“എവിടെ മ്മടെ ടീംസ് മാഷേ…”
“തല പൊന്തിയില്ല പെണ്ണേ….”
“ആ ബെസ്റ്റ് എനിക്കും തോന്നി… അപ്പൊ എന്താ ഇനി ഇങ്ങടെ പരിപാടീന്ന്???”
അവൾ പതിയെ ലേഡീസ് ഹോസ്റ്റലിന് നേരെ നടന്നു…. ഞാനും അവൾക്കൊപ്പം. അങ്ങോട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങികൊണ്ടു പറഞ്ഞു….
“ഒരു പരിപാടീം ഇല്ല പെണ്ണേ… അവരെ പൊക്കി വല്ല സംഭാരോം കുടിപ്പിച്ചിട്ട് വേണം ബാക്കി തീരുമാനിക്കാൻ…. അല്ലെങ്ങേ ഇമ്മക്ക് ഇന്നാളത്തെ പോലെ കാന്റീൻ മുടിപ്പിച്ചാലോ???”
“ഏയ്….ഇന്നിപ്പോ വേണ്ടടാ…”
അന്ന് ഇതുപോലെ ഒരു മുടിപ്പിക്കലിന് ഇടയിലാണലണ് ഞാനെന്റെ ഇഷ്ടം പറഞ്ഞത് എന്ന് അപ്പോളാണ് ഓർത്തത്…
“പേടി ഇണ്ടല്ലേ പെണ്ണെ….”
“പോടാ….. പേടി പോലും… അതും നിന്നെ…”
ആ നിന്നെ എന്നുള്ളത് എനിക്ക് ശരിക്കും കൊണ്ടു…. ചാന്ത് എന്ന വിളിയുടെ മറ്റൊരു വകഭേദം പോലെ….
“ഓക്കേ മീരാ…. ഞാൻ ചുമ്മാ പറഞ്ഞതാ.. എന്നാ നടക്കട്ടെ…. അവരെ പൊക്കണം….”
ഞാനതും പറഞ്ഞു അവളുടെ മറുപടിക്ക് വെയിറ്റ് ചെയ്യാത്തെ തിരിഞ്ഞു നടന്നു….
“അർജൂ…”
ഞാനത് ഗൗനിച്ചില്ല…
ഒരു നിമിഷം…. അവളുടെ കാലടി അടുത്തു വരുന്നത് കേൾക്കാം…. എന്ത് ചെയ്യണം. എന്ന് ആലോചിക്കുമ്പോളേക്ക് ചെവിയിൽ പിച്ച് വീണു… ഒപ്പം വിളിയും…
“ടാ തെണ്ടീ….”
നുള്ളിയെന്റെ ചെവിയുടെ തൊലി എടുത്തെങ്കിലും അവൾക്ക് നേരെ തിരിഞ്ഞ എന്റെ മുഖത്ത് ഒരു വളിച്ച ചിരി ഉണ്ടായിരുന്നു….
“വാടാ…. മുടിപ്പിക്കാം…”
അവളതും പറഞ്ഞു നടന്നു തുടങ്ങി… ഒരു നിമിഷം ആലോചിച്ചു നിന്നെങ്കിലും പിന്നെ എന്തിന് എന്നറിയില്ലെങ്കിലും ഞാനും അവൾക്ക് ഒപ്പം നടന്നെത്തി..
രണ്ടു പ്ളേറ്റ് കട്ലെറ്റ് ഓർഡർ ചെയ്തു ടേബിളിൽ നേർക്ക് നെർ ഇരുന്നപ്പോൾ രണ്ടാൾക്കും ഒന്നും പറയാൻ ഇല്ലായിരുന്നു…
അവൾ കട്ട് ലെറ്റ് പ്ളേറ്റ് വന്നിട്ടും തൊട്ടില്ല…..ആ മുഖത്ത് നോക്കാതെ അല്പം തല കുനിച്ചു എന്റെ പ്ളേറ്റിലേക്ക് ഇരുന്ന ഞാൻ ഇവൾ കഴിക്കുന്നില്ലേ എന്നറിയാൻ ടിജെല ഉയർത്തുമ്പോൾ കക്ഷിയുടെ നോട്ടം എന്റെ മുഖത്ത് തന്നെ….
