ജസ്നയുടെ പാദസരത്തിന്റെ നേർത്ത കിലുക്കം തടിയുടെ തറയിൽ തട്ടി മുഴങ്ങിയ നിമിഷം—ആ മനുഷ്യൻ പതിയെ തിരിഞ്ഞുനോക്കി.
ആ ഒരൊറ്റ നിമിഷത്തിൽ ജസ്നയുടെ ശ്വാസം തൊണ്ടക്കുഴിയിൽ കുരുങ്ങി നിശ്ചലമായിപ്പോയി! അവളുടെ കാലുകൾ ആ തടിയുടെ തറയിൽ വേരുറച്ചതുപോലെ തറഞ്ഞുനിന്നു.
കുമരകത്തെ ആ ചെറിയ ഫോൺ സ്ക്രീനിലൂടെ താൻ കണ്ട മുഖമായിരുന്നില്ല കൺമുന്നിൽ നിൽക്കുന്നത്; മറിച്ച്, ഒരു കാന്തം പോലെ തന്നെ അയാളിലേക്ക് വലിച്ചടുപ്പിക്കുന്ന അസാധാരണമായൊരു പുരുഷരൂപമായിരുന്നു അത്!
ആറടിയിലധികം ഉയരമുള്ള, വീതിയേറിയ തോളുകളും ഉറച്ച നെഞ്ചളവുമുള്ള നാല്പത്തിരണ്ട് വയസ്സിന്റെ പൂർണ്ണമായ ആണത്തം തുടിച്ചുനിൽക്കുന്ന ശരീരം. ഷാഹിദിനെപ്പോലെ വെളുത്തു തുടുത്ത ഒരു പയ്യന്റെ രൂപമായിരുന്നില്ല അയാൾക്ക്;
മറിച്ച്, കരിവീട്ടിയിൽ കൊത്തിയെടുത്തതുപോലെ അഴകുള്ള, വെയിലേറ്റു പതംവന്ന കരുത്തുറ്റ ഇരുനിറമായിരുന്നു രോഹിത് കുമാറിന്!
കടും ചാരനിറത്തിലുള്ള വിലകൂടിയ ലിനൻ ഷർട്ടും കറുത്ത പാൻ്റ്സും ആയിരുന്നു വേഷം. ഷർട്ടിന്റെ കൈകൾ മുട്ടിന് താഴെ വരെ മടക്കിവെച്ചിരുന്നതുകൊണ്ട്, ഇന്നലെ രാത്രി ഫോട്ടോയിൽ കണ്ട ആ ഞരമ്പുകൾ തെളിഞ്ഞ കരുത്തുറ്റ ഇരുണ്ട കൈത്തണ്ടകൾ പകൽവെളിച്ചത്തിൽ കൂടുതൽ വ്യക്തമായി കാണാമായിരുന്നു.
ക്ഷൗരം ചെയ്ത് കൃത്യമായി ഒതുക്കിനിർത്തിയ കറുത്ത താടിരോമങ്ങൾക്കിടയിൽ,
അയാളുടെ പക്വതയ്ക്കും ഗാംഭീര്യത്തിനും മാറ്റുകൂട്ടുന്ന ഒന്നുരണ്ട് വെള്ളിനാരുകൾ ചെവിയോടു ചേർന്ന് തിളങ്ങുന്നുണ്ടായിരുന്നു.
എന്നാൽ ജസ്നയെ അക്ഷരാർത്ഥത്തിൽ മയക്കിക്കളഞ്ഞത് അയാളുടെ കണ്ണുകളായിരുന്നു!
ആ ഇരുണ്ട മുഖത്ത്, ഒരു കടൽ പോലെ ആഴമുള്ള, തീക്ഷ്ണവും വശ്യവുമായ രണ്ട് കണ്ണുകൾ! ആ കണ്ണുകളിലേക്ക് നോക്കിയ നിമിഷം, തന്റെ ഉള്ളിലെ സകല ചിന്തകളും നിയന്ത്രണങ്ങളും അലിഞ്ഞു പോകുന്നതുപോലെ ജസ്നയ്ക്ക് തോന്നി.
ഷാഹിദിനെയോ മറ്റൊരു പുരുഷനെയോ കണ്ടപ്പോൾ ജീവിതത്തിൽ ഒരിക്കൽപ്പോലും അവൾക്ക് ഇങ്ങനെയൊരു വികാരം തോന്നിയിട്ടില്ല.
