ഇന്റര്‍നെറ്റ് തന്ന സുന്ദരി 2

”എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നെ. ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ. ഞാന്‍ കാരണം മനുവേട്ടനു ഒന്നും വരരുത്…’

‘അയ്യോ,. അത് ഞാന്‍ മനഃപൂര്‍വ്വം വിട്ടതാണ്. രാഖി ഇങ്ങോട്ട് വരണമെന്നു പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും ഓര്‍ത്തില്ല. ‘

‘പ്ലീസ് എന്നെ വിട്ടെക്കു, അതിനേക്കാളൊക്കെ പ്രധാപ്പെട്ടതല്ലേ ഇത്”. തേങ്ങല്‍ അവസാനിക്കുന്നില്ല. ”ഉടനെ ആശുപത്രിയിലേക്ക് ചെല്ലണം. കീമോ എടുക്കണം.. ഞാനും വരാം” ഞാന്‍ കൂടെയിരിക്കാം” അവള്‍ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു. ഇങ്ങനെയൊരു കാര്യം ഉണ്ടായിരുന്നത് എന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ലായിരുന്നു”

ഞാന്‍ വിറളിയ ഒരു ചിരി സമ്മാനിച്ചു എന്നല്ലാതെ എനിക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു

”വരൂ. നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ‘

‘ഇപ്പഴോ? ‘ ഞാന്‍ പുരികം ഉയര്‍ത്തി.

”പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ‘

ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന് മാത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍ വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി.

കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച് അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍ നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്.

ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ് ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്, തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു.

”ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ‘ രാഖിയെ എന്നെ നോക്കി.

അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു.

ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി, വാമന മൂര്‍ത്തി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ എന്നോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്റെ വണ്ടിയില്‍ നിന്ന് ദേവി വീണ്ടും പോയതു പോലെ തോന്നി.

അല്പ സമയത്തിനുശേഷം രാഖി തിരിച്ചു വന്നു. എന്നെ പ്രസാദ ചന്ദനം തൊടുവിച്ചു തന്നു. എന്നിട്ട് മുടിയെടുത്ത് മുന്നിലേക്കിട്ട് എന്ന് നോക്കി പുറത്തേക്കു നോക്കാന്‍ പറഞ്ഞു. അപ്പോഴാണ് അവിടെ മുല്ലപ്പൂ വില്‍കുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഇറങ്ങിച്ചെന്ന് രണ്ടു മുഴം മുല്ലപ്പൂ വാങ്ങി തിരിച്ചു വന്നു.

രാഖി മുഖ തിരിച്ച് നിന്നു. എന്നോട് മുല്ലപ്പൂ ചൂടിച്ചു കൊടുക്കാന്‍ പറയുകയാണ്. ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കുമ്പോള്‍ പോലും അവള്‍ ഇത്ര സന്തോഷം അനുഭവിക്കുന്നതായി തോന്നിയില്ല. ഞാന്‍ പണിപ്പെട്ടാനെങ്കിലും ആ കൃത്യം നിര്‍വഹിച്ചു. ഏതോ കണക്കു പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍.

അവള്‍ തിരിഞ്ഞ് നേരെയിരുന്നു. മുടിയും ചൂടിയ പൂവും ഒതുക്കിയിട്ടും കണ്ണാടിയില്‍ നോക്കി എല്ലാം ശരിയായിട്ടുണ്ട് എന്നു റപ്പുവരുത്തി.

”പോവാം” ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്ന എന്നോടായി..

”എങ്ങോട്ട്?”

”എങ്ങോട്ടെങ്കിലും…. ഈ ലോകത്തിന്റെ അവസാനത്തിലേക്കാണെങ്കിലും.. ഞാന്‍ റെഡി”

” ഉറപ്പാണോ? അവസാനം മാറ്റി പ്പറയുമോ?

” ഹേയ് ഒരിക്കലുമില്ല” ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

” എന്നാല്‍ ഞാനും റെഡി., പോയ്ക്കളയാം അല്ലേ….”

എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്നു ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *