“എന്താ ഇത് മോളെ… ദേഷ്യം കള… നെയ്ബേർസ് ആരെങ്കിലും ആയിരിക്കും…” ശേഖർ അനിതയുടെ പിടുത്തം വിടുവിച്ച് എഴുന്നേറ്റു.
“ഏയ് ഇത് നെയ്ബേർസ് ഒന്നുമല്ല… ഇവിടെ അടുത്ത് താമസിക്കുന്നവർക്കൊക്കെ ബോധവും കുടുംബവും ഒക്കെ ഉള്ളതാണ്… ഇത് നമ്മുടെ ആരുടെയെങ്കിലും ബന്ധുക്കളോ ആരെങ്കിലും ആവും”
ശേഖർ നേരെ ചെന്ന് കതക് തുറന്നു. തലേദിവസം ധരിച്ചിരുന്ന ടീഷർട്ടും ജിം ഷോർട്ട്സും തന്നെയായിരുന്നു അവന്റെ വേഷം.
വാതിൽ തുറന്നപ്പോൾ പുറത്ത് ദേവകി ചേച്ചി നിൽക്കുന്നത് കണ്ടു. ശേഖറിന്റെ വീട്ടിൽ പണ്ട് ജോലിക്ക് നിന്നതാണ് ദേവകി ചേച്ചി. ചെറുപ്പത്തിൽ ശേഖറിനെ ചോറൊക്കെ കൊടുത്ത് വളർത്തിയത് ദേവകി ചേച്ചിയാണ്.
അതുകൊണ്ടുതന്നെ ദേവകി ചേച്ചിയോട് അമ്മയോട് എന്നപോലെയുള്ള സ്നേഹം ശേഖറിനു ഉണ്ട്. പത്താം ക്ലാസ് വരെ ശേഖറിന്റെ കാര്യങ്ങളൊക്കെ നോക്കിയത് ദേവകി ചേച്ചി ആയിരുന്നു.
പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ വന്നതിൽ പിന്നെ ദേവകി ചേച്ചി ജോലി മതിയാക്കി. എങ്കിലും ചില വിശേഷ ദിവസങ്ങളിലൊക്കെ ശേഖറിന്റെ അമ്മ വിളിക്കുമ്പോൾ ദേവകി ചേച്ചി വീട്ടിൽ ചെല്ലാറുണ്ട്.
ദേവകി ചേച്ചിക്കൊപ്പം കൂടെ ഒരു ഗർഭിണിയായ സ്ത്രീയും ഉണ്ടായിരുന്നു.
“അല്ല… ഇതാരാ ദേവകി ചേച്ചിയോ… എന്താ ഒന്നും പറയാതെ പെട്ടെന്ന്…”
“ഞാൻ മോളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതാ… കുഞ്ഞിന്റെ അമ്മ തന്നെയാണ് ഹോസ്പിറ്റലിലെ ചെലവെല്ലാം വഹിച്ചത്”
ദേവകി ചേച്ചി ശേഖറിനെ എപ്പോഴും ‘കുഞ്ഞേ’
എന്നെ വിളിക്കാറുള്ളൂ. സ്വന്തം മകനെ പോലെയാണ് അവർ ശേഖറിനെ നോക്കിയത്. അതിന്റെ നന്ദി സൂചകമായി അടുത്തിടെ ദേവകി ചേച്ചിയുടെ മകളുടെ വിവാഹം നടത്തിക്കൊടുത്തത് ശേഖറിന്റെ അമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു.
ദേവകി ചേച്ചിക്കൊപ്പം കൂടെ നിന്നത് അവരുടെ മകൾ പ്രേമലത ആയിരുന്നു.
“സത്യത്തിൽ ഇവളെ എനിക്ക് ആദ്യം മനസ്സിലായതേയില്ല” ദേവകി ചേച്ചിയുടെ മകൾ പ്രേമലതയെ നോക്കിച്ചിരിച്ചുകൊണ്ട് ശേഖർ പറഞ്ഞു. പ്രേമലത ശേഖറിനെ നോക്കി പുഞ്ചിരിച്ചു.
