മീര 1

ചുറ്റിലും ഒരാശ്രയത്തിനായ് എന്റെ കണ്ണ് നീണ്ടു…. പക്ഷേ… എന്നെ രക്ഷിക്കാൻ മാത്രം കഴിവുള്ള ഒരാള് പോലും അടുത്തെങ്ങുമില്ല….

രണ്ടും കല്പിച്ചു ഞാൻ മുന്നോട്ട് തന്നെ നീങ്ങി….

“തെയ്യാരോ… തക ധിമി തെയ്യാരോ…

തെയ്യാരോ… തക ധിമി തെയ്യാരോ…”

വിനയ് എന്നെ കണ്ടതും കളിയാക്കാൻ തുടങ്ങി…. അവനെ മൈൻഡ് ചെയ്യാതെ പോവാൻ ശ്രമിച്ചു.. പക്ഷേ അപ്പോളേക്കും വിനയ്നെ തടഞ്ഞുകൊണ്ട് അമറിന്റെ വിളി വന്നു…..

“ടാ…. അപ്പൂ….”

സത്യത്തിൽ ഒരു നിമിഷത്തേക്ക് അമീറിനോട് ഉള്ളിൽ ഇഷ്ടം തോന്നിപോയി… തല്ലാനായിട്ട് ആണെങ്കിലും ആദ്യമായിട്ടാവും എന്നെ പേര് വിളിക്കുന്നത് കേൾക്കുന്നെ…

പക്ഷേ അടുത്ത നിമിഷം എന്റെ ഉള്ളിൽ പഴയ നിമിഷങ്ങൾ ഓടിയെത്തി….

അന്ന്…. രണ്ടാഴ്ച മുന്പ്…. ക്ലാസ്സിലെ കീരു…. സോറി… കീർത്തന കരഞ്ഞു കൊണ്ടോടി പോവുന്നതും പിന്നാലെ ഓടി വരുന്ന അമറും….

കൂടുതൽ ആലോചിച്ചില്ല…. ആന്റി റാഗിംഗ് സെല്ലിൽ ഇൻഫർമേഷൻ കൊടുത്തു…. രണ്ടാഴ്ച സസ്പെൻഷൻ അമറിന്…. ബാക്കി രണ്ടു പേർക്കും ഒരാഴ്ച വീതവും…. ശേഷം ഇന്നാണവരെ കോളേജിലേക്ക് കാണുന്നത് തന്നെ….

“എന്താലോചിച്ചാ പൊന്നു മോൻ നിക്കണെ ന്ന്…. നീയിങ്ങ്ട് വരുന്നോ അതോ…”

അപ്പോളേക്കും ദർശന്റെ വിളി വന്നു…. രക്ഷ ഇല്ലെന്ന് മനസിലായി…. ആ പരാതി കൊടുക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ടു ഞാൻ അവർക്ക് നേരെ നടന്നു…

“രണ്ടാഴ്ച… എന്റെ രണ്ടാഴ്ച ആണ് കളഞ്ഞേ…. ദേ.. ഇവിടെ എഴുതി വച്ചിട്ടുണ്ട്ട്ടാ…”

അമീർ തന്റെ നെഞ്ചിൽ കൈ ചേർത്ത് കൊണ്ടു എന്റെ നേരെ നോക്കി പറഞ്ഞു…
ആ ചുവന്ന കണ്ണുകളും ഒപ്പം എന്തിനും റെഡിയെന്ന മട്ടിൽ നിൽക്കുന്ന വിനയ് ദർശൻ ടീംസും മതിയായിരുന്നു എന്റെ ഹൃദയമിടിപ്പ് കൂട്ടാൻ…..

“സോറി… ഇനി ഇണ്ടാവില്ല…. ചേട്ടാ ഞാൻ പോട്ടേ??”

അതിനു മറുപടിയായി അയാൾ തന്റെ ഇടതു കൈ ജീൻസിന്റെ പോക്കറ്റിൽ നിന്ന് പുറത്തെടുത്തു എന്റെ മുൻപിലേക്ക് നീട്ടി… അതിൽ അണിഞ്ഞിരിക്കുന്ന ഇടിക്കട്ട എന്റെ ഹൃദയമിടിപ്പ് തെറ്റിക്കാൻ പോന്നതായിരുന്നു…..

അപ്പോളാണ് എനിക്കുള്ള പണി ഒരു കൂട്ടമായി തന്നെ കോളജിലേക്ക് കയറി വരുന്നത്….

ഹോസ്റ്റൽ ടീംസ് ഓഫ് ഫസ്റ്റ് B sc ഫിസിക്സ് ഗേൾസ്…. അവരെ കണ്ടതും അമീറിന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു…

“റാഗ് ചെയ്തൂന്നല്ലേ പരാതി പറഞ്ഞെ… എന്നാ റാഗിംഗ് എന്താണെന്ന് മോനെ മനസിലാക്കിപിച്ച് തരാം…..തത്കാലം നീ ചെന്നവളോട് ഇഷ്ടമാന്ന് പറഞ്ഞേച്ചും വന്നേ….”

ഇനി രക്ഷയില്ല എന്ന് മനസിലായി….

ഞാൻ തിരിഞ്ഞവരെ നോക്കി.. എഴെട്ട് പേരുണ്ട്…. സത്യത്തിൽ ആരുടെയും പേര് എനിക്കറിയില്ല…. ഏറ്റവും മുൻപിൽ വരുന്ന ബ്യൂട്ടി ക്യൂൻ പെൺകുട്ടിയെയും പിന്നെ പിറകിൽ വരുന്ന ചെലച്ചാട്ടികിളിയേയും മാത്രം കണ്ടാലറിയാം….

ഇത്രയും ദിവസങ്ങൾ കൊണ്ടു തന്നെ മുന്പിലെ സൗന്ദര്യറാണി കുട്ടിയുടെ പിന്നാലെ സീനിയേഴ്സിന്റെ ഒരു നിര തന്നെയുണ്ട്… സൗന്ദര്യതിന് അകമ്പടിയായി അതിലേറെ അഹങ്കാരവും അവൾക്ക് കൈമുതലായുണ്ട്…

പിന്നെ പറഞ്ഞ ചെലച്ചാട്ടി കിളി… അത് ഞങ്ങൾ ഇട്ട പേരാണ്…. ഏതാനും ദിവസങ്ങൾ കൊണ്ടു എല്ലാവരുമായും സംസാരിച്ചു ഒരൊറ്റ ശത്രുവിനെ പോലും സൃഷ്ടിക്കാത്ത എല്ലാവരുടെയും കണ്ണിലുണ്ണി…

“ആരോടാ പറയണ്ടേ….”

ഞാൻ തിരിഞ്ഞു മടിച്ചു മടിച്ചു അവരെ നോക്കികൊണ്ട് ചോദിച്ചു….

“നിനക്കാരോട് പറയാനാ തോന്നണേ???”

“ഞാനാ കറുപ്പീ ചോപ്പ പുള്ളി ചുരിദാറിട്ട പെങ്കുട്ട്യോട് പറഞ്ഞാ മതിയോ…..”

“ആരോട്… തത്തയോടാ… അത് സുഖാല്ലേ??? പക്ഷേ,… ഒരു പ്രശ്നണ്ട്…. ഇവന്റെ രണ്ടും ഞങ്ങടെ ഒരാഴ്ചയും കളഞ്ഞ മൊതലല്ലേ നീ… അപ്പോ അങ്ങനെ എളുപ്പം കാര്യം നടത്തി രക്ഷപെട്ടാ ശരിയാവോ???”

അത് വരെ മിണ്ടാതെ നിന്ന ദർശൻ ആദ്യമായി എനിക്ക് നേരെ സംസാരിച്ചു…

“നീയാ നന്ദനയോട് പറഞ്ഞിട്ട് വാ…..”

“അയ്യോ എനിക്ക് അറിയില്ല്യ നന്ദനയെ.,.,”
“ആ മുന്നീ നടക്കണ കൊച്ചിനോട്… വെള്ള ചുരിദാറു…”

ആ ബെസ്റ്റ്.. ജാങ്കോ നീ പെട്ടു എന്ന് ഉള്ളിലാരോ ഇരുന്ന് മന്ത്രിക്കുന്നത് പോലെ…. എല്ലാ സീനിയേഴ്സും പിന്നാലെ നടക്കുന്ന മൊതല് ആണ് കക്ഷി….

Leave a Reply

Your email address will not be published. Required fields are marked *