മന്ദാരക്കനവ് – 4അടിപൊളി  

 

ലിയ അവൻ്റെ മുഖത്തേക്ക് നോക്കി “എന്താ നീ കാണിക്കുന്നെ?” എന്ന ഭാവത്തിൽ ചെറിയ ഒരു ചമ്മലോടെ അവനെ നോക്കി.

 

താൻ കാണിച്ച മണ്ടത്തരം മനസ്സിലാക്കിയ ആര്യൻ്റെ കാതുകളിൽ കുട്ടച്ചൻ്റെ കടയിലെ റേഡിയോയിൽ നിന്നും “നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കീ…പുളക മുകുളമേന്തി രാഗ വൃന്ദാവനം…” എന്ന വരികൾ കൂടി ആയപ്പോൾ “ആഹാ ഈ അവസരത്തിൽ കേൾക്കാൻ പറ്റിയ പാട്ടും കറക്റ്റ് വരികളും” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആര്യൻ ആ റേഡിയോയെ ശപിച്ചു.

 

ആര്യൻ ലിയയുടെ കൈയിൽ നിന്നും പിടി വിട്ടു. അവൻ്റെ മുഖത്തും കാണിച്ച മണ്ടത്തരം ഓർത്ത് ചെറിയൊരു ഭയവും ചമ്മലും പ്രതിധ്വനിച്ച് നിന്നത് ലിയ മനസ്സിലാക്കി. ഇനി താൻ അവൻ്റെയൊപ്പം ചായ കുടിക്കാൻ പോയില്ലെങ്കിൽ അത് അവന് മോശം ആകുമോ എന്ന് പേടിച്ച് ലിയ ചായ കുടിക്കാം എന്ന് സമ്മതിച്ചു.

 

“പുറത്ത് തന്നെ നിന്ന് കുടിച്ചാൽ മതി കേട്ടോ അകത്തേക്ക് കയറേണ്ടാ…ബസ്സ് വന്നാലോ…”

 

“മ്മ് ശരി ചേച്ചി.”

 

“കുട്ടച്ചാ രണ്ട് ചായ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി ചില്ലുകൂടിൽ നിന്നും രണ്ട് പഴംപൊരി എടുത്തുകൊണ്ട് വന്ന് ഒരെണ്ണം ലിയക്ക് കൊടുത്തു.

 

“ഇതൊന്നും വേണ്ടായിരുന്നെടാ…”

 

“കഴിക്ക് ഒരു മണിക്കൂർ ബസ്സിൽ ഇരിക്കാൻ ഉള്ളതല്ലേ…”

 

കൂടുതൽ ഒന്നും പറയാതെ ലിയ അവൻ്റെ കൈയിൽ നിന്നും പഴംപൊരി വാങ്ങി കഴിക്കാൻ തുടങ്ങി. അവർ അത് കഴിച്ച് തീരാറായപ്പോഴേക്കും കുട്ടൻ ചായയും ആയി വന്നു. ആര്യൻ പഴംപൊരിയുടെ അവസാന ഭാഗവും മുഴുവനായി വായിലേക്ക് ഇട്ട് ചവച്ചുകൊണ്ട് കുട്ടച്ചൻ്റെ കൈയിൽ നിന്നും ചായ വാങ്ങി ഒരു ഗ്ലാസ്സ് ലിയക്ക് കൊടുത്തു.

 

പഴംപൊരി എല്ലാം കൂടെ വായിൽ ഇട്ടു ചവച്ച് ഇറക്കാൻ പാട് പെടുന്ന ആര്യനെ കണ്ട് ലിയക്ക് ചിരി വന്നു.

 

“ഇതാരാ ഹനുമാനോ…ഹഹഹ…”

 

“ഇളിഗ്ലോന്ത് നിഗ്ലാതെ ഗുളിച്ചെ…”

 

“എന്തോന്ന് എന്തോന്ന്…ഹഹഹ…”

 

ആര്യൻ സാവധാനം വായിലുള്ളത് മുഴുവൻ ചവച്ച് ഇറക്കിയ ശേഷം വീണ്ടും പറഞ്ഞു.

