“അവിടെ എന്താ ഇപ്പൊ….പെട്ടെന്ന് ഒരു പോക്ക്….”
“കുറെ നാളായിട്ടു പോയിട്ടില്ലാല്ലോ…..പിന്നെ ഞങ്ങൾക്ക് ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്….ഞാൻ പറയാം….നീ ഇപ്പൊ ഫ്ലാറ്റിലേക്ക് ചെല്ലട്ടോ….
രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്…രാവിലെ രണ്ടും കൂടെ എഴുന്നേറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിക്കൊളണം….തല്ലൊന്നും പിടിക്കരുത്…”
“പിന്നെ ഞങ്ങൾ കുഞ്ഞിപ്പിള്ളേരല്ലേ….ഇയാള് പോയിട്ട് വാടോ പാറുവേട്ടത്തി….”
“പോടീ…..ഹി ഹി ഹി…
വെക്കുവാണെ…”
പാർവതി ഫോൺ വെച്ച ഉടനെ അനഘ രാഹുലിനെ വിളിച്ചു.
“ഇവനിതെന്താ ഒന്ന് ഫോൺ എടുത്താൽ….വെറുതെ ടെൻഷൻ അടിപ്പിക്കാൻ…”
ഉള്ളിലുള്ള ഈർഷ്യ അനഘ പിറുപിറുത്തുകൊണ്ട് തീർത്തു.
കാർ പാർക്ക് ചെയ്ത് അനഘ നേരെ ഫ്ലാറ്റിലേക് കയറി,
ഏട്ടനും ഏട്ടത്തിയും പോയി കഴിഞ്ഞിരുന്നു എന്നവൾക്ക് മനസ്സിലായി.
നേരെ ഹാൻഡ് ബാഗ് സെറ്റിയിൽ ഇട്ടു അവൾ രാഹുലിന്റെ മുറിയിലേക്ക് കയറി.
അവിടെ അവളെ കാത്തിരുന്നത് കസേരയിൽ ചാഞ്ഞു തളർന്നു ഇരിക്കുന്ന രാഹുലും മുന്നിൽ മുക്കാലും ഒഴിഞ്ഞ കുപ്പിയും ആയിരുന്നു,
അവൾക്ക് ഒരു നിമിഷം മുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല,
തന്റെ ഇത്ര നാളുള്ള പ്രയത്നം മുഴുവൻ ഒരു ദിവസം കൊണ്ട് നശിഞ്ഞു പോവുന്നത് കണ്ട അനഖയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അവളുടെ കരുതലിൽ രാഹുൽ പൂർണ്ണമായും ഉപേക്ഷിച്ച മദ്യപാനം അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ മുന്നിൽ നിൽക്കുന്നത് കണ്ട അനഖയ്ക്ക് തന്റെ ദേഷ്യവും സങ്കടവും നോവും ഒന്നും അടക്കാൻ കഴിഞ്ഞില്ല.
“ഡാ…..”
അലറി വിളിച്ചുകൊണ്ട് അവൾ അകത്തേക്ക് പാഞ്ഞടുത്തു.
കസേരയിൽ ചാഞ്ഞു കിടന്നിരുന്ന രാഹുലിന്റെ കോളറിൽ വലിച്ചു പൊക്കി അവൾ നിന്ന് വിറച്ചു.
കണ്പോളകളിൽ തട്ടിയ മയക്കം കഷ്ടപ്പെട്ട് തുറന്ന അവനു മുന്നിൽ അനഖയുടെ ചുവന്നു തിളങ്ങുന്ന കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരാണ് തെളിഞ്ഞത്.
“ആഹ്…അനു….”
“വേണ്ട വിളിക്കരുത്…..ഇന്നല്ലേൽ നാളെ…നീ എന്നോട് ഉള്ളിലുള്ളത് പറയും….ഒരു ജീവിതം തുടങ്ങാൻ വിളിക്കും എന്ന് കരുതിയ എന്നോട് നീ ഇത് തന്നെ ചെയ്യണം….
നിനക്ക് എന്നേം ഏട്ടത്തിയേം കൊന്നൂടാരുന്നോ….
ഇതിലും ബേധം അതായിരുന്നു.
“കോളറിൽ ഉലച്ചുകൊണ്ട് അവൾ ചീറുകയായിരുന്നു, ഉരുണ്ടിറങ്ങിയ അവളുടെ കണ്ണീര് അവന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ട് പതിച്ചു കൊണ്ടിരുന്നു.
“പൊക്കോ….എനിക്ക് ഇനി കാണണ്ട…..”
അവനെ തള്ളിയിട്ട് കണ്ണ് പുറം കൈകൊണ്ടു തുടച്ചു തേങ്ങിക്കൊണ്ട് റൂമിനു വെളിയിലേക്ക് നടന്ന അനഖയെ കണ്ട രാഹുലിന് ഉള്ളിൽ വേദന നിറഞ്ഞു.
തന്നെപ്പോലെ അവളും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരുന്നു എന്ന അവളുടെ ഏറ്റുപറച്ചിൽ അവൻ ഒരുപാടു നാളുകളായി കേൾക്കാൻ കാത്തിരുന്ന വാക്കുകൾ ആയിരുന്നു എന്നാൽ ഇന്ന് ഇങ്ങനെ ഒരവസരത്തിൽ അവനു ഉള്ളിൽ ആഹ് വാക്കുകൾ കൂരമ്പു കൊള്ളുന്ന പോലെ ആണ് കുത്തിയത്.
കാറ്റു പോലെ അവന്റെ റൂമിൽ നിന്നും പുറത്തു പോയ അനഖയുടെ പിന്നാലെ ഒഴുകുന്ന കണ്ണും വിറയ്ക്കുന്ന കാലും കലക്കം വിട്ടൊഴിയാത്ത മനസ്സുമായി വേച്ചു വെച്ചാണ് നടന്നത്.
റൂമിൽ കട്ടിലിനു മുന്നിൽ വാതിലിന് എതിരെ നിന്ന് കരയുന്ന അനഖയെ അവൻ കണ്ടു ഓരോ ഏങ്ങലിലും ചുമൽ കുലുങ്ങി ഇടയ്ക്ക് കണ്ണ് തുടച്ചുകൊണ്ട് വിങ്ങി പൊട്ടുന്ന അനഖയെ നോക്കി നില്ക്കാൻ അവനു കഴിഞ്ഞില്ല.
“വിട്…എന്തിനാ വന്നേ….കുടിച്ചോ….കുടിച്ചു ചത്തോ….”
പിറകിലൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു കരയുന്ന രാഹുലിനോട് അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു.
“സോറി….സോറി….അനൂ…….ഞാൻ,….ഇന്ന് അവളെ, അവളെ പിന്നെയും കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…..അവള്…..അവള്……ഓര്മ ഒക്കെ തലയിൽ കിടന്നു തിരിയാൻ തുടങ്ങിയപ്പോ….അറിയാണ്ട് എടുത്തു പോയതാ…..
പ്ലീസ് കരയല്ലേ….അനൂ….”
ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന രാഹുലിനോട് അവൾക്ക് ആദ്യം തോന്നിയതും കുഞ്ഞിനോട് തോന്നുന്ന വാത്സല്യം ആണ്.
തിരിഞ്ഞു അവനെ അടർത്തി മാറ്റി അവൾ അവനോടു ചോദിച്ചു.
