അമലൂട്ടനും അനുക്കുട്ടിയും – 5 1

മ്മ്……. മറുപടിയൊന്നും പറയാതെ ഞാനെല്ലാം മൂളിക്കേട്ടു….

നീ പിണങ്ങല്ലെടാ ഏട്ടന് വരാൻ പറ്റാത്തോണ്ടല്ലെ….
എന്തായാലും നീ ഒന്ന് ക്ഷമിക്ക് !…

എനിക്ക് പിണക്കമൊന്നുമില്ല പിന്നെ ഏട്ടനെ കാണാൻ പറ്റില്ലല്ലോന്ന സങ്കടം…….. വാക്കുകൾ മുഴുവിക്കാതെ ഞാൻ നിശബ്ദമായ്…..

എന്തു ചെയ്യാനാ മോനേ ലീവില്ലാത്തോണ്ടല്ലേ!….
പിന്നെ ഞാൻ അമലൂട്ടനെ വിളിക്കാനിരിക്കുവായിരുന്നു ,അടുത്ത ഞായറാഴ്ച മോൻ കാപ്പാടേക്ക് വരണം എൻ്റെ വീട്ടിലേക്ക്…..
“മീനൂനും കുട്ട്യോൾക്കും മോനെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്”…….. അന്നത്തെ ദിവസം ഫുൾ ഞങ്ങടെ കൂടെ , വീട്ടീന്ന് ഊണും കഴിച്ച് ചെറിയൊരു കറക്കമൊക്കെ കറങ്ങി വൈകിട്ട് പിരിയാം……..
എന്താ വരില്ലേ നീ???

വരില്ലേന്നോ…. “എപ്പ വന്നെന്ന് പറഞ്ഞാമതി”………
സന്തോഷത്തോടെ ഞാനതിന് മറുപടി നൽകി…

എന്നാൽ ശരി മോനേ, ഞാൻ വെക്കുവാണേ… നമുക്ക് ഞായറാഴ്ച കാണാട്ടോ……

Ok🥰 ……..

പ്രദീപേട്ടനുമായ് സംസാരിച്ചു കഴിഞ്ഞ് ഞാൻ ജിതിനേയും മാഷിനേയും വിളിച്ചു , ശേഷം ഫോണിൽ ഡ്രോയിംഗ് വീഡിയോസ് കാണുവാൻ തുടങ്ങി….
ഞാനിന്ന് നൾകാൻ പോകുന്ന സർപ്രൈസ് എന്താണെന്നറിയുവാനുള്ള അമ്മയുടെ ആകാംക്ഷ കൊണ്ടാന്ന് തോന്നുന്നു പിന്നീടുള്ള ഓരോ മണിക്കൂറും ഓരോ മിനിട്ടുകൾ പോലെയാണ് കടന്നു പോയത്…..

വൈകുന്നേരം അച്ഛനും അമ്മയ്ക്കും ഭക്ഷണം ഒരുക്കിയ ശേഷം ഒരു ചുവന്ന കളർ സാരിയുമുടുത്ത് മുടി നന്നായ് ചീകിയൊതുക്കി, കണ്ണെഴുതി സുന്ദൂരക്കുറിയുമണിഞ്ഞ് സുന്ദരിയായ് എൻ്റെ അമ്മക്കുട്ടി നടന്നു വരികയാണ് ….
ആ മുഖഭാവങ്ങളിൽ നിന്നും മനസ്സിലാവും അമ്മ എത്രത്തോളം സന്തോഷത്തിലാണെന്ന് , പുഞ്ചിരിയോടെ അമ്മയുടെ കയ്യും പിടിച്ച് ഞാൻ നടക്കുവാൻ തുടങ്ങി ബസ്സ് കയറി കോഴിക്കോട്ടെത്തി ഓട്ടോയിൽ ബീച്ചിലേക്ക് യാത്ര തിരിച്ചു യാത്രയിലുടനീളം അനുഅമ്മയുടെ മുഖം ആകാംക്ഷാഭരിതമായിരുന്നു.
റോഡ് നിറയെ വാഹനങ്ങൾകൊണ്ട് നിറഞ്ഞതിനാൽ പാതി വഴിയിലിറങ്ങി ഞങ്ങൾക്ക് നടക്കേണ്ടി വന്നു…..
ബീച്ചിലേക്കെത്തിയതും ഒരു നിമിഷം ഞാനും അമ്മയും ഒന്ന് നിശ്ചലമായ്!
അവിടമെല്ലാം കോഴിക്കോട്ടുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു….

