” കൊച്ചേ ചെറുത് അടിക്കുന്നോ ? ഇറക്കുമതി സാധനം ഉണ്ട് ”
വല്ല്യ പപ്പാ പെട്ടെന്ന് അവളുടെ തോളിലേക്കു കയ്യിട്ടു ചേർത്തു പിടിച്ചു…. ആളുടെ ഇളയ മകളുടെത് കല്യാണം..!!
പണ്ടു മുതൽ കുടുംബക്കാർ എല്ലാം കൂടുന്ന സമയങ്ങളിൽ ചെറുത് അടിക്കുന്നത് ഒരു പാരമ്പര്യമായി തന്നെ ആ കുടുംബത്തിൽ നില നിന്നിരുന്നു.
ബോംബെ സഫിയരിന്റെ ഷോട്ട് ഒരെണ്ണം കനത്തിൽ പിടിപ്പിച്ച് ചുണ്ട് തുടച്ചതും അവളുടെ ഫോണിലേക്ക് കോൾ വന്നു..
അറ്റെൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തതും അപ്പുറത്ത് ചാച്ചനായിരുന്നു..
” കൊച്ചേ നീ ഇപ്പോൾ ഇവിടെ ഉണ്ടോ ? ”
” ആ വല്ല്യ പപ്പേടെ അടുത്ത് ഉണ്ട്..!! എന്നാ ചാച്ചാ..?? ”
” എടി ഞാനാ പെങ്കൊച്ചിന് ഒരു വള വാങ്ങിയായിരുന്നു അത് എടുക്കാൻ വിട്ട് പോയി.. നിന്റെ അമ്മച്ചിക്ക് പിന്നെ ബോധം കൂടുതൽ ആണല്ലോ നീയാ പിള്ളേരെ ആരെ എങ്കിലും കൂട്ടീട്ട് അതൊന്ന് എടുത്തിട്ട് വായോ..”
“ചാച്ചാ ഇതിന്റെ ഇടക്കോ..?? നാളെ കൊടുത്താൽ പോരേ ഇനി ഇതിൻറെ ഇടയ്ക്ക് വീട്ടിൽ പോയി അത് എടുത്തിട്ട് വരണം ?? ”
” ഇന്നല്ലേ പിന്നെ ഇടണ്ടേ ? ആ പിള്ളേര് ആരേലും അവിടെ കാണും കൊച്ചൊന്ന് പെട്ടെന്ന് വീട്ടിൽ പോയിട്ട് വാ ”
” ആം ശരി ”
കൂടെയുള്ള ഒരു കസിനേയും കൂട്ടി വീട്ടിലേക്ക് പോകാൻ ഇറങ്ങിയതും സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി പക്ഷേ തിരക്ക് ആയത് കൊണ്ട് തന്നെ അവൾ നോക്കാൻ പോയില്ല..
അപ്പോഴത്തെ തിരക്കിൽ കോൾ എടുക്കാതെ അവഗണിച്ചു വിട്ടെങ്കിലും രണ്ടു മൂന്ന് തവണ പുറകെ വിളിച്ചപ്പോൾ.. സംശയത്തോടെ അവൾ ഫോൺ എടുത്ത് നോക്കിയതും സ്‌ക്രീനിലെ പേര് കണ്ട് സ്റ്റെല്ല ഒന്ന് ഞെട്ടി..!!
‘ ശിവ..!!! അതും ഈ സമയത്ത് കോൾ എടുക്കണോ വേണ്ടയോ അവൾ ഒന്ന് ശങ്കിച്ചു നിന്നു പിന്നെ അവിടെ നിന്നും മാറി കുറച്ച് അപ്പുറത്തേക്ക് നിന്ന് കോൾ അറ്റൻഡ് ചെയ്തു.. ചെവിയിലേക്ക് ചേർത്തു.
