പെട്ടന്നാണ് അകത്ത് അവളുടെയും കുഞ്ഞിന്റെയും ഭയങ്കരമായ നിലവിളി ഉയർന്ന് കേട്ടത് .എന്താണെന്നറിയാൻ മുകുന്ദൻ എത്തി നോക്കി . അയാൾ ചവിട്ടിയതായിരിക്കും അവളും കുഞ്ഞും അടുത്ത കട്ടിലിനടുത്ത് മറിഞ്ഞു വീണു കിടക്കുന്നു .പെട്ടന്നവൾ വെപ്രാളത്തോടെ ചാടിപ്പിടഞ്ഞ് എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണു കരയുന്ന കുഞ്ഞിനെ വാരിയെടുത്തവൾ അലറിക്കരഞ്ഞു .
..അയ്യോ എന്റെ മോൻ ..അയ്യോ എന്റെ മോൻ ..മോനെ .. മോനെ ..
അപ്രതീക്ഷിതമായ മറിഞ്ഞു വീഴലിൽ കുഞ്ഞിന്റെ തലയോ മറ്റോ എവിടെയോ ഇടിച്ചിട്ടുണ്ടാവും അവനും നല്ല പോലെ കരയുന്നു .
..ഒന്നുല്ലേടാ.. കരയല്ലേടാ ഒന്നൂല്ലേടാ …മോനെ മോനെ ..കരയല്ലേടാ ..അമ്മച്ചിയാടാ ..മോനെ പൊന്നെ..
അവളെ കുഞ്ഞിനെ മാറോടണക്കി പിടിച്ച് അലമുറയിട്ടു കരഞ്ഞു .അപ്പോഴേക്കും വാർഡിലുള്ള മറ്റുള്ളവർ ഇടപെട്ടു .അയാളെ പിടിച്ച് കട്ടിലിൽ കെട്ടിയിട്ടു ഒന്ന് രണ്ടു പേര് അയാളെ അടിക്കുകയും ഇടിക്കുകയും ചെയ്തു .മൂന്നാലു പെണ്ണുങ്ങൾ അവളെയും കുഞ്ഞിനെയും എഴുന്നേൽപ്പിച്ച് വാർഡിനു പുറത്തേയ്ക്കു കൊണ്ട് പോയി .മുകുന്ദൻ തന്റെ മുന്നിലൂടെ പോകുന്ന അവളെ നോക്കിയെങ്കിലും അവൾ കണ്ടില്ല .അപ്പോഴും അകത്ത് അയാളെ ചെറുതായി ആളുകൾ കൈകാര്യം ചെയ്യുകയായിരുന്നു .കുറച്ച് അടിയും കിട്ടി പ്രതികരിക്കാൻ ആളും കൂടിയപ്പോ അയാൾ ഒന്നൊതുങ്ങി .മുകുന്ദൻ സുമിത്രയെ കൊണ്ട് പോയ വഴി ചെന്നു നോക്കി .അവളെയും കുഞ്ഞിനെയും വിശ്രമ സ്ഥലത്ത് കൊണ്ടിരുത്തിയിരിക്കുന്നു .പെണ്ണുങ്ങളെല്ലാം ചുറ്റും കൂടിയിരിക്കുന്നുണ്ട് .മുകുന്ദൻ അങ്ങോട്ട് ചെല്ലാനാവാതെ കുറെ നേരം മാറി നിന്നു .ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവളും കുഞ്ഞും മാത്രമായി .എല്ലാവരും അവരവരുടേതായ കാര്യങ്ങളിലേക്ക് തിരിഞ്ഞു .അവസാനം മുകുന്ദൻ കട്ടിലിനരികിലേക്ക് ചെന്നു അയാളെ കണ്ടപ്പോൾ അവളുടെ ദുഃഖം വീണ്ടും അണപൊട്ടി ഒഴുകി .
..ആ പോട്ടെ സാരമില്ല ..എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുക അത്രയല്ലേ ഇപ്പോൾ ചെയ്യാൻ പറ്റൂ ..
