“അല്ല….എന്താ നീ പറയാമ്പോണെ…”
“ഇഷ്ടാന്ന് ല്ലേ….”
“അച്ചോടാ കൂടിപ്പോയി.. ഈശ്ടാ പോലും…”
“പിന്നെ…”
“ആ… യൂ ആർ ഹോട്ട് ആൻഡ് സെക്സി.. അത് കൊണ്ടു എനിക്ക് നിന്നെ ഇഷ്ടാ… അങ്ങനെ പറഞ്ഞ് വന്നേ വേഗം….”
“ആ സെറ്റ്… പക്ഷേ ദേ ദിവടെ വച്ച് വേണം പറയാൻ… ഞങ്ങക്ക് കേക്കണം… അല്ലെങ്ങേ അറിയാലോ….”
വിനയ് പറയേണ്ടത് എന്താണെന്ന് പറഞ്ഞു തന്നതും ദർശൻ അവന്റേ കയ്യിലെ ഇടിക്കട്ട യിൽ തലോടിക്കൊണ്ട് അടുത്ത ഭീഷണി മുഴക്കി…
തല്ല് കൊള്ളാൻ ധൈര്യം ഇല്ലാത്തത് കൊണ്ടു ഞാൻ അവർ വരുന്ന വഴിക്കരികിലേക്ക് നീങ്ങി…
അവർ തൊട്ടരികിൽ എത്തിയതും ഞാൻ അവളെ വിളിച്ചു…
“നന്ദനാ….”
അവളാ വിളി കെട്ട് തിരിഞ്ഞെങ്കിലും എന്നെ കണ്ടതും ആ മുഖത്തൊരു പുച്ഛം വിടർന്നു…
വിറക്കുന്ന ചുണ്ടുകളോടെ കൂട്ടിയിടിക്കുന്ന കാൽ മുട്ടുകളോടെ വിക്കി വിക്കി ഞാൻ അവളോട് പറഞ്ഞു…
“ഇയ്ക്ക്.. ഇയ്ക്ക്… ഷ്ടാ…..”
പക്ഷേ അത് അവൾ പോലും കേട്ടില്ല… എങ്കിലും എന്റെ മുഖഭാവം കണ്ട് കാര്യം മനസിലായി എന്ന് തോന്നുന്നു..
അവളുടെ മുഖത്തെ പുച്ഛം അവജ്ഞയിലേക്ക് വഴി മാറി…. അതേ അവജ്ഞയോടെ അവളെന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….
“ന്ത്…. ന്ന്”
ഞാൻ ആണെങ്കിൽ ഒരാശ്രയത്തിനെന്ന വണ്ണം ചുറ്റും നോക്കി…. ആ ചെലച്ചാട്ടി കിളിയുടെ മുഖത്തു മാത്രം ഒരു ദയ കാണാം…. പക്ഷേ അപ്പോളേക്കും ദർശൻ എന്റെ ഒരുവശത്തേക്കു വന്നു… എന്നെ ക്രുദ്ധനായി നോക്കി അയാൾ തന്റെ ഇടിവള വലതുകയ്യിൽ കോർത്തു ഇടതുകയ്യിൽ മൃദുവായി അമർത്തി എന്നെ ഭീഷണി പെടുത്താൻ ശ്രമിക്കുന്നുണ്ട്….
ഞാൻ പെട്ടന്ന് എങ്ങനെയോ കിട്ടിയ ധൈര്യത്തിൽ നന്ദനയോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
“യൂ ആർ ഹോട്ട് ആൻഡ് സെക്സി.. ഐ ലവ്….”
പൂർത്തിയാവും മുന്പ് അവളുടെ കൈ എന്റെ കവിളിൽ അതിശക്തമായി പതിഞ്ഞു….
ഏതാനും നിമിഷത്തേക്ക് ചെവിയിൽ മൂളൽ മാത്രം കേൾക്കാം…. ഓടണമെന്ന് വച്ചാൽ ഒന്നും കാണാനും കൂടി ഇല്ല… എങ്ങോട്ടാ എന്ന് വച്ച് ഓടാനാ…
പതിയെ കണ്ണുകളിലേക്ക് ദൃശ്യങ്ങൾ തെളിയുമ്പോൾ കാണുന്നത് തന്റെ നെഞ്ചിന് നേരെ വരുന്ന കാലാണ്… അതും മുൻപത്തെ മൂന്നു കശ്മലൻ മാരരുടെയല്ല…. പുതുമുഖം… ബാസ്റ്റിൻ… കഴിഞ്ഞ കുറെ ദിവസങ്ങളായി പട്ടിയെ പോലെ മണപ്പിച്ചു നടപ്പുണ്ട് കക്ഷി അവളുടെ പിന്നിൽ….