” ശിവ എന്താ ഈ സമയത്ത് ?? ”
” അതെന്താ.. എൻറെ പെണ്ണിനെ വിളിക്കണമെങ്കിൽ എനിക്ക് ഇന്ന സമയം വേണമെന്നുണ്ടോ ?? ”
” അതില്ല എന്നാലും ഞാൻ പറഞ്ഞതല്ലേ കല്യാണ വീട്ടിൽ ആണ്.. തിരക്കായിരിക്കും എന്നൊക്കെ ”
” ആണോ ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ..!! ”
അവൻറെ സംസാരത്തിൽ ചെറിയ എക്സൈറ്റ്മെന്റ് അവൾ ശ്രദ്ധിച്ചു.
” എന്താണാവോ ?? ”
” ഇത് കേരള അച്ചായത്തിമാരുടെ ഡ്രസ്സ് ആണോ കാണാൻ ഭംഗി ഉണ്ടല്ലോ !! ”
ചെറിയ ചിരിയോടെ അവൻ അത് പറഞ്ഞതും അവൾ ഞെട്ടലോടെ ചുറ്റുപാടും ഒന്ന് നോക്കി.
” മനസ്സിലായില്ല ?? ”
” നീ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് അടിപൊളി ആണല്ലോ എന്താ ഇതിൻറെ പേര് ?? ഇത് നിങ്ങൾ അച്ചായത്തിമാരുടെ സ്‌പെഷ്യൽ ആണോ എന്ന് ”
” ശിവ നീ എവിടെയാണുള്ളത് ?? ”
അവൾ ചെറിയ പരിഭ്രമത്തോടെയും എന്നാൽ അതിലേറെ ആകാംഷയോടെയും ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു..
ശരീരമാകെ കോരിത്തരിക്കുന്നു അവൻ ഇവിടെ എവിടെയോ ഉള്ളതുപോലെ മനസ്സ് പറയുന്നു…
” ശിവ എവിടെയാ ഉള്ളത് പറ ?? ”
അവളുടെ തുടരെ ത്തുടരെയുള്ള ചോദ്യങ്ങൾക്ക് അപ്പുറത്തു ചിരി മാത്രമായിരുന്നു മറുപടി.
” ശിവ സത്യം പറ നീ ഇവിടെ ഉണ്ടോ ? ”
” നേരെ പുറത്തേക്കു നടക്ക് പെണ്ണേ ” അപ്പുറത്ത് ശിവയുടെ ശബ്ദം അവൾ ചെറിയ എക്സൈറ്റമെന്റൊടെ ചുറ്റും നോക്കി ശേഷം കൂടെ ഉള്ള കസിനോട് 5 മിനിറ്റ് എന്ന് പറഞ്ഞു പതിയെ പുറത്തേക്ക് നടന്നു…
കല്യാണ വീടിൻറെ മുറ്റത്തു നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും നേരെ ചാച്ചന്റെ മുന്നിലേക്കാണ് പോയി പെട്ടത്..
” നീ ഇതു വരെ പോയില്ലെ പെണ്ണേ ? ”
” അങ്ങോട്ടേക്ക് തന്നെയാണ് പോകുന്നത്..!! ചാച്ചൻ ഒന്നടങ്ങിക്കേ ”
” എങ്ങോട്ടേക്ക് പോകുന്ന കാര്യമാ നിന്റെ പപ്പാ പറയുന്നത് ? ”
അതേ സമയം തന്നെ ഫോണിൽ കൂടി ശിവയുടെ ശബ്ദം..
അവൾ ഒന്നും മിണ്ടാതെ പിന്നെയും ഫോൺ പിടിച്ച് പുറത്തേക്ക് നടന്നു..
വീടിന് പുറത്ത് എത്തിയതും അവിടെ നാട്ടിലെ തന്നെ കുറച്ച് ആളുകളും കുറച്ചു അപ്പുറത്ത് രണ്ടു മൂന്നു മദ്യ സഭകളും ഉണ്ടായിരുന്നു..
