മന്ദാരക്കനവ് – 4അടിപൊളി  

 

പെട്ടെന്ന് അകത്ത് പൈപ്പ് തുറന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട ആര്യൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നുകൊണ്ട് അവിടെ നിന്നും കസേരയുമായി മുന്നിലേക്ക് പോയി ലിയയുടെ മേശയുടെ അരികിൽ ഇട്ട ശേഷം അവിടെ ഇരുന്നു.

 

പെട്ടെന്ന് എന്തോ ഒരു കുറ്റബോധം ആര്യൻ്റെ മനസ്സിൽ തട്ടിയപോലെ ഒരു തോന്നൽ അവന് വന്നു. ലിയ ചേച്ചി ഇന്നലെ അവരുടെ കഥകൾ തന്നോട് പറഞ്ഞ് സങ്കടപ്പെട്ട കാഴ്ച ഓർത്ത് അവൻ അനങ്ങാതെ ഇരുന്നു. തൻ്റെ ഭർത്താവിനെ അത്രയും സ്നേഹിച്ച ഇപ്പോഴും അയാൾക്കും മകനും വേണ്ടി ജീവിക്കുന്ന ഒരു നല്ല സ്ത്രീ ആണ് ലിയ എന്ന ചിന്ത അവൻ്റെ മനസ്സിൽ നിന്നും മറ്റു വിചാരങ്ങളെ മാറ്റി നിർത്തി. ഒരു പക്ഷേ ഇതേ സാഹചര്യങ്ങളിലൂടെ തൻ്റെ അമ്മയും കടന്നു പോയിരുന്നു എന്ന വസ്തുത ഓർത്തത് കൊണ്ടുമാവാം അവനെ അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. എല്ലാ സ്ത്രീകളെയും ഒരേപോലെ കാണരുത് എന്ന് അവൻ അവൻ്റെ മനസ്സിനെ തന്നെ പറഞ്ഞ് പഠിപ്പിക്കാൻ നോക്കി. കുറച്ച് നിമിഷത്തേക്കെങ്കിലും അവൻ്റെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചു.

 

ടോയ്‌ലറ്റിൽ നിന്നും തിരിച്ച് വന്ന ലിയ കാണുന്നത് അനങ്ങാതെ ഒരു കസേരയിൽ പുറത്തേക്കും നോക്കി വിഷമിച്ചിരിക്കുന്ന ആര്യനെ ആണ്. ലിയ അവൻ്റെ അരികിൽ വന്നിരുന്നു. അപ്പോഴും ആര്യൻ പുറത്തേക്ക് തന്നെ കണ്ണുംനട്ട് അതേ ഇരിപ്പായിരുന്നു. ലിയ മെല്ലെ അവൻ്റെ തോളിൽ കൈ വെച്ചുകൊണ്ട് അവനെ വിളിച്ചു.

 

“ആര്യാ…എന്ത് പറ്റി?”

 

“ഏയ്…ഒന്നുമില്ല ചേച്ചി.” ആര്യൻ ഞെട്ടി ഉണർന്നുകൊണ്ട് പെട്ടെന്ന് പറഞ്ഞു.

 

“കള്ളം പറയണ്ടാ…പിന്നെ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നത്?”

 

“ഏയ്…സങ്കടമോ…ചേച്ചിക്ക് തോന്നിയതാവും…”

 

“എന്നിട്ടാണോ നിൻ്റെ കണ്ണുകൾ കലങ്ങി ഇരിക്കുന്നത്…”

 

ആര്യൻ അവൻ്റെ കണ്ണുകളിൽ മെല്ലെ ഒന്ന് തടവിയതും രണ്ട് തുള്ളി കണ്ണുനീർ അവൻ്റെ മടിയിലേക്ക് വീണു.

 

“അത് ചേച്ചീ…പെട്ടെന്ന് അമ്മയെ ഒന്ന് ഓർത്ത് പോയി അതാ…”

 

“അതിനെന്തിനാ വിഷമിക്കുന്നത്?”

