അമലൂട്ടനും അനുക്കുട്ടിയും – 6

ഓരോന്നും പറഞ്ഞവരോടൊപ്പം കളിയും ചിരിയുമായിരിക്കുമ്പോൾ ജ്യൂസുമായ് ചേച്ചിയും ഏട്ടനുമെത്തി……. . . എന്നാലും മീനുവേച്ചി നല്ല പണിയാട്ടോ കാട്ടിയെ! അന്നേട്ടൻ ഇഷ്ടാന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയ്ക്കളഞ്ഞില്ല? അതുംപോരാതെ 3 ദിവസം ഏട്ടനെ സങ്കടപ്പെടുത്തുകയും ചെയ്തു…… ജ്യൂസ് കയ്യിലേക്കെടുക്കുമ്പോൾ മീനു ചേച്ചിയോട് ഞാൻ തിരക്കിയതും , ചേച്ചിയുടെ കണ്ണുകൾ അസ്ത്ര വേഗതയോടെ ഏട്ടനിലേക്ക് തിരിഞ്ഞു…. . . ഓഹോ…… അപ്പോ അമലൂട്ടനോടും നിങ്ങൾ പാതിയെ പറഞ്ഞിട്ടുള്ളല്ലേ???? എപ്പോഴും ഇങ്ങനാ ല്ലാരോടും പകുതിയെ പറയൂ…. ന്നിട്ട് ബാക്കിയുള്ളോരെ കുറ്റക്കാരാക്കും…. ചേച്ചിയുടെ ശബ്ദമൊന്നിടറിയെങ്കിലും അതേ രീതിയിൽ തന്നെ മീനുവേച്ചി തുടർന്നു……
“മോനേ…. ഞാൻ മനപ്പൂർവ്വം പറയാതിരുന്നതൊന്നുമല്ല. അടുത്ത ദിവസം നിൻ്റെ ഏട്ടനോട് പറയാന്ന് വിചാരിച്ചായിരുന്നത്. എന്നാൽ വീട്ടിലെത്തിയപ്പോളുണ്ട് അമ്മ വീണിട്ട് കാലിലാകെ നീരായ് ഇരിക്കുന്നു….. പിന്നെ അമ്മയെ ആശൂത്രിക്കൊണ്ടോയ് ഡോക്ടറെക്കാണിച്ച് മരുന്നൊക്കെ വാങ്ങി വീട്ടിലെത്തി.. കാലിൽ ബാൻ്റേജ് ചുറ്റിയതിനാൽ വീട്ടിലെ കാര്യങ്ങൾ നോക്കി അമ്മയോടൊപ്പം നിക്കേണ്ടി വന്നു. അതിനുശേഷം പറയാല്ലോന്ന് കരുതി ബസ്സിൽ കയറുമ്പോഴുണ്ട് “ഇങ്ങേര് സോറി പറഞ്ഞ് വന്നിരിക്കുന്നു”…. എനിക്കാകെ ദേഷ്യം കയറി, ഞാനൊന്നും മിണ്ടാതെ ഇരുന്നു….. അപ്പോഴെങ്കിലും നിൻ്റെ ഏട്ടൻ്റെ വായീന്ന് ഇഷ്ടാന്നൊന്ന് കേൾക്കാൻ എൻ്റെ മനസ്സ് കൊതിക്കുവായിരുന്നു…. “……ഇപ്പൊപ്പറയും ഇപ്പോപ്പറയുമെന്ന് കരുതിയിരിക്കുമ്പോൾ ഇങ്ങേരെന്നോട് ടിക്കറ്റിൻ്റെ പൈസ ചോദിച്ചിരിക്കുന്നു…..” ഇനിപ്പറ ഞാനറിഞ്ഞോണ്ടാണോ പ്രദീപേട്ടനെ സങ്കടപ്പെടുത്തിയത്??? കണ്ണുകൾ നിറച്ച് ചേച്ചി എന്നെ നോക്കുമ്പോൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ… വാക്കുകൾ കിട്ടാതെ പ്രദീപേട്ടനിലേക്ക് ശ്രദ്ധപോയതും ഒരു ചെറു ചിരിയോടെ ഏട്ടൻ ചേച്ചിയെ മാറോടണച്ചു….. . . എടി… പൊട്ടൂസേ…. അവൻ വെറുതേ തമാശ പറഞ്ഞതല്ലെ. നീ എന്തിനാത് സീര്യസ്സായെടുത്തേ? ഒന്നൂല്ലേലും ഓൻ നമ്മുടെ അനിയനല്ലെ….. ഏട്ടൻ വേഗം കോമ്പർമൈസ് ചെയ്തു……. . . എന്നാലും ഏട്ടനെല്ലാരോടും ഇങ്ങനാ പറയണെ ഞാൻ പുറകേ നടത്തിയെന്ന്. അത് കേക്കുമ്പോ എനിക്കെന്ത് സങ്കടാന്നറിയ്വോ??