അമലൂട്ടനും അനുക്കുട്ടിയും – 5 6

ബസ്സ്റ്റോപ്പിലിറങ്ങി നടന്ന ഞാൻ പാട്ടും പാടി നേരേ ചെന്ന് ചാടിയത് അൻസൂൻ്റെ മുന്നിലാണ്, അക്കൂന് ചോറ് കൊടുത്തോണ്ടിരുന്ന അൻസു പെട്ടെന്നെന്നെ കണ്ടതും പതിവ് പോലെ അവൾ ചോദ്യമെറിഞ്ഞു…..

അമലൂട്ടാ….. അമലൂട്ടനിന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ??? എന്താ ഇത്ര സന്തോഷിക്കാൻ???? ……

ഏയ് ഒന്നൂല്ലൻസൂ…..
സംസാരിക്കുവാൻ താൽപ്പര്യമില്ലാത്ത പോലെ മറുപടി നൽകിയശേഷം ഞാൻ അൻസൂനെ നോക്കി….

അത് വെറുതേ…. “ആ മുഖം കണ്ടാലറിയാല്ലോ എന്തോ സംഭവമുണ്ടെന്ന്???? ആകാംക്ഷയോടവൾ എന്നോടായ് തിരക്കിയതും ഞാനെൻ്റെ മനസ്സിൽ ചിന്തിച്ചു, ശ്ശെടാ… ഇവൾക്കിതെന്തിൻ്റെ കേടാണ്….. “എന്തൊക്കെയാ അറിയണ്ടത്”! വല്ലതും പറഞ്ഞൊഴിയാൻ നോക്കാം……

എന്താ അമലൂട്ടാ ആലോചിക്കുന്നേ??? ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല??? അറിയുവാനുള്ള ആകാംക്ഷയുടെ അൾട്ടിമേറ്റ് ലെവലിൽ എത്തിയ അൻസു പ്രതീക്ഷയോടെ വീണ്ടുമെന്നിലേക്ക് ചോദ്യമെറിഞ്ഞു….

“എൻ്റൻസൂ” സത്യമായിട്ടും ഒന്നുമില്ല…
ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഞാൻ അക്കൂവിലേക്ക് ശ്രദ്ധ തിരിച്ചു…..
പക്ഷെ പറഞ്ഞതിനു ശേഷമാണ് ഒരബദ്ധം പറ്റിയ കാര്യം ഞാൻ ചിന്തിക്കുന്നത് ഏതോ ഒരു ഫ്ളോയിൽ ഞാനീ കുരിശിനെക്കേറി “എൻ്റൻസൂന്ന്” വിളിച്ചിരിക്കുന്നു…..

“കർത്താവേ ഈയുള്ളവനെ കാത്തോണേന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മുഖമുയർത്തി അൻസൂനെ നോക്കി”,ഈശ്വരാ…. അൻസൂൻ്റെ മുഖത്ത് നാണമോ സന്തോഷമോ അങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ മിന്നിമായുന്നു!…..

“ഒരു വിളി കേട്ടാൽ മൊഴി കേട്ടാലതുമതി”!

‘പുല്ല് ആവശ്യമില്ലാത്ത സമയത്തോരോ മറ്റേടത്തെ പാട്ട് കേറിവരും മനുഷ്യനെ മെനക്കെടുത്താൻ’…. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല , ഈ പിശാശ് കൊഞ്ചിക്കൊണ്ടങ്ങനെ നിൽക്കും അതിനാൽ മറുചോദ്യം അൻസുവിൽ നിന്നും ഉയരുന്നതിനു മുമ്പ് യാത്ര പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു ……

“അനു അമ്മേയ്”……… വീട്ടിലേക്കെത്തിയതും “പട്ടാഭിഷേകത്തിലെ ഇന്ദ്രൻസ് ശൈലിയിൽ ” ഉമ്മറത്ത് നിന്നും ഞാൻ ഉറക്കെ വിളിച്ചു!……

“എന്താടാ ചെക്കാ ഇങ്ങനെ കൂവുന്നത്”???
എൻ്റെ വിളികേട്ട് അകത്തൂന്ന് ഓടിയെത്തിയ അമ്മ ചുണ്ടിൽ വിരിഞ്ഞ ചിരിയൊതുക്കി കപടമായ ദേഷ്യത്തോടെ എന്നെ നോക്കി…..