 

“അങ്ങനെ മാറി നിന്നിട്ടില്ലല്ലോ ഞാൻ പെട്ടെന്ന് എന്തൊക്കെയോ ഓർത്തപ്പോൾ…”

 

“പോട്ടെ സാരമില്ല…നിനക്ക് ഒന്നുമില്ലെങ്കിൽ തോന്നുമ്പോൾ പോയി കാണാൻ എങ്കിലും പറ്റുമല്ലോ അമ്മയേ…”

 

ലിയയുടെ ആ വാക്കുകളിൽ അവളുടെ ഉള്ളിലുള്ള വിഷമവും നിരാശയും കലർന്നിട്ടുണ്ടായിരുന്നു എന്ന് ആര്യന് മനസ്സിലായി. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ കണ്ണുകൾ തുടച്ചിട്ട് മുഖത്ത് ഒരു ചിരി വിടർത്താൻ ശ്രമിച്ചു.

 

“അത് വിട് ചേച്ചി…ഞാൻ ഇന്നും ചേച്ചീടെ മൂഡ് ശോകം ആക്കുന്നില്ല…നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.”

 

“ഹാ അതാ നമ്മൾക്ക് രണ്ടുപേർക്കും നല്ലത്…”

 

അവർ ഇരുവരും ആ വിഷയം മാറ്റി വേറെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. തമാശകളും വിശേഷങ്ങളും പറഞ്ഞ് അവർ സമയം തള്ളി നീക്കി. ഒരു മണി ആകാറായപ്പോൾ ആര്യൻ അവിടെ നിന്നും ഊണ് കഴിക്കാനായി പുറപ്പെട്ടു.

 

കടയിൽ ചെന്ന് ഊണ് കഴിച്ച ശേഷം ആര്യൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ചന്ദ്രികയോട് യാത്ര പറഞ്ഞിറങ്ങി. തിരികെ ഓഫീസിലേക്ക് പോയ ആര്യൻ വീണ്ടും ലിയയോടൊപ്പം സമയം ചിലവഴിച്ചു. അന്നും മറ്റു പണികൾ ഒന്നും വേറെ ഇല്ലാതിരുന്നതിനാൽ അവർക്ക് രണ്ടുപേർക്കും പരസ്പരം കുറേക്കൂടി മനസ്സിലാക്കാനും അറിയാനും എല്ലാം ആ സമയങ്ങൾ ഉപകരിച്ചു. ഒടുവിൽ പോകേണ്ട നേരം ആയപ്പോൾ അവർ ഓഫീസ് പൂട്ടി ഇറങ്ങി.

 

ലിയ ആര്യൻ്റെ ഒപ്പം സൈക്കിളിൽ തന്നെ കയറി. ആര്യൻ്റെ വീട് എത്തിയിട്ടും അവൻ സൈക്കിൾ നിർത്താതെ പോകുന്നത് കണ്ടപ്പോൾ ലിയ അവൻ്റെ പുറത്ത് ഒന്ന് തട്ടി.

 

“ടാ ഇവിടെ ഇറക്കിയാൽ മതി ഞാൻ പൊയ്ക്കോളാം.”

 

“സാരമില്ല ഞാൻ വിടാം…”

 

“വേണ്ടടാ പറയുന്നത് കേൾക്ക് വെറുതെ അവിടെ വരെ വരണമെന്നില്ല എന്നെ കൊണ്ടാക്കാൻ…”

 

“എങ്കിൽ വെറുതെ അല്ലാ എനിക്കൊരു ചായ കൂടി കുടിക്കണം അപ്പളോ…”

 

“അത് നീ എന്നെ കൊണ്ടാക്കാൻ വേണ്ടി പറയുന്നതല്ലേ…”

 

“ഞാൻ കൊണ്ടാക്കിയാൽ ചേച്ചിക്ക് എന്താ പ്രശ്നം…രാവിലെ നടക്കാൻ വയ്യാ എന്ന് പറഞ്ഞ ആളല്ലേ…”

 

“പ്രശ്നം ഒന്നും ഉണ്ടായിട്ടല്ലാ…നീ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്…”

 

“എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ…ചേച്ചി അവിടെ മിണ്ടാതിരുന്നാൽ മതി എന്തായാലും എത്താറായി…”

 

“നിൻ്റെ കാര്യം…”

 

രാവിലെ വെറുതെ അവനോട് നടക്കാൻ വയ്യാ എന്ന് പറഞ്ഞ ഒരു കൊച്ചു കാര്യം പോലും അവൻ ഓർത്തിരുന്നതും തന്നെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ട് വിടാൻ കാണിച്ച അവൻ്റെ മനസ്സും എല്ലാം ഓർത്തപ്പോൾ ലിയക്ക് കുറേ കാലങ്ങൾക്ക് ശേഷം തന്നോട് ഒരാൾ കരുതലും സ്നേഹവും കാണിക്കുന്നത് പോലൊരു തോന്നൽ വന്നു തുടങ്ങി.

 

വെറും രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ആര്യൻ ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട ചുരുക്കം ആൾക്കാരിൽ ഒരാൾ ആയി മാറിയിരിക്കുന്നു എന്ന് ലിയ മനസ്സിലാക്കി. ഇനിയും ദിവസങ്ങൾ കഴിയുംതോറും അതിൻ്റെ ആഴം കൂടുകയെ ഉള്ളൂ എന്നും അവളുടെ ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ ഒരു തോന്നൽ അവൾക്കുണ്ടായി.

 

ആര്യൻ കുട്ടച്ചൻ്റെ കടയുടെ പുറകിൽ എത്തിയതിനു ശേഷം സൈക്കിൾ നിർത്തി. ബസ്സ് സ്റ്റോപ്പിന് അടുത്ത് എത്തിയിട്ടും ലിയ സൈക്കിളിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നത് കണ്ട ആര്യൻ അവളെ തിരിഞ്ഞ് നോക്കി.

 

“ഇവിടെ വരെ ഞാൻ കൊണ്ട് വിട്ടതുകൊണ്ട് ഇന്ന് ഇറങ്ങുന്നില്ലേ ഇതിൽ നിന്നും?”

 

ആര്യൻ്റെ ആ ചോദ്യം കേട്ടപ്പോഴാണ് ബസ്സ് സ്റ്റോപ്പിന് അടുത്ത് എത്തിയെന്ന കാര്യം ലിയ അറിഞ്ഞത്. അവൾ ചിന്തകളിൽ നിന്നും ഉണർന്ന് സൈക്കിളിൽ നിന്നും ഇറങ്ങി അവനെ നോക്കി ഒന്ന് ചിരിച്ചു.

 

“ഞാൻ എന്തോ ആലോചിച്ച് ഇരുന്ന് പോയി.”

 

“ആണോ ഞാൻ കരുതി ഉറങ്ങുവാരുന്നെന്ന്.” ആര്യൻ നടന്നുകൊണ്ട് കളിയായി പറഞ്ഞു.

 

“പോടാ കളിക്കാതെ…”

 

“വാ ഒരു ചായ കുടിച്ചിട്ട് പോകാം…”

 

“എനിക്ക് വേണ്ട ബസ്സ് ഇപ്പൊ വരും.”

 

“ബസ്സ് വരുന്നത് നാലരയ്ക്ക് അല്ലേ…സമയം നാലേകാൽ ആയതേയുള്ളൂ…” ആര്യൻ കുട്ടൻ്റെ കടയുടെ മുന്നിൽ സൈക്കിൾ വച്ചിട്ട് പറഞ്ഞു.

 

“കുടിച്ചുകൊണ്ടിരിക്കുമ്പോൾ വന്നാലോ…”

 

“ചുമ്മാ ഓരോ അടവ് എടുക്കുവാണേ…വന്നേ ഇങ്ങോട്ട്…” എന്ന് പറഞ്ഞ് ആര്യൻ ലിയയുടെ കൈയിൽ പിടിച്ച് വലിച്ചു.

 

പ്രതീക്ഷിക്കാതെ ആര്യൻ തൻ്റെ കൈയിൽ പിടിച്ചത് കണ്ട് ലിയ ഒന്ന് ഞെട്ടി. അവൾ ചുറ്റും ഒന്ന് നോക്കി. ബസ്സ് സ്റ്റോപ്പിലും ചായക്കടയിലും എല്ലാം ആൾക്കാർ ഉണ്ടായിരുന്നു. അതിൽ ചിലരൊക്കെ അവരെ നോക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *