ഞാന്‍ നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തനിക്കു ഈ കമ്പനി പരിചയപെടുത്തിയ അന്‍സാറിനെ ഓര്‍മ വന്നത്. അവനെ ഒന്ന് വിളിക്കാം എന്തെങ്കിലും വഴി അവന്‍ വിചാരിച്ചാല്‍ നടക്കും. അവന്‍റെ സുഹൃത്ത് ആണ് കമ്പനിയുടെ പാര്‍ട്ണര്‍ എന്നാണ് അവന്‍ പറഞ്ഞത്. വേഗം ഫോണില്‍ അവന്‍റെ നമ്പര്‍ തിരഞ്ഞു കോള്‍ ബട്ടന്‍ അമര്‍ത്തി. ഫുള്‍ റിംഗ് ചെയ്തു കട്ടായി. അവന്‍ ബിസിയാകും. മിസ്കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കും എന്നറിയാം. ആദ്യമായി ദുബൈയില്‍ ജോലി തെണ്ടി വന്നപ്പോള്‍ മുതല്‍ ഉള്ള കമ്പനിയാണ് അവനുമായി. രണ്ടുപേരും ഏകദേശം ഒരേ അവസ്ഥ ആയിരുന്നു. ഒരുമിച്ചു കുറെ ജോലി തെണ്ടി. കഷ്ടപ്പാടും സങ്കടവും നിറഞ്ഞ സുഖമുള്ള ആ ഓര്‍മകളില്‍കൂടി ഒരു നിമിഷം പിന്നിലേക്ക് പോയി. രണ്ടു പേരും ഒരേപോലെയാണ് വളര്‍ന്നത്. ഇന്ന് അവനും അബുദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. ഒരാവശ്യം വന്നാല്‍ പരസ്പരം മനസ് നിറഞ്ഞു കൂടെ നില്‍ക്കുന്ന സൌഹൃദം. ഓര്‍മയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവന്‍റെ കോള്‍ വന്നു. അവനോടു കാര്യം പറഞ്ഞു. അച്ഛന്റെ ഇടപെടലും , ജിന്‍സിയാണ് ആളെന്നും പറഞ്ഞില്ല. ഒരു സുഹൃത്ത് ആണെന്ന് പറഞ്ഞത്. അവന്‍ കമ്പനി മുതലാളിയെ വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി അപ്പോഴും ദൂരേക്ക് നോക്കി ഇരിക്കുകയാണ്. ഞാന്‍ മുന്നോട്ടാഞ്ഞു ആ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞു ഒഴുകുകയാണ് എന്ന് മനസിലായി. എനിക്ക് പെട്ടന്ന് മനസലിവ് ഉണ്ടാകുന്നതല്ല. എന്നാല്‍ അവളോട് എന്തോ ഒരു ഇഷ്ടം തോന്നി. എങ്ങനെയെങ്കിലും സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി.
ഞാന്‍ അവളുടെ നേര്‍ക്ക് തിരിഞ്ഞു വിളിച്ചു ജിന്‍സി…
അവള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുഖമുയര്‍ത്തി എന്നെ നോക്കി. ഒരുപാടു സംഘര്‍ഷം അനുഭവിക്കുന്നു എന്നവളുടെ മുഖം പറയുന്നുണ്ട്.
ഞാന്‍ പറഞ്ഞു തുടങ്ങി… ജിന്‍സി ഞാന്‍ ഈ ദുബായില്‍ ഒന്നര വര്‍ഷത്തോളം ഒരു പ്രതീക്ഷയും ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഫുഡ് പോലും കഴിക്കാന്‍ പൈസ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. നിങ്ങള്‍ക്കൊരു ജോലി ഉണ്ട് സാലറി ഉണ്ട്. അവിടെ വരെ എത്തിപ്പെടുന്നതില്‍ ഉള്ള തടസമാണ് മുന്നില്‍. അതിനും നിങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതീക്ഷ ഉണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ആകണ്ട. കരയേണ്ട കാര്യമില്ല. ഒരുറപ്പ് ഞാന്‍ തരാം വിസ കാന്‍സല്‍ ആകും മുന്‍പ് ജിന്‍സിയെ അവിടെ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഇത് പറഞ്ഞ ശേഷം അവളുടെ കൈപത്തിയില്‍ പിടിച്ചു ഒന്നമര്‍ത്തിയ ശേഷം മറ്റേ കൈകൊണ്ടു ആശ്വസിപ്പിക്കുന്ന പോലെ കയ്യില്‍ തട്ടി. എന്‍റെ മനസ്സില്‍ ഒരു ഐഡിയ വന്നിരുന്നു ഇത് പറയുമ്പോള്‍. അവള്‍ കണ്ണ് നീരിനുള്ളില്‍ കൂടി എന്നെ നോക്കിയെങ്കിലും മുഖത്തെ ഭാവം മാറിയില്ല. ഞാന്‍ പിടിച്ചിരിക്കുന്ന കയ്യിലേക് ഒന്ന് നോക്കി. വേഗന്നു ഞാന്‍ പിടി വിട്ട് വീണ്ടും പറഞ്ഞു, ജിന്‍സി എഴുനേറ്റ് ഒന്ന് കൂടി മുഖം കഴുകി വരൂ. അപ്പോഴേക്കും ഞാന്‍ ഒരു കോള്‍ ചെയ്യട്ടെ. ഞാന്‍ എണീറ്റ് ഫോണ്‍ എടുത്തു വീണ്ടും ഫ്ലൈറ്റ് ഓഫിസില്‍ വിളിച്ചു. എപ്പഴും ഫോണ്‍ എടുക്കുക ഒരാള്‍ തന്നെ ആണെന്ന് മനസിലായി. ഞാന്‍ അയാളോട് എന്‍റെ ഐഡിയ പറഞ്ഞു. എനിക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്‍റെ സീറ്റ് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സാധിക്കുമോ. പെട്ടന്ന് അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് അതിനുള്ള ബുദ്ധിമുട്ട് അയാള്‍ പറഞ്ഞു. RTPCR മുതലുള്ള സാങ്കേതിക തടസം, അതുമല്ലതെയുള്ള പേപ്പര്‍ വര്‍ക്ക്. അവിടെ ഇറങ്ങാനുള്ള പെര്‍മിഷന്‍. ഇങ്ങനെ കുറെ നൂലാമാലകള്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് സമാധാനത്തോടെ RTPCR വാലിഡ് ആണെന്നും വിസ ഉള്ള ആളാണ് എന്നും പറഞ്ഞു. പറ്റുമെങ്കില്‍ ഇത് ശരിയാക്കിയാല്‍ വളരെ ഉപകാരം ആണെന്ന് പറഞ്ഞു. അയാള്‍ ഉറപ്പു തന്നില്ലെങ്കിലും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരികെ ജിന്‍സിയെ നോക്കിയപ്പോള്‍ അവള്‍ അതെ ഇരുപ്പു തന്നെയാണ്. അടുത്തെത്തി പഴയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സര്‍ എന്ന് വിളിച്ചു അവളെന്തോ പറയാന്‍ തുടങ്ങി. എന്നെ സഹിച്ചതിന് നന്ദിയുണ്ട്. സഹായിക്കാന്‍ മനസ് കാണിച്ചതിനും താങ്ക്സ്. സര്‍ വിചാരിക്കുന്ന മാത്രം അല്ല എന്‍റെ പ്രശ്നങ്ങള്‍. അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ല എന്നറിയാം. അവ പറയാന്‍ എനിക്ക് താല്പര്യം ഇല്ല. മുഖം കഴുകിയാല്‍ കരച്ചില്‍ മാറി ചിരി വരുമൊന്നു അറിയില്ല. ആദ്യമായാണ് എന്നെ ഒരാള്‍ ഇങ്ങനെ സഹായിക്കാം എന്ന് പറയുന്നത്. അതും ഇത്ര വലിയൊരു സഹായം. സാറിനെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വളര്‍ന്ന ശേഷവും ചില തവണ കണ്ടിട്ടുണ്ട്. എനിക്ക് പോകാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഈ കാണിച്ച മനസ്സ് മറക്കില്ല. അത് പറഞ്ഞു അവള്‍ വീണ്ടും തേങ്ങി. കണ്ണുനീര്‍ തുടച്ചു നോട്ടം മാറ്റി.
