അമലൂട്ടനും അനുക്കുട്ടിയും – 6

“അൻസു എന്തൊക്കെയാ പറഞ്ഞത്? ” അവളുടെ സങ്കടം കാണുമ്പോൾ ഇത്രയും നാൾ ഞാനവളെ മനസ്സിലാക്കിയത് തെറ്റായ രീതിയിലായിരുന്നെന്ന് തോന്നണു???….. ഇനി എൻ്റെ ജീവിതത്തിലുണ്ടായ പോലെ എന്തെങ്കിലും പ്രശ്നങ്ങൾ അവളുടെ ലൈഫിലും ഉണ്ടായിട്ടുണ്ടോ??? “……ഉണ്ടായിട്ടുണ്ടോന്നല്ല ഉണ്ടായിട്ടുണ്ട്….”

തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ എൻ്റെ ചിന്തകൾ മുഴുവൻ അൻസുവിലായിരുന്നു…. അമ്മയ്ക്ക് ചോറ് നൽകുന്ന സമയത്തും മനസ്സിൽ ചോദ്യങ്ങളവസാനിച്ചിരുന്നില്ല….. . . മോനേ….. ന്താ…. എന്ത് പറ്റി നിൻ്റെ മുഖമാകെ വാടിയിരിക്കുന്നു….. അമ്മയുടെ മുഖത്തൊരു സംശയം നിഴൽ വിരിച്ചു….. . . ഏയ്…. ഒന്നൂല്ല…. ഞാൻ വെറുതെ എന്തെല്ലാമോ ആലോചിച്ചിരുന്നു പോയതാ….. വോൾട്ടേജില്ലാത്തൊരു ചിരി എന്നിലുണർന്നിരുന്നു.അത് മനസ്സിലായെന്നോണം അമ്മയുടെ മിഴികൾ കൂടുതലെന്നിലേക്ക് ആഴ്ന്നിറങ്ങി…. . . അമ്മേ…..”നമ്മുടെ അൻസൂനെ അമ്മയ്‌ക്കെത്ര നാളായറിയാം”? കാര്യമറിയാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു….. . . അതിപ്പോ… അവളിവിടെ വന്ന നാൾ മുതൽ അറിയാം. എന്ത് പറ്റി ചോദിക്കാൻ??? ചോദ്യഭാവത്തോടെ വന്നയാ നോട്ടത്തിൽ ഒരു നിമിഷം ഞാനൊന്ന് നിശബ്ദമായ് എങ്കിലും ശബ്ദം വീണ്ടെടുത്ത് ഞാനടുത്ത ചോദ്യമുയർത്തി…. . അല്ല.. അവളുടെ വീടെവിടാണ്? അതേപ്പറ്റി ഒന്നും അൻസു ഇതുവരെ പറഞ്ഞ് കേട്ടില്ല. ഞാനിന്ന് ചോദിച്ചപ്പോൾ അവളൊഴിഞ്ഞ് മാറിയപോലെ തോന്നി…… അമ്മയ്ക്ക് സംശയം തോന്നാത്ത വിധം ഞാൻ തുടക്കമിട്ടു….. . . വീട് അങ്ങാടിപ്പുറത്തോ മറ്റോ ആണ്…. പിന്നെ അവളുടെ വീട്ടുകാരാരും അങ്ങനെ വരാറില്ല ഇവളങ്ങോട്ടും പോകാറില്ല…. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രമറിയാം…. ഒന്നുമിതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഒന്ന് രണ്ട് വട്ടം ഞാൻ ചോദിച്ചതാ ,പക്ഷെ അവളൊന്നും തുറന്ന് സംസാരിച്ചില്ല. അതീപ്പിന്നെ ഞാൻ ചോദിക്കാനൊന്നും പോയിട്ടില്ല…… അവിടുത്തെ ഉമ്മ പറഞ്ഞത് ഫാഷൻ ഡിസൈനിംഗ് എന്തോ പഠിച്ചു കഴിഞ്ഞപ്പോൾത്തന്നെ വീട്ടുകാരവളെ ഇങ്ങോട്ടേക്ക് കെട്ടിച്ചു വിട്ടു എന്നാണ്. അതോടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് പാവമാ നാല് ചുവരുകൾക്കുള്ളിലായ്….. കല്യാണം കഴിഞ്ഞ് ഷെഫീഖ് തിരിച്ചു പോയ്ക്കഴിഞ്ഞപ്പോൾ അൻസു ശരിക്കുമാ വീട്ടിൽ ഒറ്റപ്പെട്ടുപോയ്…. അങ്ങനെയാ ഞങ്ങൾ പരിചയപ്പെടുന്നത് പിന്നെ എപ്പോഴും കാണും സംസാരിക്കും , അക്കൂൻ്റെ ഡെലിവറി സമയത്തൊക്കെ ഞാനായിരുന്നു അവളോടൊപ്പം നിന്നത്….. . . അപ്പോ….. അൻസൂൻ്റെ ഹസ്ബൻ്റ് വന്നില്ലായിരുന്നോ???? അമ്മ പറഞ്ഞ് തീരും മുന്നേ അടുത്ത ചോദ്യവും എൻ്റെ നാവിൽ നിന്നും വീണു…. . . ഹസ്ബൻ്റ് , അവൻ്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. ഡെലിവറി സമയത്ത് ഒന്ന് വിളിച്ച് പോലും തിരക്കീട്ടില്ല. കുടുംബത്തെ മറന്ന് പണത്തിന് പിന്നാലെ പായുന്നൊരു ജന്മം….. അക്കു ജനിച്ചിട്ട് രണ്ട് തവണയോ മറ്റോ അവൻ നാട്ടിൽ വന്നത്….. അത്രയും വലിയ വീട്ടിൽ അക്കൂനേയും ഉമ്മയേയും നോക്കി ജീവിതം ഹോമിച്ച് തീർക്കാനാ അവളുടെ വിധി…..
അൻസൂനെക്കുറിച്ച് പുതിയ കാര്യങ്ങൾ അമ്മ എന്നോട് പറയുമ്പോൾ എൻ്റെ മനസ്സിൽ ഒരു വിങ്ങലുണർന്നു….

“ഒരുപക്ഷെ ഒറ്റപ്പെടലിൽ നിന്ന് മോചിതയാകുവാൻ അവൾ തിരഞ്ഞെടുത്ത വഴിയാവാം അനുഅമ്മയുമായുള്ള സൗഹൃദം”……. ഉള്ളിൽ സങ്കടം നിറയുമ്പോഴും അത് പുറമേ കാട്ടാതെ ഒരു പുഞ്ചിരി എന്നുമവൾ സൂക്ഷിച്ചിരുന്നു……. . . മോനേ….. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നേ??? . . ഏയ്…. ഒന്നൂല്ല…. ഞാനൻസൂനെപ്പറ്റി ചിന്തിക്കുവായിരുന്നു…. പാവം… തനിച്ചായ്പ്പോയ്, അല്ലേമ്മേ???…. വിഷാദഭാവത്തോടെ ഞാനമ്മയെ നോക്കി…. . . മ്മ്…… അമലൂട്ടാ…. ഇതൊന്നും അൻസൂനോട് ചോദിക്കാനോ പറയാനോ നിക്കരുതേ… അവൾക്ക് ഭയങ്കര സങ്കടാവും….. എൻ്റെ കുഞ്ഞെന്നും ഒരു നല്ല സുഹൃത്തായ് അവൾടെ കൂടെയുണ്ടാവണം….. അപേക്ഷപോലെ പറഞ്ഞ് അമ്മ കട്ടിലിൽ നിന്നുമെഴുന്നേറ്റു….. . . ഉറപ്പായും ഞാനൊരു നല്ല സുഹൃത്തായ് അൻസൂനോടൊപ്പമുണ്ടാവും. ഇത് ഞാനെൻ്റെ അമ്മയ്ക്ക് നൽകുന്ന വാക്കാണ്…. മരുന്നെടുത്ത് അമ്മയ്ക്ക് നൽകുമ്പോൾ, ഞാൻ പറഞ്ഞ വാക്കുകൾ ഉറച്ചതായിരുന്നു…. മെഡിസിൻ കഴിച്ച ശേഷം കൈ കഴുകി വരാന്ന് പറഞ്ഞ് അമ്മ പ്ലേറ്റുമായ് കിച്ചണിലേക്ക് പോയ്….

ചിന്താകുലനായ് ഓരോ കാര്യങ്ങളാലോചിച്ച് കട്ടിലിൽ ഇരിക്കുന്ന നേരത്താണ് എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. പുതിയൊരു നമ്പറിൽ നിന്നായിരുന്നു കോൾ. അതിനാൽ വേഗം തന്നെ ഞാൾ ഫോണറ്റൻഡ് ചെയ്തു…… . . ഹലോ….. ആരാ….. സംശയത്തോടെ ഞാൻ ചോദിച്ചു….. . . അമലിന് പരിചയമുള്ളൊരാളാ…. ഒന്നോർത്ത് നോക്ക്….. മറുവശത്തെ ശബ്ദം എൻ്റെ കാതുകളിലെത്തിയതും ഹൃദയമിടിപ്പിൻ്റെ താളം ഉയരുവാൻ തുടങ്ങി….. . . ഇത്…. ഇതനുമിസ്സാണോ??? ഒന്ന് വിക്കിയെങ്കിലും ഞാൻ ആകാംക്ഷ വെടിഞ്ഞില്ല…. . . മ്മ്….. അപ്പോ ഓർമ്മയുണ്ടല്ലേ???? . . എൻ്റെ പൊന്ന് പെണ്ണേ നിന്നെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ചാ ഞാനോർക്കുക! ” …..ആ മുഖവും ,ശബ്ദവും , ചിരിയും ,കുറുമ്പുമെല്ലാം പതിഞ്ഞിരിക്കുന്നത് എൻ്റെ ഹൃദയത്തിലാണ്….” മനസ്സിൽ പറഞ്ഞ് ഞാൻ ചിരിക്കുമ്പോൾ…. . . ഹലോ…. എന്താ ഒന്നും മിണ്ടാത്തെ….. കട്ടായോ?? മൗനത്തെ ഭേദിച്ചുകൊണ്ട് വീണ്ടുമാ സ്വരം…… . . ഏയ്…. കട്ടായിട്ടില്ല മിസ്സേ…….. ഞാനിവിടുണ്ട്…… . . അമ്മയ്ക്കിപ്പോ പനി കുറവുണ്ടോ???….. . . ആ… കുറവുണ്ട് മിസ്സേ…. ദാ ഇപ്പോ മരുന്ന് കഴിച്ച് ജസ്റ്റ് പുറത്തേക്കിറങ്ങിയതേയുള്ളു…. ഞാനൽപ്പം വിനയത്തോടെ പറഞ്ഞു….. . . ആണോ….. പിന്നെ അമ്മയ്ക്കൊരു പനി വന്നെന്നും പറഞ്ഞ് ക്ലാസ്സിലിങ്ങനെ വരാതിരിക്കുന്നത് ശരിയല്ലാട്ടോ….. അവിടെ വേറാരുമില്ലേ അമ്മയെ നോക്കാൻ… . . ഉണ്ടല്ലോ. അമ്മയുടെ അച്ഛനുമമ്മയുമുണ്ട്….. . . അത് ശരി….. അവരൊക്കെ ഉണ്ടായിട്ടാ അമൽ ക്ലാസ്സിൽ വരാതിരിക്കുന്നേ??? ശാസനപോലെ അനുക്കുട്ടിയുടെ സ്വരം കടുത്തു…….. . . അതിപ്പോ പെട്ടെന്നമ്മ തല ചുറ്റി വീണപ്പോ……. വ്യക്തമായൊരു മറുപടി പറയാതെ ഞാൻ നിന്നുഴലി…. . . മ്മ്….ശരി…ശരി, അതേ നാളെ മുതൽ ക്ലാസ്സിൽ വന്നോണം കേട്ടല്ലോ???…. . . നാളെ ഉറപ്പായും വരും മിസ്സേ…… സന്തോഷത്തോടെ ഞാനിടയിൽ കയറി…. . . എന്നാൽ ശരി അമലേ… അമ്മയെ അന്വേഷിച്ചതായ് പറയണം….. . . ശരിമിസ്സേ…….
”…….ഫോൺ കട്ടായതും ‘ചോട്ടാ മുംബൈ സിനിമയിൽ ജഗതി മദ്യം കൊണ്ട് വരുമ്പോൾ തുള്ളിച്ചാടുന്ന ലാലേട്ടനെപ്പോലെ ‘ കട്ടിലീന്ന് ചാടിയിറങ്ങി ഞാൻ തുള്ളാൻ തുടങ്ങി……” സൈക്കോസ്സിസീസ്സിൻ്റെ മാരക വേർഷനും പിന്നിട്ട് ഒരു ഭ്രാന്തനെപ്പോലെ ഞാനെന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടേയിരുന്നു…… എന്നാൽ അധികനേരം വേണ്ടി വന്നില്ല “അതേ സീനിൽ മദ്യക്കുപ്പി പൊട്ടിക്കുമ്പോഴുള്ള മുള്ളൻ ചന്ദ്രൻ്റെ ഭാവത്തിലേക്ക് മാറാൻ”….. ഭ്രാന്തമായ ആവേശത്തിൽ വായുവിൽ കൈകളിടിച്ച് ഞാൻ തിരിഞ്ഞതും, ഊരയ്ക്ക് കയ്യും കൊടുത്ത് ഒരു കള്ളച്ചിരിയോടെ വാതിക്കൽ എൻ്റെ കോപ്രായം കണ്ടു നിക്കുകയാണ് അനുഅമ്മ…… കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ചുരുങ്ങിയ ഞാൻ വേഗം ഫോൺ കട്ടിലിലേക്കിട്ട് പതിയെ അവിടെ നിന്നും സ്കൂട്ടാവാൻ നോക്കി……. . . “……. എന്താണ് പതിവില്ലാത്തൊരു തുള്ളിച്ചാട്ടമൊക്കെ…..” മ്മ്…….. കട്ടളപ്പടിയിൽ കൈ വെച്ചെന്നെ തടഞ്ഞശേഷം തമാശപോലെ അമ്മ ചോദിക്കുമ്പോൾ മറുത്തൊന്നും പറയാനില്ലാതെ ഞാൻ കാൽ വിരൽകൊണ്ട് കളം വരച്ചു…… . . അയ്യ അവൻ്റൊയൊരു നാണം കണ്ടില്ലേ….. പെൺകുട്ട്യോളെപ്പോലെ കളം വരച്ച് നിക്കാതെ ചോദിച്ചതിന് മറുപടി പറ ചെക്കാ…… ഉണ്ടക്കണ്ണുകളിൽ പരിഹാസം നിറച്ചുകൊണ്ടുള്ള നോട്ടം എന്നിലൊരു ചമ്മലുണർത്തി. അതിനാൽ ഒന്നും തന്നെ പറയാതെ വേഗം ഞാനമ്മയുടെ മാറിലേക്ക് ചാഞ്ഞു…….. . അമ്മേ…… എനിക്ക്…. എനിക്കില്ലേ…… . . ആ…. എനിക്ക്…. പറയെന്നേ . എന്താ എനിക്ക്, വരെ വന്നപ്പോൾ നിന്ന് പോയേ????? . . ”…..അതമ്മേ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാ…..” ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഞാനാ തോളിലേക്ക് മുഖം പൊത്തിയതും അമ്മ എന്നെ ഇരു കൈകൾകൊണ്ടും പിടിച്ചുയർത്തി എന്നിട്ടൊരു കുസൃതിച്ചിരി എന്നിലേക്കെയ്‌തു….. . . എടാ….. “കള്ളത്തെമ്മാടീ” എനിക്കറിയായിരുന്നു ഏതോ ഒരു പെൺകുട്ടി അമലൂട്ടൻ്റെ മനസ്സിൽ കുടിയേറീട്ടുണ്ടെന്ന്!!! ൻ്റെ കുഞ്ഞെന്നോട് പറയാതെ ഏത് വരെ പോവൂന്ന് നോക്കുവായിരുന്നു ഞാൻ……

Leave a Reply

Your email address will not be published. Required fields are marked *