അല്ല അവനു ഇങ്ങോട്ടും ഒന്ന് വിളിക്കാല്ലോ… അവിടെ കൃഷ്ണനായിട്ടു നടക്കുക ആയിരിക്കും.. പെൺപിള്ളേരെ വിളിച്ചു കഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിക്കാൻ സമയം വേണ്ടേ..
ഒന്നു പോടാ… എന്റെ മോൻ പെണ്പിള്ളേരുടെ മുഖത്തു പോലും നോക്കില്ല…. അവനു അത്രക്കും പഠിക്കാനുണ്ടാകും അതാ വിളിക്കാതെ.. അല്ലാതെ നിന്നെ പോലെ പെൺപിള്ളേരെ നോക്കി നടക്കുവല്ലേ… എന്നെ ഒന്ന് ആക്കി പറഞ്ഞു
ഹാ അവൻ പെണ്പിള്ളേരുടെ മുഖത്തു നോക്കുന്നുണ്ടാവില്ല… അമ്മേ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ… അല്ല ഞാനേതു പെൺപിള്ളേരെ നോക്കി നടന്നു എന്നാ പറഞ്ഞെ…
നീ പിന്നെ എല്ലാ ദിവസവും ആരെയാ നോക്കുന്നെ…
ഓഹ് അങ്ങനെ… അതെന്റെ പണിയല്ലേ….
ഉം അപ്പുറത്തെ വീട്ടിലെ പെണ്ണിന് നിന്നെ ഒരു നോട്ടം ഉണ്ടെന്നു തോന്നുന്നു… ഇന്നുച്ചക് ഇവിടെ വന്നരുന്നു… ചോദിച്ചത് മുഴുവൻ നിന്നെ കുറിച്ചാ…
എന്നിട്ട് അമ്മയെന്തു പറഞ്ഞു..
ഹോ ഞാൻ എന്ത് പറയാൻ….. നിന്റെ രണ്ടു കല്യാണം കഴിഞ്ഞതാ… രണ്ടും ഡിവോഴ്സ് ആയി.. ഇനി അടുത്തതിനെ നോക്കുന്നെന്നു… എന്താ പോരെ…
ഒരു മയത്തിലൊക്കെ പോരായിരുന്നോ.. ഇത് കുറച്ചു കൂടി പോയില്ലേ..
കൂടിയോ…സാരമില്ല.. എന്റെ തലക് ഒരു കൊട്ടും തന്നു അമ്മ ചായ ഗ്ലാസ് എടുത്തു ഉള്ളിലേക്കു പോയി…
ഞാൻ മൊബൈൽ എടുത്തു അജുവിന്റെ നമ്പറിലേക് ഡയല് ചെയ്തു… മറു സൈഡിൽ നിന്നും ബിസി ടോൺ കേട്ടു..
അമ്മേ ഞാൻ പറഞ്ഞില്ലേ.. അവൻ ബിസി ആണ്…
പറഞ്ഞു തീരുന്നേനു മുന്നേ അവൻറെ കാൾ എന്റെ ഫോണിലേക്കു വന്നു…
എന്താണ് ഉണ്ണിയേട്ടാ ഫുൾ ടൈം ബിസി ആണല്ലോ….
ഡാ.. ഡാ.. ഞാൻ അങ്ങോട്ടു ചോദിക്കുന്നെന് മുന്നേ നീ എന്നോട് ചോദിക്കുന്നോ.. ഞാൻ എത്ര നേരായി വിളിക്കുന്നു നിന്റെ ഫോൺ ബിസി ആരുന്നല്ലോ…
അത് ഒരു ഫ്രണ്ടിന്റെ അർജന്റ് കാൾ ആയിരുന്നു..
ഓഹ് ഒരു അർജന്റ് വല്ല നിധിയും കിട്ടുന്ന കാൾ ആണൊ..
ഹാ “നിധി”… കിട്ടും.. അവൻ ചിരിയോടെ പറയുന്ന കേട്ടു..