 

“ഇളിച്ചോണ്ട് നിക്കാതെ കുടിക്കാൻ…ബസ്സ് ഇപ്പൊ വരും…”

 

“ആണോ…ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ചായ വേണമെന്ന്…ഹും…”

 

“പാവം ബസ്സിലെ ഇടിയൊക്കെ കൊണ്ട് ക്ഷീണിച്ച് വീട്ടിൽ എത്തുമ്പോൾ താമസിക്കത്തില്ലേ ഒരു ചായ മേടിച്ച് കൊടുത്തേക്കാം എന്ന് വിചാരിച്ചപ്പോൾ…”

 

“ശരിക്കും…എങ്കിൽ ഞാൻ കുടിക്കാം…”

 

“ആ അങ്ങനെ മര്യാദക്ക് വഴിക്ക് വാ…”

 

“പോടാ…” ലിയ കുലുങ്ങിച്ചിരിച്ചുകൊണ്ട് വായനക്കി.

 

“ആരെങ്കിലും കണ്ടിരുന്നോ ചേച്ചീ ഞാൻ കൈയിൽ പിടിച്ച് വലിച്ചത്?” ചായ കുടിച്ചുകൊണ്ടിരുന്നതിനിടയിൽ ആര്യൻ ലിയക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ചോദിച്ചു.

 

“പിന്നെ കാണാതെ…ആ കടയ്ക്കകത്ത് ഇരിക്കുന്ന ഒന്നുരണ്ട് പേരും ബസ്സ് സ്റ്റോപ്പിൽ നിക്കുന്നവരും ആരൊക്കെയോ നോക്കുന്നത് കണ്ടു…ഞാൻ അങ്ങ് ഉരുകിപ്പോയി…”

 

“അപ്പോ ഞാനോ…”

 

“ആഹാ ആണോ…അന്നേരം ആലോചിക്കണമായിരുന്നു…”

 

“ഞാൻ പെട്ടെന്നുള്ള ആ ഒരു ഇതിൽ…”

 

“നാടോടിക്കാറ്റിലെ മോഹൻലാൽ ആണെന്നാ വിചാരം…?”

 

“അതിന് കറക്റ്റ് സമയത്ത് തന്നെ ആ പാട്ട് വന്നതിന് ഞാൻ എന്ത് ചെയ്യാനാ?”

 

“നീ ഒന്നും ചെയ്യണ്ടടാ ഞാനായിരുന്നു നിൻ്റെ കൂടെ നിന്ന് ശോഭന കളിക്കേണ്ടത്…പൊക്കോണം…”

 

“സോറി ചേച്ചീ…ഇനി അങ്ങനെ പറ്റാതിരിക്കാൻ ശ്രദ്ധിക്കാം ഞാൻ.”

 

“ശ്രദ്ധിക്കാം എന്നോ…?”

 

“അല്ലാ…ഇനി അങ്ങനെ പറ്റില്ല സത്യം…”

 

“മ്മ്…ശരി ശരി…”

 

“ചെറിയൊരു ശോഭന കളിച്ചോ എന്നൊരു സംശയം…ഇങ്ങനെ ചരിഞ്ഞ് നിൽക്കുമ്പോൾ ശോഭനേടെ ഒരു കട്ട് ഉണ്ടോ?” ആര്യൻ അവളെ ദേഷ്യം പിടിപ്പിക്കാൻ എന്ന പോലെ പതിയെ പറഞ്ഞു.

 

“ടാ…ടാ…കുറച്ച് അടുത്തപ്പോഴേക്കും നീ എന്നെ കളിയാക്കാൻ തുടങ്ങിയോ?”

 

“എന്തോ…ആരോടേലും അടുത്താൽ അവരെ കളിയാക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ഒരു കാര്യം ആയിപ്പോയി മാറ്റാൻ പറ്റുന്നില്ല…”

 

“മ്മ്…അത് ആരുടെയെങ്കിലും കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോ മാറിക്കോളും.”

 

“കരിനാക്ക് വളച്ചൊന്നും പറയല്ലേ…”

 

“കരിനാക്ക് നിൻ്റെ…പോടാ…”

 

“ചായ കുടിക്ക് വേഗം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ കുടിച്ച ഗ്ലാസ്സ് കൊണ്ടുപോയി കടയിലേക്ക് വച്ചു. ആര്യൻ കുട്ടൻ്റെ കൈയിൽ പൈസ കൊടുത്ത് ലിയയുടെ അരികിലേക്ക് ചെന്നപ്പോഴേക്കും ബസ്സിൻ്റെ ഹോൺ മുഴങ്ങുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ ബസ്സ് കുറച്ച് ദൂരെ നിന്നും വരുന്നത് അവർ കണ്ടു.

 

“ഉയ്യോ ദാ ബസ്സ് വന്നു നീ ഇത് പിടിച്ചേ ഞാൻ പോട്ടെ…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചായ ഗ്ലാസ്സ് ആര്യൻ്റെ കൈയിൽ കൊടുത്തു.

 

“പകുതി പോലും കുടിച്ചില്ല ഇത് കുടിച്ചിട്ട് പോ ചേച്ചി…”

 

“മതിയെടാ പോവാ…നാളെ കാണാം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ധൃതിയിൽ റോഡ് ക്രോസ് ചെയ്തു.

 

ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയതും ലിയ കയറി സൈഡ് സീറ്റുറപ്പിച്ചു. അവൾ നോക്കുമ്പോൾ ആര്യൻ താൻ കുടിച്ച ഗ്ലാസ്സിൽ നിന്നും ബാക്കി ചായ കുടിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. താൻ കുടിച്ചതിൻ്റെ ബാക്കി ആയിരുന്നിട്ട് കൂടി അത് കളയാതെ കുടിച്ച ആര്യനെ കണ്ട് അവൾക്ക് വീണ്ടും ഒരു പ്രത്യേക സന്തോഷം തോന്നി. ഇത്ര ചെറിയ കാര്യങ്ങൾക്ക് പോലും താൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ തൻ്റെ ജീവിതത്തിൽ കുറേക്കാലമായി താൻ സന്തോഷം എന്താണെന്ന് പോലും അറിയാത്തതുകൊണ്ട് ആയിരിക്കാം എന്നവൾ ഊഹിച്ചു.

 

മറ്റൊന്നും ചിന്തിക്കാതെ നല്ലൊരു ചായ കൂടി ആസ്വദിച്ച് കുടിക്കുന്നതിനിടയിൽ ആര്യൻ ലിയയെ നോക്കി കൈ വീശി കാണിച്ചു. ലിയ അവനെയും കൈ വീശി കാണിച്ചുകൊണ്ട് ചിരിച്ചു. ബസ്സ് മെല്ലെ മുന്നോട്ട് എടുത്തു. അന്നാദ്യമായി മന്ദാരക്കടവിൽ നിന്നും ബസ്സ് എടുക്കുമ്പോൾ ലിയയുടെ മനസ്സിൽ വളരെ ചെറിയ തോതിൽ ഒരു നിരാശ പടർന്നു. പക്ഷേ അത് വളരെ ചെറുതാണെങ്കിൽ പോലും അതിന് കാരണക്കാരനായ ആര്യൻ എന്ന വ്യക്തി വെറും രണ്ടു ദിവസങ്ങൾ കൊണ്ട് തൻ്റെ ജീവിതത്തിൽ നേടിയെടുത്ത സ്ഥാനം എത്രത്തോളം ആണ് എന്ന് അവൾ ചിന്തിച്ചു. അതിനും മാത്രം എന്താണ് അവൻ ചെയ്തത് എന്ന് ലിയ അവളോട് തന്നെ ചോദിക്കുമ്പോൾ അതിന് അവൾക്കുത്തരമൊന്നും ഉണ്ടായിരുന്നില്ല.

 

ബസ്സ് പോയി കഴിഞ്ഞ് ആര്യൻ ആ ഗ്ലാസ്സ് കൂടി അകത്തേക്ക് വച്ചിട്ട് കുട്ടച്ചനോട് ചന്ദ്രികയെ തിരക്കി. “തിരക്കല്ലേ പണിയിലാ” എന്ന് കുട്ടച്ചൻ പറഞ്ഞപ്പോൾ “എങ്കിൽ ഞാൻ പിറകിലൂടെ പോയി ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് അങ്ങ് പോയേക്കാം” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തിറങ്ങി സൈക്കിൾ എടുത്തുകൊണ്ട് കടയുടെ പിന്നിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *