പാപശൽഭം – 17 3അടിപൊളി  

ഇത്താത്തയുടെ ഓഫീസ് കാര്യം കഴിഞ്ഞാൽ നമുക്ക് നേരെ മിഠായിത്തെരുവിൽ പോയി രണ്ട് ജോഡി കുർത്തിയും വാങ്ങി, കോഴിക്കോട് ബീച്ചിലെ ഫലൂദയും കുടിച്ചിട്ട് വൈകുന്നേരം വരാം! എന്ത് രസമായിരിക്കും അല്ലേ ഇത്താത്താ?!”

സഫയുടെ ആ വാക്കുകൾ കേട്ടതും ജസ്നയുടെ ഉള്ളൊന്ന് കാളി!

പടച്ചോനെ… സഫ കൂടെ വന്നാൽ പിന്നെ എല്ലാം വെള്ളത്തിലാകും! രോഹിത് ഏട്ടനെ കാണാൻ പോകുന്നിടത്തേക്ക് ഈ വായാടിക്കുട്ടിയെ എങ്ങനെ കൊണ്ടുപോകാനാണ്?! എന്നാൽ ഒട്ടും പതറാതെ, ജസ്ന പെട്ടെന്ന് തന്നെ തന്റെ ബുദ്ധി പ്രവർത്തിപ്പിച്ചു.

“അയ്യോ സഫാ… നീ കൂടെ വന്നാൽ എനിക്ക് വലിയ സന്തോഷമായേനെ,” ജസ്ന വളരെ സങ്കടം ഭാവിച്ചുകൊണ്ട് സഫയുടെ കയ്യിൽ പിടിച്ചു. “പക്ഷേ നീ മിനിഞ്ഞാന്ന് എന്നോട് പറഞ്ഞത് മറന്നുപോയോ?

നാളെ രാവിലെ നിങ്ങൾക്ക് അക്കൗണ്ടൻസിയുടെ ഇന്റേണൽ എക്സാം അല്ലേ? ആ കർശനക്കാരനായ പ്രൊഫസർ പരീക്ഷയ്ക്ക് വന്നില്ലെങ്കിൽ അപ്പോൾത്തന്നെ ഉപ്പയുടെ ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞ് നീ തന്നെയല്ലേ ഇന്നലെ രാത്രി പഠിക്കാൻ ഇരുന്നത്?”

ജസ്ന അത് ഓർമ്മിപ്പിച്ചതും സഫയുടെ മുഖത്തെ കാറ്റ് പോയി!

“അയ്യോ… പടച്ചോനെ, ആ ഭൂതത്തിന്റെ പരീക്ഷയുടെ കാര്യം ഞാൻ മറന്നുപോയല്ലോ!” സഫ തലയിൽ കൈവെച്ച് കസേരയിലേക്ക് തന്നെ ഇരുന്നുപോയി.

“കണ്ടോ! പരീക്ഷയുള്ള ദിവസം കോളേജിൽ പോകാതെ മിഠായിത്തെരുവിൽ കറങ്ങാൻ നടക്കണം, അല്ലെ?!” ഉമ്മ ഉടൻതന്നെ സഫയെ കണ്ണുരുട്ടി പേടിപ്പിച്ചു. “നീ മര്യാദയ്ക്ക് നാളെ കോളേജിൽ പൊയ്ക്കോണം, ഒരു കോഴിക്കോട്ടും പോകണ്ട!”

സഫ ചുണ്ടുകോട്ടി

പ്ലേറ്റിലേക്ക് നോക്കിയിരുന്നപ്പോൾ ജസ്നയ്ക്ക് വലിയൊരു ആശ്വാസം തോന്നി. ഒന്നാമത്തെ കുരുക്ക് അഴിഞ്ഞിരിക്കുന്നു!

എന്നാൽ അടുത്ത നിമിഷം ഉമ്മ പറഞ്ഞ കാര്യം ജസ്ന ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“അല്ലെങ്കിലും എന്റെ മരുമോളെ ഒറ്റയ്ക്ക് ബസ്സിൽ കയറ്റി കോഴിക്കോട്ടേക്ക് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല,” ഉമ്മ കടലക്കറി വിളമ്പിക്കൊണ്ട് ഗൗരവത്തിൽ പറഞ്ഞു. “കല്യാണം കഴിഞ്ഞ് ഒരു മാസം പോലുമായിട്ടില്ല, ചെക്കൻ ആണെങ്കിൽ നാട്ടിലുമില്ല.