എന്താണെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത ഏതോ ഒരു അദൃശ്യശക്തി ആ മനുഷ്യന്റെ ഇരുണ്ട സൗന്ദര്യത്തിലും ആ കണ്ണുകളുടെ കാന്തികവലയത്തിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
സ്വന്തം കാൽമുട്ടുകളുടെ ബലം ചോർന്നുപോകാതിരിക്കാൻ അവൾ ഹാൻഡ്ബാഗിന്റെ വള്ളിയിൽ മുറുകെപ്പിടിച്ചു.
ജസ്നയുടെ ആ അമ്പരപ്പും വിറയലും കണ്ടതും, രോഹിത് കുമാറിന്റെ ആ ഗൗരവമുള്ള മുഖത്ത് മഞ്ഞുരുകുന്നതുപോലെ അതിമനോഹരവും ഊഷ്മളവുമായ ഒരു പുഞ്ചിരി വിരിഞ്ഞു.
“ആഹാ… എന്റെ മഞ്ചേരിക്കാരി കൃത്യസമയത്ത് തന്നെ എത്തിയല്ലോ!”
ഇയർഫോണിലൂടെ മാത്രം കേട്ടുശീലിച്ച ആ ആഴമേറിയ, ഗാംഭീര്യമുള്ള ശബ്ദം നേരിട്ട് കാറ്റിലൂടെ ഒഴുകി തന്റെ കാതിൽ പതിച്ചപ്പോൾ ജസ്നയുടെ ശരീരത്തിലൂടെ ആയിരം വോൾട്ട് വൈദ്യുതി പാഞ്ഞുകയറി!
രോഹിത് പതിയെ നടന്ന് അവളുടെ അരികിലേക്ക് വന്നു.
ജസ്നയുടെ നെഞ്ചിടിപ്പ് ക്രമം തെറ്റി. അവളുടെ അഞ്ചടി ഏഴര ഇഞ്ച് ഉയരത്തിന് മുന്നിലും ഒരു ഗോപുരം പോലെ തലയുയർത്തി നിൽക്കുകയായിരുന്നു അയാൾ.
അയാളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ചന്ദനവും കാപ്പിക്കുരുവും കലർന്ന ആ പ്രഭുത്വമുള്ള ഗന്ധം അവളെ പൊതിഞ്ഞു.
എന്നാൽ അവളുടെ വിറയ്ക്കുന്ന കൈകളിൽ തൊടാനോ, അനാവശ്യമായി അടുത്തേക്ക് നിൽക്കാനോ അയാൾ ശ്രമിച്ചതേയില്ല.
പകരം, ഒരു
രാജകുമാരിയെ സ്വീകരിക്കുന്ന യഥാർത്ഥ മാന്യനെപ്പോലെ അയാൾ മേശയ്ക്കരികിലെ തടിയുടെ കസേര അവൾക്കായി പിന്നിലേക്ക് വലിച്ചിട്ടു കൊടുത്തു.
“ഇരിക്കൂ മോളൂ… യാത്രയൊക്കെ സുഖമായിരുന്നോ?” അയാൾ വളരെ ആർദ്രമായി ചോദിച്ചു.
“ആം… സുഖമായിരുന്നു ഏട്ടാ,”
കവിളുകളിലേക്ക് ഇരച്ചുകയറിയ ചുവപ്പുനിറം മറയ്ക്കാൻ തലതാഴ്ത്തിക്കൊണ്ട് ജസ്ന ആ കസേരയിലേക്ക് ഇരുന്നു. അവൾ ഇരുന്ന ശേഷം മാത്രമാണ് രോഹിത് അവൾക്ക് അഭിമുഖമായുള്ള കസേരയിലേക്ക് ഇരുന്നത്.
മേശപ്പുറത്തിരുന്ന വെള്ളത്തിന്റെ ഗ്ലാസ്സ് അവൾക്ക് നേരെ നീക്കിവെച്ചുകൊണ്ട് രോഹിത് കൈവരിയിലേക്ക് ചാരിയിരുന്നു അവളെ നോക്കി.

ജ്ജ് പൊളിക്ക് മുത്തേ 😄