അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ടി.വി. യിലെ ഒരു വാര്‍ത്താ ചാനലിലെ വാര്‍ത്താവായനക്കാരിയുടെ പേരും രാഖി എന്നായിരുന്നു. ഞാന്‍ അവളുടെ വാര്‍ത്തവായന മുഴുവനായും ഇരുന്നു കേട്ടു. ഒരു പാട് നാളായി മലയാളം വാര്‍ത്ത ടി.വി.യില്‍ കണ്ടിട്ട്. രാഖിയോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയോ? അവളെ ഒന്നു കാണണമെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ഫോണില്‍ ഒന്നു പരതി. പിന്നെയാണ് ഓര്‍ത്തത്, രാഖിയ്‌ടെ സ്വകാര്യതക്ക് തടസ്സമാവേണ്ട എന്നു കരുതി ഞാന്‍ അവളോടൊത്തു ഒരു ഫോട്ടോ പോലും എടുത്തില്ലായിരുന്നു. . ഇത് സെല്‍ഫിയുടെ കാലമല്ലേ. തൊട്ടതിനും പിടിച്ചതിനും സെല്‍ഫിയെടുക്കുന്ന പെണ്ണുങ്ങളാണെവിടേയും. രാഖിയുടെ കയ്യില്‍ ഒരു പഴയ ഫോണ്‍ ആണിരിക്കുന്നത്. അതോണ്ടായിരിക്കുമോ അവള്‍ സെല്‍ഫി എടുക്കാഞ്ഞത്. അതോ സ്വന്തം സ്വകാര്യതിയില്‍ അതീവ ശ്രദ്ധയുള്ളതുകൊണ്ടായിരിക്കുമോ?
എന്തായാലും ഞാന്‍ അവള്‍ക്കായി ആ രാത്രി ഒരു പുതിയ ഫോണ്‍ വാങ്ങി. അന്ന് മാര്‍കറ്റില്‍ ലഭിച്ച ഏറ്റവും നല്ല ഫോണ്‍ ആയിരുന്നു. അത്. നാളെ അതു അവള്‍ക്ക് സമ്മാനിച്ച് ഞെളിഞ്ഞിരിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടല്‍. ഫോണിന്റെ കവര്‍ പൊട്ടിച്ച് അതിനുള്ളില്‍ ഒരു ചെറിയ നോട്ട് എഴുതിയിട്ടു
”സ്‌നേഹപൂര്‍വ്വം കിളവന്‍” എനിക്ക് അവള്‍ അത് വായിക്കുമ്പോഴുള്ള തമാശയോര്‍ത്ത് ചിരിവന്നു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞാന്‍ തലേന്നേ തന്നെ ഡ്രൈവറെ എറണാകുളത്തേക്ക് അയച്ചു. അയാള്‍ക്ക് വളരെയധികം സന്തോഷമായിട്ടുണ്ടാവണം. ഒരാഴ്ച ലീവ് കൊടുത്തിരുന്നു.
വൈകുണ്ടം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിരുന്നു അവള്‍ നിന്നിരുന്നത്. വാട്‌സാപ്പ് ലൊകേഷന്‍ അയച്ചു തന്നതിനാല്‍ കണ്ടു പിടിക്കാന്‍ എളുപ്പമായിരുന്നു. മാത്രവുമല്ല. ആ ചന്ദനനിറക്കാരിയെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എനിക്ക് കണ്ടെത്താന്‍ പറ്റുമായിരുന്നു.
കാറില്‍ കേറിയ ഉടനെ അവള്‍ എന്ന് വീണ്ടും ഞെട്ടിച്ചു കളഞ്ഞു. എനിക്കേറ്റവും ഇഷ്ടമുള്ള കോഴിക്കോടന്‍ കറുത്ത ഹലുവ ഒരു പാക്കറ്റ് അവള്‍ എനിക്ക് വച്ച് നീട്ടി.
ഇതാ, നിങ്ങള്‍ടെ ഇഷ്ടമുള്ള ഹലുവ..
ഇതെങ്ങനെ മനസ്സിലായി പെണ്ണേ.. നീ ഒരു അത്ഭുതച്ചെപ്പാണല്ലോ? ഇനിയും ഉണ്ടോ സ്റ്റോക്ക്?
ഇന്നലെ ആ ഹോട്ടലിലെ ബേക്ക് ഹൗസിനും മുന്നില്‍ നിന്നപ്പോള്‍ ഹല്‍വ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ലല്ലോ. എന്റെ വീടിനടുത്ത്. ധര്‍മ്മ്ശാസ്താ ഹല്വാ സ്റ്റാള്‍ ഉണ്ട്. അവിറ്റത്തെ ചേട്ടനോടു പറഞ്ഞു സ്‌പെഷല്‍ ആയി ഉണ്ടാക്കിയതാണിത്.
എനിക്ക് ആശ്ചര്യവും സന്തോഷവും എല്ലാം ഇടകലര്‍ന്നുള്ള ഒരു പ്രത്യേക വികാരമായിരുന്നു. ഞാന്‍ ഓര്‍ത്തുപോയി. 4-5 വര്‍ഷം കഴിഞ്ഞിട്ടുപോലും അവള്‍ക്ക് എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒരു ചായ പോലും ഉണ്ടാക്കിത്തരാന്‍
പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങള്‍ അവള്‍ക്ക് അറിയുകപോലുമുണ്ടായിരുന്നില്ല. എനിക്ക് എന്റെ ആദ്യഭാര്യയോട് പുച്ഛമാണ് അപ്പോള്‍ തോന്നിയത്.
വണ്ടിയില്‍ കാച്ചിയവെളച്ചെണ്ണയുടെ മണം പരന്നു. ഹലുവയില്‍ നിന്നാണോ അതോ അവളുടെ മുടിയില്‍ നിന്നാണോ എന്നെനിക്കു നിശ്ചയം ഇല്ലായിരുന്നു.
ഞാന്‍ ഫോണ്‍ എടുത്തു നീട്ടി. ഇതാ. ഹല്വക്കുള്ള മറുപടി.
”ശ്ശൊ, ഈ കിളവനെക്കൊണ്ടു തോറ്റു…’
‘എന്തേയ്…’ എനിക്കൊന്നും മനസ്സിലായില്ല. അവള്‍ക്ക് ഐഫോണായിരുന്നോ ഇഷ്ടം. അതു വാങ്ങിക്കാന്‍ ആദ്യം തുനിഞ്ഞതാണ്. പിന്നെ അവള്‍ക്ക് അതു പഠിച്ചെടുക്കാന്‍ സമയമെടുക്കുമെന്നോര്‍ത്ത് അന്‍ഡ്രോയ്ഡിലേക്ക് മാറിയത്.
”ഇതു വാങ്ങുന്ന കാശുണ്ടെങ്കില്‍ ഒരു ലാപ് ടോപ്പ് വാങ്ങായിരുന്നല്ലോ.”
”ലാപ്പ് റ്റോപ്പുകൊണ്ട് ഫോണ്‍ ചെയ്യാന്‍ പറ്റില്ലല്ലോ, സെല്‍ഫി എടുക്കാന്‍ പറ്റില്ലല്ലോ..”.
”ഒഹോ. അപ്പോള്‍ അതായിരുന്നു ഉദ്ദേശ്യം അല്ലെ. എന്നെക്കൊണ്ട് സെല്‍ഫി എടുപ്പിക്കണമല്ലേ…’
‘ശരി ആയിക്കോട്ടേ… ‘ അവള്‍ കവര്‍ തുറന്നു ഫോണ്‍ എടുത്തു, ബാറ്ററിയും സിമ്മുമൊക്കെ ഇട്ടു. അല്പ നേരത്തിനുള്ളില്‍ അവള്‍ ഓണ്‍ലൈനായി.. എന്നെ നോക്കി നുണക്കുഴിയുടെ ചുഴിയില്‍ എന്നെ തമോഗര്‍ത്തത്തിലെത്തിപ്പെട്ട കുള്ളന്‍ ഗ്രഹത്തെപ്പോലെ മുക്കിക്കളഞ്ഞു.