അപ്പോളേക്കും ഫോൺ അമ്മ വാങ്ങിയിരുന്നു…
ഇവിടെ ഒരു അമ്മയും ചേട്ടനും ജീവിച്ചിരിക്കുന്ന കാര്യം വല്ലോം മോനറിയാവോ…
ആ പത്രത്തിൽ കണ്ടാരുന്നു… അവൻ ഇളിച്ചോണ്ട് പറയുന്നത് മൊബൈലിന്റെ ലൗഡ് സ്‌പീക്കറിൽ കൂടെ കേട്ടു…
നീ എല്ലാ ദിവസോം പത്രം നോക്കുന്നുണ്ടാവും ചരമ കോളത്തിൽ ഞങ്ങടെ വർത്തയുണ്ടോന്ന് അല്ലേ…
അതെ താത്രി കുട്ടീ വേണ്ടാത്തത് പറയണ്ടാട്ടോ… ഞാൻ ഈ ആഴ്ച വരും അങ്ങോട്ട്…
അവൻ പിന്നെയും എന്തൊക്കെയോ കോളേജ് വിശേഷങ്ങൾ പറഞ്ഞു….അമ്മ ഇവിടുത്തെ വിശേഷങ്ങളും എന്റെ കാലു മുറിഞ്ഞതും ജോയിൻ ചെയ്യാൻ പോയതും എല്ലാം… പറഞ്ഞു.. ഏകദേശം അര മണിക്കൂറോളം കഴിഞ്ഞാണ് ഫോൺ വെച്ചത്…
ഉണ്ണീ നമ്മൾ വന്നിട്ടിത് വരെ പറശ്ശിനി കടവ് പോയില്ലല്ലോ ഒന്ന് പോയിട്ടു വന്നാലോ..
ഞാൻ റെഡി അമ്മ റെഡി ആയിക്കോ…
സന്ധ്യ ആയിരുന്നു അമ്പലത്തിലേക് എത്താൻ വണ്ടി പാർക് ചെയ്തു.. പുറത്തേക്കിറങ്ങി അമ്പലത്തിനു പുറത്തുള്ള ചന്തകൾക്കു നടുവിലൂടെ ഉള്ളിലേക്കു നടന്നു…പണ്ട് അച്ഛന്റെ കൂടെ വരുമ്പോൾ ഓരോ കളിപ്പാട്ടങ്ങൾ വാങ്ങി തന്നിരുന്നതോർത്തു മുന്നോട്ടു നടന്നു..
ഉണ്ണീ ഇവിടിരുത്തിയിട്ടോ നിനക്ക് ആദ്യായി ചോറ് തന്നത്. അമ്പലത്തിന്റെ ശ്രീകോവിലിനു പുറത്തു കെട്ടിയിരുന്ന ചുറ്റും അഴികളിട്ട ചെറിയ ഇടം ചൂണ്ടി അമ്മ പറഞ്ഞു…
അച്ഛന്റെ മടിയിൽ ഒറ്റ മുണ്ട് മാത്രം ഉടുത്തു താൻ ഇരുന്നിട്ടുണ്ടാവണം… അച്ഛനെ ഓർമ വന്നു.. അവിടേക്കു നടന്നു അഴികളിൽ പിടിച്ചു ഉള്ളിലേക്കു നോക്കി.. ഒരു കുട്ടിക്ക് ചോറ് കൊടുക്കുന്നുണ്ടായിരുന്നു…
അവൻ അവൻറെ അച്ഛന്റെ മടിയിൽ ഇരുന്നു നിഷ്കളങ്കമായി ചിരിക്കുന്നു… ചുണ്ടിൽ പറ്റിയ പായസം ഞൊട്ടി നുണയുന്നുണ്ട്…
അതിന്റെ വലതു ഭാഗത്തായി വഴിപാട് കൌണ്ടർ ഉണ്ട്… പേരും നാളും ഒന്നും പറയേണ്ട…മനസ്സിൽ ആഗ്രഹിച്ച വഴിപാട് അവിടെ കഴിപ്പിചാൽ മതി..
കണ്ണൂർ കാർക് എന്തിനും ഏതിനും മുത്തപ്പൻ ആണ്… ഉള്ളറിഞ്ഞു വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം എന്നു അമ്മ എപ്പോളും പറയും…അമ്മ അവിടേക്കു കയറി എന്തൊക്കെയോ നേർച്ചകൾ കഴിക്കുന്ന കണ്ടു… അവിടെ തന്നെയാണ് പ്രസാദവും… വരുന്നവർക്കെല്ലാം ചായയും പയറു പുഴുങ്ങിയതും തേങ്ങ പൂളും കിട്ടും… അതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. ജാതി മത വർഗ ഭേദമന്യേ ആയിരങ്ങളാണ് ആ സന്നിധിയിലേക് എത്തുന്നത്.. എത്തുന്നവർക്കെല്ലാം പ്രസാദം വിതരണം ചെയ്യും.. അത് കിട്ടാതെ ആരും മടങ്ങി പോകേണ്ടി വരാറില്ല..