…. മിഴിനീരുതിരുമ്പോൾ ചേച്ചിയുടെ സ്വരമാകെ വിതുമ്പലായ് മാറി….. . . “……അയ്യേ….. ” ൻ്റെ മീനൂസ് കരയുവാ….. ഇനി ഒരിക്കലും ഏട്ടനങ്ങനെ പറയില്ലാട്ടോ….. ദേ…. നമ്മുടെ അനിയനെ വിളിച്ച് വരുത്തീട്ട് അവൻ്റെ മുന്നിൽ നിന്നിങ്ങനെ കരഞ്ഞാൽ ഓന് വിഷമമാവും മീനു…. ൻ്റെ മോള് കരയാതെ…. ആശ്വാസവാക്കുകൾ പറയുന്നതോടൊപ്പം ഏട്ടൻ്റെ ചുണ്ടുകൾ മീനുവേച്ചിയുടെ നെറ്റിയിൽ പതിഞ്ഞു…. . . ശ്ശെ….. എത് നേരത്താണോ എനിക്കങ്ങനെ പറയാൻ തോന്നിയത്…. ഇതിപ്പോ ഞാൻ കാരണം…….. ഇനിയും മൗനം ഭജിക്കുന്നത് ശരിയല്ല എന്നൊരു ചിന്തയുണർന്നതും….. . . അതേയ്……. “വിവാഹ പ്രായമായ ഒരു ചെറുപ്പക്കാരൻ്റെ മുന്നിൽ വെച്ചാട്ടോ നിങ്ങള് റൊമാൻസ് കളിക്കുന്നതെന്നോർക്കണം. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെ അകത്തെവിടേലും വെച്ചാവാം….. ഒരു കള്ളച്ചിരിയോടെ ഞാനിടം കണ്ണിട്ടു നോക്കുമ്പോൾ….. . . ഇതൊന്നുമല്ല അമലേട്ടാ ഇവരുടെ സ്നേഹം. രണ്ടും കൂടി അടികൂടീട്ട് ഒരു പരിഭവം പറച്ചിലുണ്ട്!!!….. അതാ കേക്കണ്ടത് , നല്ല രസാ……. ചിന്നൂൻ്റെ പരിഹസിച്ചുള്ള കമൻ്റ് കേട്ടതും പ്രദീപേട്ടൻ്റെ ശ്രദ്ധ എന്നിലേക്കായ്… . . ഹയ്യാ….. ഒരു വല്ല്യ ചെറുപ്പക്കാരൻ വന്നിരിക്കുന്നു….. ”…..മീനൂസേ…..” ചെക്കൻ പറഞ്ഞത് കേട്ടോ നീയ്!!! “അവന് വിവാഹ പ്രായമായെന്ന്”…… വല്യ ആദർശമൊക്കെ പറഞ്ഞ് നടന്നവനാ. ഇപ്പോ കണ്ടില്ലേ ഒരിളക്കം, സെൻ്റ് മേരീസിലെ കാറ്റ് കൊണ്ടിട്ടാന്ന് തോന്നണു. ഏതോ ഒരുവൾ അമലൂട്ടൻ്റെ മനസ്സ് കീഴടക്കീട്ടുണ്ട്…… . . എൻ്റെ പൊന്ന് മനുഷ്യാ അങ്ങനാരും ഇല്ല….. നിങ്ങളിനി ദയവ് ചെയ്ത് അതീപ്പിടിച്ച് കയറല്ലെ….. അപേക്ഷാ ഭാവത്തോടെ ഞാനേട്ടനെ നോക്കി…. . . “….. പ്രദീപേട്ടാ നമുക്ക് ഇൻസ്റ്റയിൽ റീൽസ് ചെയ്യുന്നയാ പെൺകൊച്ചില്ലേ ‘അതുല്യ ‘ അതിനെ ഒന്നാലോചിച്ചാലോ അമലിന് വേണ്ടി…..” മീനുവേച്ചിയുടെ മുഖം ഒരിളിഞ്ഞ ചിരിയോടെ എന്നിലേക്ക് നീണ്ടു…. . . ഏയ്…. അത് വേണ്ടെടി നമ്മുടെ ചെക്കൻ്റെ മൊഞ്ച് വെച്ച് നമുക്ക് “സനൂഷാ സന്തോഷിനെത്തന്നെ ആലോചിക്കാം”, അതാണൊന്നൂടെ നല്ലത്….. . . അയ്യേ….. അത് വേണ്ട. അതിലും നല്ലത് “അതുല്യ” തന്നാ….. “……ഓളാ പട്ട് പാവാടയണിഞ്ഞ് വന്നാലുണ്ടല്ലോ…..” ൻ്റെ പ്രദീപേട്ടാ!!!! എന്നാ ഒരെശ്വര്യമാ…..!! . .
“…… ഇപ്പ എങ്ങനിരിക്കണ്…..”

സമാധാനമുണ്ടാക്കാൻ ചെന്നപ്പോ ഭാര്യയും ഭർത്താവും ഒന്നായ്…. ചോദിച്ച് വാങ്ങിയതല്ലേ…. കേട്ടോ….. മനസ്സെന്നോട് പിറുപിറുക്കുമ്പോൾ ഞാൻ പതിയെ സമാധാനക്കൊടി കാട്ടുമ്പോലെ ജ്യൂസ് ഉയർത്തിക്കാട്ടി….

“…… അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാനിതൊന്ന് കുടിച്ചോട്ടെ……” ദയനീയമായ് ചെന്ന എൻ്റെ വാക്കുകൾക്ക് കൂട്ടച്ചിരിയായിരുന്നു മറുപടിയായെത്തിയത്….

കളിയാക്കുവാൻ വേണ്ടി മാത്രം ജനിച്ച ജന്മങ്ങൾ…… ഇവരോടൊന്നും മുട്ടി നിൽക്കാൻ നിന്നെക്കൊണ്ട് പറ്റില്ലമലേ…..!

നല്ല ബുദ്ധി തോന്നിയതിനാൽ ഞാൻ പിന്നീട് കൂടുതലൊന്നും പറയാൻ നിന്നില്ല. കുട്ടികളുടെ കൂടെ ടീവി കണ്ടങ്ങ് കൂടി….. . . ഊണ് കഴിഞ്ഞ് 3 മണിയോടെ ഞങ്ങൾ കാപ്പാട് ബീച്ചിലേക്ക് പുറപ്പെട്ടു…… തെങ്ങിൻ തോപ്പിനും കടൽത്തീരത്തിനും നടുവിലായുള്ള റോഡിലൂടെ യാത്ര മുന്നോട്ട് പോകുമ്പോൾ കടൽത്തിരയെ തഴുകി വരുന്ന കാറ്റ് എൻ്റെ മനസ്സിന് പുതിയൊരുണർവ് നൽകി.

വഴി നീളെ ബോറടി മാറ്റുവാൻ പ്രദീപേട്ടൻ്റെ കത്തിയും കൂട്ടിനുണ്ടായതിനാൽ ചുണ്ടിലെ പുഞ്ചിരിക്ക് യാതൊരുവിധ കുറവുമുണ്ടായിരുന്നില്ല…

ഏറെ പ്രീയപ്പെട്ട നിമിഷങ്ങൾ സമ്മാനിച്ച് ആ യാത്ര ബീച്ചിനു മുന്നിലെത്തി. ഡോർ തുറന്ന് കുട്ടികളോടൊപ്പം പുറത്തേക്കിറങ്ങിയ എൻ്റെ കണ്ണുകൾ അമ്പരപ്പോടെ ചുറ്റിലുമൊന്ന് പരതി…. .