“ചേച്ചി എന്തേ വല്യേട്ടാ?” പ്രേമലത വല്യേട്ടാ എന്നാണ് ശേഖറിനെ വിളിക്കുന്നത്.
അപ്പോഴേക്കും അനിത ശേഖറിന്റെ പുറകിൽ വന്നു നിന്നിരുന്നു. ബന്ധുക്കൾ ആരെങ്കിലും ആയിരിക്കും വന്നത് എന്ന് കരുതി അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു.
ഒരു നീല ചുരിദാർ ആയിരുന്നു അവളുടെ വേഷം. പ്രേമലതയുടെ വല്യേട്ടാ എന്നുള്ള വിളി അനിതയ്ക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ ശേഖറിന് മനസ്സിലായി.
“എന്നെ മനസ്സിലായോ മോളെ?” ദേവകിയമ്മയുടെ ചോദ്യത്തിന് മനസ്സിലായി എന്നുള്ള മട്ടിൽ അനിത തലയാട്ടി.
“അറിയാം ദേവകിയമ്മയല്ലേ… ശേഖർ പറഞ്ഞിട്ടുണ്ട്”
“ശേഖർ ജിമ്മിൽ പോകുന്നെങ്കിൽ പൊയ്ക്കോളൂ. ഞാനിവരെ ട്രീറ്റ് ചെയ്തേക്കാം. ഇവരെ എന്തായാലും ബ്രേക്ക്ഫാസ്റ്റ് കഴിപ്പിച്ചിട്ടേ ഞാൻ വിടുന്നുള്ളൂ. നിങ്ങൾ രണ്ടുപേരും അകത്തേക്ക് വാ” അനിതയുടെ സംസാരത്തിൽ അല്പം ഗൗരവം കടന്നതുപോലെ ശേഖറിന് തോന്നി.
“ഇവൾക്ക് ഇത് എത്ര മാസമാണ്?” ശേഖർ ദേവകിയോട് ചോദിച്ചു.
“ഈ ശേഖറിന് എന്താ? പെണ്ണുങ്ങളുടെ മാസമൊക്കെ നോക്കുന്നേ” അനിതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
ശേഖറിന് കാര്യം പിടികിട്ടി. പ്രേമലത തന്നോട് സംസാരിച്ചതും തന്നെ വല്യേട്ടാ എന്ന് വിളിച്ചതും ഒന്നും അനിതയ്ക്ക് അത്ര പിടിച്ചിട്ടില്ല. പ്രേമലത പൂർണ്ണ
ഗർഭിണിയായി നിൽക്കുകയാണ്.
ഗർഭിണിയായതു കൊണ്ട് തന്നെ നല്ല വീപ്പകുറ്റി പോലെയാണ് അവൾ നിൽക്കുന്നത്. അപ്പോഴാണ് ശേഖർ മറ്റൊരു കാര്യം ഓർത്തത്. പണ്ട് അനിതയെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ശേഖർ പ്രേമലതയുടെ കാര്യം പറഞ്ഞിരുന്നു.
ചെറുപ്പത്തിൽ അവളെ കാണാൻ നടി സുചിത്രയെ പോലെ ഇരിക്കും, താൻ അവളെ ഒന്ന് നോക്കിയതൊക്കെയാണ്. ഇങ്ങനെയൊക്കെ വെറുതെ പറഞ്ഞിരുന്നു. ചിലപ്പോൾ അനിത അതെല്ലാം ഓർത്തു കാണും.
പെണ്ണുങ്ങൾ അതൊന്നും അത്ര പെട്ടെന്ന് മറക്കുന്ന കൂട്ടത്തിൽ ഒന്നുമല്ലല്ലോ.
