“നീ അങ്ങോട്ട് നീങ്ങി ഇരുന്നോ ഞാൻ ഇപ്പോ വരാം.”
“എങ്ങോട്ടും നീങ്ങി ഇരിക്കുന്നില്ലാ…ഞാൻ പോവാ തനിയെ വന്ന് പഠിക്ക്.”
“തനിയെ പോവാൻ ഒന്നും എനിക്ക് പേടിയില്ല…”
“ആണോ എങ്കിൽ ശരി നാളെ കാണാം…”
“ദേ ആര്യാ കുഞ്ഞ് കളിക്കരുതേ ഞാൻ പറഞ്ഞേക്കാം…”
“തനിയെ പോകാൻ പേടി ഇല്ലാന്ന് പറഞ്ഞിട്ട്…”
“പോകാൻ പേടി ഉള്ളതുകൊണ്ടാണെന്ന് ആര് പറഞ്ഞു…”
“പിന്നെന്തിനാ പേടി…”
“ഒന്നുമില്ലാ…നീ ഇവിടെ ഇരിക്ക് ഒന്നിച്ച് പോകാം.”
പക്ഷേ ആര്യൻ അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു.
“ഓ…ഇല്ല ചേച്ചീ…നല്ല ക്ഷീണം പോവാ…”
“പിന്നേ നീ പോകില്ല എന്നെ പറ്റിക്കാൻ പറയുവാ എനിക്കറിയാം.”
“അല്ല കാര്യമായിട്ടാ…ചേച്ചി പെട്ടെന്ന് നനയും കുളിയും എല്ലാം കഴിയും എന്ന് വിചാരിച്ചാ ഞാൻ ചന്ദ്രിക ചേച്ചി ചോദിച്ചപ്പോൾ നിന്നോളാം എന്ന് പറഞ്ഞത്…ഏതായാലും നാളെ രാവിലെ നമ്മൾക്ക് ഒന്നിച്ച് വരാം ഞാൻ വന്ന് വിളിച്ചോളാം…”
“മ്മ്…മ്മ്…നല്ല അഭിനയം.” ശാലിനി തുണികൾ എല്ലാം അലക്കി ബക്കറ്റിലേക്ക് ഇട്ടു.
“ഹഹ…ശരി…ടാറ്റാ.” ആര്യൻ മെല്ലെ ഓരോ പടവുകൾ ആയി കയറാൻ തുടങ്ങി.
ശാലിനി അവൻ എവിടെ വരെ പോകും എന്ന് നോക്കി നിന്നു. അവൻ ഓരോ പടികൾ കയറുമ്പോളും അവളുടെ ഭാവം മാറി. മനസ്സിൽ എന്തോ ഒരു പേടി കൂടി കൂടി വരുന്ന പോലെ. ആര്യൻ നിൽക്കാതെ തന്നെ മുകളിലേക്ക് കയറി. ഒടുവിൽ അവസാനത്തെ പടികളിലേക്ക് ആര്യൻ അവൻ്റെ നടത്തം തുടർന്നതും ശാലിനി അവനെ വിളിച്ചു.
“ടാ…ദേ ചെക്കാ ചുമ്മാ കളിക്കരുതേ…ടാ നാളെ നിന്നെ ഞാൻ ശരിയാക്കും കേട്ടല്ലോ…”
ശാലിനിയുടെ വാക്കുകൾ ഒന്നും തന്നെ കേട്ടെന്ന് നടിക്കാതെ അവൻ മുകളിലേക്ക് കയറി.
“ടാ…ആര്യാ…പോകരുത്…ആര്യാ പ്ലീസ് കഷ്ട്ടം ഉണ്ട്…എടാ…” ശാലിനിയുടെ വാക്കുകൾ ഇടറുന്നത് അവൾ അറിഞ്ഞു. അവളുടെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകാൻ തുടങ്ങി. അവൾ അവനെ രണ്ട് തവണ കൂടി “ആര്യാ…ആര്യാ…” എന്ന് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും അവൻ അവളുടെ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു. ശാലിനിയെ പണ്ടെങ്ങോ പിടികൂടിയിരുന്ന ഒരു ഭയം വീണ്ടും അവളെ മൂടാൻ തുടങ്ങി. അവൾ കുറച്ച് നിമിഷങ്ങൾ കൂടി അവൻ തിരികെ വരും എന്ന പ്രതീക്ഷയിൽ നിന്നെങ്കിലും അവനെ കാണാതെ ആ പടിയിൽ ഇരുന്ന് കരയാൻ തുടങ്ങി.
ഇതേ സമയം ആര്യൻ കുളത്തിന് പുറത്ത് മന്ദാരച്ചെടികൾക്ക് മറവിൽ നിന്നുകൊണ്ട് അവൻ എന്തോ വലിയ കുസൃതി കാണിച്ചിരിക്കുന്നു എന്ന മട്ടിൽ ചിരിക്കുക ആയിരുന്നു. ഒരു രണ്ട് മിനുട്ട് അവിടെ നിന്നിട്ട് തിരികെ ചെന്ന് ശാലിനിയുടെ വായിൽ നിന്നും നല്ല വഴക്ക് കേൾക്കണം എന്ന ചിന്തയിൽ ആണ് അവൻ ഇതൊക്കെ കാട്ടിക്കൂട്ടിയത്. കാരണം ശാലിനി അവനെ കളിയാക്കുമ്പോഴും വഴക്ക് പറയുമ്പോഴും അവൻ അതൊക്കെ നല്ല രീതിയിൽ ആസ്വദിച്ചിരുന്നു.
രണ്ട് മൂന്ന് മിനുട്ടുകൾക്ക് ശേഷം ആര്യൻ മെല്ലെ പടവിലേക്ക് കയറി. അവൻ നോക്കുമ്പോൾ ശാലിനി തിരിഞ്ഞിരിക്കുകയാണ്. നല്ല ദേഷ്യത്തിൽ ആയിരിക്കും എന്ന് വിചാരിച്ചുകൊണ്ട് അവൻ ബക്കറ്റ് മുകളിൽ വച്ചിട്ട് ശബ്ദം ഉണ്ടാക്കാതെ പടികൾ ഇറങ്ങി. അവൻ അവളുടെ അരികിൽ വന്നു നിന്നിട്ട് “പറ്റിച്ചേ…” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് ഞെട്ടി തിരിഞ്ഞ ശാലിനിയെ കണ്ട് ആര്യൻ പേടിച്ച് പോയി. തന്നെ ഇപ്പോ ദേഷ്യത്തോടെ ചെവിപൊട്ടുന്ന വഴക്ക് പറയും എന്ന് ആര്യൻ വിചാരിച്ചിരുന്ന ശാലിനി അവിടെ ഇരുന്ന് ഏങ്ങലടിച്ച് കരയുകയാണ്.
ആര്യൻ ഉടനെ തന്നെ “ചേച്ചീ…” എന്ന് വിളിച്ചുകൊണ്ട് അവളുടെ അരികിൽ ചെന്നിരുന്നതും ശാലിനി അവളുടെ കൈ വീശി അവൻ്റെ കരണം നോക്കി നല്ലൊരു അടി വെച്ച് കൊടുത്തു.
ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ചെവിക്കല്ല് തീർത്തൊരു അടി കിട്ടിയതിൻ്റെ ആഘാതത്തിൽ ആര്യൻ അവൻ്റെ കൈ കവിളിൽ വെച്ചുകൊണ്ട് വിക്കി വിക്കി “ചേച്ചീ…ഞാ…ഞാൻ…വെറുതെ ചേച്ചിയെ ഒന്ന് ദേഷ്യം…ദേഷ്യംപിടിപ്പിക്കാൻ വേണ്ടി…സോറി…” എന്ന് പറഞ്ഞതല്ലാതെ മറുത്തൊന്നും അവൻ അവളോട് പറഞ്ഞില്ല.
