അമലൂട്ടനും അനുക്കുട്ടിയും – 5 6

തിരക്കുകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങിയതും എൻ്റെ കണ്ണുകളിൽ ഫൈസിയുടെ രൂപം പ്രത്യക്ഷമായ്, ഒട്ടും സമയം കളയാതെ വേഗം നടന്ന് ഞാൻ ഇക്കയുടെ പിന്നിലായെത്തി….
ശേഷം,നിറഞ്ഞ സന്തോഷത്താൽ ഞാനുറക്കെ വിളിച്ചു….

“ഫൈസീ”……..

പിറകിൽ നിന്നുള്ള എൻ്റെ വിളി കേട്ടതും വേഗം തന്നെ ഫൈസി തിരിഞ്ഞു.
ഒരു ചിരിയോടെ പിന്നിലായ് നിന്നിരുന്ന എന്നെ കണ്ടതും സ്നേഹത്തോടെ ഫൈസി അരികിലെത്തിയ ശേഷം ആലിംഗനം ചെയ്തെന്നെ സ്വീകരിച്ചു…..

ഇയ്യെന്താ ഇത്ര വൈകിയേ???….

അത് ബസ്സ് കിട്ടാൻ വൈകി പിന്നെ ഓട്ടോയ്ക്ക് വന്നപ്പോൾ റോഡിൽ ഭയങ്കര തിരക്ക് അവസാനം അവിടിറങ്ങി നടന്നു…..
ബീച്ചിലെ തിരക്കുകൾ പറഞ്ഞുകൊണ്ട് ഞാൻ ഫൈസിയിൽ നിന്നും വിട്ടകന്ന് അമ്മയുടെ അരികിലേക്ക് നിന്നു….

മ്മ്…. സുഖാല്ലെ അനക്ക്…..
ഒരു ചിരിയോടെ ഫൈസി തിരക്കി……

അതെ … സുഖം…
പിന്നെ ഇക്ക, ഇതാണ് എൻ്റെ “അനുഅമ്മ”…..
അമ്മേ ഇതാണ് “ഫൈസി” ഫൈസിയെപ്പറ്റി ഞാൻ പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ!! ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അതിശയിച്ചു നിന്നിരുന്ന അമ്മയോടായ് ഞാൻ പറഞ്ഞു , അതിനൊരു പുഞ്ചിരി മാത്രമായിരുന്നു അമ്മയുടെ മറുപടി… ഏതോ ഒരത്ഭുത ലോകത്തിലെത്തിയപോലെ എന്നെത്തന്നെ ഉറ്റുനോക്കുവാണ് അമ്മ , ഒരു പക്ഷെ “ഞാനെങ്ങനെ ഫൈസിയെ പരിചയപ്പെട്ടന്നായിരിക്കാം എൻ്റെ അമ്മക്കുട്ടി ചിന്തിച്ചോണ്ടിരിക്കണത്”…….
മനസ്സിലങ്ങനെ ഓർത്തുകൊണ്ട് ഞാൻ
അമ്മയെ നോക്കി കണ്ണ്ചിമ്മിയശേഷം ഇക്കയോട് സംസാരിക്കുവാൻ തുടങ്ങി….

ഇക്കാ….. അന്ന് ഫോൺ വിളിച്ചപ്പോൾ ആരെയോ പരിചയപ്പെടുത്താന്ന് പറഞ്ഞിരുന്നല്ലോ???

ഓ…. ഞാനത് വിട്ടുപോയ്……
ഒരു മിനിട്ടേ….

“ശഹാനാ”………

ഫൈസിക്ക ഉറക്കെ വിളിച്ചതും വേദിയുടെ മുന്നിൽ നിന്നും, “പിങ്ക് കളറിൽ മുത്തുകൾ തുന്നിപ്പിടിപ്പിച്ച പോലൊരു ലെഹങ്കയുമണിഞ്ഞ് അൽപ്പം തടിയുള്ള ചുരുണ്ട മുടിയോട് കൂടിയ ഒരു സുന്ദരി ഞങ്ങടടുത്തേക്ക് നടന്നു വരാൻ തുടങ്ങി”!….
ഹോട്ടലിൽ നിന്നും മിന്നിവരുന്ന ലൈറ്റുകളുടെ പ്രകാശത്തിൽ ആ ലെഹങ്കയിലെ മുത്തുകൾ തിളങ്ങുന്നത്പോലെ!…..

എന്താ ഫൈസി വിളിച്ചേ??? ഞങ്ങടരികിലായെത്തിയ ശഹാന ഫൈസീടെ കയ്യിൽ കോർത്ത് പിടിച്ചോണ്ട് ചോദിച്ചു….

അനക്കിതാരാന്ന് മനസ്സിലായോ??

മ്മ്…. അമൽ ആണോ?? …..
ഒരു നിമിഷം ഒന്നാലോചിച്ചശേഷം മുന്നിലായ് നിന്നിരുന്ന എന്നെ നോക്കി സംശയം പോലെ ശഹാന പറഞ്ഞു…….

അതെ…. ഇതാ ഞാൻ അന്നോട് പറയാറുള്ള അമൽ….
ഒരു ചിരിയോടെ എന്നെ നോക്കിയശേഷം ഫൈസി മറുപടി നൽകി…..

ഹായ്…. അമൽ “ഇക്ക എപ്പോഴു പറയും എനക്ക് ഒരനിയൻ ചെക്കനെ കിട്ടീന്ന് ” പക്ഷെ ഇപ്പളാട്ടോ അന്നെ നേരിൽ കാണാൻ പറ്റീത്!…..
ഇവടെ സെൻ്റ് മേരീസിലാണല്ലേ പഠിക്കണേ???

അതേ……
ആ ചോദ്യത്തിന് നല്ലൊരു പുഞ്ചിരിയോടെ ഒറ്റവാക്കിൽ ഞാൻ മറുപടി പറഞ്ഞതും ശഹാനയുടെ ശ്രദ്ധ എൻ്റെ അരികിൽ നിന്നിരുന്ന അനുഅമ്മയിലെത്തി

ഇതാരാ അമലേ അൻ്റെ കൂടെ വന്നിരിക്കുന്നേ???

ഇതോ….”ഇതാണെൻ്റെ സ്വന്തം അനുഅമ്മ”…
അമ്മയുടെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് ഞാൻ മറുപടി നൽകിയതും വലതു കയ്യാൽ അമ്മ എന്നെ തഴുകിക്കൊണ്ട് ശഹാനയെ നോക്കി ചിരിച്ചു…..

അമലേ എന്നാ ഞാനങ്ങ് പോവാട്ടോ അൽപ്പം തിരക്കുണ്ട്…..
മ്മക്ക് പരിപാടി കഴിഞ്ഞ് കാണാം, ശഹാനാ ഇയ്യൊരു കാര്യം ചെയ്യ് ഓരെക്കൂടി മുന്നിലേക്കിരുത്ത്…..
ചിരിയോടെ പറഞ്ഞശേഷം ഞങ്ങളെ ശഹാനയെ ഏൽപ്പിച്ചുകൊണ്ട് ഫൈസി തൻ്റെ തിരക്കുകളിലേക്ക് കടന്നു…..

വാ അമലേ… നമുക്ക് അങ്ങോട്ടിരിക്കാം….
ഓരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് എന്നെയും അമ്മയേയും ആദ്യ വരിയിലുള്ള റിസർവ് സീറ്റിലായ് ഇരുത്തിയശേഷം ശഹാന ഫൈസീടടുത്തേക്ക് മടങ്ങി……
……

അൽപ്പസമയങ്ങൾ കഴിഞ്ഞതും ചുറ്റിനും കയ്യടിയും ആരവങ്ങളും ഫിസിൽ മുഴക്കവും ഉയർന്നു……

“ആർത്തിരമ്പുന്ന കോഴിക്കോട്ടുകാർക്കിടയിലൂടെ കറുത്ത ഷർട്ടും മുണ്ടും അണിഞ്ഞ് എല്ലാരെയും നോക്കി കൈ വീശിക്കൊണ്ട് നടന്നു വരികയാണ് നമ്മുടെ കല്ലുമ്മേക്കായാസ്”……
ഏറ്റവും മുന്നിലായ് രാജാവിനെപ്പോലെ നയിക്കുന്ന തടിയനും , അതിനു പിന്നിലായ് ഓരോ കോപ്രായങ്ങൾ കാട്ടിക്കൊണ്ട് മുടിയനും, പിന്നാലെ ഫോർമ്മലായ് ഭഗതേട്ടൻ കാണികളെ അഭിവാദ്യം ചെയ്തുവരുന്നു അതിനു പുറകെ ഗിത്താറും കയ്യിലേന്തി ശ്രീയേട്ടനും ഏറ്റവും പിറകിലായ് പരിചിതമല്ലാത്ത മൂന്ന് മുഖങ്ങളും…..

Leave a Reply

Your email address will not be published. Required fields are marked *