അമലൂട്ടനും അനുക്കുട്ടിയും – 5

എടാ അമലേ….” അനുപമമിസ്സിന് നിന്നോടൊരു പ്രത്യേക സ്നേഹമുണ്ട് കേട്ടോ “!!! മിസ്സിൽത്തന്നെ ശ്രദ്ധയൂന്നിയ നിജാസിൻ്റെ ‘ CID ‘ബുദ്ധിപതിയെ ഉണരന്നു…..

ഹേയ് !!! പോടാ അങ്ങനൊന്നുമില്ല നിനക്ക് വെറുതേ തോന്നണതാ….. എല്ലാക്കുട്ടികളെയും കാണുന്നപോലെ തന്നാ മിസ്സെന്നെയും കാണുന്നത്….. നിജൂൻ്റെ സംശയം അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഞാൻ മറുപടി നൽകി ….

പിന്നെ ഒന്ന് പോയേടാ!!! എന്നിട്ട് മിസ്സ് നിന്നോട് സംസാരിക്കുന്നപോലെ ഈ കോളേജിൽ എത്ര കുട്ടികളോട് സംസാരിക്കുന്നുണ്ട്??… അത്പോട്ടെ ആരെയെങ്കിലും നോക്കി ചിരിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല!…
പക്ഷെ ‘നിന്നെ കാണുമ്പോൾ ചിരിയും സംസാരവും എന്തോ നിന്നെ മിസ്സിന് വല്യ കാര്യമാണെന്നാ തോന്നുന്നേ’ അല്ലെങ്കിൽ ` _”അമ്മയ്ക്ക് സാരി വാങ്ങുവാൻ മിസ്സ് നിൻ്റെ കൂടെ വരുവോ”….._
നീ അനുപമ മിസ്സിന് “Something Special ” ആണെന്നാണെൻ്റെ മനസ്സ് പറയുന്നത്!….. അർത്ഥംവെച്ച് പറഞ്ഞശേഷം നിജാസ് പ്രതീക്ഷയോടെ എന്നിലേക്ക് ശ്രദ്ധയൂന്നി…….

ഏയ്….. നീ വെറുതേ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതേ ഞാൻ നിന്നോട് മുമ്പ് പറഞ്ഞത് മറന്നു പോയോ??? മുഖത്ത് വിരിഞ്ഞൊരു കപട ദേഷ്യത്തോടെ ഞാൻ നിജുനെ നോക്കി കണ്ണുരുട്ടി…..

“നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട ഞാൻ കാര്യമാ പറഞ്ഞത് “….
എന്തോ എനിക്ക് പറയണമെന്ന് തോന്നി അതോണ്ട് പറഞ്ഞു!…… “ആക്കിയൊരു ചിരിയോടെ എന്നെനോക്കി നിജാസ് മറുപടി പറഞ്ഞതും , മറുത്തൊന്നും പറയാനില്ലാത്തതിനാൽ ഞാനെൻ്റെ ശ്രദ്ധ പOനത്തിലേക്ക് തിരിച്ചു”…….

സമയം അതിവേഗം കടന്നുപോയ്ക്കൊണ്ടിരുന്നു…. അല്ലേലും പോയാൽ പിന്നെ തിരികെ കിട്ടാത്ത ഒന്നാണല്ലോ ഈ സമയമെന്ന് പറയുന്നത്!……..

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് നിജുവുമായ് സ്റ്റെയറിനു മുന്നിൽ സംസാരിച്ചു നിൽക്കുമ്പോൾ താഴെ നിന്നും സ്റ്റെയർ കയറി ധന്യാ മിസ്സ് ഞങ്ങടരികിലേക്കായ് നടന്നടുത്തു….
അമലേ…. അനുമിസ്സ് മാത്രമല്ല കേട്ടോ ഞാനുമൊക്കെ പായസം കുടിക്കും! അമ്മയുടെ പിറന്നാളിൻ്റന്ന് എന്നെ കണ്ടിട്ടും ഒന്നും പറയാതെ ഓടിക്കളഞ്ഞില്ലേ നീ??? അരികിലെത്തിയ ശേഷം പരിഭവത്തോടെ പറഞ്ഞുകൊണ്ട് മിസ്സെന്നെ നോക്കിയതും നിജാസ് ഇടയിൽക്കയറി….

“പായസമോ”??? ഇവൻ അമ്മയുടെ പിറന്നാളിൻ്റ ന്ന് അനുമിസ്സിന് പായസം കൊടുത്തോ???? മിസ്സിനോടായ് ചോദ്യമെറിഞ്ഞുകൊണ്ട് നിജാസെന്നെ സംശയത്തോടെ നോക്കി…..

അത് മിസ്സേ…..
അന്ന് അമ്മയ്ക്ക് സാരി വാങ്ങിത്തന്നത് അനുമിസ്സാണ് ….. അപ്പോ അമ്മയാണ് പറഞ്ഞത് പായസംകൊടുക്കാൻ… അങ്ങനെ ഓടി വന്നപ്പം മിസ്സിനെ കണ്ടില്ല
അതാ ഞാൻ വേഗം ലാബിലേക്കോടിയത്….
സംശയ ദൃഷ്ടിയോടെ എന്നെ നോക്കിയ നിജുനെ മൈൻ്റാതെ ഒറ്റ ശ്വാസത്തിൽ ഉരുണ്ടുകളിച്ചോണ്ട് ഞാൻ പറഞ്ഞു നിർത്തി, എൻ്റെ മറുപടികേട്ടതും ധന്യാമിസ്സ് കളിയാക്കുന്ന പോലെ ചിരിച്ചു”…….

നൈസായ് ചരിഞ്ഞൊന്ന് നിജൂനെ നോക്കിയതും പായസം കിട്ടാത്ത കലിപ്പിൽ എന്നെ നോക്കി ദഹിപ്പിക്കുകയാണവൻ…..

മിസ്സേ…. മിസ്സിന്നറിമോ??? “ഇവൻ്റൊപ്പം ഫോട്ടോ ഫ്രയിം ചെയ്യാനും സാരി വാങ്ങാനും, അങ്ങനെ എല്ലാക്കാര്യങ്ങൾക്കും ഞാനാണ് കൂടെ നടന്നത്” .
എന്നിട്ടിവൻ എനിക്ക് പായസം തരാതെ അനുമിസ്സിന് പായസം കൊണ്ടോയ്ക്കൊടുത്തിരിക്കുന്നു…… ഫീലിംഗ്സ് മുഴുവൻ എടുത്ത് പറഞ്ഞുകൊണ്ട് നിജാസ് നിന്ന് കത്തിയതും ദയനീയമായ മുഖത്തോടെ ഞാൻ ധന്യാമിസ്സിനെ ഒന്ന് നോക്കി ,പക്ഷെ എൻ്റെ നോട്ടത്തെ പുച്ച ഭാവത്തോടെ മിസ്സ് തള്ളിക്കളഞ്ഞു….

“അതെന്ത് പരിപാടിയാ അമലേ നീ കാട്ടിയത്”???…. എല്ലാത്തിനും കൂടെ നിന്നിട്ടും നിജാ സിനൊരു തരി പായസംപോലും നീ കൊടുത്തില്ലല്ലാ!!! “തിരിയുടെ ദൈർഘ്യം കൂട്ടുവാൻ വിളക്കിലേക്ക് എണ്ണ പകരുന്നത്പോലെ ധന്യാമിസ്സ് നിന്ന് കത്തിക്കൊണ്ടിരുന്ന നിജാസിൻ്റെ ചോട്ടിലേക്ക് പെട്രോൾ തന്നെ കോരിയൊഴിച്ചു”….. അതോടെ “വിശപ്പിൻ്റെ അസുഖമുള്ള നിജു അവൻ്റെ തനി സ്വരൂപം കാട്ടിത്തുടങ്ങി”……

അതേ മിസ്സേ…. ‘അവന് പടം വരക്കാനുള്ള ബുദ്ധി ഉപദേശിച്ചത് ഞാൻ ‘….
തിരക്കായിരുന്നിട്ടും “മഹേഷേട്ടനെക്കൊണ്ട് കാര്യങ്ങളെല്ലാം സെറ്റ് ചെയ്ത് കൊടുത്തതും ഞാൻ”….
എന്തിന് സാരി വാങ്ങുന്നതിനും ഞാൻ കൂടെ നിന്ന് .
എന്നിട്ടും ഈ തെണ്ടി ചെയ്തത്???……
കലിപ്പിൻ്റെ എക്സ്ട്രീം ലെവൽ പിന്നിട്ട് നിജു നിന്നുറഞ്ഞ് തുള്ളി….

നിജാസേ…. ഇന്ന് രാവിലെ ക്യാൻ്റീനിലേക്ക് പോകുമ്പോഴാണ് നമ്മുടെ അനുമിസ്സ് എന്നോടിതെല്ലാം പറയുന്നത് “ഭയങ്കര ടേസ്റ്റായിരുന്നു പായസത്തിന് ,എന്നാണ് അനുക്കുട്ടി പറഞ്ഞത്”!…..
എന്നാലും അമലേ അന്നാദ്യം എൻ്റടുത്തല്ലെ നീ വന്നത് എന്നിട്ടെന്നോടൊന്ന് പറയുകപോലും ചെയ്യാതെ ഓടിക്കളഞ്ഞില്ലേ , എന്തിന് എല്ലാക്കാര്യങ്ങൾക്കും കൂടെ നടന്നിട്ടും നിജാസിനെയും???……
മുഖത്ത് വിരിഞ്ഞൊരു പുഞ്ചിരി അടക്കിവെച്ചു കൊണ്ട് നിജുനെ നോക്കി അവസാന ആണിയും മിസ്സെൻ്റെ നെഞ്ചിൽ അടിച്ചു….

“അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ “!!!

ആരോ അരികിലായ് നിന്ന് പാടുന്നത്പോലെ തോന്നിയതും “നിങ്ങൾക്കിനിയും മതിയായില്ലല്ലെ” എന്ന ഭാവത്തോടെ ഞാൻ മിസ്സിനെ നോക്കി… പിന്നെ എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല നിജാസിൻ്റെ ഗംഭീര പ്രകടനമായിരുന്നവിടെ അരങ്ങേറിയത്, മിസ്സിനോടുള്ള ബഹുമാന സൂചകമായ് തെറിയൊന്നും പറയാതെ അവൻ നിന്ന് കത്തിക്കൊണ്ടേയിരുന്നു ….
ഇതെല്ലാം കണ്ടും കേട്ടും ധന്യാമിസ്സ് “അരുണേട്ടാ സന്തോഷായില്ലേ”…. എന്നൊരു ഭാവത്തോടെ എന്നെ നോക്കി പുച്ചമിട്ടു”……

ഹൊ! “എന്ത് നൈസായിട്ടാണ് മിസ്സൊരു കുത്തിത്തിരിപ്പുണ്ടാക്കിയത്”………
*”ഇവരിനി പാഷാണം ഷാജിയുടെ പെങ്ങളോ മറ്റോ ആണോ”!!!*
“ഉള്ള പണി മുഴുവൻ ഒപ്പിച്ചിട്ട് ഷാജിയെപ്പോലെ നിന്ന് കിണിക്കണ കണ്ടില്ലേ”….
മനസ്സിലങ്ങനെ പല ചിന്തകൾ ഓടിയെത്തിയതും ഞാൻ പതിയെ നിജാസിലേക്ക് തിരിഞ്ഞു……
എവിടെ , ചെക്കനിതുവരെ അടങ്ങിയിട്ടില്ല….

എൻ്റെ നിജാസേ !
നീ ഒന്ന് നിർത്തിയേ….. എന്താ നിൻ്റെ പ്രശ്നം അന്ന് പായസം തന്നില്ല അതല്ലേ…..
ഏതോ ഒരോർമ്മയിൽ അന്നങ്ങനെ പറ്റിപ്പോയ്.
ഇത്തവണത്തേക്ക് നീയൊന്ന് ക്ഷമിക്ക്, ഇനി അതേപ്പറ്റി പറഞ്ഞിട്ടൊരു കാര്യവുമില്ല….
ദേ “അടുത്ത മാസം എൻ്റെ പിറന്നാൾ വരുന്നുണ്ട്”…. അന്ന് ഞാൻ പായസം കൊണ്ടത്തരാം രണ്ടാൾക്കും പോരെ…. രംഗമൊന്ന് ശാന്തമാക്കുന്നതിനു വേണ്ടി ദയനീയമായൊരു ചിരിയുടെ അകമ്പടിയാൽ ഞാൻ രണ്ട് പേരെയും മാറി മാറി നോക്കി……

“അഗ്നി പർവ്വതം പുകഞ്ഞു
ഭൂ ചക്രവാളങ്ങൾ ചുവന്നു
മൃത്യുവിൻ്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നു”!…..

Leave a Reply

Your email address will not be published. Required fields are marked *