവസ്ഥയെ ഭേദിച്ചുകൊണ്ട് കൃതികയാണ് അടുത്തതായി ചോദിച്ചത്.
അവളുടെ മുഖത്ത് വലിയൊരു സംശയമുണ്ടായിരുന്നു.
“മാനസാ ചേച്ചീ… സാക്ഷാൽ അപ്സരയുടെ മകനായിരുന്നിട്ടും അപ്പൊ ദേവക്ക് ശരിക്കും മാന്ത്രിക ശക്തികൾ ഒന്നും ഇല്ലേ? ഇത്രയും വലിയൊരു ദിവ്യജന്മമായിട്ടും ഒരു സാധാരണ മനുഷ്യനെപ്പോലെയാണല്ലോ ദേവ ഇതുവരെ ജീവിച്ചത്…”
കൃതികയുടെ ആ ചോദ്യം കേട്ടപ്പോൾ മാനസ എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്നിട്ട് വളരെ പതുക്കെ പറഞ്ഞു:
“ഇതേ സംശയം എനിക്കും തോന്നിയിരുന്നു. അപ്സരയുടെ ചോര സിരകളിലോടുന്ന ഇവൻ എങ്ങനെ ഒരു സാധാരണക്കാരനായി മാറി എന്ന് ഞാനും ചിന്തിച്ചിരുന്നു. അതുകൊണ്ടാണ് കുറച്ചുമുമ്പ് ആ കളരിയിൽ വെച്ച് ഇവൻ ബോധരഹിതനായി വീണപ്പോൾ, ഞാൻ ഇവന്റെ നാഡീഞരമ്പുകളിലേക്കും ശരീരത്തിന്റെ ആന്തരികമായ ഊർജ്ജ അറകളിലേക്കും എന്നാലാകുംവിധം എന്റെ മാന്ത്രികദൃഷ്ടി കൊണ്ട് സൂക്ഷ്മമായി നോക്കിയത്…”
മാനസ ഒന്ന് നെടുവീർപ്പിട്ടു. പുറത്തെ മഴയുടെ ഇരമ്പൽ ഇപ്പോൾ കുറഞ്ഞിരുന്നു.
“അപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത്. ഇവന്റെ ശരീരത്തിൽ മാന്ത്രിക ശക്തികൾ ഇല്ലാത്തതല്ല, മറിച്ച് ഇവന്റെ ഉള്ളിലെ ആ അമാനുഷിക ഊർജ്ജത്തിന് മീതെ ആരോ വലിയൊരു മാന്ത്രിക ബന്ധനം തീർത്തിരിക്കുകയാണ്! കേവലം ഒരു മന്ത്രമല്ല അത്… പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ ‘കാലരുദ്ര സുഷുപ്തി’ എന്ന മഹാമന്ത്രത്തിന്റെ ഒരു അംശമാണ് ഞാൻ ഇവന്റെ ഉള്ളറകളിൽ കണ്ടത്!”