സംഗീതവിരുന്ന് ആസ്വദിക്കുവാൻ കുടുംബസമേതം എത്തിയിരിക്കുന്നവരും ,യുവാക്കളും, കടൽത്തീരത്തായ് പട്ടം പറത്തുന്ന കുട്ടികളും, ഒട്ടക സവാരി ആസ്വദിക്കുന്ന വിദേശികളും, തീരത്തെ പുണരുന്ന തിരയോടൊപ്പം ഓടിക്കളിക്കുന്ന പെൺകുട്ടികളും,ഐസ്ക്രീമും കുൽഫിയും ഉപ്പിലിട്ടവയും വിൽക്കുന്ന കച്ചവടക്കാരും അങ്ങനെ എല്ലാരെയുംകൊണ്ട് കടൽത്തീരമാകെ ഒരു ഉൽസവപ്രതീതി ഉണർത്തുന്നു……..

പതിയെ അമ്മയുടെ കയ്യും പിടിച്ച് തിരക്കിനിടയിലൂടെ ഉസ്താദ് ഹോട്ടൽ ലക്ഷ്യമാക്കി ഞാൻ നടന്നു ……
ഹോട്ടലിനോടടുക്കും തോറും അതിമനോഹരമായ ആ കാഴ്ച എൻ്റെ മിഴികളിൽ നിറയുവാൻ തുടങ്ങി……

[മേൽ മേൽ മേൽ വിണ്ണിലെ BGM]
വയലറ്റും നീലയും പച്ചയും കലർന്ന വെളിച്ചത്തിൽ മിന്നിത്തിളങ്ങുകയാണ് നമ്മുടെ ഉസ്താദ്ഹോട്ടൽ….

ചുറ്റുവട്ടമെല്ലാം LED ലൈറ്റുകൾകൊണ്ടും, പല നിറത്തിലുള്ള കൊടിതോരണങ്ങൾകൊണ്ടും മലബാറിൻ്റെ തനത് ശൈലിയിൽ വിസ്മയമാം വിധം ഒരുക്കിയിരിക്കുന്നു…..
സംഗീതവിരുന്ന് ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുവാൻ താൽക്കാലികമായ് ഒരുക്കിയിരിക്കുന്ന ടേബിളുകളും…..
ഹോട്ടലിനോട് ചേർന്ന് DJ ലൈറ്റുകൾ കൊണ്ട് ഭംഗിയായ് നിർമ്മിച്ചിരിക്കുന്ന വേദിയും, ഇരുവശങ്ങളിലായ് അടുക്കി വെച്ചിരിക്കുന്ന JBL സ്പീക്കറുകളും, വലത് വശത്തായ് നീളൻ തലപ്പാവും വെള്ളവസ്ത്രവുമണിഞ്ഞ് കൈകൾ ഉയർത്തി ഇടതടവായ് കറങ്ങുന്ന സുഫിഡാൻ സേഴ്സും ……

ഏതൊരാളിലും അനന്ദം നിറയ്ക്കുന്ന കാഴ്ചകളിലേക്ക് ഇറങ്ങിയ ഞാൻ അമ്മയെയും കൂട്ടി മുന്നിലേക്കുള്ള യാത്ര തുടർന്നു….

അമലൂട്ടാ…. ഇതെങ്ങോട്ടാ ൻ്റെ മോൻ പോണേ?? അവിടെ ഇരിക്കാനൊന്നും സ്ഥലമില്ല….. നമുക്കിവിടെ നിന്നാൽപ്പോരെ! നിറഞ്ഞ സദസ്സിലേക്ക് നോക്കിയ അമ്മ ഒരു ചിണുങ്ങലോടെ എൻ്റെ കയ്യിൽ മുറുകെ പിടിച്ചു….

എൻ്റമ്മേ…. “ഇവിടെ എത്തിയിരിക്കുന്ന ഏതൊരാളേക്കാലും വില അമ്മയുടെ അമലൂട്ടനുണ്ട്” അതുകൊണ്ട് മടിച്ചു നിക്കാതെ വാ എൻ്റൂടെ….. ഫൈസിയുടെ വാക്കുകൾ മനസ്സിലേക്കെത്തിയതും തെല്ലൊരഭിമാനത്തോടെ ഞാൻ അമ്മയേം കൂട്ടി മുന്നോട്ട് നടന്നു. എൻ്റെ മറുപടികേട്ട് അമ്പരന്ന്പോയ അനുഅമ്മ മൗനമായ് എന്നോടൊപ്പം അനുഗമിച്ചു…..
…..

തിരക്കുകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങിയതും എൻ്റെ കണ്ണുകളിൽ ഫൈസിയുടെ രൂപം പ്രത്യക്ഷമായ്, ഒട്ടും സമയം കളയാതെ വേഗം നടന്ന് ഞാൻ ഇക്കയുടെ പിന്നിലായെത്തി….
ശേഷം,നിറഞ്ഞ സന്തോഷത്താൽ ഞാനുറക്കെ വിളിച്ചു….

“ഫൈസീ”……..

പിറകിൽ നിന്നുള്ള എൻ്റെ വിളി കേട്ടതും വേഗം തന്നെ ഫൈസി തിരിഞ്ഞു.
ഒരു ചിരിയോടെ പിന്നിലായ് നിന്നിരുന്ന എന്നെ കണ്ടതും സ്നേഹത്തോടെ ഫൈസി അരികിലെത്തിയ ശേഷം ആലിംഗനം ചെയ്തെന്നെ സ്വീകരിച്ചു…..

ഇയ്യെന്താ ഇത്ര വൈകിയേ???….

അത് ബസ്സ് കിട്ടാൻ വൈകി പിന്നെ ഓട്ടോയ്ക്ക് വന്നപ്പോൾ റോഡിൽ ഭയങ്കര തിരക്ക് അവസാനം അവിടിറങ്ങി നടന്നു…..
ബീച്ചിലെ തിരക്കുകൾ പറഞ്ഞുകൊണ്ട് ഞാൻ ഫൈസിയിൽ നിന്നും വിട്ടകന്ന് അമ്മയുടെ അരികിലേക്ക് നിന്നു….

മ്മ്…. സുഖാല്ലെ അനക്ക്…..
ഒരു ചിരിയോടെ ഫൈസി തിരക്കി……

അതെ … സുഖം…
പിന്നെ ഇക്ക, ഇതാണ് എൻ്റെ “അനുഅമ്മ”…..
അമ്മേ ഇതാണ് “ഫൈസി” ഫൈസിയെപ്പറ്റി ഞാൻ പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ!! ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അതിശയിച്ചു നിന്നിരുന്ന അമ്മയോടായ് ഞാൻ പറഞ്ഞു , അതിനൊരു പുഞ്ചിരി മാത്രമായിരുന്നു അമ്മയുടെ മറുപടി… ഏതോ ഒരത്ഭുത ലോകത്തിലെത്തിയപോലെ എന്നെത്തന്നെ ഉറ്റുനോക്കുവാണ് അമ്മ , ഒരു പക്ഷെ “ഞാനെങ്ങനെ ഫൈസിയെ പരിചയപ്പെട്ടന്നായിരിക്കാം എൻ്റെ അമ്മക്കുട്ടി ചിന്തിച്ചോണ്ടിരിക്കണത്”…….
മനസ്സിലങ്ങനെ ഓർത്തുകൊണ്ട് ഞാൻ
അമ്മയെ നോക്കി കണ്ണ്ചിമ്മിയശേഷം ഇക്കയോട് സംസാരിക്കുവാൻ തുടങ്ങി….

ഇക്കാ….. അന്ന് ഫോൺ വിളിച്ചപ്പോൾ ആരെയോ പരിചയപ്പെടുത്താന്ന് പറഞ്ഞിരുന്നല്ലോ???

ഓ…. ഞാനത് വിട്ടുപോയ്……
ഒരു മിനിട്ടേ….

“ശഹാനാ”………

ഫൈസിക്ക ഉറക്കെ വിളിച്ചതും വേദിയുടെ മുന്നിൽ നിന്നും, “പിങ്ക് കളറിൽ മുത്തുകൾ തുന്നിപ്പിടിപ്പിച്ച പോലൊരു ലെഹങ്കയുമണിഞ്ഞ് അൽപ്പം തടിയുള്ള ചുരുണ്ട മുടിയോട് കൂടിയ ഒരു സുന്ദരി ഞങ്ങടടുത്തേക്ക് നടന്നു വരാൻ തുടങ്ങി”!….
ഹോട്ടലിൽ നിന്നും മിന്നിവരുന്ന ലൈറ്റുകളുടെ പ്രകാശത്തിൽ ആ ലെഹങ്കയിലെ മുത്തുകൾ തിളങ്ങുന്നത്പോലെ!…..

എന്താ ഫൈസി വിളിച്ചേ??? ഞങ്ങടരികിലായെത്തിയ ശഹാന ഫൈസീടെ കയ്യിൽ കോർത്ത് പിടിച്ചോണ്ട് ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *