വാസുദേവൻ കരഞ്ഞുകൊണ്ട് അമലിന്റെ കൈയ്കളിൽ പിടിച്ചു. “മോനേ, നിന്റെ നല്ല മനസ്സ്… ഞങ്ങൾക്ക് നിന്നോട് ഒരുപാട് കടപ്പാടുണ്ട്. നീ ആരെയും അറിയിക്കാതെ അനുഭവിച്ച വേദന… ഞാനാണ് നിന്റെ അച്ഛൻ. നിന്നെ വിശ്വസിക്കേണ്ടത് ഞാനായിരുന്നു. എന്നോട് ക്ഷമിക്കണം മോനേ.”
അമലിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പതിയെ അച്ഛന്റെ കൈയ്കൾ വിടുവിച്ച് എഴുന്നേറ്റു. “അച്ഛാ… നിങ്ങളിപ്പോൾ എന്നെ വിശ്വസിച്ചത്, എന്റെ നിരപരാധിത്വം തെളിഞ്ഞതുകൊണ്ടാണ്. എനിക്ക് ഒരു വാക്ക് പോലും ചോദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. നിങ്ങൾ എന്നെ ഒരു തെറ്റുകാരനെപ്പോലെ തല്ലി വീട്ടിൽ നിന്ന് പുറത്താക്കി. ആ വേദന…” അമലിന് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.
ശരണ്യ അമലിന്റെ അടുത്തേക്ക് വന്നു. അവൾ അവന്റെ കൈയ്കളിൽ തലോടി. “അമൽ, കഴിഞ്ഞത് കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും അവരുടെ തെറ്റ് മനസ്സിലായി. അവർ നിന്നോട് മാപ്പ് ചോദിക്കാൻ വന്നതാണ്. നീ അവരെ വേദനിപ്പിക്കരുത്.”
അമൽ ശരണ്യയെ നോക്കി. അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞിരുന്നു.
വാസുദേവൻ വീണ്ടും സംസാരിച്ചു: “മോനേ, ഞങ്ങൾക്ക് നിന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ട്. ഞങ്ങൾ മണത്തറ മനയിൽ പോയിരുന്നു. വിശ്വനാഥ ശർമ്മയെ കണ്ടു. അദ്ദേഹം ഒരു കാര്യം ഞങ്ങൾക്ക് പറഞ്ഞു തന്നു. നീയും ശരണ്യയും… നിങ്ങൾ പതിനൊന്ന് തലമുറ മുൻപ് ജീവിച്ചിരുന്ന ലോകനാഥനും നാണിക്കുട്ടിയുമാണ്. നിങ്ങളുടെ പ്രണയം പൂർത്തിയാവാനാണ് ഇതെല്ലാം സംഭവിച്ചത്. നിങ്ങളുടെ ഈ ബന്ധം ദൈവനിശ്ചയമാണ്. മോളേ ശരണ്യ, നിങ്ങൾ ഞങ്ങളുടെ മരുമകളായി ഈ വീട്ടിലേക്ക് വരണം. ഞങ്ങൾ നിങ്ങളുടെ വിവാഹം നടത്തിത്തരാൻ തയ്യാറാണ്. ഈ ലോകത്ത് വെച്ച് ഏറ്റവും സന്തോഷമുള്ള ദമ്പതികളായി നിങ്ങൾ ജീവിക്കണം.”
അമലിനും ശരണ്യക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രായ വ്യത്യാസവും കോളേജ് അദ്ധ്യാപിക-വിദ്യാർത്ഥി എന്ന ബന്ധവും കാരണം ഈ ബന്ധം വീട്ടുകാർ അംഗീകരിക്കില്ല എന്ന് അവർ ഭയപ്പെട്ടിരുന്നു.
”അങ്കിൾ… നിങ്ങൾ ഇത് തമാശ പറയുകയാണോ? ഞാൻ… അമലിനെക്കാൾ പ്രായക്കൂടുതലുള്ള ആളാണ്. ഞാൻ അവന്റെ കോളേജ് ടീച്ചറുമായിരുന്നു.” ശരണ്യയുടെ ശബ്ദം വിറച്ചു.
”അല്ല മോളേ. ഒരു തമാശയുമല്ല. പതിറ്റാണ്ടുകളായി ദൈവം തന്നെ തീരുമാനിച്ച കാര്യമാണിത്. അമൽ നിന്നെ പ്രണയിച്ചതിനേക്കാൾ വലിയ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന് ശാപമോക്ഷം ലഭിക്കണമെങ്കിൽ, ഞങ്ങൾ നിങ്ങളെ പൂർണ്ണ മനസ്സോടെ സ്വീകരിക്കണം. ഞങ്ങളുടെ മരുമകളായി നീ വരണം. വാസുദേവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അമലിന് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ അച്ഛനും അമ്മയും അവനെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു. അത്ഭുതം!
അമൽ എഴുന്നേറ്റ് തന്റെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു. “അച്ഛാ, അമ്മേ… ഞാൻ നിങ്ങൾക്ക് മാപ്പ് നൽകിയിരിക്കുന്നു. നിങ്ങൾ എന്നെ വിശ്വസിച്ചില്ലെങ്കിലും, എനിക്ക് നിങ്ങളോടൊരു ദേഷ്യവും ഉണ്ടായിരുന്നില്ല. നിങ്ങൾ ഇവിടെ വരെ വന്നല്ലോ, അത് മതി എനിക്ക്.”
വാസുദേവനും മാലതിയും ആശ്വാസത്തിന്റെ കണ്ണീർ പൊഴിച്ചു. അവരുടെ മകന്റെ മനസ്സിലെ ഭാരം ഒഴിഞ്ഞു.
”ശരണ്യ, മോളേ…” മാലതി ശരണ്യയെ കെട്ടിപ്പിടിച്ചു. “നീ ഞങ്ങളുടെ മരുമകളായി വരണം. ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ നിങ്ങളെ സ്വീകരിക്കും. നിങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം ഒരു പ്രശ്നമേ അല്ല. ലോകനാഥനും നാണിക്കുട്ടിയും ഒന്നിക്കട്ടെ.”
ശരണ്യയുടെ കണ്ണുകളും നിറഞ്ഞു. അവൾ തലയാട്ടി സമ്മതം മൂളി.
അന്ന് തന്നെ വാസുദേവനും മാലതിയും അമലിനെയും ശരണ്യയെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. അവരുടെ വീട്ടിലെത്തിയപ്പോൾ, ആ വീടിന് ഒരു പുതിയ പ്രഭാവം കൈവന്നതുപോലെ തോന്നി.
വീട്ടിലെത്തിയ ഉടനെ വാസുദേവൻ അതുലിനെ വിളിച്ച് എല്ലാ കാര്യങ്ങളും അറിയിച്ചു. ഹർഷനെതിരെ നിയമനടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചു. ഹർഷൻ നാഥ് എന്ന പ്രതിയോഗി അമലിന്റെ ജീവിതത്തിൽ കളിച്ച കളിക്ക്, അവൻ ശിക്ഷ അനുഭവിച്ചേ തീരൂ.