ഓടി രക്ഷപെടാണോ ഒഴിഞ്ഞു മാറാനോ പോയിട്ട്…. കാല് നിന്നിടത്ത് നിന്ന് അനക്കാൻ പറ്റുന്നില്ലായിരുന്നു…. അത്ര ധൈര്യം… എന്തായാലും ഞാനായിട്ട് അനക്കേണ്ടി വന്നില്ല…. അതിനു മുൻപവന്റെ ഒരു ചവിട്ടിൽ എന്റെ തല അടുത്തുള്ള അരമതിലിൽ ചെന്നു ചുംബിച്ചു….
ആ അര മതിലിനോട് തോന്നിയ പ്രണയം തീരുമ്പോളേക്ക് എന്റെ തലയിൽ നിന്നൊരു നനവ് നെറ്റിയിലേക്ക് ഒലിച്ചു ഇറങ്ങി തുടങ്ങി…. ദയനീയമായി ഞാൻ അവനു നേരെ തിരിയുമ്പോൾ അവന്റെ കാലുകൾ വീണ്ടും എനിക്ക് നേരെ വരുന്നു… ഭഗവാനെ റെസ്റ്റ് തരൂ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടക്കാൻ തുടങ്ങുമ്പോളേക്ക് അവനു മുൻപിൽ എനിക്ക് പ്രതിരോധമായി അയാൾ വന്നു…
അമർ…
BGM കേൾക്കാൻ എന്റെ ചെവികൾ അപ്പോളും തുറന്ന് കിട്ടിയിട്ടില്ലാത്തത് കൊണ്ടു ഒരു മൂളൽ മാത്രം ബാക്കി….
പക്ഷേ…. BGM പോട്രാ എന്ന് പറയാതെ ഒറ്റ നിമിഷം കൊണ്ടു ശത്രു എനിക്ക് മിത്രമായി പ്രതിരോധം തീർത്തു….
പിന്നെ അമറിനെ നേർക്ക് നേരെ നിന്ന് എതിരിടാൻ എന്തിനൊക്കെയോ ഉറപ്പ് ഇല്ലാത്ത ബാസ്റ്റിൻ സ്വതവേ ദുർബ്ബല പോരെങ്കിൽ ഗർഭിണിയും എന്ന മട്ടിൽ കിടക്കുന്ന എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു….
“നിന്നെ പിന്നെ കണ്ടോളാട്ടാ….”
എനിക്ക് ഇങ്ങളെ കാണണ്ട എന്ന് ഞാൻ പറഞ്ഞു നോക്കി എങ്കിലും സൗണ്ട് പുറത്ത് വന്നത് വൃത്തികെട്ട ചില ഞെരക്കങ്ങളുടെ രൂപത്തിലാണ്….
ഈ സംഭവങ്ങളിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന മട്ടിൽ ആ പെൺകുട്ടികളുടെ കൂട്ടം നടന്ന് നീങ്ങുന്നുണ്ട്…. ഏറ്റവും പിറകിൽ തിരിഞ്ഞു നോക്കികൊണ്ട് നടക്കുന്ന ചെലചാട്ടികിളിയെ ആരോ പിടിച്ചു വലിക്കുന്നുമുണ്ട്…..
അപ്പോളേക്കും അമർ എനിക്ക് എഴുന്നേൽക്കാൻ കൈ നീട്ടി…. പെൺകുട്ടികളുടേത് പോലെ മൃദുവായ എന്റെ കൈ അമറിന്റെ തല്ലിയും കൊണ്ടും തഴമ്പിച്ച കയ്യിൽ പിടിച്ചു എണീപ്പിച്ചപോളും എന്റെ കൈ നൊന്തു…
വിനയ് യും ദർശനും (ഭയം കൊണ്ടല്ല കേട്ടോ ) അകന്നു നിന്ന് കാണുമ്പോൾ അമർ എന്നെ തോളിലൂടെ കൈ ചേർത്ത് മെഡിക്കൽ കൂട്ടികൊണ്ട് പോയി എന്റെ നെറ്റിയിലേറ്റ മുറിവ് ഡ്രസ്സ് ചെയ്യിച്ചു….
