ആ തണുപ്പിൽ അവൻ്റെ മാറോട് ചേർന്നുള്ള ആ ഇരിപ്പ് ശാലിനി ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും അധികം നേരം അത് തുടരാതെ അവൾ അവൻ്റെ തോളിൽ നിന്നും അവളുടെ മുഖം വലിച്ചു. ആര്യൻ അപ്പോഴാണ് അവൻ്റെ മനോനില വീണ്ടെടുത്തത്. അവൻ ചുറ്റും നോക്കി പരിസരം മനസ്സിലാക്കിയ ശേഷം പെട്ടെന്ന് എഴുന്നേറ്റു.
“സമയം ഒരുപാടായി ചേച്ചീ. വേഗം കുളിച്ചിട്ട് വാ. ഞാൻ അങ്ങോട്ട് നീങ്ങി ഇരിപ്പുണ്ടാവും.” അവൻ ശാലിനിയോട് പറഞ്ഞിട്ട് അവളുടെ അരികിൽ നിന്നും കുറച്ച് അകന്നു മാറി അവൾക്ക് കാണാവുന്ന പോലെ തന്നെ ഇരുന്നു.
ശാലിനി തണുത്തുറഞ്ഞ ആ വെള്ളത്തിലേക്ക് പതിയെ ഇറങ്ങിയ ശേഷം ഒന്ന് മുങ്ങിനിവർന്നു. തൻ്റെ എല്ലാ വിഷമങ്ങളും വേദനകളും മനസ്സിൽ നിന്നും മാറ്റാൻ എപ്പോഴും ഈ കുളത്തിന് സാധിക്കാറുണ്ടെന്ന് അവൾ മനസ്സിൽ ഓർത്തു.
അവൾ തിരിച്ച് പടവിലേക്ക് കയറിയ ശേഷം ആര്യനെ ഒന്ന് നോക്കി. അവൻ ദൂരത്തേക്ക് കണ്ണും നട്ട് എന്തോ ആലോചിച്ചിരിപ്പാണ്. “പാവം നല്ലപോലെ വിഷമം ആയിക്കാണും” ശാലിനി മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ ശരീരം തോർത്തിയ ശേഷം തോർത്ത് തലയിൽ ചുറ്റി. കൊണ്ടുവന്ന നൈറ്റി എടുത്ത് ധരിച്ചുകൊണ്ട് അവൾ തുണികൾ കൊണ്ടുവന്ന ബക്കറ്റ് എടുത്ത് ആര്യൻ്റെ അരികിലേക്ക് നടന്നു.
“പോകാം…”
“ഏഹ്…ഹാ പോകാം ചേച്ചി.” കണ്ണുകൾ തുറന്നിരുന്ന് എന്തോ സ്വപ്നം കണ്ടുകൊണ്ടിരുന്ന അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.
ആര്യൻ മുകളിൽ വച്ചിരുന്ന അവൻ്റെ ബക്കറ്റും എടുത്തുകൊണ്ട് ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.
“അമ്മ അന്വേഷിക്കുന്നുണ്ടാവും…വേഗം വാ.” ശാലിനി പറഞ്ഞു.
“മ്മ്…”
“നീ എന്താ ആലോചിക്കുന്നത്?”
“ഏയ്…ഒന്നുമില്ല ചേച്ചീ.”
“എന്തായാലും കഴിഞ്ഞത് കഴിഞ്ഞ് നീ അത് വിട്…”
“ചേച്ചി ഇത് മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?”
“അന്ന് ഞാൻ ആകെ പേടിച്ചുപോയി…ആരോടും പറയാൻ ധൈര്യം വന്നില്ല…എട്ടനോട് പറഞ്ഞാൽ പിന്നീട് അത് വലിയ പ്രശ്നം ആയാലോ എന്നൊക്കെ വിചാരിച്ചു…ഇത് ചന്ദ്രിക ചേച്ചിക്ക് മാത്രം ആയിരുന്നു അറിയാവുന്നത്…ഇപ്പോ നിനക്കും…ചേച്ചിയോട് ഞാൻ പറഞ്ഞു പിറ്റേദിവസം…അതിൽ പിന്നെ ചേച്ചി കാണും എപ്പോഴും എൻ്റെ കൂടെ ഇവിടെ…അഥവാ ചേച്ചി താമസിച്ചാലോ അല്ലെങ്കിൽ വരാൻ പറ്റാത്ത ദിവസങ്ങളിൽ ആയാലോ എന്നോട് നേരത്തെ പോകണം എന്ന് പറയും…ഇന്ന് നിന്നോട് പറഞ്ഞുവിട്ടത് പോലെ…”
“ചന്ദ്രിക ചേച്ചി ഞാൻ കാണിച്ചതറിയുമ്പോ എന്നെ തെറി വിളിക്കും…അതുപോലത്തെ പരിപാടിയാ ഞാൻ ചെയ്തതും.”
“അത് വിളിക്കും…പക്ഷേ ചേച്ചി അറിയണ്ടാ…അറിഞ്ഞാൽ വിഷമം ആകും…പിന്നെ നീ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട നിനക്ക് എൻ്റെ ഈ അനുഭവത്തെ പറ്റി അറിവുണ്ടായിരുന്നില്ലല്ലോ അത് പോട്ടെ…”
“ഹമ്മ്…ചേച്ചി അന്ന് പിന്നെ എങ്ങനെ അവിടുന്ന് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു…പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ടാ കേട്ടോ.”
“ഏയ് ഇല്ലടാ…സത്യം പറഞ്ഞാൽ ഇത് ഞാൻ ആരോടെങ്കിലും പറയുമ്പോൾ എനിക്ക് അത്രയും കൂടി ആശ്വാസം ആകും…അതുകൊണ്ടാ ഞാൻ വീട്ടിൽ പറയാൻ പേടിയായിട്ട് പോലും ചന്ദ്രിക ചേച്ചിയോട് പറഞ്ഞത്…ചേച്ചിയെ എനിക്ക് വിശ്വാസമാണ് അതുപോലെ തന്നെ നിന്നെയും…”
ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വിഷമം ഉള്ളിലൊതുക്കിയവൻ്റെ മുഖത്ത് വിരിയുന്ന ചിരി ചിരിച്ചു.
“അയാളെ ഞാൻ കണ്ടതും ഞാൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി…അയാൾ എൻ്റെ വായ പൊത്താൻ ശ്രമിച്ചപ്പോൾ ഞാൻ അയാളുടെ കൈയിൽ കടിച്ചു…എന്നിട്ട് വീണ്ടും ശബ്ദം ഉണ്ടാക്കി…ആരെങ്കിലും വരുമോ എന്ന് പേടിച്ച് ആയിരിക്കണം അയാൾ എന്നെ കുളത്തിലേക്ക് തള്ളി ഇട്ടിട്ട് അവിടുന്ന് ഓടിക്കളഞ്ഞു…”
“അന്ന് പിന്നെ എന്ത് ധൈര്യത്തിലാണ് ചേച്ചി സുഹറയുടെ വീട്ടിലേക്ക് തുണി വാങ്ങാൻ പോയത്…അയാൾ അവിടെ ഉണ്ടായിരുന്നെങ്കിലോ?”
“നീ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ…”
