അനുപല്ലവി – 4 2

നേരേ അമ്പലത്തിനു മുന്നിലൂടെ ഒഴുകുന്ന പറശ്ശിനി പുഴയിലേക്കു നടന്നു.. ചെരുപ്പു അഴിച്ചു വെച്ചു പടികൾ ഇറങ്ങി ചെന്നു… കാലും മുഖവും കഴുകി..

അമ്പലത്തിനുള്ളിലേക് നടന്നു..

സന്ധ്യ ആയിരുന്നതിനാൽ അമ്പലത്തിനു ചുറ്റും ദീപങ്ങൾ തെളിഞ്ഞു… ദീപ പ്രഭയിൽ അവിടം വിളങ്ങി… നട തുറന്നപ്പോൾ മുത്തപ്പനെ കണ്ടു വണങ്ങി… മുടി വെച്ചിറങ്ങിയ തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നിൽ കൈ കൂപ്പി നിന്നപ്പോളും മനസ്സിൽ വന്നതു പല്ലവിയുടെ മുഖം ആണ്‌… അവളെ വേറെ ആർക്കും കൊടുക്കാതെ തന്റെ സ്വന്തം ആകണേ എന്നു മാത്രം ആയിരുന്നു പ്രാർത്ഥന… അവിടെ നിൽകുമ്പോൾ മനസ്സിനുള്ളിൽ വല്ലാത്തൊരു ശാന്തത വന്നു നിറയുന്നതറിഞ്ഞു…

അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ.. പിന്നിൽ നിന്നും ഡോക്ടർ മോനെ എന്നൊരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..

ആ ഉമ്മാ എന്താ ഇവിടെ…

അമ്മ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു… അമ്മേ ഇതു റസിയ യുടെ ഉമ്മയാണ്…ആ കുട്ടി പ്രെഗ്നന്റ് ആണ്‌ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു…

അമ്മക്ക് മനസ്സിലായി എന്നെ കാണാൻ വന്ന പേഷ്യന്റിന്റെ ഉമ്മ ആണെന്ന്..

ഉമ്മയെന്താ ഇവിടെ..
മോനെ ഒരു നേർച്ച ഉണ്ടെനു.. ഒരു പയിൻകുറ്റി വെള്ളാട്ടം… ഓള് ഈയിടക്ക് വേദന കൊണ്ട് കരഞ്ഞപ്പോൾ നേർന്നത..

മുത്തപ്പന് ജാതിയും മതവും ഒന്നുമില്ലല്ലോ.. ഇവിടെ എല്ലാ മതസ്ഥരും വന്നു പ്രാര്ഥിക്കാറുണ്ട്… ഞാൻ അതാണ് ഓർത്തത്‌…

ഞാൻ അമ്മയെ ആ ഉമ്മാക് പരിചയ പെടുത്തി കൊടുത്തു…

അമ്മ ഭാഗ്യം ചെയ്തതാ കേട്ടോ.. ഇത് പോലെയൊരു മോനെ കിട്ടാൻ… എന്നെ ഉമ്മ ചേർത്തു നിർത്തിയാണ് അമ്മയോട് പറഞ്ഞത്.. പറഞ്ഞു കഴിഞ്ഞപ്പോൾ അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.. അവരുടെ മകനെ ഓർത്തിട്ടാവണം.. അമ്മയും അവരുടെ കണ്ണ് നിറയുന്നത് കണ്ടു… ഒന്നും പറയാതെ അവരുടെ കൈകൾ ചേർത്തു പിടിച്ചു.. അവരുടെ ഏതോ വിഷമത്തിനെ ആശ്വസിപ്പിക്കുന്ന പോലെ…അല്ലെങ്കിലും ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക് പെട്ടെന്ന് മനസ്സിലാവും…

ഞാൻ പോട്ടെ മോനെ… ഇരുട്ടാക്കുന്നേനു മുന്നേ വീട്ടിൽ എത്തണം..

ഞാൻ കൊണ്ടാക്കണോ ഉമ്മ..

വേണ്ട മോനെ.. ഈടെ അടുത്താ നടക്കാൻ ഉള്ള ദൂരെ ഉള്ളു..

റസിയ യോട് ബ്രീത്തിങ് എക്സെർസൈസ് ചെയ്യാൻ ഓര്മിപ്പിക്കണം കേട്ടോ ഉമ്മ..

പറയാം.. മോനെ… അതും പറഞ്ഞു ആ ഉമ്മ മുൻപോട്ടു നടന്നു…

ആ ഉമ്മ ഉള്ളിലേക്കു പോകുന്നതും നോക്കി ഞങ്ങൾ വണ്ടിയുടെ അടുത്തേക് നടന്നു…

തിരിച്ചു വരുമ്പോളാണ് വണ്ടിയിൽ ഇരുന്നു.. ആ ഉമ്മയുടെയും മരിച്ചു പോയ ആ ഉമ്മയുടെ മകന്റെയും റസിയ യുടെ വയറ്റിൽ വളരുന്ന ആ ഉമ്മയുടെ മകന്റെ കുഞ്ഞിന്റെയും കാര്യം അമ്മയോട് പറഞ്ഞത്..

അത് കേട്ടതും…അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു… പിന്നീട് വീട് എത്തുന്നത് വരെ ഒന്നും സംസാരിച്ചില്ല..

അമ്മ എന്തോ ഓർത്തിരിക്കുന്നതു പോലെ തോന്നി… പണ്ട് അച്ഛന്റെ കൂടെ സഞ്ചരിച്ച വഴികളിലൂടെ ഉള്ള യാത്ര… അമ്മയുടെ ഓർമകൾക്ക് നനവ് ഏറിയിരിക്കണം…

അമ്മയ്ക്ക്.. മുത്തശ്ശിയെ കാണണ്ടേ അമ്മേ… രാത്രി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ആണ്‌ ചോദിച്ചത്..

കാണണം എന്നുണ്ട്.. പക്ഷെ അതിനു ശ്രീലകത്തേക് ഞാനില്ല ഉണ്ണീ… നമ്മൾ ഇവിടെ ഉള്ളത് ശ്രീലകത്തെ ആരും അറിയണ്ട…
ഞാൻ കൊണ്ട് കാണിക്കാം അമ്മേ…

എങ്ങനെ..?

അതറിയില്ല.. നോക്കാം എന്തെങ്കിലും വഴി കാണാതിരിക്കില്ല…

പണ്ട് എല്ലാ മലയാള മാസം ഒന്നാം തീയ്യതിയും.. ഇവിടെ കൃഷ്ണന്റെ അമ്പലത്തിൽ അമ്മ തൊഴാൻ വരുമായിരുന്നു ഇപ്പോൾ അറിയില്ല..

എന്നാൽ ഈ ഒന്നാം തീയ്യതി നമുക്ക് നോക്കാം അമ്മേ..

ഒന്ന് കണ്ടാൽ മതി… എത്ര വർഷായി… ദേവേട്ടൻ മരിച്ചപ്പോളാണ് അവസാനമായി ശ്രീലകത്തിന്റെ പടി ചവിട്ടിയത്… കൃഷ്ണേട്ടൻ അന്ന് പറഞ്ഞത് ഇന്നും മുള്ളു പോലെ ഉള്ളിൽ ഉണ്ട്..

“സാവീ എന്റെ ദേവനെ നിന്റെ ദേവേട്ടനെ അവൻ വിശ്വൻ കൊന്നതാ… അവൻ അതിനു അനുഭവിക്കും… എന്നെങ്കിലും ഞാൻ അത് പോലെ മരിക്കാൻ ഇടയായാൽ നീ മക്കളേം കൊണ്ട് എങ്ങോട്ടെങ്കിലും പൊക്കോണം പിന്നെ ഈ നാട്ടിലേക്കു.. ഈ നശിച്ച നാട്ടിലേക്ക് തിരിച്ചു വരരുതെന്ന്… “

Leave a Reply

Your email address will not be published. Required fields are marked *