ഈ സമയത്ത് മോൾ ഒറ്റയ്ക്ക് ബസ്സിലിടിച്ച് കോഴിക്കോട് വരെ പോകുന്നതൊന്നും ശരിയാവില്ല. ഞാൻ നമ്മുടെ ഹമീദ് കാക്കയോട് പറയാം നാളെ രാവിലെ എട്ടുമണിക്ക് വണ്ടി എടുക്കാൻ!

കാക്ക മോളെ ആ ഓഫീസിന്റെ മുന്നിൽ കൊണ്ടുപോയി ഇറക്കും, കാര്യം കഴിഞ്ഞാൽ അപ്പോൾത്തന്നെ തിരികെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്യും!”

‘ഹമീദ് കാക്ക!’

ആ പേര് കേട്ടതും ജസ്നയുടെ തൊണ്ടയിൽ പുട്ടിന്റെ ഉരുള കുടുങ്ങിയതുപോലെ തോന്നി.

വീടിൻ്റെ അടുത്ത് തന്നെ അധികം ദൂരെ അല്ലാതെ വീട്ടിലെ ആവശ്യങ്ങൾക്ക് എല്ലാം വിളിക്കുന്ന ഒരു അയൽവാസി ആണ് അറുപതു വയസ്സുകാരനായ ഹമീദ് കാക്ക!

ഷാഹിദിനെ ചെറുപ്പം മുതൽ തോളിലിട്ട് വളർത്തിയ, ഈ കുടുംബത്തിലെ ഓരോരുത്തരുടെയും നിഴൽ പോലെ നടക്കുന്ന അങ്ങേയറ്റം വിശ്വസ്തനായ മനുഷ്യൻ. ഉമ്മയുടെ ആ തീരുമാനത്തെ എതിർക്കാൻ ജസ്നയ്ക്ക് ഒരു വഴിയുമില്ലായിരുന്നു.

‘വേണ്ട ഉമ്മാ, ഞാൻ ഒറ്റയ്ക്ക് ബസ്സിൽ പൊയ്ക്കോളാം’ എന്ന് പറഞ്ഞാൽ ഉമ്മയ്ക്ക് ചിലപ്പോ ഇഷ്ടായിക്കൊള്ളണം എന്നില്ല!

“അത്… അതുമതി ഉമ്മാ. ഹമീദ് കാക്ക ഉള്ളതുകൊണ്ട് എനിക്കും വഴി തെറ്റുമെന്ന പേടി വേണ്ടല്ലോ,” ജസ്ന പുറമെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സമ്മതിച്ചു.

പക്ഷേ അവളുടെ തലച്ചോർ അപ്പോൾ നൂറു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു—നാളെ രാവിലെ

കോഴിക്കോട്ട് എത്തിക്കഴിഞ്ഞാൽ, തന്നെ കണ്ണിലെണ്ണയൊഴിച്ച് കാത്തുനിൽക്കുന്ന ആ ഹമീദ് കാക്കയുടെ കണ്ണുവെട്ടിച്ച് താൻ എങ്ങനെയാണ് ബീച്ച് റോഡിലെ ആ കഫേയിലേക്ക് രക്ഷപ്പെടുക?!

ആ വെല്ലുവിളി അവളുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും, രോഹിത് ഏട്ടനെ കാണാനുള്ള ആ അടങ്ങാത്ത ദാഹത്തിന് മുന്നിൽ എന്ത് സാഹസവും ചെയ്യാൻ അവളുടെ മനസ്സ് തയ്യാറെടുത്തുകഴിഞ്ഞിരുന്നു.

അന്ന് വൈകുന്നേരം നാലുമണിക്ക് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോൾ, മുറ്റത്ത് കിടന്നിരുന്ന വെളുത്ത ഇന്നോവ കാർ കഴുകി തുടച്ചു മിനുക്കുകയായിരുന്നു ഹമീദ് കാക്ക.

1 Comment

Add a Comment
  1. ജ്ജ് പൊളിക്ക് മുത്തേ 😄

Leave a Reply

Your email address will not be published. Required fields are marked *