അമറും വിനയ് യും ബീവറേജിലേക്കും ദർശൻ ടച്ചിങ്‌സ് നും പോയി… എന്റെ പണി ക്യാംപസ്സിൽ ആരും കേറാത്ത കാട് പോലുള്ള ഇടത്ത് മരച്ചുവട്ടിൽ ഇരിക്കാൻ ഉള്ള സെറ്റ് അപ്പ്….
അഞ്ചു മിനിറ്റ് കൊണ്ടു അത് ചെയ്തു തീർത്തു ഞാൻ കോളേജ് ക്യാംപസിലെ 1st ഇയർ bsc ഫിസിക്സിന് അടുത്തേക്ക് തിരിച്ചു നടന്നു…..
അപ്പോളും സ്ട്രൈക്ക് വിളി ഘോരഘോരം മുഴങ്ങുന്നുണ്ട്…. അധികം വൈകാതെ ഞാൻ കണ്ടു… എന്റെ ചെലച്ചാട്ടികിളിയെ
എന്നത്തെയും പോലെ ഒരു വലിയ സുഹൃത് കൂട്ടത്തിനു നടുവിലാണ് അപ്പോളും കക്ഷി…. ആ കൂട്ടത്തിൽ എന്ന് മാത്രം അല്ല…. കോളേജിലെ തന്നെ ആൺകുട്ടി എന്നോ പെൺകുട്ടി എന്നോ ഭേദമന്യേ മിക്കവാറും എല്ലാ കുട്ടികളോടും ഒരേ പോലെ കമ്പനി ആയി നടക്കുന്ന വായാടിപെണ്ണ്….
കാണാൻ നന്ദനയെ പോലെ ഒന്നും ഇല്ലെങ്കിലും അവളോട് ഉള്ള ഒരട്രാക്ഷൻ….. അത് കാണും തോറും കൂടി വരുന്നതേ ഒള്ളു….
ഇരുനിറം ആണെങ്കിലും ഐശ്വര്യമുള്ള മുഖം… സ്പെക്സ് ഒക്കെ വച്ച ഒരു കുഞ്ഞു പെണ്ണ്…. അവളുടെ മൂക്കിന് മാത്രം അല്പം നീളകൂടുതൽ ഉണ്ട്… അത് അവളുടെ ഐശ്വര്യം വർദ്ധിപിക്കുന്നെ ഒള്ളു എന്ന് മാത്രം…..
പക്ഷേ ഇതു വരേയ്ക്കും അവളിങ്ങോട്ട് വന്നു സംസാരിച്ചത് അല്ലാതെ അവളുടെ പേര് പോലും അറിയില്ല….
അപ്പോൾ അകലെ നിന്ന് അവൾ ഫ്രെണ്ട്സിന്റെ ഒപ്പം വരുന്നത് കണ്ടതും ഞാനവർ വരുന്ന വഴിയിൽ നിന്ന് അരികിലേക്ക് ഒതുങ്ങി അരമതിലിൽ ചാരി നിന്നു….
ആദ്യമായാവും ഞാനവളെ തനിച്ചു ഇത്പോലെ ശ്രദ്ധിച്ചു നോക്കി നില്കുന്നത്…..
കക്ഷി ആണെങ്കിൽ ചെലച്ചാട്ടി കിളിയെ പോലെ പരിസരം മറന്നുള്ള ചിരിയും സംസാരവും ആയി ഒരു കൂട്ടത്തിന് നടുവിലാണ്….
അതിനിടെ കക്ഷി എന്തോ ഡയലോഗ് വിട്ടെന്ന് തോന്നുന്നു… ഒപ്പം നടന്ന മറ്റൊരു കൊച്ചു അവളെ അടിക്കാൻ ഓങ്ങി… അതിൽ നിന്ന് രക്ഷപെടാൻ അവൾ മുന്നോട്ട് ഓടുമ്പോളാണ് എന്നെ കാണുന്നത്….
മുപ്പത്തി രണ്ടു പല്ലും കാണിച്ചുള്ള അവളുടെ ചിരി അതോടെ നാണത്തിൽ കുതിർന്ന പുഞ്ചിരിയായി മാറി…. സ്വിച്ച് ഇട്ടത് പോലെ അവൾ ഓട്ടം നിറുത്തി….. പിറകിൽ നിന്ന് വന്ന കുട്ടിയുടെ കയ്യിൽ നിന്ന് പുറത്ത് നല്ലൊരു അടി കിട്ടിയെങ്കിലും അതൊന്നും അവളെ ബാധിക്കാത്തത് പോലെ,….
ഇടക്ക് മുഖം കുനിച്ചും… ഇടക്ക് എന്നെ ഒളികണ്ണാലെ നോക്കിയും അവൾ എനിക്ക് അരികിൽ വരെയെത്തി….
എനിക്ക് അരികിൽ എത്തുമ്പോളേക്ക് അവളുടെ വേഗത കുറഞ്ഞു കുറഞ്ഞു അവൾ ഏകദേശം ആ കൂട്ടത്തിന്റെ പിറകിലെത്തിയിട്ടുണ്ട്….
അല്പം ഒതുങ്ങി നിന്ന് അവളെ മാത്രം വീക്ഷിക്കുന്ന എന്നെ പാസ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവൾ എന്നെ നോക്കി പുരികം ഉയർത്തി എന്താണ് എന്ന് ചോദിക്കും പോലെ…
അത്പോലെ തന്നെ ഞാനും തല അനക്കി കൊണ്ടു അവളെ എനിക്ക് അരികിലേക്ക് വിളിച്ചു…
എന്തോ മഹാപാപം പോലെ അവൾ നിഷേധിച്ചു കൊണ്ടു തലയിളക്കി കൂട്ടുകാരികൾക്ക് ഇടയിലേക്ക് കയറി നടന്നു….. ചെറിയൊരു നിരാശ തോന്നി…. പക്ഷേ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു….
ഗേറ്റിൽ നിന്ന് പുറത്തേക്ക് അവർ കടക്കുമ്പോൾ അവളുടെ അവസാന നോട്ടം പ്രതീക്ഷിച്ചെങ്കിലും അവളാ നേരം ഒപ്പം ഉള്ള കൊച്ചിനോട് എന്തോ സംസാരിച്ചു കൊണ്ടു കണ്ണിൽ നിന്ന് മറഞ്ഞു…
നിരാശ നിറഞ്ഞ നിമിഷങ്ങൾ…. പക്ഷേ അവയ്ക്ക് ആയുസ്സ് കുറവായിരുന്നു…. ആ മുഖം വീണ്ടും ഗേറ്റിൽ പ്രത്യക്ഷപെട്ടു…
ആകുലതയോടെ ഞാൻ പോയോ എന്ന് എത്തി നോക്കിയ അവൾ എന്നെ കണ്ടതും മന്ദം മന്ദം നടന്നടുത്തു….
എന്റെ അരികിൽ വന്നു രണ്ടു കയ്യും കൊണ്ടു കയ്യിലിരുന്ന ടവൽ ചുരുട്ടി കൂട്ടികൊണ്ട് നിലത്തേക്ക് നോക്കി അവളെന്നെ നോക്കി ചോദിച്ചു….
“ന്തേ വിളിച്ചേ…”.
“ആര്… ഞാനോ ഞാൻ വിളിച്ചില്യാലോ…”
“കാര്യമ്പറ് യ്ട്ടാ… ഇന്ക്ക് പോണം… ദേ അവ് രൊക്കെ പോവും….”
“ഞാൻ വിളിച്ചില്ല കൊച്ചേ…. ”
“ന്നാ ശരി… ”
അവളെന്നെ മുഖമുയർത്തി നോക്കി തിരിഞ്ഞു… ആ കണ്ണുകളിൽ നിരാശ പോലെ….
“ഡീ ചെലച്ചാട്ടിക്കിളീ….”
