അമലൂട്ടനും അനുക്കുട്ടിയും – 5

അമ്മേ എങ്ങനുണ്ടായിരുന്നു ഇന്നത്തെ സർപ്രൈസ്??
പക്ഷെ ആ ചോദ്യത്തിന് നിറഞ്ഞൊഴുകുന്ന മിഴികളാൽ ഒരു പുഞ്ചിരി മാത്രമായിരുന്ന് അമ്മയുടെ മറുപടി….
അയ്യേ… എന്താമ്മേ ഇത് , എപ്പോഴും കൊച്ചു കുട്ട്യോളെപ്പോലെ ഇങ്ങനെ കരയണെ…
മിഴിനീര് തുടച്ചുകൊണ്ട് ഞാനമ്മയുടെ മുഖം എൻ്റെ കൈക്കുമ്പിളിലാക്കിയതും വാത്സല്യത്തോടെ അമ്മ എന്നെ വാരിപ്പുണർന്നു….

മോനേ…. “അമ്മ ജീവിതത്തിലിന്ന് വരെ ഇത്രത്തോളം സന്തോഷിച്ചിട്ടില്ലെടാ”!…
എൻ്റെ അമലൂട്ടൻ ഓരോ നിമിഷവും സ്നേഹത്താലെന്നെ വീർപ്പുമുട്ടിക്കുവാ.
അവിടെത്തിയ നിമിഷം മുതൽ ആ കാഴ്ചകളെല്ലാം കണ്ട് ഞാനാകെ അതിശയിച്ചു പോയ്!….
“കൂടാതെ എൻ്റെ കുഞ്ഞിനെ അവരെല്ലാം സ്വന്തം അനിയനായ് കാണുന്നൂന്ന് പറഞ്ഞപ്പോ അമ്മയ്ക്ക് ഒരുപാട് സന്തോഷായ്”…….
എന്താ ഞാൻ പറയുക!……… നിറമിഴികളോടെ അമ്മ എന്നിൽ നിന്നും വിട്ടകന്ന് വാത്സല്യത്തോടെ എന്നിലേക്ക് മിഴികൾ നീട്ടി…..

അമലൂട്ടാ! മോനെങ്ങനാ ഇവരെയൊക്കെ പരിചയപ്പെട്ടത്??

അതോ… അമ്മേ ഞാനൊരിക്കലൊരു “പ്രദീപേട്ടൻ്റെ കാര്യം പറഞ്ഞതോർക്കുന്നുണ്ടോ”? ഒരു KSRTC കണ്ടക്ടർ….

മ്മ്…. അന്ന് അഡ്മിഷൻ എടുക്കാൻ മോൻ്റെ കൂടെ വന്നയാളല്ലെ?? സംശയംപോലെ അമ്മ മറുപടി തന്നു…..

അതെ… അത് തന്നെ… ഏട്ടനാണ് ഫൈസിയെ എനിക്ക് പരിചയപ്പെടുത്തിയത് അന്ന് കോളേജീന്ന് അഡ്മിഷനെടുത്ത ശേഷം ഞങ്ങള് ഉസ്താദ് ഹോട്ടലീലേക്കാ പോയത് അവിടെ വെച്ചാണ് ഞാൻ കല്ലുമ്മേക്കായാസിനെ പരിചയപ്പെട്ടത്… അഡ്മിഷൻ ദിനത്തെ കാര്യങ്ങൾ പറഞ്ഞ് ഞാൻ ,വാതിൽ പതിയെ തുറന്നുകൊണ്ട് അമ്മയെ നോക്കി….

എന്നാലും ഇത്രയും നാളീ കോയ്ക്കോട് ജീവിച്ചിട്ടും എനിക്കും മഹേഷേട്ടനും സാധിക്കാത്ത കാര്യാട്ടോ എൻ്റെ മോനെക്കൊണ്ട് സാധിച്ചത്, ഞങ്ങളവിടെ പോയിട്ടുണ്ടേലും ഫൈസീനെ കാണാനോ പരിചയപ്പെടാനോ ഒന്നും സാധിച്ചിട്ടില്ല, എപ്പോ ചോദിച്ചാലും ആള് തിരക്കിലാന്നാ അവര് പറയണെ…..
എന്താ പറയുക മോനെ അമ്മ ഇന്നൊത്തിരി സന്തോഷത്തിലാ!….
സ്നേഹത്താൽ എന്നെ തഴുകിയ അമ്മയുടെ കയ്യും പിടിച്ച് ഞാൻ വീടിനകത്തേക്ക് കയറി….

ഞാനും ഒരുപാട് സന്തോഷത്തിലാ അമ്മെ….
ഈ നാട്ടിൽ വന്നതിനുശേഷം ഞാനാകെ മാറി , എന്നെ സ്നേഹിക്കുന്നോര് മാത്രേ ഇപ്പോ എൻ്റെ ചുറ്റിലുമുള്ളു…
അമ്മയായാലും, പ്രദീപേട്ടനായാലും ഫൈസിയായാലും എല്ലാർക്കും സ്നേഹിക്കാൻ മാത്രേ അറിയു…. *”കല്യാണിയമ്മയുടെ ഓർമ്മയിൽ ജീവിച്ചിരുന്ന എനിക്ക് ഈ നാട് തന്നത് പുതിയൊരു ജീവിതമാ”!…..

*
എനിക്ക് മനസ്സിലാവും അമലൂട്ടാ എൻ്റെ കുഞ്ഞ് ഇന്നെത്ര സന്തോഷിക്കുന്നുണ്ടെന്ന്…
“മോനെന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം, അത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു”….
_വാത്സല്യത്തോടെ അമ്മയിൽ നിന്നും ഉതിർന്ന വാക്കുകളെ എൻ്റെ ഹൃദയത്തിൽ സ്വർണ്ണ ലിപികൾകൊണ്ട് ആലേഖനം ചെയ്തശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു….._
———– *_———- *——

അമലൂട്ടാ… മോനേ എഴുന്നേക്ക് ,നമുക്ക് അമ്പലത്തിൽ പോവണ്ടെ…….
കുളിച്ചൊരുങ്ങി കയ്യിലൊരു ഗ്ലാസ് ചായയുമായ് വന്ന് അമ്മ എന്നെ തട്ടി വിളിക്കുവാൻ തുടങ്ങി…

മ്മ്… പോവാം കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ…… ഒരു ചിണുങ്ങലോടെ ഞാൻ തലേണയിലേക്ക് മുഖം പൂഴ്ത്തി…

കുറച്ചു നേരം കൂടിയോ? മോനേ ഇപ്പോത്തന്നെ സമയം 8 മണിയായ് ഇനി എപ്പഴാ, മതി ഉറങ്ങിയത് വാ എണീക്ക്…..
വിടാൻ ഭാവമില്ലാതെ അമ്മ വീണ്ടും എന്നെ തട്ടി വിളിച്ചതും മടിയോടെ ഞാൻ പതിയെ എഴുന്നേറ്റിരുന്നു…..

ഇതെന്ത് ഉറക്കമാ മോനേ സമയം ഒരുപാടായ് ”വേഗം പോയ് കുളിച്ച് റെഡിയായ് വാ ഇല്ലേൽ അമ്പലം അടക്കും”……..

അമ്പലം അടച്ചിലിപ്പോ എന്താമ്മേ!!!
“ദേ എൻ്റെ കൺമുന്നിൽ നിക്കുവല്ലെ സാക്ഷാൽ ലക്ഷ്മീ ദേവി തന്നെ”….
അമ്മേ മഹാമായേ അവിടുത്തെ ഉണ്ണിയെ അനുഗ്രഹിക്കണെ!….
അമ്പലത്തിൽ പോകുന്നതിനുവേണ്ടി സെറ്റ്സാരിയുമുടുത്ത് സുന്ദരിയായ് നിന്ന അനുഅമ്മയെ നോക്കി
കൈകൂപ്പി തൊഴുതുകൊണ്ട് ഞാൻ പറഞ്ഞതും, അമ്മ ഇടതു കൈകൊണ്ട് എൻ്റെ ചെവിയിൽ വേദനിപ്പിക്കാതെ നുള്ളി…….

‘രാവിലെ തന്നെ മനുഷ്യനെ സുയ്പ്പാക്കാതെ വേഗം റെഡിയായ് വാടാ ചെക്കാ’ അവൻ്റെ ഒരു “ലക്ഷ്മീദേവീ !”….. എൻ്റെ വർണ്ണന ഇഷ്ടപ്പെട്ടതു പോലെ ഒരു പുഞ്ചിരി അമ്മയുടെ ചുണ്ടിലുണർന്നു…..

എങ്കിൽ കാവിലെ ഭഗവതി ഉമ്മറത്തേക്കിരുന്നോൾകാ…. നോം റെഡിയായ് ഉടനെ വരാം……

ശരി വാര്യരെ….. അങ്ങനാവട്ടെ…..
ചായഗ്ലാസ്സ് എൻ്റെ കയ്യിലേക്ക് തന്നശേഷം ഒരു ചിരിയോടെ അമ്മ തിരിഞ്ഞു നടന്നു, സമയം വൈകിയതിനാൽത്തന്നെ വേഗം കുളിച്ച് റെഡിയായ് അമ്മയോടൊപ്പം ഞാൻ അമ്പലത്തിലേക്ക് പുറപ്പെട്ടു…..

ദർശ്ശനവും വഴിപാടും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അൻസുവും അനുഅമ്മയും തമ്മിൽ കണ്ടുമുട്ടി . സുഖാന്വേഷണത്തിൽ നിന്നും തുടങ്ങിയ അവരുടെ ചർച്ച അവസാനം ചെന്നെത്തുന്നത് “കുടുംബവിളക്ക് സീരിയലിൽ സുമിത്രയെ ടൂറ് കൊണ്ടു പോകാത്തതിലുള്ള പരിഭവത്തിലാണ്!”….
ഇതെല്ലാം കേട്ട് സഹികെട്ട ഞാൻ അക്കൂനെ കൊഞ്ചിച്ച് അവനോടൊപ്പം ഇരുന്നു , അമ്മയുമായ് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും അൻസുവിൻ്റെ മിഴികൾ എന്നിലേക്ക് നീളുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അമ്മയോട് വിശക്കുന്നെന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങി…..
തുടർന്ന് ഡ്രൈവിംഗ് ക്ലാസ്സിലും കുളക്കരയിലുമായ് സമയം ചിലവഴിച്ച് ഒരു ഞായറാഴ്ച ദിവസം കൂടി ജീവിതത്തിൽ നിന്നും പടിയിറങ്ങി……
—– * ———- *———–

പ്രതീക്ഷകൾക്ക് നിറം പകർന്നുകൊണ്ട് സൂര്യദേവൻ്റെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുവാൻ തുടങ്ങി….
പ്രഭാതമുണർന്നത് മുതൽ ഞാനൊത്തിരി സന്തോഷത്തിലാണ്…

*”ഇന്നാണ് അനുമിസ്സിനെ വരച്ചു നൽകാമെന്ന് ഞാൻ മിസ്സിനോടായ് പറഞ്ഞ ദിവസം”*

രാവിലെ കുളിച്ചൊരുങ്ങി അനുഅമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ നൽകിയശേഷം കോളേജിലേക്ക് എൻ്റെ യാത്ര ആരംഭിച്ചു, നടന്നു വരുമ്പോൾ വഴിയിൽ വെച്ച് അൻസൂൻ്റെ വിളി ഉയർന്നെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ വേഗം നടന്ന് ബസ്സ്റ്റോപ്പിലെത്തി…..

ആദ്യം വന്ന പ്രൈവറ്റിൽ ചാടി കയറിക്കഴിഞ്ഞപ്പോഴാണ് ഒരുകാര്യം എൻ്റെ ഓർമ്മയിലേക്ക് വന്നത്. അകാംക്ഷയോടെ,തിരക്കിട്ടിറങ്ങിയതിനാൽ ഞാൻ ഫോൺ എടുക്കാൻ മറന്നുപോയ്…..

കോളേജിലെത്തിയ മുതൽ നിജാസും അഞ്ചുവും എന്തൊക്കെയോ എന്നോട് പറയുന്നുണ്ട് എന്നാൽ ആ സമയമെല്ലാം എൻ്റെ ചിന്തകളിൽ നിറഞ്ഞിരുന്നത് വരാനിരിക്കുന്ന നിമിഷങ്ങൾ മാത്രമായിരുന്നു!….

രണ്ടാമത്തെ ഹവർ ആയതും ചുണ്ടിലൊരു ചിരി വിടർത്തി അനുമിസ്സ് ക്ലാസ്സിലേക്ക് വന്നു………
_”ഒരു പിങ്ക് കളർ സാരിയിൽ സുന്ദരിയായ് എൻ്റെ കൺമുന്നിൽ മിസ്സിൻ്റെ രൂപം തെളിഞ്ഞു”….
നെറ്റിയിൽ പതിവ് ചന്ദനക്കുറിയും കരിയെഴുതിയ മിഴികളും , ഇടത് മൂക്കിൽ ചുവന്ന കല്ല് പതിപ്പിച്ച മൂക്കുത്തിയും, കാതിലായ് തുള്ളിക്കളിക്കുന്ന കമ്മലുകളും, കഴുത്തിനെ ചുറ്റി ഒരു കുഞ്ഞു സ്വർണ്ണമാലയും, പനങ്കുലപോലെ വിടർന്നു കിടക്കുന്ന മുടിയിഴകളും
വലത് കയ്യിൽ സിൽവർ ചെയിൻകൊണ്ടുള്ളൊരു വാച്ചും ഇടത് കയ്യിൽ ഒരു സ്വർണ്ണ വളയും!_

Leave a Reply

Your email address will not be published. Required fields are marked *