അവൾ മറുപടി ഒന്നും പറഞ്ഞില്ല .കരഞ്ഞു തളർന്നുറങ്ങുന്ന കുഞ്ഞിനെ മാറോടണക്കി പിടിച്ച് അവന്റെ നെറുകയിൽ ഉമ്മ വെച്ച് കണ്ണീർ പൊഴിക്കുക മാത്രം ചെയ്തു .
..സുമിത്ര വല്ലതും കഴിച്ചോ ..
അവൾ ഒന്നും പറഞ്ഞില്ല .അത് കൊണ്ട് തന്നെ കുഞ്ഞ് വല്ലോം കഴിച്ചോ എന്നയാൾ ചോദിച്ചില്ല .ഇടയ്ക്ക് ഒന്ന് രണ്ടു പെണ്ണുങ്ങൾ അവളെ അന്വേഷിച്ച് വന്നു .മുകുന്ദനെ കണ്ടു ആരാണെന്നു ചോദിച്ചു . സുമിത്രയുടെ വീടിനടുത്തുള്ളതാണെന്നും ബന്ധുവാണെന്നും മുകുന്ദൻ പറഞ്ഞു .
..ആ അപ്പൊ നിങ്ങൾക്ക് അയാളുടെ കാര്യം ഒന്നും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമൊന്നുമില്ലല്ലോ ..
…എന്താ അവൻ ചെയ്തത് കൊച്ചിന്റെ നാഭിക്കല്ലെ അവൻ ചവിട്ടിയത് ..ഞാൻ കണ്ടോണ്ടു നിക്കുവാരുന്നു ചേച്ചീ …
…ദേ നിങ്ങൾ ഈ കൊച്ചിന്റെ ബന്ധുവല്ലെ നേരെ പോയി പോലീസ് സ്റേഷനിൽ ഒരു കേസ് കൊടുക്ക് .അവനെ ഒരു പാഠം പഠിപ്പിക്കണം ..
പെണ്ണുങ്ങളുടെ ചർച്ചയിൽ പങ്ക് ചേരാതെ അയാൾ മാറി നിന്നു .അല്പനേരത്തെ കുടുംബശ്രീയ്ക്ക് ശേഷം അവർ പോയപ്പോൾ അയാൾ വീണ്ടും അവളുടെ അടുത്ത് ചെന്നു .
..എഴുന്നേൽക്ക് ഇങ്ങനെ കിടന്നിട്ട് എന്ത് കാര്യം .അയാളാദ്യമായൊന്നുമല്ലല്ലോ ഇങ്ങനെ ഉപദ്രവിക്കുന്നത് .മറ്റുള്ളോരുടെ മുന്നിൽ വെച്ച് അപമാനിക്കുന്നതും ആദ്യമായല്ല .ഈ ആൾക്കാരൊന്നും നമ്മളെ അറിയാത്തവരാ അപ്പൊ ഒരു നാണക്കേടും വിചാരിക്കണ്ട ..എഴുന്നേൽക്ക് ..
അവൾ നിർവികാരതയോടെ അയാളെ നോക്കി .
..സുമിത്രേ ഞാൻ പറഞ്ഞത് കേട്ടില്ലേ എഴുന്നേൽക്ക്.. എന്തെങ്കിലും കഴിക്കാം .അല്ലെങ്കി വാ ഇവിടടുത്താണ് ബീച്ച് .അവിടെ പോയി കുറച്ച് നേരം ഇരിക്കാം .കുറെ തിരയെണ്ണിക്കഴിയുമ്പോ കൊറെയൊക്കെ വിഷമങ്ങൾ മാറും …വാ ..
അയാൾ അവളെ കൂടുതൽ നിർബന്ധിച്ചപ്പോൾ അവൾ സാവധാനം എഴുന്നേറ്റു . അയാള്‍ രണ്ടു കയ്യും കുഞ്ഞിന് നേരെ നീട്ടി അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു .ആ കുഞ്ഞും കരഞ്ഞ് തളർന്നിരുന്നു .