“…..മനോഹരമായൊരു കവാടം , അതിനു സമീപമായ് വാസ്കോ – ഡ – ഗാമയുടെ ആഗമന വർഷം രേഖപ്പെടുത്തിയ സ്തൂപവും…….” “VASCO-D – GAMA LANDED HERE KAPPKADAVU IN THE YEAR 1498” . . നടക്കുവാനായ് ഫ്ളോർ ടൈൽ കൊണ്ടൊരുക്കിയിരിക്കുന്ന പാതയും , ഇരു വശമായ് ഇടവിട്ട് നിൽക്കുന്ന വഴിവിളക്കും, കാറ്റാടി മരങ്ങളും, സ്റ്റോൺ ബെഞ്ചും, വാച്ച് ടവറും, മുളയും പുല്ലും കൊണ്ട് നിർമ്മിച്ച വലിയ കുടയും അതിന്ചോട്ടിലായ് മുളകൊണ്ട് നിർമ്മിച്ച ചാരു കസേരയും, കടലിലേക്ക് നീണ്ടു കിടക്കുന്ന കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന നടപ്പാതയും, തീരത്തായ് കയറ്റി വെച്ചിരിക്കുന്ന വഞ്ചികളും, ഒരു ഭാഗത്തായ് സ്ഥിതി ചെയ്യുന്ന പാറക്കൂട്ടവും കാപ്പാട് ബീച്ചിനെ ഒരു മൊഞ്ചത്തിയാക്കുന്നു…… . . അമലേട്ടാ വാ നമുക്ക് കടലിലിറങ്ങാം….. ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ചു നിക്കവെ ചിന്നു എൻ്റെ കയ്യും പിടിച്ച് നടക്കുവാൻ തുടങ്ങി….. കടൽ കണ്ടതിലുള്ള സന്തോഷം രണ്ട് പേരിലും പ്രകടമായിരുന്നു. തിരയ്ക്കൊപ്പം ഓടിക്കളിച്ച് ഞാനും അവരുടെ പ്രായത്തിലെത്തിയ പോലെ തോന്നി….. . . എപ്പഴോ ഏട്ടനിലേക്ക് പാളിയ എൻ്റെ മിഴികളെ സന്തോഷം പകരുന്ന കാഴ്ചയാണ് വരവേറ്റത്…. “…….തീരത്തെ മണലിൽ തോളോട് തോൾ ചേർന്ന് പ്രണയജോടികളെപ്പോലെ രണ്ടുമിരുന്ന് സല്ലപിക്കുന്നു…..”
പ്രദീപേട്ടൻ പറയുന്ന കേട്ട് മീനുവേച്ചി ചിരിക്കുമ്പോൾ ആ മുഖമാകെയൊരു നാണം വിരിയുന്നു, ഒപ്പം ചേച്ചിയുടെ കൈ വിരലുകൾ കുസൃതിയോടെ ഏട്ടനെ നുള്ളുകയും ചെയ്യുന്നു…. കൂടുതൽ നേരം അവരെ നോക്കി നിക്കുവാൻ എനിക്കായില്ല. അതിനാൽ ഞാൻ കുട്ടികളെ മേയ്ക്കലെന്ന ദൗത്യം ഭംഗിയായ് തുടർന്നു…. .——————————————————- . സമയം കടന്നു പോകുമ്പോൾ ഞാനോരോ ഐസ്ക്രീമും വാങ്ങി അവർക്ക് നൽകിയ ശേഷം ഏട്ടൻ്റെ അടുത്തേക്കായ് നടന്നു…… . . അതേ രണ്ട്പേരും പ്രേമിച്ച് കഴിഞ്ഞെങ്കിൽ നമുക്കങ്ങ് ചലിക്കായിരുന്നു…… കഷ്ടപ്പെട്ടൊരു നാണം വരുത്തി ഞാനവരെ നോക്കുമ്പോൾ …… . . നോക്കിയേടി മീനു ചെക്കൻ്റെ നാണം കണ്ടില്ലേ!!! അവനിങ്ങനെ ഇരിക്കാനായ് ആരുമില്ലാത്തതിൻ്റെ അസൂയ്യയാ…… കളിയാക്കൽ പോലെ വന്ന ഏട്ടൻ്റെ വാക്കുകൾക്കൊപ്പം മീനുവേച്ചിയിൽ ഒരു പുഞ്ചിരിയുന്നർന്നു, ഒപ്പം അടുത്ത മറുപടിയുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *