ലിയയെ ഡൈനിങ് ടേബിളിൽ ഇരുത്തിയ ശേഷം ആര്യൻ മുറിയിലേക്ക് പോയി അവൻ്റെ തോൾ സഞ്ചി ഊരി വച്ചു. എന്നിട്ട് തിരികെ വന്ന് അവളുടെ ഒപ്പം കസേരയിൽ ഇരുന്നു.
അവർ പരസ്പരം കുറേ കാര്യങ്ങൾ സംസാരിച്ചു. ലിയക്ക് അവൻ്റെ കൂടെ ആ വീട്ടിൽ ഇരിക്കുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അവനോട് ഓരോ നിമിഷവും സംസാരിക്കുമ്പോൾ അവൾ അവനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുക മാത്രം ആണ് ചെയ്തത്.
ഏകദേശം ഒരു മണിക്കൂറിനു ശേഷം ആര്യൻ എഴുന്നേറ്റ് ചായ ഇടാം എന്നു പറഞ്ഞ് അടുക്കളയിലേക്ക് പോയി. അവൻ്റെ പിന്നാലെ തന്നെ ലിയയും ചെന്നു. അവൻ ചായ തിളപ്പിച്ച ശേഷം അത് രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു.
“ഇങ്ങു വാ…ഇവിടിരുന്ന് കുടിക്കാം.” അവൻ ഹാളിലേക്ക് നടന്നുകൊണ്ട് ലിയയോട് പറഞ്ഞു.
ലിയ അവനൊപ്പം നടന്ന് ഡൈനിങ് ടേബിളിൽ തന്നെ പോയി ഇരുന്നു.
“ദാ കുടിച്ചിട്ട് എങ്ങനെയുണ്ടെന്ന് പറ…”
“കുടിച്ചോട്ടെ വയറിന് പ്രശ്നം ഒന്നും വരില്ലല്ലോ അല്ലേ…” ലിയ തമാശ രീതിയിൽ പറഞ്ഞു.
“അങ്ങനെ വയറിന് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ തന്നെ കോരിക്കോളാം പോരെ…ചേച്ചി ധൈര്യമായിട്ട് കുടിച്ചോ…”
“അയ്യേ…പോ എണീച്ച്…”
“അല്ലാതെ പിന്നെ ഞാൻ എന്നാ പറയാനാ…ഹഹഹ…”
“വൃത്തികേട് പറഞ്ഞിട്ട് ഇരുന്ന് കിണിക്കുന്നത് നോക്ക്…”
“എന്നെക്കൊണ്ട് പറയിപ്പിച്ചിട്ട്…കുടിച്ചെ അങ്ങോട്ട്…”
“മ്മ്…”
ലിയ മേശയിൽ നിന്നും ഗ്ലാസ്സ് എടുത്ത് അവൻ ഉണ്ടാക്കിയ ചായയിലേക്ക് പതിയെ അവളുടെ ചുണ്ടുകൾ ചേർത്ത് അത് നുകർന്നു. ഒരു കവിൾ കുടിച്ചപ്പോൾ തന്നെ അവൻ എന്തുകൊണ്ടാണ് ഇത്ര കോൺഫിഡൻസോട് കൂടി തന്നോട് കുടിക്കാൻ പറഞ്ഞതെന്ന് അവൾക്ക് വ്യക്തമായി. അത്രയ്ക്കും നന്നായിരുന്നു അത്.
ലിയയുടെ മുഖത്ത് നിന്ന് തന്നെ അവൾക്ക് ചായ ഇഷ്ട്ടമായി എന്ന് ആര്യന് മനസ്സിലായെങ്കിലും അവൻ അത് അവളുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ചു.
“എങ്ങനെയുണ്ട്?”
“കൊള്ളാം…നന്നായിട്ടുണ്ട്…”
“കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ധൈര്യമായിട്ട് കുടിച്ചോളാൻ…”
“ചായ അല്ലാതെ നീ എന്തൊക്കെ ഉണ്ടാക്കും…”
“എന്താ ഇനി എന്നും വരാൻ ആണോ…”
“വന്നാൽ എന്താ തരില്ലേ…”
“ഓ…സന്തോഷമേ ഉള്ളൂ…”
“മ്മ്…പറ…”
“ഞാൻ അത്യാവശം എല്ലാം ഉണ്ടാക്കും ചേച്ചി…അമ്മയുടെ കൂടെ നിന്നു പഠിച്ചതാ പാചകം…ചേച്ചിക്ക് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കി തരാം പോരെ…”
“മ്മ് മതി…”
“ഹാ…ഹഹ…”
“നീ ഡ്രസ്സ് മാറുന്നില്ലേ?”
“മ്മ്…മാറണം…ചേച്ചി ചായ കുടിക്ക് ഗ്ലാസ്സ് കഴുകി വെച്ചിട്ട് പോയി മാറാം…”
“അത് ഞാൻ കഴുകി വച്ചോളാം നീ പോയ് റെഡി ആവാൻ നോക്ക് സമയം മൂന്നര കഴിഞ്ഞു.”
“ഹാ ശരി…”
ആര്യൻ അവൻ്റെ യൂണിഫോം ഊരി ഒരു കവറിലാക്കി ബാഗിലേക്ക് വെച്ച ശേഷം വസ്ത്രം ധരിച്ച് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
“ഇതാണോ നിൻ്റെ മുറി?” അവനരികിലേക്ക് വന്നുകൊണ്ട് ലിയ ചോദിച്ചു.
“അതേ…”
“ഞാൻ കയറിക്കോട്ടെ അകത്തേക്ക്?”
“അതിനെന്താ ചേച്ചി വാ…” ആര്യൻ അവൾക്ക് വഴിയൊരുക്കി.
“പുസ്തകം എല്ലാം നീ വായിച്ചതാണോ?”
മേശപ്പുറത്തിരുന്ന പുസ്തകങ്ങളിലേക്ക് നോക്കി ആയിരുന്നു ലിയയുടെ ചോദ്യം.
“വായിച്ചതും വായിച്ചുകൊണ്ടിരിക്കുന്നതും വായിക്കാനുള്ളതും…”
“ആഹാ…”
ലിയ അവിടെ ഇരിക്കുന്ന ചില പുസ്തകങ്ങൾ എടുത്ത് വെറുതെ മറിച്ച് നോക്കിയും പേര് നോക്കിയും അവിടെ തന്നെ വച്ചു.
“ചേച്ചി വായിക്കുമോ?”
“ഏയ് ആ ശീലമില്ല…”
“തുടങ്ങിക്കൂടെ…നമ്മൾ ഒറ്റപ്പെട്ടു എന്ന് തോന്നുന്ന വേളകളിൽ അവ നമ്മുക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല…”
ലിയ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
“നീ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ ആണോ വായിക്കുന്നത്…?”