“ന്തോ പറ്റി ചെക്കാ അനക്ക്?? ഞാൻ വരണില്ല ന്ന് പറഞ്ഞോണ്ടാണോ??? ഇന്ന് വെള്ളി അല്ലേടാ… വീട്ടി പോയാ മൂന്നൂസം നിന്നൂടെ….”
ഞാൻ മുഖം കുനിക്കും മുന്പ് അവൾ സംസാരിച്ചു തുടങ്ങിയതിനാൽ വളിച്ച മുഖത്തോടെ ഞാൻ തലയാട്ടി….
“പത്ത് മണീടെ ബസിന് പോയാ പതിനൊന്നര ആവുമ്പോ എത്താര്ന്നു.. അല്ലാണ്ട്,,..”
“ഇപ്പൊ പോയാലും എത്താലോ.. ദേ ഒമ്പതെ നാപ്പതേ ആയൊള്ളു….”
“ഇനി നടക്കില്യാട.. ഹോസ്റ്റലീ പോയ് ഡ്രസ്സ് ഒക്കെ എട്ത്ത് വരുമ്പോക്ക് ബസ് പോവും…”
“പിന്നെന്ത് ചെയ്യാൻ….”
“അല്ലേ ആരുടേലും ബൈക്കീ ലിഫ്റ്റ് ചോയ്ച്ചു പോണ്ടി വരും…..”
“അല്ലെങ്ങേ ണ്ടല്ലോ…”
ഞാനത് പറഞ്ഞു നിറുത്തി… ഇനി അത് മതി ഇവൾക്ക് ഫീലടിക്കാൻ എങ്കിൽ???
“അല്ലെങ്ങേ…”
അവളെന്നെ കൗതുകത്തോടെ നോക്കി…. പക്ഷേ എനിക്ക് എന്തോ പറയാൻ മടി പോലെ
“നീ പറയണ് ണ്ടാ ചെക്കാ..”
അവള് വീണ്ടും എന്നോട് പറഞ്ഞപ്പോ ഞാനവളോട് പതിയെ ചോദിച്ചു….
“അമറിന്റെ ബൈക്ക് ണ്ട്…. അമ്പലത്തീ പോവാൻ എടുത്തതാ വേണേ ഞാങ്കൊണ്ടാക്കാം….”
“ന്നാ പിടി…”
അതും പറഞ്ഞു അവൾ എന്റെ നേരെ പ്ളേറ്റ് നീട്ടി… അന്ന് വേഗത്തിൽ ഞങ്ങൾ കാന്റീനിൽ നിന്നിറങ്ങി…
അവളെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് ഡ്രസ്സ് എടുക്കാൻ വിട്ട് ഞാൻ ഞങ്ങളുടെ ഹോസ്റ്റലിൽ ചെന്നു…..
നുമ്മ ടീമിന് അപ്പോളും നേരം വെളുത്തിട്ടില്ല…
പിന്നെ ഉറങ്ങുന്നവരെ ശല്യപെടുത്തുന്നത് ശരി അല്ലാത്തത്കൊണ്ട് അവരോട് പറയാൻ നില്കാതെ ഞാൻ ബൈക്ക് എടുത്തു കോമ്പൗണ്ടിനു പുറത്ത് ചെന്നു…
ഏതാനും മിനിറ്റുകൾ കഴിഞ്ഞു അവൾ പിറകിൽ നിന്ന് വരുന്നതെന്റെ ബൈക്ക് മിററിൽ കൂടി തെളിഞ്ഞു…
വെള്ളയിൽ കറുത്ത പുള്ളികൾ ഉള്ള സിമ്പിൾ ചുരിദാറും ഒരു കറുത്ത ഷാളും ആണ് വേഷം….കയ്യിലൊരു കുഞ്ഞി ട്രാവൽ ബാഗും ഉണ്ട്…
ആരുടേയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ ഒരു ഇടവഴിയുടെ ഗ്യാപിലേക്ക് കയറ്റി ആണ് ഞാൻ നിറുത്തിയത്… പരിജയം ഉള്ള ആരെങ്കിലും കാണുന്നോ എന്ന് ഞാൻ ചുറ്റും നോക്കികൊണ്ടിരിക്കുമ്പോൾ മീര ഞാൻ വണ്ടിയിൽ ഒതുക്കി നിറുത്തി ചുറ്റും നോക്കുന്നത് കണ്ട് എളിയിൽ കൈ കുത്തി ചിരിച്ച ശേഷമാണ് വന്നു കയറിയത്…