ഹൈ…. എനിക്കെന്താ അങ്ങനെ വിളിച്ചൂടെ ഞാനേ… എൻ്റെ അമ്മയേയാ വിളിച്ചേ….. ഒരു ചിരിയോടെ പറഞ്ഞശേഷം ഞാൻ അമ്മയോടായ് ചേർന്ന് നിന്നു!….

ഇന്നെന്നാ പറ്റി , അമലൂട്ടൻ ഭയങ്കര സന്തോഷത്തിലാണല്ലോ??? അൻസൂ ചോദിച്ച അതേ ചോദ്യം വാത്സല്യം നിറഞ്ഞൊരു ചിരിയോടെ അമ്മയും ചോദിച്ചിരിക്കുന്നു…..

ഒന്നൂല്ലെൻ്റെ ചുന്ദരിക്കുട്ടി…
എൻ്റെ അമ്മയുടെ അടുത്തേക്ക് വരുമ്പോ എനിക്ക് കരഞ്ഞോണ്ട് വരാമ്പറ്റ്വോ ?? ഞാൻ കരഞ്ഞാൽ എൻ്റമ്മയും കരയില്ലേ??? അതാ ഞാൻ ചിരിച്ചോണ്ട് വന്നേ… സ്നേഹത്തോടെ അമ്മയുടെ കവിളിൽ ഞാൻ മെല്ലെ വലിച്ചു…
ആ….. “അമലൂട്ടാ നിക്ക് വേദനിക്കുന്നുണ്ട്ട്ടാ” അനുഅമ്മ എന്നെ നോക്കി ചിണുങ്ങുവാൻ തുടങ്ങി….

അയ്യോ….. വേദനിച്ചോ എൻ്റെ അമ്മക്കുട്ടിക്ക്??? “എന്നാലേ ഇതൂടെ പിടിച്ചോട്ടാ”…. വലിച്ച കവിളിൽ നല്ലൊരു സ്നേഹചുംബനവും ഞാൻ നൽകി, അതോടെ പരിഭവമെല്ലാം മാറ്റി അമ്മ മെല്ലെ ചിരിച്ചു…

“ഈ ചെക്കൻ്റെ ഒരുകാര്യം”!…. ചെല്ല് പോയ് കുളിച്ചു വാ ഞാൻ ചായ എടുക്കാം…. “വാത്സല്യത്തോടെ തഴുകിക്കൊണ്ട് അമ്മ എന്നെ ചേർത്തു പിടിച്ചു”….

ശരി “മാതാശ്രീ”….. പുഞ്ചിരിയോടെ മറുപടി നൽകിക്കൊണ്ട് ഞാനകത്തേക്ക് കയറി……..
—- * — * —- *—–

കുളിയും ചായകുടിയും കഴിഞ്ഞ് അമ്മയോടൊപ്പം അൽപ്പനേരം സംസാരിച്ചിരുന്ന ശേഷം ഫോണുമെടുത്ത് ഞാൻ നേരെ ആമ്പൽക്കുളം ലക്ഷ്യമാക്കി നടന്നു……
നയന മനോഹര കാഴ്ച സമ്മാനിച്ചുകൊണ്ടാണ് അവിടം എന്നെ വരവേറ്റത്!….

“ഛിൽ ഛിൽ” നാദത്തിൽ ചുവടുവെച്ച് പറങ്കിമരക്കൊമ്പിൽ ഓടി നടക്കുന്ന അണ്ണാറക്കണ്ണനും പരസ്പരം “കൊക്കുരുമ്മി പ്രണയം കൈമാറുന്ന അങ്ങാടിക്കുരുവികളും” അവിടവിടായ് പാറി നടക്കുന്ന ” ചിത്രശലഭങ്ങളും” ഇളം കാറ്റിൽ ” ആടി ഉലയുന്ന ആമ്പൽപ്പൂവും” എൻ്റെ മനസ്സിനെ കൂടുതൽ ആനന്ദത്തിലാഴ്ത്തി, ആ മനോഹാരിതയിൽ മതിമറന്ന ഞാൻ രാവിലത്തെ നിമിഷങ്ങളിലേക്ക് മിഴികൾ നീട്ടി കൽപ്പടവിലായിരുന്നു….
_
“I’m so lonely, broken angel…
I’m so lonely, listen to my heart “……_

Leave a Reply

Your email address will not be published. Required fields are marked *